മെസ്സിപ്പടയെ വിറപ്പിച്ച 23കാരന്‍; തോൽവിയിലും തലയുയർത്തി മടങ്ങിയ പോരാളി: പിറന്നാൾ നിറവിൽ എംബാപ്പെ

ഫ്രഞ്ച് തേരോട്ടത്തിന്റെ മറുപേരായ കിലിയന്‍ എംബാപ്പെ ഇന്ന് 25-ാം ജന്മദിനം ആഘോഷിക്കുകയാണ്
മെസ്സിപ്പടയെ വിറപ്പിച്ച 23കാരന്‍; തോൽവിയിലും തലയുയർത്തി മടങ്ങിയ പോരാളി: പിറന്നാൾ നിറവിൽ എംബാപ്പെ

2022 ഡിസംബര്‍ 18 ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയം. ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് മിശിഹായും സംഘവും അവരോധിക്കപ്പെട്ട നിമിഷം. ഫുട്‌ബോളിലെ മിശിഹാ പൂര്‍ണതയിലെത്തുമ്പോള്‍ ഒരു 23 കാരനും അതിനൊപ്പം തന്നെ തിരുപിറവിയെടുക്കുന്ന കാഴ്ചക്കാണ് അന്ന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആല്‍ബിസെലസ്റ്റുകള്‍ തങ്ങളുടെ മൂന്നാം വിശ്വകിരീടമുയര്‍ത്തുമ്പോള്‍ അയാള്‍ കണ്ണീരണിഞ്ഞു. എന്നാല്‍ ആ നിമിഷത്തിന് തൊട്ടുമുന്നെ വരെ ഒരു രാജ്യത്തിൻ്റെയാകെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളെ ഒറ്റക്ക് ചുമലിലേറ്റിയിരുന്ന ആ പോരാളി. സാക്ഷാല്‍ മെസ്സിപ്പടയെയും ആരാധകരേയും വിറപ്പിച്ച പോരാട്ട വീര്യത്തെ പക്ഷെ ലോകം നോക്കികണ്ടത് വീരാരാധനയോടെയായിരുന്നു. നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി ലയണല്‍ മെസ്സിയും സംഘവും കിരീടമുയര്‍ത്തുമ്പോഴും ഫ്രഞ്ച് തേരോട്ടത്തിന്റെ മറുപേരാണ് കിലിയന്‍ എംബാപ്പെ എന്ന് കൂടിയായിരുന്നു അയാൾ അടയാളപ്പെടുത്തിയത്. ഇന്ന് എംബാപ്പെയുടെ 25-ാം ജന്മദിനം.

1998 ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം ചൂടിയതിന്റെ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് എംബാപ്പെ ജനിക്കുന്നത്. ഫുട്‌ബോള്‍ പരിശീലകനായ കാമറൂണുകാരന്‍ വില്‍ഫ്രഡിന്റെയും ഫയ്‌സയുടെയും മകനായാണ് എംബാപ്പെ ജനിച്ചത്. സ്വാഭാവികമായും കുഞ്ഞു എംബാപ്പെയുടെ കാലുകളിലേക്ക് പന്തെത്തിച്ചത് ഫുട്‌ബോള്‍ പരിശീലകനായ അച്ഛനായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും സിനിമ കണ്ടും ആസ്വദിച്ച് നടക്കേണ്ട കാലത്ത് എംബാപ്പെ തുകല്‍പന്തിനോട് കൂട്ടുകൂടി. കുഞ്ഞുപ്രായത്തിലെ കൗതുകങ്ങളെല്ലാം ത്യജിച്ച് ഫുട്‌ബോള്‍ മാത്രം സ്വപ്‌നം കണ്ട് എംബാപ്പെ വളര്‍ന്നു. പാരിസിലെ കുഞ്ഞുവീട്ടിലെ ചുമരുമുഴുവന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം ഒട്ടിച്ചുവെച്ച ആ പത്തുവയസുകാരന്‍, കാലങ്ങള്‍ക്ക് ശേഷം ഒരുനാള്‍ തന്റെ ചിത്രവും ഇതുപോലെ ഒട്ടിച്ചുവെക്കണമെന്നും ആരാധിക്കപ്പെടണമെന്നും ആഗ്രഹിച്ചിരിക്കണം.

ഒരിക്കൽ കുഞ്ഞു എംബാപ്പെയോട് ഒരു അധ്യാപകൻ ഇങ്ങനെ ചോദിച്ചു. 'നിനക്ക് പണക്കാരനാകണമെന്നല്ലേ ആ​ഗ്രഹം, പക്ഷേ പെട്ടന്ന് പണക്കാരനാവാൻ കഴിയില്ല.. പണം ലഭിക്കണമെങ്കിൽ ആദ്യം പഠിക്കണം, അതുകൊണ്ട് നന്നായി പഠിക്കുക'.. ഉ​പദേശത്തിൽ യുക്തിയുണ്ടായിരുന്നെങ്കിലും നാല് ചുവരുകൾക്കുള്ളിൽ നിന്ന് പഠിക്കാൻ എംബാംപെ തയ്യാറായില്ല.. അവന്റെ പഠനം മൈതാനത്തായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിലെ മറ്റു അധ്യാപകർക്ക് അവനോട് മതിപ്പുണ്ടായില്ല, പക്ഷേ ഫുട്ബോൾ പരിശീലകർക്ക് അവനൊരു മാന്ത്രികനായിരുന്നു...

'ഒരു കാര്യം പറഞ്ഞാൽ പിന്നീട് ആവർത്തിക്കേണ്ടി വരില്ല. അപ്പോഴേക്കും അവൻ അത് പഠിച്ചെടുത്തിട്ടുണ്ടാകും. ഞാൻ പരിശീലിപ്പിച്ചവരിൽ ഏറ്റവും മികച്ച താരമാണ് എംബാപ്പെ. എന്റെ കരിയറിൽ പരിശീലിപ്പിച്ച ഏറ്റവും മികച്ച താരവും അവൻ തന്നെയാകും'.. ആറാം വയസ്സിൽ എംബാപ്പെയെ പരിശീലിപ്പിച്ച പരിശീലകൻ അന്റോണിയോ റിക്കാർഡി പ്രവചിച്ചതും ചരിത്രം.

2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ലോകകിരീടത്തിലേക്ക് എത്തിച്ചത് എംബാപ്പെയായിരുന്നു. അന്ന് 19 വയസുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 2018 ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് എംബാപ്പെയായിരുന്നു. എന്നാല്‍ എംബാപ്പെയെ കാത്തിരുന്നത് സ്വപ്‌നതുല്യമായ മറ്റൊരു നേട്ടമായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാര താരമെന്ന റെക്കോര്‍ഡില്‍ എംബാപ്പെയെത്തിയത് സാക്ഷാല്‍ പെലെയ്‌ക്കൊപ്പം. അന്ന് വിശ്വം കീഴടക്കിയ വിജയിയായി ഫ്രഞ്ച് പടയ്‌ക്കൊപ്പം ലോകകപ്പും കെട്ടിപ്പിടിച്ച് എംബാപ്പെ പുഞ്ചിരിച്ചു. റൊണാള്‍ഡോയെ പോലെ തന്റെ ചിത്രവും ഫുട്‌ബോള്‍ ലോകം ആരാധിക്കണമെന്ന് സ്വപ്നം കണ്ട ആ പത്തുവയസുകാരന്റെ ആഗ്രഹം അന്ന് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകിരീടം നിലനിര്‍ത്താനുള്ള കലാശപോരില്‍ ഫ്രഞ്ചുപടയ്ക്ക് എതിരാളികള്‍ സാക്ഷാല്‍ മെസ്സിയുടെ അര്‍ജന്റീന. ആദ്യ 80 മിനിറ്റ് വരെ വിജയം ഏകപക്ഷീയമായിപ്പോവുമെന്ന് തോന്നിച്ച വിരസമായ ആ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയത് എംബാപ്പെയായിരുന്നു. അന്നത്തെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരെ മെസ്സിയും എയ്ഞ്ചല്‍ ഡിമരിയയും നേടിയ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിട്ടുനിന്നു. മെസ്സിയും സംഘവും വിജയകിരീടം അനായാസം സ്വന്തമാക്കുമെന്ന് ലോകമെമ്പാടുമുള്ള ആരാധകര്‍ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്ത നിമിഷം.

എന്നാല്‍ കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരാള്‍ ഫ്രഞ്ച് പോര്‍മുഖത്തുണ്ടായിരുന്നു. 97 സെക്കന്‍ഡിനുള്ളില്‍ ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ ഹൃദയം കീറിപ്പിളര്‍ന്ന് രണ്ട് ഗോളുകള്‍ പിറന്നു. എമിലിയാനോ മാര്‍ട്ടിനെസ് എന്ന വന്മതിലിനെ നേരിടാന്‍ നില്‍ക്കുമ്പോള്‍ ഒരു 23കാരന്‍ പയ്യന്റെ പതര്‍ച്ചയോ പരിചയക്കുറവോ ഒന്നും തന്നെ എംബാപ്പെയുടെ മുഖത്തുണ്ടായിരുന്നില്ല. ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പറെ മറികടന്ന് അര്‍ജന്റൈന്‍ വല കുലുക്കിയപ്പോള്‍ നീല പുതച്ച് നിന്ന ലുസൈല്‍ സ്റ്റേഡിയവും കോടിക്കണക്കിന് വരുന്ന ആരാധകരും അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി. എന്നാല്‍ അത് വെറും തുടക്കമായിരുന്നു. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ എംബാപ്പെ വീണ്ടും അര്‍ജന്റീനയുടെ നെഞ്ചില്‍ തീകോരിയിട്ടു.

വിശ്വകിരീടം അനായാസം സ്വന്തമാക്കാമെന്ന് കരുതിയിരുന്ന മെസ്സിപ്പട ഒരു 23കാരന്റെ വേഗതക്ക് മുന്നില്‍ വിറച്ചുനില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് ലുസൈല്‍ കണ്ടത്. വിരസമായൊരു മത്സരത്തെ ലോകം കണ്ട ഏറ്റവും ആവേശകരമായ ഫൈനലാക്കി മാറ്റിയത് എംബാപ്പെയായിരുന്നു. സമനിലയിലെത്തിയ മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നീട് ലയണല്‍ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ അവിടെയും എംബാപ്പെ അര്‍ജന്റൈന്‍ സ്വപ്‌നങ്ങള്‍ക്കുമീതെ വില്ലനായി അവതരിച്ചു. 118-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനെ ഒപ്പമെത്തിച്ച് എംബാപ്പെ വീണ്ടും അര്‍ജന്റീനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്...

ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുക്കാന്‍ എംബാപ്പെയെ തന്നെ ദിദിയര്‍ ദെഷാംപ്‌സ് നിയോഗിച്ചു. അവിടെയും എംബാപ്പെയ്ക്ക് പിഴച്ചില്ല. ഷൂട്ടൗട്ടില്‍ എംബാപ്പെയ്ക്ക് മുന്നില്‍ മാത്രമേ എമിലിയാനോയ്ക്ക് മുട്ടുകുത്തേണ്ടി വന്നുള്ളൂ. മാന്ത്രിക ബൂട്ടുകളുള്ള ഒരു കളിക്കാരന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്ത് എംബാപ്പെയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. ഭാഗ്യപരീക്ഷണത്തിനൊടുവില്‍ മിശിഹായും കൂട്ടരും ലോക ഫുട്‌ബോളിന്റെ കനക സിംഹാസനമേറി. ഗോള്‍ഡന്‍ ബൂട്ടുമായി നിരാശനായി മടങ്ങിയ എംബാപ്പെ ഇങ്ങനെ കുറിച്ചു, 'ഞങ്ങള്‍ തിരിച്ചു വരും'. അതെ, ഒരു ലോകകപ്പ് നേട്ടത്തിലോ നഷ്ടത്തിലോ അവസാനിക്കേണ്ടതല്ല എംബാപ്പെയുടെ കഥ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com