മേജർ ധ്യാൻചന്ദ്; ലോകത്തെ ഹോക്കി സ്റ്റിക്കിലേക്ക് ആവാഹിച്ച മഹാമാന്ത്രികൻ

രാത്രിയിൽ നിലാവെളിച്ചത്തിനിടെ ഹോക്കി പരിശീലിച്ച താരമാണ് ധ്യാൻചന്ദ്
മേജർ ധ്യാൻചന്ദ്; ലോകത്തെ ഹോക്കി സ്റ്റിക്കിലേക്ക് ആവാഹിച്ച മഹാമാന്ത്രികൻ

ഇന്ത്യൻ ഹോക്കിയുടെ എക്കാലത്തെയും വലിയ ഇതിഹാസം. മേജർ ധ്യാൻചന്ദിനെ അങ്ങനെ വിശേഷിപ്പിക്കാം. ഹോക്കി സ്റ്റിക്കുകൊണ്ട് 'ഹോക്കി മാന്ത്രികൻ' എന്ന പേര് ധ്യാൻചന്ദ് നേടി. 1905 ഓ​ഗസ്റ്റ് 29 ന് അലഹബാദിലാണ് ധ്യാൻചന്ദിന്റെ ജനനം. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ പട്ടാളക്കാരനായ സമേശ്വർ ദത്ത് സിംഗ് ആണ് ധ്യാൻചന്ദിന്റെ പിതാവ്. ശ്രദ്ധ സിം​ഗാണ് മാതാവ്. ചെറുപ്പത്തിൽ തന്നെ ധ്യാൻചന്ദ് ഹോക്കി കളിച്ച് തുടങ്ങി. 16-ാം വയസിൽ ധ്യാൻചന്ദ് ബ്രിട്ടീഷ് ആർമിയിലേക്ക് ചേർക്കപ്പെട്ടു. അവിടെയും ധ്യാൻചന്ദ് തന്റെ ഇഷ്ടവിനോദം തുടർന്നു. 1922 നും 1926 നും ഇ‌ടയിൽ ആർമിയിലെ നിരവധി ഹോക്കി ടൂർണമെന്റുകളിൽ ധ്യാൻചന്ദ് കളിച്ചു. മികച്ചൊരു ഹോക്കി താരമാകാൻ ധ്യാൻചന്ദ് നിരന്തരം ഹോക്കി കളിച്ചുകൊണ്ടേയിരുന്നു. പകൽ മുഴുവൻ ആർമിയിൽ ധ്യാൻചന്ദിന് ജോലി ചെയ്യണം. രാത്രിയിൽ നിലാവെളിച്ചത്തിലാണ് ധ്യാൻചന്ദ് ഹോക്കി പരിശീലിച്ചത്. ധ്യാൻ ചന്ദിന്റെ പേരിന് പിന്നിലും നിലാവെളിച്ചത്തിലെ ഈ പരിശീലനമാണ്. ചന്ദ് എന്ന് ഹിന്ദി വാക്കിന് ചന്ദ്രൻ എന്നാണ് അർത്ഥം.

1926 ൽ ഇന്ത്യൻ ആർമിയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ ധ്യാൻചന്ദ് ഇടം നേടി. 18 മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയം. രണ്ട് മത്സരം സമനില ആയപ്പോൾ ഒരെണ്ണത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. ധ്യാൻ ചന്ദിനേക്കാൾ ഇന്ത്യയുടെ വിജയം ആഘോഷിക്കപ്പെട്ടു. ആദ്യ അന്താരാഷ്ട്ര ദൗത്യം വിജയകരമാക്കിയതാണ് ധ്യാൻചന്ദിന് ലഭിച്ച അം​ഗീകാരം. തിരിച്ചുവരവിൽ ബ്രിട്ടീഷ് ആർമിയുടെ പഞ്ചാബ് മേഖലയിൽ ലാൻസ് നായിക്കായി ധ്യാൻചന്ദിനെ നിയമിച്ചു.

ഹോക്കിയിലെ ധ്യാൻചന്ദ് പ്രതിഭാസം ലോകം അറിയാൻ അധികനാൾ വേണ്ടിവന്നില്ല. 1928 ലെ ആംസ്റ്റർഡാം ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ ധ്യാൻചന്ദിന് ഇടം ലഭിച്ചു. അന്ന് ആദ്യമായാണ് ഒളിംപിക്സിൽ ഹോക്കിയെ ഉൾപ്പെടുത്തിയത്. പുതുതായി രൂപീകരിച്ച ഇന്ത്യൻ ഹോക്കി ഫെഡറേഷൻ ഒരു തീരുമാനം എടുത്തു. സാധ്യമായതിൽ ഏറ്റവും മികച്ച ടീമിനെ നെതർലാൻഡ്സിലേക്ക് അയക്കുക. ഇതിനായി അഞ്ച് ടീമുകൾ രൂപീകരിച്ച് രാജ്യത്തിനുള്ളിൽ ഒരു ഹോക്കി ടൂർണമെന്റ് നടത്തി. പഞ്ചാബ്, ബം​ഗാൾ, രജപുത്താന, യുണൈറ്റഡ് മേഖല, മധ്യ മേഖല എന്നിങ്ങനെ അഞ്ച് ടീമുകൾ. യുണൈറ്റഡ് മേഖലയ്ക്കൊപ്പം ആയിരുന്നു ധ്യാൻചന്ദ് കളിച്ചത്.

പന്തിലെ നിയന്ത്രണം, ശരവേ​ഗത്തിലുള്ള കുതിപ്പ്, എതിരാളിയുടെ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിയുള്ള മുന്നേറ്റങ്ങൾ. ഇത്രയും മതിയായിരുന്നു ധ്യാൻചന്ദിനെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കാൻ സിലക്ടർമാർക്ക് വേണ്ടത്. ഒളിംപിക്സിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 ​ഗോളുകളുമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ധ്യാൻചന്ദ് പുറത്തെടുത്തത്. സ്വർണത്തിളക്കവുമായി ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തി.

1932 ലോസ് എയ്ഞ്ചൽസിൽ നടന്ന ഒളിംപിക്സിൽ ഇന്ത്യ സ്വർണ മെഡൽ നിലനിർത്തി. ലോസ് എയ്ഞ്ചൽസിൽ ഒന്നിനെതിരെ 24 ​ഗോളിന് ഇന്ത്യ അമേരിക്കയെ നിലംപരിശാക്കി. ധ്യാൻചന്ദ് എട്ടും, സഹോദരൻ രൂപ് സിം​ഗ് പത്തും, ​ഗുർമിത് സിം​ഗ് അഞ്ചും ​ഗോൾ നേടി. അമേരിക്കൻ താരങ്ങൾ ധ്യാൻചന്ദിന്റെ സ്റ്റിക്കിന് പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി റഫറിക്ക് പരാതി നൽകി. ധ്യാന്‍ചന്ദ് തന്റെ ഹോക്കി സ്റ്റിക്ക് ഒരു അമേരിക്കന്‍ താരത്തിന് കൈമാറി. പിന്നാലെ അമേരിക്കൻ താരത്തിന്റെ സ്റ്റിക്കുമായി ധ്യാൻചന്ദ് ​ഗോൾവേട്ട തുടർന്നു.

1936 ബെർലിൻ ഒളിംപിക്സിൽ സാക്ഷാൽ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മുന്നിലായിരുന്നു ധ്യാൻചന്ദ് തന്റെ പ്രതിഭയുടെ കെട്ടഴിച്ചുവിട്ടത്. ഇത്തവണ ഇന്ത്യൻ ടീമിന്റെ നായകനായാണ് ധ്യാൻചന്ദിന്റെ വരവ്. ഒളിംപിക്സിൽ ഉടനീളം 38 ​ഗോളുകൾ ഇന്ത്യൻ ടീം അടിച്ചുകൂട്ടി. ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഹാട്രിക് സ്വർണം. ഫൈനലിൽ ഹിറ്റ്ലറുടെ ജർമ്മനിയെ 8-1 ന് തകർത്താണ് ഇന്ത്യ സ്വർണം മെഡൽ സ്വന്തമാക്കിയത്. മത്സരത്തിൽ നാലു ​ഗോളും ഇന്ത്യൻ നായകൻ ധ്യാൻചന്ദിന്റെ വകയായിരുന്നു. പിന്നാലെ ജർമ്മൻ സൈന്യത്തിൽ ധ്യാൻചന്ദിന് കേണൽപദവിയും ഹിറ്റ്ലർ വാ​ഗ്ദാനം ചെയ്തും. എന്നാൽ ഇന്ത്യൻ ഇതിഹാസം ആ വാ​ഗ്ദാനം നിരസിച്ചു.

1926 മുതല്‍ 1949 വരെയാണ് ധ്യാൻചന്ദ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയർ. 185 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 400 ലധികം തവണ ധ്യാൻചന്ദ് ​ഗോളുകൾ നേടി. 1956-ല്‍ മേജർ ധ്യാൻചന്ദ് ആർമിയിൽ നിന്ന് വിരമിച്ചു. പിന്നാലെ രാജ്യം ഇന്ത്യൻ ഇതിഹാസത്തിന് പദ്മഭൂഷണ്‍ നല്‍കി. 1974 ൽ 79-ാം വയസിൽ ഇതിഹാസം ലോകത്തോട് വിടപറഞ്ഞു. ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി രാജ്യം ആചരിക്കുന്നു. ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി. കായിക മേഖലയിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് മേജർ ധ്യാൻചന്ദ് പുരസ്കാരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com