ഫാസിസത്തിൻ്റെ വംശീയ അജണ്ടയെ വെല്ലുവിളിച്ച ബെർലിൻ ഒളിമ്പിക്സിൻ്റെ 87 വർഷം

ആര്യന്മാർ ജയിക്കാൻ വേണ്ടി ജനിച്ചവരെന്ന ഹിറ്റ്ലറുടെ വാദം പൊളിഞ്ഞത് ജെസ്സി ഓവൻസിൻ്റെ വരവോടെയായിരുന്നു
ഫാസിസത്തിൻ്റെ വംശീയ അജണ്ടയെ വെല്ലുവിളിച്ച ബെർലിൻ ഒളിമ്പിക്സിൻ്റെ 87 വർഷം

ഫാസിസത്തിൻ്റെ വംശീയ അജണ്ടയ്ക്ക് മേലുള്ള മാനവികതയുടെ വിജയമായാണ് 1936 ലെ ബെർലിൻ ഒളിംപിക്സ് അറിയപ്പെടുന്നത്. നാസി മേധാവിത്വത്തിന് കീഴില്‍ ജര്‍മന്‍ ജനത സംതൃപ്തരെന്ന് വരുത്തിതീർക്കുവാൻ അഡോൾഫ് ഹിറ്റ്ലർ നടത്തിയ ശ്രമമായിരുന്നു 1936 ലെ ബെർലിൻ ഒളിംപിക്സ്. ജർമ്മനിയിൽ നാസി അധിനിവേശം ഇല്ലെന്ന് തെളിയിക്കാൻ ഹിറ്റ്ലർ ശ്രമങ്ങൾ നടത്തി. ആര്യ വർ​ഗമാണ് മറ്റ് വിഭാ​ഗങ്ങളെക്കാൾ ഉയർന്നതെന്ന് ഹിറ്റ്ലർ വിശ്വസിച്ചിരുന്നു. ആര്യ വർ​ഗം ജയിക്കാൻ വേണ്ടി മാത്രമുള്ളവരെന്ന് ഹിറ്റ്ലർ പ്രചരിപ്പിച്ചു. ഇത് തെളിയിക്കാൻ ഒളിംപിക്സിൽ കൂടുതൽ ‌ഇനങ്ങളിൽ ഹിറ്റ്ലർ ഇവരെ മത്സരിപ്പിച്ചു. ഹിറ്റ്ലറുടെ പ്രതീക്ഷ പോലെ ജർമനി ഒളിംപിക്സ് മത്സരങ്ങളിൽ മേധാവിത്വം പുലർത്തി.

ഹിറ്റ്ലറുടെ വംശീയവാദത്തെ വെല്ലുവിളിച്ച ജെസ്സി ഓവന്‍സിന്റെ പേരിലാണ് പക്ഷെ ബർലിൻ ഒളിമ്പിക്സ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിൽ നിന്നെത്തിയ കറുത്ത വർ​ഗക്കാരനായ താരം അന്നത്തെ ഒളിംപിക്സ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. നാല് ഇനങ്ങളിലാണ് ഓവൻസ് സ്വർണം സ്വന്തമാക്കിയത്. 100, 200 മീറ്റര്‍ ഓട്ടം, ലോങ് ജംമ്പ്, 4x100 മീറ്റര്‍ റിലേ എന്നിവയിലായിരുന്നു സ്വര്‍ണനേട്ടം. 100 മീറ്ററിൽ 10.3 സെക്കൻ്റിൽ ഓവൻസ് ഓടിയെത്തി. റാല്‍ഫ് മെറ്റ്കാഫിനെ തോല്‍പ്പിച്ചായിരുന്നു ഓവൻസ് സ്വർണവേട്ടയ്ക്ക് തുടക്കമിട്ടത്. ആ​ഗസ്റ്റ് മൂന്നിനായിരുന്നു നൂറ് മീറ്ററിൽ ഓവൻസ് സ്വർണം സ്വന്തമാക്കിയത്. ഓ​ഗസ്റ്റ് നാലിന് 8.06 മീറ്റര്‍ ചാടി ലോങ്ജമ്പിൽ സ്വര്‍ണം. തന്റെ തന്നെ ലോകറെക്കോഡിന് മൂന്നേകാല്‍ ഇഞ്ച് മാത്രം പിന്നിലായിരുന്നു ആ ദൂരം. ഓ​ഗസ്റ്റ് അഞ്ചിന് 20.7 സെക്കന്‍ഡില്‍ 200 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. ഓഗസ്റ്റ് ഒമ്പതിന് 4x100 മീറ്റര്‍ റിലേയില്‍ ലോകറെക്കോഡോടെ നാലാം സ്വര്‍ണ നേട്ടം.

ഓവൻസിൻ്റെ നേട്ടത്തിൽ കോപാകുലനായ ഹിറ്റ്ലർ സ്റ്റേഡിയം വിട്ടു. ഹിറ്റ്ലറുടെ ഏകാധിപത്യത്തിനുമേൽ കായികലോകത്തിന്റെ വിജയമായി ഓവൻസിൻ്റെ നേട്ടം. ഹിറ്റ്ലർ തനിക്ക് ഹസ്തദാനം നൽകിയെന്നും അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് തനിക്ക് ഒരു അഭിനന്ദന സന്ദേശം പോലും അറിയിച്ചില്ലെന്നും ഓവൻസ് പിന്നീട് പറ‍ഞ്ഞു. 33 സ്വർണമടക്കം 89 മെഡലുകൾ സ്വന്തമാക്കിയ ജർമ്മനി ഒളിംപിക്സിൽ ഒന്നാമതെത്തി. ഒൻപത് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ബെർലിൻ ഒളിംപിക്സ് അറിയപ്പെടുന്നത് ഓവൻസിൻ്റെ പേരിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com