അഗ്രസീവ് ബ്രാന്‍ഡ് @ 51

സൗരവ് ഗാംഗുലിക്ക് ഇന്ന് 51-ാം ജന്മദിനം
അഗ്രസീവ് ബ്രാന്‍ഡ് @ 51

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്ക് ഇന്ന് 51 വയസ്. 1972 ജൂലൈ എട്ടിന് കൊല്‍ക്കത്തയിലാണ് സൗരവ് ചന്ദിദാസ് ഗാംഗുലിയുടെ ജനനം. ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകന്‍. വന്‍കിട പ്രിന്റിങ് പ്രസ് നടത്തിയിരുന്ന ആളാണ് ചന്ദിദാസ് ഗാംഗുലി. മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബം, രാജകീയ സമാനമായ ബാല്യത്തിലൂടെയാണ് ഗാഗുലി ക്രിക്കറ്റിൻ്റെ ലോകത്തേക്ക് കടന്നുവന്നത്.

ഫുട്‌ബോളിനെ പ്രണയിച്ച ക്രിക്കറ്റര്‍

കുട്ടിക്കാലത്ത് ഫുട്‌ബോള്‍ ആയിരുന്നു ഗാംഗുലിയുടെ ഇഷ്ടവിനോദം. അമ്മയുടെ പിന്തുണ ലഭിക്കാതെ വന്നതോടെ വലംകയ്യന്‍ ബാറ്ററായി. സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയെ അനുകരിച്ച് ബാറ്റിങ് ഇടം കൈയ്യാക്കി. അപ്പോഴും ബൗളിങ്ങ് വലതുകൈ കൊണ്ടായിരുന്നു. സഹോദരങ്ങള്‍ക്ക് ക്രിക്കറ്റ് പഠിച്ചുവളരാന്‍ വീട്ടില്‍ മള്‍ട്ടി ജിം, കൃത്രിമ പിച്ച് ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. 1989-90 സീസണില്‍ രഞ്ജി ട്രോഫി ബംഗാള്‍ ടീമില്‍ ഇടം പിടിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് റണ്‍സിന് പുറത്ത്. വൈകാതെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോട് സെലക്ടര്‍മാര്‍ നിരന്തരം മുഖം തിരിച്ചു. ഗാംഗുലിയുടെ പ്രതിഭയെക്കാള്‍ ചര്‍ച്ചയായത് മെരുങ്ങാത്ത സ്വഭാവമായിരുന്നു. സഹതാരങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ ഗാംഗുലി മടിച്ചത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് അച്ചടക്കമില്ലായ്മയായി വിലയിരുത്തപ്പെട്ടു. ഗാംഗുലി മഹാരാജാവിനെപ്പോലെ പെരുമാറുന്നുവെന്നും ആരോപണം. രാജപാരമ്പര്യമുള്ള ഗാംഗുലിയുടെ കുടുംബ പശ്ചാത്തലം ആ ആരോപണത്തിന് എരിവ് പകര്‍ന്നു.

ദ്രാവിഡിനൊപ്പം അരങ്ങേറ്റം

മാധ്യമങ്ങളുടെ തുടര്‍ച്ചയായ വിമര്‍ശനത്തിനൊടുവില്‍ ഗാംഗുലി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചു. അരങ്ങേറ്റം കുറിച്ച് നീണ്ട ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം. 1996 ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലെ അരങ്ങേറ്റം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 344 റണ്‍സിന് പുറത്തായി. ഇന്ത്യ ഒന്നിന് 25 എന്ന നിലയില്‍. സൗരവ് ഗാംഗുലി ക്രീസിലെത്തി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഗാംഗുലി തന്റെ ബാറ്റിങ് തുടര്‍ന്നു. ലോഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ഗാംഗുലി. 131 റണ്‍സെടുത്ത് ഗാംഗുലി മടങ്ങുമ്പോള്‍ ഇന്ത്യ 6 ന് 296. അതേ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു താരവുമുണ്ട്. പില്‍ക്കാലത്ത് ഗാംഗുലിയുടെ അടുത്ത സുഹൃത്തായി മാറിയ രാഹുല്‍ ദ്രാവിഡായിരുന്നു ആ അരങ്ങേറ്റക്കാരന്‍. ദ്രാവിഡ് 95 റണ്‍സ് നേടിയതോടെ ഇന്ത്യ 400 കടന്നു. ഇരുവരുടെയും മികവില്‍ ലോഡ്‌സ് ടെസ്റ്റ് ഇന്ത്യ സമനിലയിലാക്കി. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഗാംഗുലി തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി കണ്ടെത്തി. ആ ടെസ്റ്റിനിടെ ഗാംഗുലി തന്റെ 24-ാം പിറന്നാളും ആഘോഷിച്ചിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്ലീഷ് മണ്ണില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചറികള്‍ നേടിയതോടെ ഗാംഗുലി ഇന്ത്യന്‍ ടീമിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറി.

ലോകകപ്പിലെ വെടിക്കെട്ട്

സൗരവ് ഗാംഗുലിയുടെ ബാറ്റില്‍ നിന്ന് ചരിത്രം പിറന്ന ദിവസമായിരുന്നു 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം. 96 ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കുന്ന പ്രകടനം. രണ്ടാം വിക്കറ്റില്‍ ഗാംഗുലിയും ദ്രാവിഡും ചേര്‍ത്തത് 318 റണ്‍സിന്റെ കൂട്ടുകെട്ട്. 183 റണ്‍സ് നേടി സൗരവ് ഗാംഗുലി. 145 റണ്‍സെടുത്ത് രാഹുല്‍ ദ്രാവിഡ്. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും പല തവണ നിലം തൊടാതെ അതിര്‍ത്തി കടന്നു. ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത മത്സരമായി അത്.

ആഞ്ഞടിച്ച കോഴകൊടുങ്കാറ്റ്

2000 മാണ്ടിന് തുടക്കം. താരങ്ങളുടെ ആഡംബര ജീവിതവും ക്രിക്കറ്റിലെ പണക്കൊഴുപ്പും ചര്‍ച്ചയായി. കൊച്ചിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരം. നാടകീയത അവസാനം വരെ നീണ്ടു. മത്സരത്തിലെ സംഭവങ്ങള്‍ പലതും മുന്‍കൂട്ടി എഴുതിയ തിരക്കഥയെന്ന് ആരോപിക്കപ്പെട്ടു. അന്നത്തെ ഇന്ത്യയുടെ സൂപ്പര്‍താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും അന്വേഷണ വിധേയമായി ടീമില്‍ നിന്ന് പുറത്തായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തി. സച്ചിന്റെയും ഇന്ത്യയുടെയും പ്രകടനം മോശമായി. അവിടെ നിന്നാണ് സൗരവ് ഗാംഗുലിയെന്ന ഇന്ത്യന്‍ നായകന്റെ ഉയര്‍ച്ചയുടെ തുടക്കം. വിരേന്ദര്‍ സേവാഗിനെ ഓപ്പണറാക്കിയും രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയും പരീക്ഷണം. അനില്‍ കുംബ്ലെയ്‌ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ നിരയിലേക്ക് ഹര്‍ഭജന്‍ സിംഗിന്റെ വരവ്. സഹീര്‍ ഖാനും അജിത്ത് അഗാര്‍ക്കറും ഇര്‍ഫാന്‍ പഠാനും ആശിഷ് നെഹ്‌റയുമെല്ലാം അടങ്ങുന്ന പേസ് നിര. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് കൈഫും യുവരാജ് സിംഗും. എല്ലാത്തിനും ഉപരിയായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. അഗ്രസീവ് ക്യാപ്റ്റന്‍സിയിലൂടെ ടീം ഇന്ത്യയുടെ മനോധൈര്യവും ആത്മവിശ്വാസവും ഉയര്‍ത്തി ആരെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റ് ശക്തതിയായി ഇന്ത്യന്‍ ടീമിനെ മാറ്റിയ കാലയളവായിരുന്നു ഗാംഗുലിയുടെ നായകകാലഘട്ടം.

പ്രതികാരമല്ല, അഭിമാനം

2002 ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര നേടുമ്പോള്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രു ഫ്‌ളിന്റോഫ് ജഴ്‌സി ഊരി വിജയം ആഘോഷിച്ചു. ആറ് മാസത്തിന് ശേഷം മറ്റൊരു ഫൈനല്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മാര്‍ക് ട്രസ്‌കോത്തിക്കിന്റെയും നാസര്‍ ഹുസൈനിന്റെയും സെഞ്ചറികളുടെ മികവില്‍ അഞ്ചു വിക്കറ്റിന് 325 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യന്‍ ഓപ്പണര്‍മാരായ സൗരവ് ഗാംഗുലിയും വിരേന്ദര്‍ സേവാഗും 106 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ തകര്‍പ്പന്‍ തുടക്കം നല്‍കി. സേവാഗിനേക്കാള്‍ വേഗത ഗാംഗുലിക്കായിരുന്നു. എന്നാല്‍ 60 റണ്‍സെടുത്ത ഗാംഗുലി പുറത്തായതോടെ കഥ മാറി. 24 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 5 ന് 146. പുതുമുഖങ്ങളായി ഇന്ത്യന്‍ ടീമിലെത്തിയ കൈഫ്- യുവരാജ് സഖ്യത്തില്‍നിന്ന് ഏറെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ ആറാം വിക്കറ്റില്‍ യുവരാജ് തകര്‍പ്പനടികളുമായി മുന്നേറി. മുഹമ്മദ് കൈഫ് മെല്ലെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 121 റണ്‍സ്. 69 റണ്‍സെടുത്ത യുവരാജ് പുറത്തായ ശേഷം ഹര്‍ഭജന്‍ സിങ്ങും ചില സംഭാവനകള്‍ നല്‍കി. 48-ാം ഓവറില്‍ ഹര്‍ഭജനും പിന്നാലെ കുംബ്ലെയും പുറത്ത്. പത്താമനായി സഹീര്‍ ഖാന്‍ ക്രീസിലെത്തി. സമ്മര്‍ദ്ദഘട്ടത്തില്‍ ബൗണ്ടറി നേടി മുഹമ്മദ് കൈഫ് ഇന്ത്യന്‍ ലക്ഷ്യം ഒരോവറില്‍ രണ്ട് റണ്‍സാക്കി. അവസാന ഓവറില്‍ ആദ്യ രണ്ടു പന്ത് സഹീര്‍ പാഴാക്കി. മൂന്നാം പന്ത് ബാറ്റില്‍ തട്ടിയ പാടേ റണ്ണിനായി ഓട്ടം. ഓവര്‍ത്രോ. രണ്ടാം റണ്ണും ഓടി എടുത്തതോടെ ഇംഗ്ലീഷ് റണ്‍മലയ്ക്ക് മുകളില്‍ ഇന്ത്യയുടെ വിജയക്കൊടി. ഗാംഗുലിയുടെ മനക്കരുത്തില്‍ ഇന്ത്യ നേടിയ വിജയം.

റോഡ് ടു ദ ഫൈനല്‍

അത്ര പ്രതീക്ഷയോടെയല്ല ദക്ഷിണാഫ്രിക്കയിലേക്ക് ലോകകപ്പിനായി ഇന്ത്യ വണ്ടി കയറിയത്. ആദ്യ മത്സരത്തില്‍ നെതര്‍ലാന്റ്‌സിനെതിരെ ബാറ്റിങ് നിരയുടെ മോശം പ്രകടനം. എങ്കിലും മത്സരം ജയിച്ചു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് നാണം കെട്ട തോല്‍വി. സൗരവ് ഗാംഗുലിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. സിംബാവവെയ്‌ക്കെതിരായ മത്സരത്തില്‍ തിരിച്ചുവരവ്. നബീവിയയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ജയം. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ ഇന്ത്യയെ ശ്രദ്ധിച്ചുതുടങ്ങി. പാക്കിസ്ഥാനെയും നെതര്‍ലാന്റിനെയും തോല്‍പ്പിച്ച് ആധികാരികമായി സൂപ്പര്‍ സിക്‌സില്‍. ന്യൂസിലാന്റിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് സെമിയില്‍. കെനിയയെ തോല്‍പ്പിച്ച് ഫൈനലില്‍. പക്ഷേ അവസാന നിമിഷം ഗാംഗുലിയുടെ തന്ത്രങ്ങള്‍ പിഴച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലവും മറക്കാന്‍ ആഗ്രഹിക്കുന്ന ഫൈനല്‍ ആയിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം.

ക്ലാസ് ഈസ് പെര്‍മനന്റ്

2000 ത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജോണ്‍ റൈറ്റിന്റെ കീഴിലായിരുന്നു ഈ നേട്ടങ്ങള്‍ ഒക്കെയും. എന്നാല്‍ 2005 ല്‍ റൈറ്റ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചത് വേദനയോടെ ആണ്. ഇന്ത്യന്‍ താരങ്ങളുമായി ഉണ്ടായ പടലപിണക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് വെളിയിലെത്തി. പരിശീലക സ്ഥാനം ഏറ്റെടുത്ത ഗ്രെയിഗ് ചാപ്പലും ഇന്ത്യന്‍ താരങ്ങളുമായി ചേര്‍ന്ന് പോയില്ല. ആദ്യ ഇര ഗാംഗുലി തന്നെയായിരുന്നു. നായക സ്ഥാനം നഷ്ടമായി. പിന്നാലെ ടീമില്‍ നിന്നും പുറത്തായി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഗാംഗുലി ടീമില്‍ മടങ്ങിയെത്തി. 2006 പാക്കിസ്ഥാനെതിരെ നേടിയ 239 റണ്‍സ് കരിയറില്‍ ഉയര്‍ന്ന സ്‌കോറായി. അഞ്ചാം വിക്കറ്റില്‍ യുവരാജുമൊത്ത് 200 റണ്‍സിന്റെ കൂട്ടുകെട്ട്. 2007 ലോകകപ്പ് കളിച്ച ടീമില്‍ ഗാംഗുലിയും ഇടംപിടിച്ചിരുന്നു. പക്ഷേ ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നായകനായി മഹേന്ദ്ര സിംഗ് ധോണി അവതരിച്ചു. മുതിര്‍ന്ന കളിക്കാരെ ഒഴിവാക്കി ധോണി യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ചു. അതോടെ ഗാംഗുലി ടെസ്റ്റില്‍ മാത്രമായി ഒതുങ്ങി. 2008 ല്‍ സൗരവ് ഇന്ത്യന്‍ ക്രിക്കറ്റിനോട് തന്നെ വിടപറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാല് സീസണില്‍ ഗാംഗുലി കളിച്ചു. ആദ്യ മൂന്ന് സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി. ഒരു വര്‍ഷം പൂനെ വാരിയേഴ്‌സിനായും കളിച്ചു. പക്ഷേ ഐപിഎല്ലില്‍ അത്രമേല്‍ മികച്ച നായകനാകാന്‍ ഗാംഗുലിക്ക് കഴിഞ്ഞില്ല. ബിസിസിഐ അദ്ധ്യക്ഷനായും മൂന്ന് വര്‍ഷം ഗാംഗുലി പ്രവര്‍ത്തിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com