'സര്‍വ്വ രാജ്യ തൊഴിലാളികളേ വോട്ട് ചെയ്യുവിൻ'; തിരഞ്ഞെടുപ്പ് കാലത്തെ ഒരു 'മെയ് ദിനം'

തൊഴിലാളി അവകാശങ്ങൾ ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നതിൻറെ ഓർമ്മപ്പെടുത്തൽ ഈ തിരഞ്ഞെടുപ്പ് കാലത്തെ മെയ് ദിനത്തിൽ രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവട്ടെ
'സര്‍വ്വ രാജ്യ തൊഴിലാളികളേ വോട്ട് ചെയ്യുവിൻ';
തിരഞ്ഞെടുപ്പ് കാലത്തെ ഒരു 'മെയ് ദിനം'

'സാര്‍വ്വ രാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍', മുടങ്ങാതെ എല്ലാ മെയ് ഒന്നിനും ലോകമെങ്ങും ഉയരുന്ന മുദ്രാവാക്യമാണിത്. പതിവ് പോലെ ഇന്നും ലോകത്ത് പല മേഖലയിൽ പല തട്ടിലായി ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങളുടെ ദിനമായി മെയ് ഒന്ന് ആഘോഷിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന മെയ് ദിനത്തിന് പ്രാധാന്യമേറെയുണ്ട്. 2024 ലെ സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമി(CMIE) യുടെ കണക്ക് പ്രകാരം 41 കോടി ജനങ്ങൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. എന്നാൽ മാന്യമായ വേതനവും തൊഴിൽ സാഹചര്യവും ജീവിത സാഹചര്യങ്ങളും തൊഴിലാളി സമൂഹത്തിന് ലഭിക്കുന്നുണ്ടോ? സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും തൊഴിൽ ദാതാക്കളും തൊഴിലാളികളുടെ കാര്യത്തിൽ എത്ര മാത്രം നീതി പുലർത്തുന്നുണ്ട്?

ലോക ചരിത്രത്തിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ ചിക്കാഗോ സമരം നടന്നിട്ട് 138 വർഷം കഴിഞ്ഞു. അത് വരെ, കുറഞ്ഞ വേതനത്തിലും മോശം തൊഴിൽ സാഹചര്യത്തിലും ദിവസവും പതിനാറ് മണിക്കൂർ വരെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ 1886 മുതൽ നടത്തിയ നീണ്ട പോരാട്ടത്തിലും രക്തസാക്ഷിത്വത്തിലുമാണ് 1904ൽ ആസ്റ്റർഡാമിൽ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന ചരിത്രപരമായ അവകാശം നേടിയെടുക്കുന്നത്. എന്നാൽ ആസ്റ്റർഡാം പ്രഖ്യാപനത്തിന് 120 വയസ്സാകുമ്പോൾ അതിന്റെ മൂല പ്രമേയങ്ങൾ എത്രമാത്രം പാലിക്കപ്പെട്ടിട്ടുണ്ട് എന്നത് പരിശോധിക്കേണ്ട ഒന്നാണ്. ലോകമെങ്ങും മുതലാളിത്ത, കോർപ്പറേറ്റ് വ്യവസ്ഥയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് തൊഴിലാളികൾ ഇരയാകുന്നത് എന്നതാണ് വാസ്തവം. ഇന്ത്യയിലുമുള്ളത് സമാന സാഹചര്യമാണ്. ഒരു പക്ഷ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ ഭീകരവും.

ഇന്ത്യയിലെ തൊഴിലിടം

കടുത്ത തൊഴിൽ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. തൊഴിലില്ലായ്മ നിരക്ക് സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ മാസമവസാനം പുറത്ത് വന്ന ഇന്റർനാഷണൽ ലേബർ റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയുടെ തൊഴിൽ സാഹചര്യം നൂറ്റാണ്ടിലെ മോശം അവസ്ഥയിലാണെന്നാണ്. രാജ്യത്ത് തൊഴിൽ രഹിതരിൽ 83 ശതമാനം പേരും യുവജനങ്ങളാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പുറത്ത് വിട്ടിരുന്നു. വർധിക്കുന്ന തൊഴിലില്ലായ്മക്കൊപ്പം ഒരു വശത്ത് ജീവിത ചെലവുകൾ വർധിക്കുമ്പോൾ തന്നെ വേതനത്തിൽ നടത്തുന്ന വെട്ടികുറയ്ക്കലുകൾ, മോശം തൊഴിൽ സാഹചര്യം എന്നിവയാണ് രാജ്യത്തുള്ളത്.

രാജ്യത്തെ തൊഴിലാളികളിൽ 70 ശതമാനത്തോളം പേരും തൊഴിലെടുക്കുന്നത് അപകടകരമായ സാഹചര്യത്തിലാണെന്ന് നാഷണൽ ലേബർ ഓർഗനൈസേഷൻ തന്നെ സമ്മതിച്ച കാര്യമാണ്. ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം പോലെയുള്ള സംഭവങ്ങൾ നമുക്ക് മുന്നിൽ വളരെ അകലെയല്ലാതെ തന്നെയുണ്ട്.

കാലങ്ങളായി മോശം സാഹചര്യത്തിൽ തൊഴിലെടുക്കേണ്ടി വരുന്നു എന്നതിന് പുറമെ കൊവിഡ് ഉണ്ടാക്കിയ അധിക പ്രതിസന്ധികളും ഈ മേഖലയിലുണ്ട്. സാമ്പത്തിക പരാധീനത പറഞ്ഞു തൊഴിൽ സുരക്ഷാ പദ്ധതികൾ സർക്കാരുകളും കമ്പനികളും വെട്ടിക്കുറച്ചു. ഈ കാലയളവിൽ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളും നാമമാത്രമായി മാറി. ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ പണിമുടക്കി സമരം നടത്തിയിരുന്ന തൊഴിലാളികൾ ആ അവകാശവും എടുത്തുകളഞ്ഞതോടെ വലിയ അസ്തിത്വ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു. ഭരണകൂടവും കോർപ്പറേറ്റ് കമ്പനികളും തൊഴിൽ ദാതാക്കളും ഒരേ സമീപനമാണ് ഈ കാര്യത്തിൽ സ്വീകരിച്ചത്.

വ്യാപകമായ പിരിച്ചുവിടലും ഈ കാലയളവിലുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് പത്ത് കോടിക്ക് അടുത്ത് പേർക്ക് തൊഴിൽ നഷ്ടമായി എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അസോസിയേഷന്റെ 2024 ജനുവരിയിലെ പഠനം പറയുന്നത്. തൊഴിൽ സംരക്ഷിക്കാൻ കടുത്ത ശാരീരിക മാനസിക സമ്മർദ്ദവും തൊഴിലാളികൾ നേരിടുന്നതായി ഈ പഠനം പറയുന്നു. നിർമ്മിത ബുദ്ധിയുടെ കടന്ന് വരവോട് കൂടി ഈ പ്രതിസന്ധി രൂക്ഷമായി. വൻകിട കോർപ്പറേറ്റ് കമ്പനികൾ മുന്നറിയിപ്പൊന്നും കൂടാതെ വലിയ പിരിച്ചു വിടൽ നടത്തി. പിരിച്ചു വിടുമ്പോൾ നൽകേണ്ട സാമാന്യ ആനുകൂല്യവും പല കമ്പനികളും നല്കിയില്ല. ഗൂഗിള്‍, മെറ്റ, ആമസോണ്‍, എക്‌സ്, പോലെയുള്ള വൻകിട തൊഴിൽ ദാതാക്കൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ ജോലിയിൽ നിന്ന് നീക്കം ചെയ്തത് രണ്ട് ലക്ഷത്തിനടുത്തുള്ള ആളുകളെയാണ്. ഈ കഴിഞ്ഞ മാസം പ്രമുഖ കംപ്യൂട്ടർ കമ്പനിയായ ഡെൽ 6000 പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രാജ്യത്ത് തൊഴിൽ നിയമങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയോ തിരുത്തി എഴുതുകയോ ചെയ്യുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ അവകാശങ്ങൾ നേടിയെടുക്കാനുള്ള സ്വാതന്ത്ര്യവും തൊഴിലാളികൾക്ക് ഇല്ലാതെയായി. സമരങ്ങളുടെയും ചർച്ചകളുടെയും ശബ്ദങ്ങളില്ലാതെയായി. തൊഴിലാളികൾക്ക് ഏറ്റവും തിരിച്ചടിയായ കരാർ നിയമനത്തിന്റെ കരാർവത്കരണം നടപ്പിലാക്കാൻ മുന്നിൽ നിന്നത് അതാത് സർക്കാരുകളായിരുന്നു. രാഷ്ട്രീയ പ്രവർത്തനം പോലെ തന്നെ തൊഴിലാളി പ്രവർത്തനങ്ങളും രാജ്യത്ത് ദുഷ്കരമായി. സർക്കാരുകൾ പല തരത്തിലുള്ള തൊഴിലാളികൾക്ക് നൽകിയിരുന്ന ക്ഷേമ പദ്ധതികൾ നിർത്തിയതും പരിഷ്കരിച്ചതും വെല്ലുവിളിയായി. അനിയന്ത്രിതമായ വിലക്കയറ്റം തുടരുമ്പോഴും പുനഃപരിശോധിക്കാത്ത വേതന വ്യവസ്ഥയാണ് ഇന്നും രാജ്യത്തുള്ളത്.

തിരഞ്ഞെടുപ്പ് കാലത്തെ മെയ് ദിനം

മതവും ജാതിയുമൊക്കെ ചർച്ചയാകുന്ന ഈ പൊതുതിരഞ്ഞെടുപ്പ് കാലത്ത് ജനസംഖ്യയുടെ പ്രധാന ഭാഗമായ തൊഴിലാളികളും അവരുടെ പ്രശ്നങ്ങളും ഒരു വിഷയമോ ചർച്ചയോ ആവുന്നില്ല എന്നതും ഖേദകരമാണ്. രാജ്യത്തെ പ്രധാന വോട്ട് ബാങ്കായിട്ട് കൂടി തങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ തൊഴിലാളികൾക്കുമാകുന്നില്ല. മാറി മാറി ഭരിച്ച സർക്കാരുകൾ തന്നെയാണ് ആ വിലപേശൽ ശക്തി തൊഴിലാളികളിൽ നിന്ന് എടുത്ത് മാറ്റിയത്. തിരഞ്ഞെടുപ്പിന് മുമ്പിറങ്ങിയ രാഷ്ട്രീയ പാർട്ടിക്കളുടെ പ്രകടന പത്രികയിലും അത് പ്രകടമാണ്. പത്ത് വർഷമായി കേന്ദ്രം ഭരിച്ചു കൊണ്ടിരിക്കുന്ന ,മൂന്നാമത്തെ മോദി ഗ്യാരണ്ടിയിലേക്ക് ഉന്നം വെക്കുന്ന ബിജെപിയുടെ പ്രകടന പത്രികയിലെ 24 ഉറപ്പിൽ ഒന്ന് പോലും രാജ്യത്തെ തൊഴിൽ രംഗവുമായി ബന്ധപ്പെട്ടതല്ല. ക്ഷേത്രങ്ങളും സ്മാരകങ്ങളും നിർമിക്കുമ്പോഴും തൊഴിൽ നല്കുമെന്ന വാഗ്ദാനം പോലുമില്ല.

പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നത് 2014-ലെ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. എന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം ഇക്കാലയളവിൽ ഉള്ള തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുകയാണ് ചെയ്തത്. തൊഴിലില്ലായ്മ നിരക്ക് വര്‍ധന 2014-ല്‍ 5.3 ശതമാനം ആയിരുന്നെങ്കില്‍ 2023-ല്‍ ഇത് 8.1 ശതമാനമായി.

മറുവശത്ത് മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും വലിയ രീതിയിലുള്ള വാഗ്‌ദാനങ്ങൾ ഒന്നും തന്നെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ദേശീയ അടിസ്ഥാന വേതനം 400 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനമുണ്ട്. ഇതിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 400 രൂപ ആക്കുമെന്നും പത്രിക പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എത്രമാത്രം അതെല്ലാം നടപ്പിൽ വരും എന്നത് കണ്ടറിയേണ്ടതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com