'ചാരിറ്റി തട്ടിപ്പിന്' ഈ ആപ്പില്‍ സ്‌കോപ്പില്ല

കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന മുഴുവൻ തുകയും അതിന്റെ അവകാശിയിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത ഏറ്റവും കൂടുതൽ അതിന് മുന്നിട്ടിറങ്ങുന്നവർക്കാണ്. അത് കൊണ്ട് തന്നെ കേരളത്തിൽ ഇത്തരത്തിൽ പൊതുജനങ്ങളുടെ സംഭാവനയിലൂടെ കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് തീർച്ചയായും ഈ സംവിധാനം മാതൃകയാക്കാം
'ചാരിറ്റി തട്ടിപ്പിന്' ഈ ആപ്പില്‍ സ്‌കോപ്പില്ല

കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങുകളിലൊന്നാണ് അബ്ദു റഹീമിന്റേത്. ആ ഉമ്മയുടെ കണ്ണീരൊപ്പാൻ ലോക മലയാളികൾ ഒരുമിച്ച് കൈകോർത്തപ്പോൾ പിറന്നത് ഒരു വലിയ ചരിത്രമായിരുന്നു. ലോകത്തിന് കേരളം നൽകുന്ന മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും വലിയ സന്ദേശം കൂടിയായി അത് മാറി. 34 കോടി എന്ന ആ വലിയ ലക്ഷ്യത്തിലേക്ക് അതിവേഗം മലയാളി കുതിക്കുമ്പോൾ ആ കുതിപ്പിന് പ്രധാന പങ്ക് വഹിച്ച ഒന്നാണ് ധനസമാഹരണത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക ആപ്പ്. ആ ആപ്പായിരുന്നു കുറച്ചു ദിവസങ്ങളായി മലയാളിയുടെ സ്ക്രീൻ വിൻഡോയിൽ തുറന്നു കിടന്നിരുന്നത്. ഓരോ നിമിഷവും സമാഹരിക്കേണ്ട ബാക്കി തുകയെക്കുറിച്ചും അതിനായി ബാക്കിയുള്ള നിമിഷങ്ങളെക്കുറിച്ചും അറിയാൻ ആധിയോടെ ഈ ആപ്പിൽ കണ്ണുനട്ടിരിക്കുകയായിരുന്നു ഈ മലയാളി. ബോധപൂർവ്വമല്ലെങ്കിലും ആ ആപ്പിലേയ്ക്ക് വരുന്ന ഒരോ സംഭാവനയും അതത് നിമിഷം സോഷ്യൽ ഓഡിറ്റ് ചെയ്യപ്പെട്ടു എന്ന പുതിയൊരു കാര്യവും നമ്മുടെ നാട്ടിൽ സംഭവിച്ചു. ഇത്രയും സുതാര്യമായി വലിയൊരു സാമ്പത്തിക സമാഹരണം നടത്താമെന്ന ബോധ്യം കൂടിയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. ആപ്പിൽ ഇനി പണമയക്കേണ്ടതില്ലെന്നും നമ്മൾ ലക്ഷ്യം നിറവേറ്റിയെന്നുമുള്ള സന്ദേശത്തെ തന്നോട് തന്നെയുള്ള നന്ദി പ്രകടനമായാണ് മലയാളി കണ്ടത്.

ധനസമാഹരണം ആപ്പിലേക്ക് മാറിയപ്പോൾ

മുന്നിലുണ്ടായിരുന്ന പ്രതിസന്ധികളെല്ലാം മറികടന്ന് രൂപ 34 കോടി കടന്നപ്പോൾ മലയാളി നന്ദി പറയുന്നത് ഈ ആപ്പിനോടും അതിന് പിന്നിൽ നിന്ന് പ്രവർത്തിച്ചവരോടും കൂടിയുമാണ്. ഇത്രയും വലിയ തുകയുടെ ആവശ്യവുമായി ജനങ്ങൾക്ക് മുന്നിലേക്കെത്തുമ്പോൾ നേരിട്ട പ്രധാന വെല്ലുവിളി ജനങ്ങൾ നൽകുന്ന പണത്തിന്റെ വിവരങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുക എന്നതായിരുന്നു. നൂറുശതമാനവും അത് പുലർത്താനായി എന്നതാണ് ഇത്രയും വലിയ തുക ഈ ചെറിയ ദിവസങ്ങൾക്കുള്ളിൽ സ്വരൂപിക്കാൻ കഴിഞ്ഞതിലെ പ്രധാന കാരണം. ആകെ സമാഹരിച്ച 34 കോടിയിൽ 30 കോടിയ്ക്ക് മുകളിലും വന്നത് ആപ് വഴിയുള്ള പേയ്ൻമെന്റ് സംവിധാനത്തിലൂടെയാണ്. നേരിട്ട് പിരിച്ചതും അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമായി വന്നതും അതിന്റെ വളരെ ചെറിയ ഭാഗമാണ്.

നിരവധി പേയ്ൻമെന്റുകൾ ഒരുമിച്ച് അക്കൗണ്ടിൽ വരുമ്പോൾ ഉണ്ടാവാനിടയുള്ള സാങ്കേതിക തടസ്സത്തെയും ആപ്പ് മറികടന്നു. പെരുന്നാൾ വിഷു തുടങ്ങിയ അവധി ദിവസങ്ങളിലെ ബാങ്കിങ്ങ് സംവിധാനത്തിന് ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെയും അത് മറികടന്നു. ബ്ലഡ് മണി സ്വരൂപിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആയിരുന്നു. അതിന് തൊട്ടുമുമ്പുള്ള ആഴ്ചയുടെ ഭൂരിഭാഗവും അവധി ദിവസങ്ങളായിരുന്നു എന്നതും ഈ സന്ദർഭത്തിൽ ഓർക്കേണ്ട വസ്തുതയാണ്. അത് പോലെ തന്നെ അബ്ദു റഹീമിന് സഹായം അഭ്യാർത്ഥിച്ചുള്ള പോസ്റ്റിനും വീഡിയോയ്ക്കും കൂടെ ഫേക്ക് അക്കൗണ്ടുകൾ ചേർത്ത് പണം തട്ടാനുള്ള ശ്രമങ്ങളെയും ആപ് സംവിധാനം ഇല്ലാതാക്കി.

ആർക്കും ലൈവ് ഓഡിറ്റിംഗ് ചെയ്യാം

ഓരോ നിമിഷവും ലൈവായി സോഷ്യൽ ഓഡിറ്റിംഗ് സാധ്യമാകുന്നുവന്നതായിരുന്നു ഇതിനേക്കാളെല്ലാം പ്രധാനമായത്. പിരിവ് കൊടുത്തവർക്ക് അത് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഈ കഴിഞ്ഞ കാലയളവിൽ കേരളത്തിലുണ്ടായ ചില ചാരിറ്റി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആപ്പിന് ഭാവിയിലും വലിയ ധർമം നിർവഹിക്കാനുണ്ട്. കാരുണ്യ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ വിശ്വാസ്യത വർധിക്കാൻ ഇത്തരം സുതാര്യമായ സംവിധാനങ്ങൾ സഹായകമാകും. അനാവശ്യ വിവാദങ്ങൾക്കും 'കാരുണ്യ വ്യവസായത്തിനും' ഇടമില്ലാതെയാകും.

കേരളത്തിൽ ഓരോ ദിവസവും കോടികണക്കിന് രൂപ രോഗികൾക്കും പാവപ്പെട്ടവർക്കുമൊക്കെയായി സംഭാവനയായി സ്വരൂപിക്കപ്പെടുന്നുണ്ട്. അതിൽ പലതും സോഷ്യൽ മീഡിയകളിലൂടെ പങ്ക് വെയ്ക്കുന്ന വീഡിയോയിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നത്. വീഡിയോ ഇടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സിൻ്റെ അക്കൗണ്ടിലേക്കോ, അല്ലെങ്കിൽ രോഗിയും ഇൻഫ്ളുവൻസേഴ്‌സും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കോ ആവും പണം ശേഖരിക്കുക. അക്കൗണ്ടിലേയ്ക്ക് എത്തുന്ന പണം സംഭാവന നൽകുന്നവർക്കോ പൊതുസമൂഹത്തിനോ ഓഡിറ്റ് ചെയ്യാൻ ഈയൊരു ധനശേഖരണത്തിൽ പരിമിതകളുണ്ട്. അതിനാൽ തന്നെ ഇത്തരം ധനശേഖരണം വിവാദങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ശേഖരിച്ച തുക മറ്റാവശ്യങ്ങൾക്കായി വഴിമാറ്റിയതായുള്ള അരോപണങ്ങളും നേരത്തെ നമ്മുടെ പൊതുമണ്ഡലങ്ങളിൽ ഉയർന്നിട്ടുണ്ട്. രോഗികളോ അവരുടെ ബന്ധുക്കളോ തന്നെ ഇത്തരത്തിൽ ഇൻഫ്ളുവൻസേഴ്‌സിനെതിരെ രംഗത്ത് വന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് സഹായത്തിനായി മുന്നോട്ടുവരുന്ന സുമനസ്സുകളുടെ മനസ്സ് മടുപ്പിച്ചിട്ടുമുണ്ടാകും. പുതിയ ഒരു സഹായ ആവശ്യവുമായി മുമ്പിലേക്ക് വരുമ്പോൾ അത് തള്ളികളയാനും ഇത്തരം വിവാദങ്ങൾ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഇതിനെല്ലാമുള്ള പരിഹാരം കൂടിയായി പുതിയ ആപ് സംവിധാനം മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ആപ് തുറന്ന് നോക്കുന്ന ആർക്കും ധനസമാഹരണത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പത്ത് രൂപ മുതൽ കോടി രൂപ വരെ സംഭാവന ചെയ്തത് തീയതിയും സംഭാവന ചെയ്തവരുടെ പേരുമടക്കം നിമിഷങ്ങൾക്കുള്ളിൽ തന്നെ കാണാൻ കഴിയും. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് അതിനുള്ള പ്രത്യേക സംവിധാനവും ആപ്പിലുണ്ട്. ജില്ലകൾ വെച്ചും മണ്ഡലങ്ങൾ വെച്ചുമുള്ള കണക്കുകളും ലഭ്യമാകും. ഓരോ വളണ്ടിയർക്ക് കീഴിലും എത്ര തുകയാണ് സ്വരൂപിച്ചത് എന്നതും ഒറ്റ ക്ലിക്കിൽ കാണാൻ കഴിയും. സംഭാവന ചെയ്തവർക്ക് അപ്പപ്പോൾ തന്നെ അതിന്റെ റെസിപ്റ്റും കിട്ടും. ലോകത്തുള്ള ആർക്കും ഏത് സമയത്തും കാണാൻ കഴിയുന്ന തരത്തിൽ ഒരു വിരലനക്കത്തിൽ ഈ വിവരങ്ങളെല്ലാം ലഭ്യമാണ്.

കാരുണ്യ ധനസമാഹരണത്തിന് മാതൃകയാക്കാവുന്ന ആപ്പ്

നേരത്തെ പറഞ്ഞ പോലെ കോടികളുടെ പിരിവുകളും സംഭാവനകളുമാണ് രോഗ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഓരോ ദിവസവും കേരളത്തിൽ നടക്കുന്നുണ്ട്. കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന മുഴുവൻ തുകയും അതിന്റെ അവകാശിയിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത ഏറ്റവും കൂടുതൽ അതിന് മുന്നിട്ടിറങ്ങുന്നവർക്കാണ്. അത് കൊണ്ട് തന്നെ കേരളത്തിൽ ഇത്തരത്തിൽ പൊതുജനങ്ങളുടെ സംഭാവനയിലൂടെ കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അവരുടെ പ്രവർത്തനം സുതാര്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ തീർച്ചയായും ഈ സംവിധാനം മാതൃകയാക്കാവുന്നതാണ്. അത്തരം സുതാര്യതയിലേയ്ക്ക് വഴിമാറാൻ കേരളത്തിലെ കാരുണ്യ പ്രവർത്തകർ തയ്യാറാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇതൊരു പുതിയ തുടക്കമാകുമെന്നും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com