കേരളം കരുണയുടെ മണ്ണ്; ആ ഒൻപതക്ക സംഖ്യ കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിച്ചവർക്കുള്ള മറുപടി

'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കപ്പെട്ട ആ ദിവസങ്ങളിൽ കേരളത്തിൽ വലിയ ഒരു മാസ്സ് പ്രതിഷേധമൊന്നും ഇല്ലായിരുന്നു. ഒരു ഭാഗത്ത് വെറുപ്പ് പ്രചരിപ്പിക്കപ്പെട്ടപ്പോൾ മറുഭാഗത്ത് കാരുണ്യം പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു മലയാളികൾ.
കേരളം കരുണയുടെ മണ്ണ്; ആ ഒൻപതക്ക സംഖ്യ കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിച്ചവർക്കുള്ള മറുപടി

കേരളത്തിനെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണത്തിന് ആയുധമായ ദ കേരള സ്റ്റോറിയുടെ പ്രദർശനവും അനുബന്ധ ചർച്ചകളുമായിരുന്നു കഴിഞ്ഞ ഏതാനും ദിവസം അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നത്. എന്നാൽ ഈ നുണകഥകളെ കേരള സമൂഹം ഒന്നടങ്കം ഒരുമിച്ച് നിന്നാണ് പ്രതിരോധിച്ചത്. ചില പ്രത്യേക വിഭാഗങ്ങൾ കേരള സ്റ്റോറി കുട്ടികളെ പഠിപ്പിക്കാൻ ഇറങ്ങിയപ്പോൾ അത്തരം ഇടപെടലിലെ ആ സമുദായത്തിലുള്ളവർ തന്നെ മുന്നിൽ പ്രതിരോധിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടു.

ദ കേരള സ്റ്റോറി പ്രദർശിപ്പിക്കപ്പെട്ട ആ ദിവസങ്ങളിൽ അതിൻ്റെ അജണ്ട തിരിച്ചറിഞ്ഞതിനാൽ ഒരു പരിധിക്കപ്പുറം കേരളത്തിൽ വലിയ ഒരു മാസ്സ് പ്രതിഷേധമൊന്നും ഇല്ലായിരുന്നു. ഒരു ഭാഗത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ വെറുപ്പ് പ്രചരിപ്പിക്കപ്പെട്ടപ്പോൾ മറുഭാഗത്ത് കാരുണ്യം പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു മലയാളികൾ. മനഃപൂർവമല്ലാതെ സംഭവിച്ച തെറ്റിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീം എന്ന നിരപരാധിയെ രക്ഷിക്കാൻ 34 കോടി കണ്ടെത്താനുള്ള കഠിന പ്രയത്നത്തിലായിരുന്നു മലയാളികൾ. മുന്നിലുള്ള ചെറിയ സമയം കൊണ്ട് മറികടക്കേണ്ടിയിരുന്ന വലിയ വെല്ലുവിളിയെ സ്നേഹത്തിൻ്റെയും സാഹോദ്യത്തിൻ്റെയും മാനവികതയുടെയും കുടക്കീഴിൽ നിന്ന് മലയാളി നേരിട്ടപ്പോൾ അത് റിയൽ കേരള സ്റ്റോറിയായി മാറി.

കേരളത്തിലെ ചെറിയൊരു വിഭാഗവും പുറത്തെ ഗോദി പ്ലാറ്റ്‌ഫോമുകളും കേരളത്തിന്റെ പേരിൽ വെറുപ്പ് വിൽക്കുമ്പോൾ ശരാശരി മലയാളിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ റഹീമിന് വേണ്ടിയുള്ള ഹെൽപ്പ് സെന്ററുകളായി പ്രവർത്തിച്ചു. ബ്ലഡ് മണി നൽകാനുള്ള അവസാന തീയതിക്ക് മൂന്ന് ദിവസം മുന്നേ തന്നെ ആവശ്യമായ തുക മലയാളികൾ ഒറ്റക്കെട്ടായി കണ്ടെത്തി. പിരിവ് നിർത്തുകയാണെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നുമുള്ള സന്ദേശത്തെ വലിയ സന്തോഷാരവത്തോടെയാണ് മലയാളികൾ വരവേറ്റത്.

കഴിഞ്ഞ ദിവസങ്ങളിൽ തുക സമാഹരണത്തിനായി പ്രത്യേകം തയ്യാറാക്കിയ ആപ്പ് മണിക്കൂറുകൾ ഇടവിട്ട് പരിശോധിച്ചു കൊണ്ടേയിരുന്നു മലയാളികൾ. 34 കോടിയിലേക്കെത്താൻ ഇനി എത്ര തുകയും മണിക്കൂറും വേണം എന്ന ആധിയിലായിരുന്നു അവർ. റഹീമിൻ്റെ ജീവൻ്റെ വിലയായ ആ ഒമ്പതക്ക സംഖ്യയിലേയ്ക്ക് എത്തിച്ചേരുന്ന നിമിഷമായിരുന്നു അവരുടെ മനസ്സിൽ. ഒടുവിൽ 344546568 എന്ന അത്ഭുത സംഖ്യയിലേയ്ക്ക് മലയാളിയുടെ കാത്തിരുപ്പ് എത്തിച്ചേർന്നു. കേരളത്തെ വെറുപ്പിൻ്റെ കേന്ദ്രമാക്കി പ്രചരിച്ചവർക്കുള്ള ഏറ്റവും ഉചിതമായ മറുപടിയായി ആ ഒൻപത് ആക്ക സംഖ്യമാറി.

ക്രൗഡ് ഫണ്ടിംഗ് അത്ര പുതുമയില്ലാത്ത മലയാളിക്ക് മുന്നിൽ പക്ഷെ റഹീം കേസ് വളരെ വ്യത്യസ്തമായിരുന്നു. മാരക രോഗമുള്ളവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണം പോലെയായിരുന്നില്ല ഇത്. റഹീം എന്തിനാണ് ശിക്ഷിക്കപ്പെട്ടതെന്നും ബ്ളഡ് മണിയായി ഇത്രയും വലിയ തുക എന്തിനാണ് നൽകുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇവിടെയുണ്ടായിരുന്നു. കേരളത്തിലെ മീഡിയകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സുമാണ് ഈ സാഹചര്യത്തെ ജനങ്ങൾക്ക് മുമ്പിൽ അഡ്രസ് ചെയ്തത്. റഹീമിന്റെ നിരപരാധിത്വം മനസ്സിലാക്കി കൊടുക്കാനും അടിയന്തര പ്രാധാന്യം ഓർമിപ്പിക്കാനും അതിലൂടെ കഴിഞ്ഞു. ഒരു ഘട്ടം വരെ മെല്ലെ പോക്കിലായിരുന്ന ധനസമാഹരണം വലിയ വേഗത കൈവരുന്നത് അതിന് ശേഷമാണ്.

റഹീം കേസിൽ നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു ധനസമാഹരണം സുതാര്യമാക്കുക എന്നത്. ഇത്രയും വലിയ തുക സമാഹരിക്കുമ്പോൾ പാലിക്കേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയാണ് സഹായ സമിതി പ്രവർത്തനമാരംഭിച്ചത്. സൗദി എംബസിയുടെയും കേന്ദ്ര ധന മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയുമെല്ലാം പേപ്പർ വർക്കുകൾ കഴിഞ്ഞെത്തിയപ്പോയേക്കും മുമ്പിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമായിരുന്നു. ഒരേ ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ നമ്പറും കൊടുക്കുന്നത് ഫണ്ടിങ് ബ്ലോക്ക് ചെയ്യപ്പെടാൻ സാധ്യതയുമുണ്ടായിരുന്നു. ഇതിനെ മറികടക്കാനാണ് സുതാര്യമായ ആപ്പ് സംവിധാനം കൊണ്ട് വന്നത്. അത് വലിയ വിജയവും മാതൃകയുമായി.

അതിനിടയിൽ റഹീമിന് ഫണ്ട് അഭ്യർത്ഥിച്ചുള്ള ചില വീഡിയോക്ക് കൂടെ ഫേക്ക് ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേ നമ്പറുകളുമായി സോഷ്യൽ മീഡിയയിൽ തട്ടിപ്പ് സംഘമെത്തിയിരുന്നു. മില്യൺ കണക്കിന് ഫോളോവേഴ്‌സുള്ള അക്കൗണ്ടുകൾ വരെ അതിന് ഉപയോഗിച്ചു. പ്രതേകിച്ച് ഹിന്ദി ഹാൻഡിലുകളിലാണ് ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇത്തരം അക്കൗണ്ടുകളെ നിരീക്ഷിക്കാനും ഫാക്ട്ചെക്ക് ചെയ്യാനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് മുഴുവൻ സമയം പ്രവർത്തിച്ചു. ധന സമാഹരണം പൂർണ്ണമായി ആപ്പ് വഴി ആക്കിയതോടെ ആ തട്ടിപ്പ് സാധ്യതകളും അവസാനിച്ചു.

പെരുന്നാളിൻ്റെയും വിഷുവിൻ്റെ ആഘോഷ വേളയിലെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലായിരുന്നു ഭീമമായ ഈ തുകയ്ക്കായി കേരളം കൈകോർത്തത്. എന്നാൽ ഈ ആഘോഷ ദിവസങ്ങളിൽ കനത്ത വെയിലിനെ അവഗണിച്ച് ബക്കറ്റുമായി അവർ നിരത്തിലിറങ്ങി പിരിവ് നടത്തി. ബോബി ചെമ്മണ്ണൂർ നടത്തിയ കാരുണ്യ യാത്രയും കേരളത്തിന്റെ ചരിത്രത്തിലെ പ്രധാന നാഴികകല്ലായി മാറി. മൂന്ന് കോടി ജനസംഖ്യയുള്ള മലയാളികൾ ചേർന്ന് പലതുള്ളി പെരുവെള്ളം പോലെ പത്ത് രൂപ മുതൽ നൂറും ആയിരവും ലക്ഷവും ഒക്കെ സ്വരുക്കൂട്ടിയാണ് ദയാധനം ശേഖരിച്ചത്. ഈ ഉദ്യമത്തിൽ ഭൂരിപക്ഷ മലയാളിയുടെയും പങ്കാളിത്തമുണ്ടായി എന്നതും പ്രധാന കാര്യമാണ്. 18 വർഷക്കാലമായി മകനെ കാത്തിരിക്കുന്ന ഒരു ഉമ്മയുടെ കണ്ണീരിന് മലയാളി നൽകിയ ഉറപ്പ് കൂടിയായിരുന്നു ഈ ക്യാമ്പയിൻ. തീർച്ചയായും മലയാളിയെന്ന നിലയിൽ സ്വന്തം നിലയ്ക്ക് തന്നെ ആഘോഷിക്കപ്പെടേണ്ട ഒരു റിയൽ കേരള സ്റ്റോറി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com