റോബർട്ട് വദ്രയുടെ രാഷ്ട്രീയ പ്രവേശം ഇഞ്ചുറി ടൈമിൽ കോൺഗ്രസിന് സെൽഫ് ഗോളാകുമോ ?

ഇത്തവണയില്ലെങ്കിൽ അമേഠിയും റായ്ബറേലിയും ഇനിയൊരിക്കലും കോൺഗ്രസിനില്ല എന്ന വസ്തുത മുന്നിലുണ്ടായിട്ടും ഇത് വരെ സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യുപിയിൽ പാർട്ടിയുടെ ദൗർബല്യമാണ് കാണിക്കുന്നത്.
റോബർട്ട് വദ്രയുടെ രാഷ്ട്രീയ പ്രവേശം ഇഞ്ചുറി ടൈമിൽ കോൺഗ്രസിന് സെൽഫ് ഗോളാകുമോ ?

ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാലോ അഞ്ചോ റൗണ്ട് പ്രചാരണം പൂർത്തിയാക്കുകയും ചെയ്തു. അപ്പോഴും മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയ ഭൂമിയിലെ തങ്ങളുടെ പ്രധാന സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും ഇത് വരെയൊരു പേരിലെത്താനായിട്ടില്ല.

സ്വതന്ത്ര കാലം മുതൽ ഗാന്ധി കുടുംബത്തിന്റെ ഉറച്ച സീറ്റായിരുന്ന ഇവ മാത്രമാണ് 80 സീറ്റുകളുള്ള യുപിയിൽ കോൺഗ്രസിന് അവശേഷിക്കുന്ന തുരുത്തുകൾ. പാർട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വേളയിൽ നേരിടുന്ന നിർണ്ണായക പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ രണ്ട് സീറ്റുകളുടെ കാര്യത്തിൽ കാണിക്കുന്ന നിരുത്തരവാദിത്ത സമീപനം എക്സ്ട്രാടൈമിലെ പാർട്ടിയുടെ സെൽഫ് ഗോളായി മാറുമോ ? അമേഠിയിൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര കൂടി രംഗത്തെത്തിയതോടെ ഇങ്ങനെയൊരു ചോദ്യമാണ് രാഷ്ട്രീയാന്തരീക്ഷത്തിൽ ഉയരുന്നത്.

രാഹുൽ ഗാന്ധി അമേഠിയിലും ആരോഗ്യ കാരണങ്ങളാൽ വിട്ടു നിൽക്കുന്ന സോണിയ ഗാന്ധിയ്ക്ക് പകരം റായ്ബെറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് സംസ്ഥാന കോൺഗസ് നേതൃത്വത്തിന്റെ ആവശ്യവും ആഗ്രഹവും. ഇതിനകം തന്നെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ച്‌ ഉത്തർപ്രേദേശ് കോൺഗ്രസ് പ്രമേയം പാസ്സാക്കിയിരുന്നു. സഖ്യത്തിലുള്ള സമാജ് വാദി പാർട്ടിക്കും ഇതേ ആവശ്യമാണുള്ളത്. പ്രവർത്തകർ പോസ്റ്ററൊട്ടിക്കൽ വരെ തുടങ്ങിയിട്ടും, ഇത്തവണയില്ലെങ്കിൽ അമേഠിയും റായ്ബറേലിയും ഇനിയൊരിക്കലും കോൺഗ്രസിനില്ല എന്ന വസ്തുത മുന്നിലുണ്ടായിട്ടും ഇത് വരെ സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യുപിയിൽ പാർട്ടിയുടെ ദൗർബല്യമാണ് കാണിക്കുന്നത്.

Courtesy: NDTV
Courtesy: NDTV

അമേഠിയുടെ ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുള്ളത് എന്ന അനുകൂല വസ്തുത നിലനിൽക്കെ തന്നെയാണിത്. കഴിഞ്ഞ വർഷം സ്‌മൃതി ഇറാനിയോട് രാഹുൽ ഗാന്ധി തോറ്റത് ഒഴിച്ചാൽ 2000 ന് ശേഷം അമേഠി കൈപ്പത്തിയെ കൈവിട്ടിട്ടില്ല. 2004 മുതൽ സോണിയയുടെ ലക്ഷങ്ങൾ ഭൂരിപക്ഷം ലഭിക്കുന്ന ഷുവർ സീറ്റാണ് റായ്ബറേലിയും. 80 സീറ്റുകളിൽ 63 സീറ്റുകളും മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് വിട്ടുകൊടുത്ത കോൺഗ്രസ് സംസ്ഥാനത്ത് വലിയ അസ്തിത്വ പ്രതിസന്ധി നേരിടുന്നെങ്കിലും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വരവോടെ പാർട്ടി മത്സരിക്കുന്ന 17 സീറ്റുകളിലും ഉണർവ് സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രവർത്തകരുടെ വാദം. പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിൽ മത്സരിക്കാൻ തയ്യാറാണെന്ന കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ പ്രസ്താവന ഒഴിച്ച്‌ നിർത്തിയാൽ അനുകൂല സമീപനങ്ങളൊന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും ഇത് വരെയുണ്ടായിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയുടെ രംഗപ്രവേശന താല്പര്യത്തെ വായന നടത്തേണ്ടത്.

അമേഠിയിലെ ജനങ്ങൾ താൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും 2019 ൽ അവർക്ക് പറ്റിയ തെറ്റ് തിരുത്താൻ അവസരമൊരുക്കാൻ താൻ തയ്യാറാണെന്നും വദ്ര പറയുമ്പോഴും മണ്ഡലത്തിലെ പല പ്രവർത്തകരും രാഹുൽ തന്നെ മത്സരിക്കണമെന്ന ആവശ്യമുള്ളവരാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഗോദയിലേക്ക് രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി രംഗത്തുണ്ട്. സ്മൃതിയുടെ പ്രചാരണങ്ങൾ ഇതിനകം തന്നെ അഞ്ചു ഘട്ടങ്ങൾ പൂർത്തിയായിട്ടുമുണ്ട്. കൂടാതെ ഗാന്ധി കുടുംബം ഉത്തരേന്ത്യവിട്ട് ദക്ഷിണേന്ത്യയിൽ അഭയം പ്രാപിക്കുന്നുവെന്ന പ്രചാരണം ബിജെപി ശക്തമാക്കുന്നുമുണ്ട്.

ഇത് യുപിയിലെ മാത്രമല്ല, മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അവശേഷിക്കുന്ന പ്രവർത്തകരുടെ കൂടി ആത്മവിശാസം നഷ്ടപ്പെടുത്തുന്നു. വദ്രയിലൂടെ ജനങ്ങളുടെ മാത്രമല്ല, പ്രവർത്തകരുടെ ഈ ആശങ്ക കൂടി പരിഹരിക്കുമെന്ന് തത്കാലം കരുതാനാവില്ല. ഒറിജിനൽ ഗാന്ധി സ്ഥാനാർത്ഥിയെയാണ് അവർക്ക് വേണ്ടത്. ഗാന്ധി കുടുംബത്തിലെ മരുമകനെയല്ല. കൂടാതെ റോബർട്ട് വദ്രയുടെ ഹിസ്റ്ററി ഇൻഡക്‌സും വെല്ലുവിളിയാകുമെന്ന കണക്കുകൂട്ടൽ പ്രവർത്തകർക്കുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലും രാഷ്ട്രീയ ആനുകൂല്യങ്ങൾ പരിധികളില്ലാത്ത നേടിയെടുത്തതിനും എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ വിചാരണ നേരിടുന്ന ഒരാൾ കൂടിയാണ് വദ്ര. അതിൽ 2011 ലെ ഡിഎൽഎഫ് കമ്പനിയുമായി ബന്ധപ്പെട്ട 65 കോടിയുടെ തട്ടിപ്പ് ആരോപിച്ചിരുന്നത് ഇന്ന് കോൺഗ്രസിനൊപ്പം ഇൻഡ്യ സഖ്യത്തിലുള്ള കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള അന്ന ആന്ദോളൻ ആയിരുന്നു. ഇത് ബിജെപി പ്രചാരണായുധമാക്കി ഉയർത്താനിടയുണ്ട്.

2015 ൽ രാജസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെ കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കി എന്നതാണ് വദ്രയ്ക്ക് മേലെയുള്ള മറ്റൊരു കേസ്. രണ്ടാം യുപിഎ സർക്കാർ താഴെയിറങ്ങാൻ കാരണമായ അഴിമതി ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വദ്രകേസ്. ഗാന്ധി കുടുംബവും കോൺഗ്രസും ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പ്രതോരോധത്തിലായിരുന്നതും ഈ വിഷയത്തിലായിരുന്നു. 2019ലും തിരഞ്ഞെടുപ്പ് റാലികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വദ്ര രാഷ്ട്രീയപ്രവേശനം ഇത് വരെ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. സോണിയ ഗാന്ധിയ്ക്കും വദ്ര രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനോട് അനിഷ്ടമുണ്ടായിരുന്നു എന്നാണ് വിവരം. അത് കൊണ്ട് തന്നെ മണ്ഡലത്തിലെ ആളുകൾക്ക് തന്നെ വേണമെന്നും അവർ തന്റെ പോസ്റ്റൊറൊട്ടിക്കുന്നുവെന്നും വദ്ര വാദിക്കുമ്പോുഴും ഒരൽപം ജാഗ്രതയോടെ മാത്രമേ ഹൈക്കമാൻഡ് ഇതിൽ ഒരു തീരുമാനമെടുക്കൂ എന്ന് കരുതാതെ തരമില്ല.

കൂടാതെ ഇൻഡ്യ സഖ്യത്തിലെ പല നേതാക്കൾക്കും വദ്രയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുണ്ടാവാൻ സാധ്യതയുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്ന് തന്നെ വേട്ടയാടുകയായിരുന്നുവെന്ന് വദ്ര ആവർത്തിക്കുമ്പോഴും നിലവിൽ പ്രതിപക്ഷ സഖ്യം നടത്തുന്ന ഇഡി വേട്ടയെന്ന പ്രചാരണത്തോട് അത് കൂട്ടിചേർക്കാനാവില്ല എന്ന നിലപാടിലാണ് പല പ്രതിപക്ഷ നേതാക്കളും. യുപിഎ അധികാരത്തിലുള്ള സമയത്തെ ആരോപണങ്ങളാണ് വദ്രയ്ക്ക് മേലെയുണ്ടായിരുന്നത് എന്നത് കൊണ്ടും ഒരു പരിധി വരെ അത് തെളിയിക്കപ്പെട്ടിരുന്നു എന്നത് കൊണ്ടും കൂടിയാണ് നിലവിലെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ടയുടെ ലിസ്റ്റിൽ അതിനെ ഉൾപ്പെടുത്താത്തത്.

ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ വദ്രയുടെ രാഷ്ട്രീയ പ്രവേശനത്തിനും അമേഠിയിലെ സ്ഥാനർഥിത്വത്തിനും കോൺഗ്രസ് നേതൃത്വം പച്ച കൊടി കാണിച്ചാൽ അത് പാർട്ടിയുടെ ആത്മഹത്യപരമായ സമീപനമായി മാറാനാണ് സാധ്യത. കൂടാതെ സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ കാലതാമസം കൊണ്ട് നിലവിൽ തന്നെ വിജയ സാധ്യത പരുങ്ങലിലായ അമേഠിയിലെ ശേഷിക്കുന്ന സാധ്യത കൂടി അതില്ലാതാക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com