'കേരളത്തിൻ്റെ മതേതര മണ്ണിൽ ഉറച്ച മുസ്ലിം ലീഗിൻ്റെ പച്ചക്കൊടി 'വല്യ ഇഷ്യൂ' ആക്കേണ്ട'

'കേരളത്തിൻ്റെ മതേതര മണ്ണിൽ ഉറച്ച മുസ്ലിം ലീഗിൻ്റെ പച്ചക്കൊടി 'വല്യ ഇഷ്യൂ' ആക്കേണ്ട'

മുസ്ലിം ലീഗിന്റെ നിലപാടും അസ്ഥിത്വവുമെല്ലാം 'ഇൻക്ലൂസീവായി' തന്നെ മതേതര ഇടത്തോട് ചേർത്ത് നിർത്തപ്പെടേണ്ട കാലമാണിത്. ആശയപരമായി ബിജെപിയെ നേരിടുന്ന ഒരു ഇടത്തിൽ മാത്രമാണ് ഇത് സാധ്യമാകുക

വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതിനായി വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും വൈവിധ്യവും സംരക്ഷിക്കുന്നതിനാണ് ഇത്തവണ മത്സരമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. ബിജെപി സർക്കാരിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കുന്നതിനായി രൂപപ്പെടുത്തിയ സംയുക്ത പ്രതിപക്ഷ മുന്നണിയുടെ രാജ്യത്തെ സമുന്നത നേതാവ് കൂടിയാണ് രാഹുൽ ഗാന്ധി. എന്തുകൊണ്ട് ബിജെപി സർക്കാർ അധികാരത്തിൽ നിന്നും പുറത്താകണം എന്ന ചർച്ചകളാണ് സ്വഭാവികമായും രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഉയർന്ന് കേൾക്കേണ്ടത്.

രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയവക്താക്കളായ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രമാണ് ബിജെപിയും നിലവിലെ കേന്ദ്രസർക്കാരും പിന്തുടരുന്നത്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രപരിസരം സ്വാതന്ത്ര്യാനന്തര ഇന്ത്യയെന്ന ആശയത്തെ ഏതുനിലയിലെല്ലാം എതിർത്തിരുന്നുവെന്ന് ഇതിനകം കേരളം വളരെ ഗൗരവമായി ചർച്ച ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ ഫെഡറലിസത്തോടും മതേതരത്വത്തോടും ഇന്ത്യൻ ഭരണഘടനയോടും ആർഎസ്എസിന്റെ സമീപനമെന്തായിരുന്നു എന്ന് ഇഴകീറി പരിശോധിച്ചിട്ടുള്ള രാഷ്ട്രീയ ഭൂമികയാണ് കേരളം. ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര നിർമ്മാതാക്കൾ ആഭ്യന്തര ശത്രുക്കളായി വിവരിച്ചിരിക്കുന്ന ഇന്ത്യയിലെ മുസ്ലിം വിഭാഗം അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് നീതി നിഷേധിക്കുന്ന നിയമഭേദഗതികൾ രാജ്യത്ത് ഉണ്ടാകുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം പ്രത്യക്ഷമായി തന്നെ പൗരത്വ നിർണ്ണയത്തിൽ മുസ്ലിം വിഭാഗത്തോട് വിവേചനം കാണിക്കുന്നുവെന്ന ആശങ്ക രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ മതേതര സമൂഹം ചർച്ച ചെയ്യുന്നുണ്ട്. ഹിന്ദു രാഷ്ട്ര നിർമ്മിതിയെന്ന ആർഎസ്എസ് പരിപാടിയുടെ പ്രായോജകരായി ബിജെപി സർക്കാർ മാറിയെന്നും അതിനാൽ ബിജെപിയെ പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു ഭരണ സംവിധാനം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരണമെന്നുമാണ് കേരളത്തിലെ മതേതര സമൂഹം ഈ തിരഞ്ഞെടുപ്പിൽ സജീവമായി ചർച്ച ചെയ്യുന്നത്.

മുസ്ലിം വിഭാഗത്തെ രണ്ടാം തരക്കാരായി കാണുന്ന ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക അവബോധത്തോടെ ചർച്ചകൾ നടക്കുന്ന കേരളത്തിലാണ് ഇന്ത്യാ മുന്നണിയുടെ സമുന്നത നേതാക്കളിൽ ഒരാളായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേരളത്തിൽ ശക്തമായ സംഘപരിവാറിനെതിരായ ആശയസംവാദങ്ങളെ തീർച്ചയായും മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തേണ്ടതായിരുന്നു രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. നിർഭാഗ്യവശാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം പക്ഷെ ചർച്ചയായത് മുസ്ലിംലീഗിന്റെ പച്ചക്കൊടിയായിരുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമുള്ള രാഹുലിന്റെ റോഡ് ഷോയിൽ ഉയർന്ന പച്ചക്കൊടി ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരമുള്ള മുസ്ലിം ലീഗിൻ്റെ ഹരിത പതാകയെ പാകിസ്ഥാൻ പതാകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജെപി വലിയ പ്രചാരണ കോലാഹലം അന്ന് ഉത്തരേന്ത്യയിൽ നടത്തിയിരുന്നു. അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായും യുപി മുഖ്യമന്ത്രിയായിരുന്ന യോഗി ആദിത്യനാഥുമായിരുന്നു ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമായ അത്തരമൊരു പ്രചാരണത്തിന്റെ കുന്തമുനകൾ. ആർഎസ്എസിന്റെ കേന്ദ്രമായ നാഗ്പൂരിൽ വച്ചായിരുന്നു അമിത് ഷാ പച്ചക്കൊടിയെ ധ്രുവീകരണ ചർച്ചയാക്കി ഉയർത്തിക്കൊണ്ട് വന്നത്.

'തൻ്റെ സഖ്യത്തിനായി, ഒരു ജാഥ നടത്തുമ്പോൾ, അത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് തിരിച്ചറിയാൻ പ്രയാസമുള്ള അത്തരമൊരു സീറ്റിൽ നിന്നാണ് ഈ രാഹുൽ ബാബ മത്സരിക്കുന്നത്' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പടികൂടി കടന്ന് മുസ്ലിംലീഗിനെതിരെ ഏറ്റവും മോശമായ പദപ്രയോഗം തന്നെയാണ് നടത്തിയത്. കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിൽ വന്നാൽ വൈറസ് പടരുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. '1857ലെ സ്വാതന്ത്ര്യസമരത്തിൽ രാജ്യം മുഴുവൻ മംഗൾ പാണ്ഡെയ്‌ക്കൊപ്പം പോരാടി, അതിനു ശേഷം, മുസ്ലീം ലീഗ് എന്ന വൈറസ് രാജ്യത്തുടനീളം പടർന്നു, അത് രാജ്യ വിഭജനത്തിന് കാരണമായി. അതേ ഭീഷണിയാണ് ഇന്ന് രാജ്യത്തുടനീളം ഉയരുന്നത്. (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ) പച്ചക്കൊടികൾ വീണ്ടും പാറുന്നു. കോൺഗ്രസിന് മുസ്ലീം ലീഗിൻ്റെ വൈറസ് ബാധിച്ചിരിക്കുന്നു, സൂക്ഷിക്കുക' എന്നായിരുന്നു യോഗി അന്ന് ട്വീറ്റിൽ കുറിച്ചത്.

യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ മുസ്ലിംലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മുസ്ലിം ലീഗ് കേരളത്തിലെ ഒരു അംഗീകൃത പാർട്ടിയാണെന്നും നമ്മുടെ ഭരണഘടനയുടെ മതേതര ജനാധിപത്യ ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന ഒരു നീണ്ട ചരിത്രം ലീഗിനുണ്ടെന്നുമാണ് അന്ന് വിഷയത്തോട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എന്തായാലും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പച്ചക്കൊടിയുടെ സാന്നിധ്യം ഉത്തരരേന്ത്യയിലെ സംഘപരിവാർ ഹാൻഡിലുകൾ വലിയ ചർച്ചയാക്കിയിരുന്നു. തിരഞ്ഞെടുപ്പിനെ അത് സ്വാധീനിച്ച ഘടകങ്ങളിൽ ഒന്നായി അത് മാറി എന്നതിൽ തർക്കമില്ല. ഈ പ്രചാരണങ്ങൾ ശക്തമായി നടന്ന അമേഠിയിലെ സിറ്റിങ്ങ് സീറ്റിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ റായ്ബറേലി സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്.

2019-ലെ ഈ അനുഭവങ്ങളാകും ഇത്തവണ രാഹുലിന്റെ റോഡ് ഷോയിൽ മുസ്ലിം ലീഗിന്റെ പച്ചക്കൊടി വേണ്ടെന്ന് വയ്ക്കാൻ കാരണമായിട്ടുണ്ടാകുക. മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കപ്പെട്ട സാഹചര്യം പല നിലയിൽ കേരളം ചർച്ച ചെയ്യുകയാണ്. അതിൽ താത്വിക ചർച്ച മുതൽ വൈകാരിക ചർച്ച വരെയുണ്ട്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വത്തിൽ പ്രധാനപ്പെട്ടതാണ് ചന്ദ്രക്കല ആലേഖനം ചെയ്ത അവരുടെ ഹരിത പതാക. മലബാറിൽ മുസ്ലിം ലീഗിന് സ്വാധീനമുള്ള കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പച്ചക്കൊടി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവിടെയൊന്നും മുസ്ലിം ലീഗിന്റെ കൊടി ഏതെങ്കിലും നിലയിലുള്ള ധ്രുവീകരണ വിഷയമായി മാറുന്നില്ല, കോൺഗ്രസിന് അങ്ങനെ തോന്നുന്നില്ല. അത്തരം ചർച്ചകൾ ഉയർന്നുവന്നാൽ കേരളം അർഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുകയും ചെയ്യും. പിന്നെയെന്തിന് വയനാട്ടിൽ മാത്രം ഒരു പുന:രാലോചന എന്ന ചോദ്യം നിലവിലെ സാഹചര്യത്തിൽ അതിനാൽ പ്രസക്തമാണ്.

കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളായി ഉത്തരേന്ത്യയിൽ കോൺഗ്രസ് ബിജെപിയെ നേരിടാൻ ഉപയോഗിക്കുന്നത് മൃദു ഹിന്ദുത്വ സമീപനങ്ങളും അടയാളങ്ങളുമാണ് എന്ന വിമർശനം ശക്തമാണ്. അടുത്തിടെ നടന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിൽ അടക്കം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ ചിഹ്നങ്ങളുടെ ഉപയോഗം വിമർശനം വിളിച്ചു വരുത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉത്തരേന്ത്യയിലെ പല തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഈ നിലയിൽ മൃദുഹിന്ദുത്വയുടെ അടയാളങ്ങളെ ചേർത്തുപിടിച്ചിരുന്നു. മൃദുഹിന്ദുത്വ കൊണ്ടല്ല ബിജെപിയുടെ തീവ്രഹിന്ദുത്വ ആശയപരിസരങ്ങളെ എതിർക്കേണ്ടതെന്ന വിമർശനവും അന്നേ ഉയർന്നിരുന്നു. ആശയപരമായി മതേതര നിലപാട് ഉയർത്തിപ്പിടിച്ചാണ് ബിജെപിയുടെ ഹിന്ദുത്വവാദത്തെ പ്രതിരോധിക്കേണ്ടതെന്ന വാദങ്ങളും ഈ ഘട്ടത്തിൽ ശക്തമായി ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കമൽനാഥ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങൾ ബിജെപിയെ എതിർക്കാനുള്ള അനുപേക്ഷണീയമായ ആശയസമീപനങ്ങളായിരുന്നില്ല. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ദ്വിഗ് വിജയ് സിങ്ങും, ഹിമാചലിലെ വിക്രമാദിത്യ സിങ്ങും ഉത്തർപ്രദേശ് പി സി സി അദ്ധ്യക്ഷൻ അജയ് റായ് യുമെല്ലാം സ്വീകരിച്ച സമീപനം നിലവിലെ സാഹചര്യത്തിൽ ബിജെപിയെ നേരിടാനുള്ള ആശയ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന നിലപാടുകളല്ല.

ഈ നിലയിൽ ആശയപരമായി ബിജെപിയുടെ ഹിന്ദുത്വയെ പ്രതിരോധിക്കാൻ കോൺഗ്രസിന് മണ്ണൊരുക്കാൻ സാധിക്കാത്ത ഉത്തരേന്ത്യയിലാണ് പച്ചക്കൊടി കോൺഗ്രസിന് ബാധ്യതയാകുന്നത്. മതേതര ജനാധിപത്യ സ്വഭാവത്തിൽ ഹിന്ദുത്വയെ ആശയപരമായി എതിർക്കുന്നതിൽ ശക്തമായ അടിത്തറയുള്ള മണ്ണാണ് കേരളം. കാസർകോടോ കണ്ണൂരിലോ കോഴിക്കോടോ, പാലക്കാടോ പച്ചക്കൊടിയെ ധ്രുവീകരണ സ്വഭാവത്തിൽ ഉപയോഗിച്ചാൽ കേരളത്തിൽ അത് പച്ചപിടിക്കില്ല. ഉത്തരേന്ത്യയിലെ മണ്ണിൽ അല്ല കേരളം ചവിട്ടി നിൽക്കുന്നത്. നിർണ്ണായകമായ ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധി ഈയൊരു സാഹചര്യത്തെ മുൻകൂട്ടി കാണേണ്ടിയിരുന്നു. അദ്ദേഹത്തെ കേരളത്തിലേയ്ക്ക് ആനയിച്ച് സ്വീകരിച്ച ദേശീയ നേതാക്കളും ഈ സാഹചര്യം പരിഗണിക്കേണ്ടിയിരുന്നു.

കേരളത്തിൽ സംഘപരിവാറിനെതിരെ രൂപപ്പെട്ടിരിക്കുന്ന ആശയപരമായ പ്രതിരോധ ഇടങ്ങളിൽ പോലും ധ്രുവീകരണം ഉണ്ടാക്കുന്ന വിധത്തിൽ പച്ചക്കൊടി ചർച്ച സജീവമായി കഴിഞ്ഞു. ഉത്തരേന്ത്യയെ കരുതി വയനാട്ടിൽ പച്ചക്കൊടി ഒഴിവാക്കുമ്പോൾ അത് കേരളത്തിൽ ഏതുനിലയിയിൽ ചർച്ചയാകുമെന്ന് കോൺഗ്രസ് മുൻകൂട്ടി വിലയിരുത്തേണ്ടിയിരുന്നു. ലീഗില്ലാതെ കോൺഗ്രസിന് വിജയിക്കാൻ കഴിയാത്ത വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ ഇറക്കുമ്പോൾ എല്ലാ വരുംവരായ്കകളും ചർച്ച ചെയ്യേണ്ടിയിരുന്നു. ബിജെപിയെപ്പോലെ മതരാഷ്ട്രവാദ ആശയത്തെ പിൻപറ്റുന്ന പാർട്ടിയല്ല മുസ്ലിം ലീഗ് എന്നും അവർ പ്രതിനിധീകരിക്കുന്ന ഇസ്ലാമിക മതരാഷ്ട്രവാദമല്ലെന്നും അവരുടെ പച്ചക്കൊടി കേരളത്തിന്റെ മതേതര മണ്ണിൽ കുത്തിയുറപ്പിച്ചിരിക്കുന്നതാണെന്നും കോൺഗ്രസസിന് പറയാൻ കഴിയേണ്ടിയിരുന്നു. ഉത്തരേന്ത്യയിലെ ചർച്ചകളെ ഭയന്ന് ഈ നിലപാട് പറയാതിരിക്കുകയും മൃദു ഹിന്ദുത്വയിൽ തലപൂഴ്ത്തുകയും ചെയ്യുന്നത് കോൺഗ്രസിന് ശുഭകരമല്ല. അത്തരം ഒരു സാഹചര്യത്തിൻ്റെ ചർച്ചാ കേന്ദ്രമായി രാഹുൽ ഗാന്ധിയെ മാറ്റാനും പാടില്ലായിരുന്നു.

2023 ജനുവരി മാസത്തിൽ മുസ്ലിം ലീഗിന്റെ മതേതര നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശം ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ 'മുസ്ലിം ലീഗ് തികച്ചും മതേതര പാർട്ടി'യാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അതിരൂക്ഷമായിട്ടായിരുന്നു ബിജെപിയുടെ പ്രതികരണം. 'ജിന്നയുടെ മുസ്ലീം ലീഗ് ഒരു മതേതര പാർട്ടിയാണോ? മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ പാർട്ടിയെ ഒരു മതേതര പാർട്ടിയായി, ഇന്ത്യയിലെ ചിലർ ഇപ്പോഴും അത് പരിഗണിക്കുന്നത് നിർഭാഗ്യകരമാണ്' എന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജ് ജുവിന്റെ പ്രതികരണം. ഈ നിലയിൽ കേരളത്തിലെ മുസ്ലിം ലീഗിനെ ജിന്നയുടെ മുസ്ലിം ലീഗിന്റെ തുടർച്ചയായി ചിത്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതികരണം. ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ ഹിന്ദു മഹാസഭ അധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജി ജിന്നയുടെ മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കിയ കാര്യം ബിജെപിയെ ഓർമ്മിപ്പിച്ചായിരുന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ജിന്നയുടെ പാർട്ടിയുടെ തുടർച്ചയല്ല മുസ്ലിംലീഗ് എന്ന വാദവുമായി നിരവധി കോൺഗ്രസ് നേതാക്കളും ഈ ഘട്ടത്തിൽ രംഗത്ത് വന്നിരുന്നു.

എന്തായാലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പച്ചക്കൊടി വേണ്ടെന്ന് വയ്ക്കാൻ ഇതെല്ലാം കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിരിക്കാം. ബിജെപിയുടെ സങ്കുചിത രാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താൻ അത്തരമൊരു സമീപനമാണോ കോൺഗ്രസ് സ്വീകരിക്കേണ്ടിയിരുന്നത്. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ഇത്തരം ചർച്ചകളിലൂടെ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുമെന്നത് വ്യക്തമായിരുന്നു. ഒന്നുകിൽ ആ സാഹചര്യം കോൺഗ്രസ് ഒഴിവാക്കണമായിരുന്നു. അല്ലെങ്കിൽ ബിജെപിയെക്കാൾ മതേതര നിലപാടുള്ളവരാണ് മുസ്ലിം ലീഗ് എന്ന് ചൂണ്ടിക്കാണിച്ച് ചേർത്ത് നിർത്തണമായിരുന്നു.

ചത്ത കുതിരയെന്ന് ഏതാണ്ട് ആറ് പതിറ്റാണ്ട് മുമ്പ് നെഹ്റു വിശേഷിപ്പിച്ച മുസ്ലിം ലീഗല്ല ഇപ്പോൾ കേരളത്തിലെ മുസ്ലിം ലീഗ്. ആറ് പതിറ്റാണ്ടിനിപ്പുറം നെഹ്റുവിന്റെ കൊച്ചുമകൻ കയറിയിരിക്കുന്നത് കോൺഗ്രസിനെക്കാൾ ജീവസുറ്റ ലീഗെന്ന കുതിരപ്പുറത്താണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംകിടക്കാരായി കണ്ട് നിയമനിർമ്മാണങ്ങൾ നടക്കുന്ന വർത്തമാന കാലത്ത് മതേതര സ്വഭാവത്തിൽ ഉറച്ച് നിൽക്കുന്ന മുസ്ലിം ലീഗിന് വലിയ പ്രാധാന്യവുമുണ്ട്. മുസ്ലിം ലീഗ് സാമുദായിക പാർട്ടിയാണ്, പേരിൽ നിന്നും മതത്തിൻ്റെ പേര് ഒഴിവാക്കണണം എന്ന വിമർശനങ്ങൾ നിലനില്‍ക്കുമ്പോൾ പോലും സംഘപരിവാറിൻ്റെ മതരാഷ്ട്രവാദം ലീഗിനുണ്ടെന്ന് പറയാൻ കഴിയില്ല. മുസ്ലിം ലീഗിന്റെ നിലപാടും അസ്ഥിത്വവുമെല്ലാം ഇൻക്ലൂസീവായി തന്നെ മതേതര ഇടത്തോട് ചേർത്ത് നിർത്തപ്പെടേണ്ട കാലമാണിത്. ആശയപരമായി ബിജെപിയെ നേരിടുന്ന ഒരു ഇടത്തിൽ മാത്രമാണ് ഇത് സാധ്യമാകുക. മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടുന്നവർക്ക് നിരവധി പരിമിതികളുണ്ട്. കോൺഗ്രസിന്റെ അത്തരമൊരു പരിമിതിയാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നത്. ഇത് ആ നിലയിൽ പരിഹരിച്ച് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com