ആടുജീവീതത്തിലെ 'നജീബ്' അടയാളപ്പെടുത്തുന്നത് 'ബാലചന്ദ്രൻ അഡിഗ'യിൽ നിന്നും പൃഥ്വിരാജ് നടന്നെത്തിയ ദൂരം

ശരീരത്തിന്റെ രൂപപരിണാമ ദശയിൽ മാത്രമല്ല നജീബ് എന്ന കഥാപാത്രം പ്യഥ്വിരാജ് എന്ന അഭിനേതാവിന്റെ മാനറിസങ്ങളെ ഒരു മരുഭൂമിയുടെ ചക്രവാളത്തോളം ദൂരത്തേയ്ക്ക് മാറ്റി നിർത്തിയിരിക്കുന്നത്. സിനിമയുടെ തുടക്ക രംഗം മുതൽ അവസാന രംഗം വരെ ആടുജീവിതത്തിൽ നജീബേയുള്ളു, നജീബ് മാത്രം
ആടുജീവീതത്തിലെ 'നജീബ്' അടയാളപ്പെടുത്തുന്നത് 'ബാലചന്ദ്രൻ അഡിഗ'യിൽ നിന്നും പൃഥ്വിരാജ് നടന്നെത്തിയ ദൂരം

രൂപസൗകുമാര്യവും ആകാരസൗഷ്ട്യവും ശബ്ദഗാംഭീര്യവും വേണ്ടത്ര ഉണ്ടെങ്കിലും പരിമിതികളുളള അഭിനേതാവ് എന്ന നിലയിലാണ് പൃഥ്വിരാജിനെ വിലയിരുത്തിയിരുന്നത്. മമ്മൂട്ടിയെ പോലെ കഠിന പ്രയത്നത്തിലൂടെ ഒരു അഭിനേതാവിന്റെ പൂർണ്ണതയ്ക്കായി പൃഥ്വിരാജ് ശ്രമിക്കുന്നു എന്ന് തോന്നിയിരുന്നില്ല. മോഹൻലാലിനെപ്പോലെ അയത്നലളിതമായ അഭിനയത്തികവിന്റെ ശേഷിയും പൃഥ്വിരാജ് പ്രകടിപ്പിച്ചിരുന്നില്ല. കൈവശമുള്ള രൂപസൗകുമാര്യവും ആകാരസൗഷ്ട്യവും ശബ്ദഗാംഭീര്യവും ഭംഗിയായി ഇൻവെസ്റ്റ് ചെയ്യാൻ ശേഷിയുള്ള അഭിനേതാവ് എന്ന നിലയിൽ മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഒരു താരമായി മാറാൻ പ്യഥ്വിരാജിന് സാധിച്ചു എന്നതാണ് വാസ്തവം.

2006ൽ 24-ാമത്തെ വയസ്സിൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വാസ്തവത്തിലെ ബാലചന്ദ്രൻ അഡിഗ തന്നെയാണ് ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ട പ്യഥ്വിരാജ് കഥാപാത്രം. "....ഉപ്പുസത്യാഗ്രത്തിന് കൊടിപിടിച്ച കഥയും കർഷക തൊഴിലാളിയൂണിയൻ ഉണ്ടാക്കാൻ അനുഭവിച്ച യാതനയുമൊന്നും കേട്ട് മനസ്സലിഞ്ഞ് ആരും വന്ന് പെൺമക്കളെ വേളി കഴിച്ചോണ്ട് പോകാൻ നിൽക്കില്ല. അതിന് പണം വേണം. പണം അത് ഇല്ലാത്തോർക്ക് ചിലപ്പോൾ മാനാഭിമാനം നഷ്ടപ്പെട്ടിരിക്കും..."എന്ന് കമ്മ്യൂണിസ്റ്റുകാരനും പുരോഗമന രാഷ്ട്രീയ പോരാട്ടങ്ങളുടെ പാരമ്പര്യം പേറുന്ന നേതാവുമായിരുന്ന സ്വന്തം പിതാവിനോട് ക്ഷോഭിക്കുന്ന ബാലചന്ദ്രൻ അഡിഗ അധികാരത്തിന്റെ ചിത്തഭ്രമം ബാധിച്ച തികഞ്ഞ അരാഷ്ട്രീയവാദിയും സവർണജാതി ബോധത്തിന്റെ ആൾരൂപവും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ആണധികാരത്തിന്റെ മൂർത്തീഭാവവുമാണ്. അധികാരത്തിന്റെ ഇടനാഴികളെ പണമുണ്ടാക്കാനുള്ള ഉപായ വഴികളായി തിരിച്ചറിയുന്ന ബാലചന്ദ്രൻ അഡിഗ അധാർമ്മികതയുടെ വഴികളിലൂടെയെല്ലാം അധികാര ദാർഷ്ട്യം കൈമുതലാക്കി സഞ്ചരിക്കുന്നുണ്ട്. എതിരെ വരുന്നതിനെയെല്ലാം കുശാഗ്രബുദ്ധികൊണ്ടും ക്രിമിനൽ മനോനിലകൊണ്ടും നിലംപരിശാക്കുന്നുണ്ട്. 24-ാമത്തെ വയസ്സിൽ പൃഥ്വിരാജ് ബാലചന്ദ്രൻ അഡിഗയെ അത്രമേൽ ഉൾക്കൊണ്ട് അഭിനയിച്ചു എന്നതാണ് ആ കഥാപാത്രത്തെ ഇന്നും പ്രിയങ്കരമാക്കുന്നത്. ഇന്നും അധികാര ഇടനാഴികളിലെ ആർത്തി പിടിച്ച കുറുക്കന്മാരെയും ചെന്നായ്ക്കളെയും വേട്ടപ്പട്ടികളെയും ഓർമ്മപ്പെടുത്താൻ ബാലചന്ദ്രൻ അഡിഗക്ക് കഴിയുന്നു എന്നത് അന്നത്തെ 24കാരന്റെ മികവായി തന്നെ കാണണം.

ബാലചന്ദ്രൻ അഡിഗയ്ക്ക് പിന്നിലും രൂപസൗകുമാര്യവും ആകാരസൗഷ്ട്യവും ശബ്ദഗാംഭീര്യവുമെല്ലാം കൃത്യമായ ചേരുവകളായി ഇടംപിടിച്ചിട്ടുണ്ട്. പിന്നീട് പ്യഥ്വിരാജ് ചെയ്ത വേഷങ്ങളെയെല്ലാം ഏതെങ്കിലും നിലയിൽ പിൻതാങ്ങിയ പ്രധാനഘടകങ്ങൾ രൂപസൗകുമാര്യവും ആകാരസൗഷ്ട്യവും ശബ്ദഗാംഭീര്യവും ആണെന്ന് തന്നെയാണ് വ്യക്തിപരമായ നിരീക്ഷണം.

എന്നാൽ ആടുജീവിതത്തിലെ നജീബ് ഈ സാധ്യതകളെല്ലാം ബാധ്യതകളാകുന്ന ഒരു കഥാപാത്രമാണ്. നജീബിന് രൂപസൗകുമാര്യത്തിന്റെ സാധ്യതകളില്ല, ആകാരസൗഷ്ട്യത്തിന്റെ ബാധ്യതയുമില്ല, ശബ്ദഗാംഭീര്യത്തിന്റെ ഒരുഘടകങ്ങളും ആ കഥാപാത്രം ആവശ്യപ്പെടുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ കഴിഞ്ഞ രണ്ട് ദശകമായി പൃഥിരാജ് രൂപപ്പെടുത്തിയ തന്റെ ശക്തിശ്രോതസ്സുകളെയെല്ലാം പൂർണ്ണമായും നിരാകരിക്കുന്ന കഥാപാത്രമാണ് നജീബ്. ആ സാഹചര്യത്തെ ഒരു വെല്ലുവിളി പോലെ ഏറ്റെടുക്കാൻ പ്യഥ്വിരാജിന് സാധിച്ചുവെന്നാണ് ആടുജീവിതത്തിലെ നജീബിന്റെ സ്ക്രീൻ സ്പെയ്സ് വരച്ചിടുന്നത്. ശരീരത്തിന്റെ രൂപപരിണാമ ദശയിൽ മാത്രമല്ല നജീബ് എന്ന കഥാപാത്രം പ്യഥ്വിരാജ് എന്ന അഭിനേതാവിന്റെ മാനറിസങ്ങളെ ഒരു മരുഭൂമിയുടെ ചക്രവാളത്തോളം ദൂരത്തേയ്ക്ക് മാറ്റി നിർത്തിയിരിക്കുന്നത്. സിനിമയുടെ തുടക്ക രംഗം മുതൽ അവസാന രംഗം വരെ ആടുജീവിതത്തിൽ നജീബേയുള്ളു, നജീബ് മാത്രം. സിനിമയുടെ എൻഡ് ടൈറ്റിലിൽ 'നജീബ്-പൃഥ്വിരാജ്' എന്ന് എഴുതി കാണിക്കുമ്പോൾ മാത്രം ആ സാന്നിധ്യം ഓർമ്മവരുന്നു എന്ന് പറഞ്ഞാൽ പോലും അതിശയോക്തിയാകില്ല.

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് " എന്ന ബെന്യാമിൻ വരച്ചിട്ട വാങ്ങ്മയ ചിത്രത്തെ അതിലും ഉപരിയായ സിനിമാ ഭാഷകൊണ്ട് ദൃശ്യവത്കരിക്കുന്നതിൽ ബ്ലെസി വിജയിച്ചിട്ടുണ്ട്. അതിന് തുണയാകുന്ന വിധത്തിൽ നജീബ് സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുമുണ്ട്. പൃഥ്വിരാജിന്റെ അഭിനയ ജീവിതം ആടുജീവിതത്തിന് മുമ്പ്, ശേഷം എന്നിങ്ങനെ വേർതിരിക്കപ്പെടുമെന്ന് തീർച്ചയാണ്. ആ സാധ്യതകളെ ഒരു അഭിനേതാവ് എന്ന നിലയിൽ പ്യഥ്വിരാജ് ഇനി എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതും പ്രധാനമാണ്. താരങ്ങളെ അവരുടെ ഇമേജുകളുടെ തടവറയിൽ ബന്ധിച്ചിടാതെ അവർക്ക് പുതിയ സാധ്യതകൾ തുറന്നു കൊടുക്കാൻ ബ്ലെസിയെ പോലെ മറ്റു സംവിധായകരും തീരുമാനിക്കേണ്ടതുണ്ട്. ഇമേജിന്റെ ശീതികരിച്ച മോൾഡുകളിൽ നിന്ന് പുറത്ത് കടക്കാൻ നമ്മുടെ 'താരങ്ങളും' ബോധപൂർവ്വം തയാറാകേണ്ടതുണ്ട്. ആ നിലയിൽ മലയാള സിനിമയിൽ പുതിയൊരു ചിന്താപദ്ധതി കൂടി മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞ സിനിമയാണ് ആടുജീവിതം.

സിനിമയുടെ വലിയൊരു പങ്കും മലയാളത്തിൽ ചിന്തിക്കുന്ന നജീബ് എന്ന ഒരൊറ്റ ആൾ മാത്രമാണ് ഫ്രെയിമിൽ വരുന്നത് എന്ന വെല്ലുവിളിയെ ബ്ലെസി ക്ലാസിക്കലായി തന്നെ മറികടന്നിട്ടുണ്ട്. ആടുകളും ഒട്ടകങ്ങളും അപരിചിത ഭാഷ സംസാരിക്കുന്ന അറബികളും മാത്രം കഥാപാത്രങ്ങളായി വരുന്ന, ചിലപ്പോഴൊക്കെ ഡ്രൈ ആയി പോയേക്കാമായിരുന്ന രംഗങ്ങൾ പോലും സിനിമയുടേതായ മാന്ത്രികത നിറഞ്ഞ ഭാഷയുടെ കയ്യൊപ്പ് പതിപ്പിച്ച് ബ്ലെസി സുന്ദരമാക്കിയിട്ടുണ്ട്. ആടുജീവിതം പൃഥ്വിരാജിന്റെയോ ബ്ലെസിയുടെയോ സിനിമാ ജീവിതത്തിൽ മാത്രം സവിശേഷമായി അടയാളപ്പെടുത്തേണ്ട ഒന്നല്ല മറിച്ച് മലയാള സിനിമയുടെ തന്നെ വഴിത്തിരിവായി കാണേണ്ട ചലച്ചിത്ര ഭാഷ്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com