ഇഡി അറസ്റ്റ് 'ആം ആദ്മി'ക്ക് വോട്ടാകുമോ, 'ഇൻഡ്യ'യെ സഹായിക്കുമോ? സൂചനകള്‍ പറയുന്നത്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ സീ വോട്ടർ സർവ്വേയിൽ പങ്കെടുത്ത 45 ശതമാനം പേരും പറയുന്നത് ഇഡി വിഷയം പൊതു തിരഞ്ഞെടുപ്പിനെ സാരമായി തന്നെ ബാധിക്കുമെന്നാണ്.
ഇഡി അറസ്റ്റ് 'ആം ആദ്മി'ക്ക് വോട്ടാകുമോ, 'ഇൻഡ്യ'യെ  സഹായിക്കുമോ? സൂചനകള്‍ പറയുന്നത്

അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നിൽ ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമാണോ ലക്ഷ്യം? പത്ത് വർഷം കേന്ദ്രം ഭരിച്ചിട്ടും മൂക്കിന്‍തുമ്പത്തുള്ള ഡൽഹി പിടിച്ചെടുക്കാൻ പറ്റാത്തതിന് 2025 ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്നേ എറിയുകയാണോ ബിജെപി? ഇഡി അറസ്റ്റ് ആം ആദ്മിയെയും ഇൻഡ്യ മുന്നണി സഖ്യത്തെയും ഏത് രീതിയിൽ ബാധിക്കും, ബിജെപി പ്രതിരോധത്തിലാവുമോ? കഴിഞ്ഞ ദിവസം പുറത്ത് വന്ന സീ വോട്ടർ സർവ്വേയെ മുൻ നിർത്തി ഒരു വിശകലനം.

നരേന്ദ്രമോദിയെ പോലെ തന്നെ പ്രതിച്ഛായയുടെ വലിയ പിൻബലമാണ് അരവിന്ദ് കെജ്രിവാളെന്ന നേതാവിനുമുള്ളത്. അയാൾ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ സത്യസന്ധനും ലളിതനുമായ മനുഷ്യൻ എന്ന ലേബലിലാണ്. ഓഫീസിലെ അധികാര കേന്ദ്രീകരണം, പ്രസംഗ ശൈലി, ഹിന്ദിയിലെ പ്രാവീണ്യം, ഭരണ പരിചയം, പാർട്ടിക്കുള്ളിലെ സർവ്വവ്യാപി പരിവേഷം, ദീർഘ വീക്ഷണം, രാഷ്ട്രീയത്തെ കുറിച്ചുള്ള വ്യക്തമായ അവബോധം തുടങ്ങിയവ വെച്ച് നോക്കുമ്പോൾ മോദിയോളം തന്നെ രാഷ്ട്രീയ ഭാവിയുള്ളയാളാണ് കെജ്‌രിവാളും. മോദിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ മോദിയേക്കാൾ പൊടുന്നനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നേതാവാണ് കെജ്‌രിവാൾ. അഴിമതിക്കെതിരെ ചൂലെടുത്ത് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ പത്ത് വർഷത്തിനിപ്പുറം നിർണ്ണായക ശക്തിയായ നേതാവ്.

കെജ്‌രിവാൾ ബിജെപിയുടെ ശത്രുവായത് എങ്ങനെ ?

ഐഐടി ഖരഗ്‌പുരില്‍നിന്ന് ബിരുദമെടുത്ത കെജ്രിവാൾ സർക്കാർ സർവീസുകൾ സുതാര്യമല്ലെന്ന് പറഞ്ഞാണ് റവന്യൂ സർവീസിൽ നിന്നും രാജിവെക്കുന്നത്. 'ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍' എന്ന പ്രസ്ഥാനത്തിലൂടെ ആക്ടിവിസത്തിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും കടന്നു. ബിജെപിക്ക് ഭരണത്തിലെത്താന്‍ സഹായകമായ ഒന്നായിരുന്നു അഴിമതിക്കെതിരെയുള്ള അണ്ണാഹസാരെയുടെ സമരം. ആ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കെജ്‌രിവാൾ, അഴിമതിക്കെതിരെ പാർട്ടി തുടങ്ങുകയും ആ പാർട്ടിയിലേക്ക് യുവാക്കളും ആക്ടിവിസ്റ്റുകളും അനര്‍ഗളം ഒഴുകുകയും ചെയ്തപ്പോഴാണ് ബിജെപിക്ക് അനഭിമതനായത്. തുടക്കത്തിൽ കോൺഗ്രസിനെതിരെയുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആം ആദ്മിയെയും ഒപ്പം കൂട്ടിയ ബിജെപി പക്ഷേ ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്കും ഹരിയാനയിലേക്കും ഗുജറാത്തിലേക്കും ഗോവയിലേക്കുമുള്ള ആപിന്റെ വ്യാപനം ഭയപ്പാടോടെയാണ് കണ്ടത്.

രാമനെ മുൻ നിർത്തി ബിജെപി നടത്തുന്ന ഹിന്ദുത്വ പൊളിറ്റിക്സിന് ഹനുമാനെ വെച്ച് ചെക്ക് വിളിക്കാൻ കൂടി തുടങ്ങിയതോടെ കെജ്‌രിവാളിനെ ഒതുക്കാൻ ബിജെപി തീരുമാനിച്ചു. കെജ്‌രിവാളെന്ന രാഷ്ട്രീയക്കാരന് എൻട്രി കൊടുത്ത അഴിമതി വിഷയം തന്നെ അതിനായി ഉപയോഗിച്ചു. അവസാനമത് ഇഡി അറസ്റ്റിലെത്തി. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ബിജെപിയുടെ കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക് കാര്യങ്ങളെത്തിക്കാൻ നോക്കുകയാണ് ആം ആദ്മിയും കെജ്‌രിവാളും. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രാജിവെപ്പിച്ചത് പോലെ ഒന്ന് തങ്ങളുടെ പക്കൽ വിലപ്പോവില്ലെന്നും ജയിലിൽ കിടന്നും തങ്ങളുടെ മുഖ്യമന്ത്രി ഭരിക്കുമെന്നുമുള്ള ആം ആദ്മി നേതാവ് അതീഷിയുടെ പ്രഖ്യാപനം വന്നതോടെ ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റി.

തുടർന്ന് കെജ്‌രിവാൾ ജയിലില്‍ നിന്ന് നടത്തിയ ഉത്തരവും "മോദിയുടെ യഥാർത്ഥ പേടി; കെജ്‌രിവാൾ " എന്ന പോസ്റ്റർ ക്യാമ്പയിനും, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ചും ഇൻഡ്യ മുന്നണി മാർച്ച് 31 ന് തീരുമാനിച്ച പ്രതിഷേധ മാർച്ചും കാര്യങ്ങളെ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് വഴിമാറ്റി. ഇലക്‌ട്രൽ ബോണ്ട് വിവരങ്ങൾ തങ്ങൾക്ക് പ്രതികൂലമായി മാറിയത് ഇഡി വിഷയത്തിലൂടെ മറികടക്കാൻ നോക്കിയ ബിജെപിയുടെ പദ്ധതി പൊളിച്ച് ഇൻഡ്യ മുന്നണി പ്രതിഷേധ മാർച്ചിന്റെ പ്രധാന പ്രമേയം ഇലക്‌ട്രൽ ബോണ്ടാക്കി.

ബിജെപിക്ക് മറികടക്കാനാവാത്ത കെജ്‌രിവാളിന്റെ വ്യക്തിപ്രഭാവം

സെൻ്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ സർവേ പ്രകാരം 2020 ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വോട്ട് ചെയ്ത 30 ശതമാനം ആളുകൾ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയാകുമെന്ന് കരുതി മാത്രം വോട്ട് ചെയ്തവരാണ്. അഥവാ ഡൽഹിയിൽ ആം ആദ്മി ജയിക്കുന്നത് കെജ്രിവാൾ എന്ന എന്ന ഒറ്റ ഘടകത്തെ ആശ്രയിച്ചായിരുന്നു എന്നർത്ഥം. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് ലഭിച്ച 53.6 ശതമാനത്തിൽ 16 ശതമാനത്തോളം വോട്ട് കെജ്‌രിവാളിന്റെ മാത്രം വ്യക്തിപ്രഭാവമാണെന്നാണ് സർവ്വെ പറയുന്നത്. കഴിഞ്ഞ തവണ ബിജെപിയെക്കാൾ 15 ശതമാനത്തിന്റെ വോട്ട് വിഹിതമാണ് എഎപിക്ക് ലഭിച്ചിരുന്നത്. യഥാർത്ഥത്തിൽ ഈ വ്യത്യാസമായിരുന്നു കെജ്‌രിവാൾ.

ലോകസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മിയെയും പിന്തുണക്കുന്ന ട്രെൻഡാണ് ഡൽഹിയിലേത് . 2014 , 2019 ലോകസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെയും 2015 ,2020 സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയെയും വോട്ടർമാർ തിരഞ്ഞെടുത്തു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് 18 ശതമാനം വോട്ടും യുപിഎയ്ക്ക് 22 ശതമാനം വോട്ടുമാണ് ഡൽഹിയിൽ ലഭിച്ചിരുന്നത്. ഇവർ ഇത്തവണ ഒന്നിക്കുമ്പോൾ ബിജെപിക്ക് അത് വെല്ലുവിളിയാകുമോ? 56 ശതമാനത്തിനടുത്തുള്ള ബിജെപിയുടെ കഴിഞ്ഞ വർഷത്തെ വോട്ട് വിഹിതത്തെ മറികടക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ ഇൻഡ്യ മുന്നണിയുടെ കയ്യിലെത്തും.

അറസ്റ്റ് ആപ് പിന്തുണയെ ബാധിക്കുമോ, സീ വോട്ടർ സർവ്വെ പറയുന്നതെന്ത് ?

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ സീ വോട്ടർ സർവ്വേയിൽ പങ്കെടുത്ത 45 ശതമാനം പേരും പറയുന്നത് ഇഡി വിഷയം പൊതു തിരഞ്ഞെടുപ്പിനെ സാരമായി തന്നെ ബാധിക്കുമെന്നാണ്. 48 ശതമാനം പേർ അറസ്റ്റ് ബിജെപിക്ക് കെജ്‌രിവാളിനെതിരെ പിന്തുണ നേടികൊടുക്കുമെന്ന് വിശ്വസിക്കുമ്പോൾ 52 ശതമാനം ആളുകൾ വിശ്വസിക്കുന്നത് കെജ്‌രിവാളിന് സഹതാപ തരംഗം നേടികൊടുക്കുമെന്നാണ്.

എഎപിയുടെ ഏക പ്രചാരകനായ കെജ്‌രിവാളിന്റെ അറസ്റ്റ് ഡൽഹിയിലെയും പഞ്ചാബിലെയും പാർട്ടിയുടെ അടിത്തറയെ മാത്രമല്ല, രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാനുള്ള അതിന്റെ വിപുലീകരണ തന്ത്രങ്ങൾക്കും തിരിച്ചടിയാകുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. ഡൽഹി , പഞ്ചാബ് സംസ്ഥാനങ്ങൾക്ക് പുറമെ ഗുജറാത്ത് ,ഗോവ ,ഹരിയാന സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിക്ക് വിപുലീകരണ പദ്ധതിയുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡൽഹിയിലും ഒരു പരിധിവരെ പഞ്ചാബിലും മത്സരം മോദിയും കെജ്‌രിവാളും തമ്മിലുള്ള വ്യക്തിപ്രഭാവത്തിന്റേതാണ്. അതേ സമയം ലോക്സഭ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രിയെ അല്ല, പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ളതാണ് എന്ന വസ്തുതയാണ് നിലവിൽ മോദിക്ക് മുൻ‌തൂക്കം നൽകുന്നത്.

കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ആംആദ്മിക്കും ഇൻഡ്യ മുന്നണിക്കും ബിജെപിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഇൻഡ്യ മുന്നണിയുടെ ബലാബലം പരിശോധിക്കാനുള്ള സാഹചര്യം കൂടിയാണ് കെജ്‌രിവാളിന്റെ ഇഡി അറസ്റ്റിലൂടെ ബിജെപി തിരഞ്ഞെടുപ്പ് കളത്തിലിട്ടിരിക്കുന്നത്. ഡൽഹിയിൽ പത്ത് വർഷങ്ങളായി പരസ്പരം കൊമ്പുകോർത്തവർ ഒരുമിച്ച് മാർച്ച് 31ന് പ്രതിഷേധ മാർച്ച് നടത്തുന്നു. ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെയും ശേഷം വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്ന ദേശീയ പ്രതിപക്ഷ സമവാക്യത്തിന്റെ ആദ്യ ടെസ്റ്റ് ഡോസായിരിക്കുമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com