ബിജെപിക്ക് നുഴഞ്ഞ് കയറാൻ പറ്റാത്ത തമിഴ് മനസ്സ്; ശ്രമം അവസാനിപ്പിക്കാതെ മോദി

തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭ സീറ്റുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഉത്തർപ്രദേശും മഹാരാഷ്ട്രയും ബംഗാളും ബീഹാറും കഴിഞ്ഞാൽ രാജ്യത്ത് തന്നെ അഞ്ചാം സ്ഥാനത്ത് വരും സീറ്റ് എണ്ണത്തിൽ തമിഴ്‌നാട്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് സാധ്യതയിലേക്ക്...
ബിജെപിക്ക് നുഴഞ്ഞ് കയറാൻ പറ്റാത്ത തമിഴ് മനസ്സ്; ശ്രമം അവസാനിപ്പിക്കാതെ മോദി

തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭ സീറ്റുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഉത്തർപ്രദേശും മഹാരാഷ്ട്രയും ബംഗാളും ബീഹാറും കഴിഞ്ഞാൽ രാജ്യത്ത് തന്നെ അഞ്ചാം സ്ഥാനത്ത് വരും സീറ്റ് എണ്ണത്തിൽ തമിഴ്‌നാട്. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ചേർന്നുള്ള സഖ്യമാണ് തിരഞ്ഞെടുപ്പ് ചിത്രത്തിൽ മുന്നിലുള്ളത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ എഐഎഡിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയുമായി നടത്തിയ സഖ്യം ഫലത്തിലേറെ ദോഷമാണുണ്ടാക്കിയത് എന്ന വിലയിരുത്തലിലെത്തിയ എഐഎഡിഎംകെ ഇക്കുറി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എഐഎഡിഎംകെയിലെ ആഭ്യന്തര ഭിന്നത മുതലെടുക്കാനാണ് പക്ഷെ ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്.

മത്സരം ആരൊക്കെ തമ്മിൽ ?

ഇൻഡ്യ മുന്നണിയിൽ ഡിഎംകെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ, വിടുതലൈ ചിരുതൈകൾ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, സിപിഐഎം, സിപിഐ, മറ്റ് ചില പ്രാദേശിക കക്ഷികൾ തുടങ്ങിയ പാർട്ടികളാണുള്ളത്.

ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ ആഭ്യന്തര കലഹങ്ങൾക്കിടയിൽ ക്ഷയിച്ച എഐഎഡിഎംകെക്കൊപ്പം ഡിഎംഡികെ, പുതിയ തമിഴകം (പി ടി), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തുടങ്ങി ചെറുപാർട്ടികൾ സഖ്യത്തിലുണ്ട്.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണികളിൽ പട്ടാളി മക്കൾ കക്ഷി (പിഎംകെ), തമിഴ് മാനില കോൺഗ്രസ്, ടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) എന്നിവ ഉൾപ്പെടുന്നു. ചെറുപാർട്ടികൾക്ക് കൂടുതൽ സീറ്റുകൾ നൽകി നിലയുറപ്പിക്കാനാണ് എൻഡിഎ മുന്നണി ശ്രമിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ എങ്ങനെ ?

2009-ൽ ഡിഎംകെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) ആയിരുന്നു ഒന്നാം മുന്നണി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവരായിരുന്നു ഈ മുന്നണിയിലുണ്ടായിരുന്നത്.

എഐഎഡിഎംകെയുടെ നേതൃത്വത്തിൽ മുന്നണിയിൽ പട്ടാളി മക്കൾ കക്ഷിയും എംഡിഎംകെയും പങ്കാളികളായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും ഒരുമിച്ച് മത്സരിച്ചു. സർവേ ഫലങ്ങൾ എഐഎഡിഎംകെക്ക് സാധ്യത കൽപ്പിച്ചിടത്ത് നിന്നും 39 ൽ 27 സീറ്റുമായി ഡിഎംകെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് അപ്രതീക്ഷിത വിജയം നേടി.

2014 ൽ പക്ഷെ എഐഎഡിഎംകെ 37 സീറ്റുകളുടെ ഉജ്ജ്വല വിജയത്തോടെ തിരിച്ചു വന്നു. എഐഎഡിഎംകെക്കൊപ്പം സഖ്യത്തിലുണ്ടായിരുന്ന ബിജെപിയും ഡിഎംഡികെയും പിഎംകെയും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് അലയൻസ് എന്ന പേരിൽ ഡിഎംകെ യുടെ നേതൃത്വത്തിലുള്ള മുന്നണിക്കും ഇടതുപക്ഷ മതേതര സഖ്യത്തിനും വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ പറ്റിയില്ല.

2019 ൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് അലയൻസും (എസ്പിഎ) എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎയും പരസ്പരം മത്സരിച്ചു. എസ്പിഎ 38 സീറ്റുകളുമായി മികച്ച വിജയം ഉറപ്പിച്ചപ്പോൾ എൻഡിഎയ്ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അഥവാ 2014 ൽ 37 സീറ്റ് എന്നത് അഞ്ചു വർഷം കഴിയുമ്പോൾ ഒറ്റ സീറ്റായി ഒതുങ്ങി. 2016 ലുണ്ടായ ജയലളിതയുടെ വിയോഗവും ശേഷം പാർട്ടിയിലുണ്ടായ പിടലപിണക്കവും എഐഎഡിഎംകെയുടെ തകർച്ചയ്ക്ക് കാരണമായി. ആ ഒരു വിടവിലേക്ക് കൃത്യമായ ദ്രാവിഡ രാഷ്ട്രീയം പറഞ്ഞു മുന്നേറാൻ സ്റ്റാലിന് കീഴിലുള്ള ഡിഎംകെക്ക് സാധിച്ചു.

ജാതി- പ്രധാന ഫാക്ടർ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജാതിയും അവയുണ്ടാക്കുന്ന രാഷ്ട്രീയ ബന്ധങ്ങളും സാമൂഹിക സ്വാധീനവും വളരെ നേരിട്ട് തന്നെ പ്രകടമാണ്. ജനസംഖ്യയുടെ 11.7% വരുന്ന മുക്കുളത്തോർ സമുദായം, പ്രത്യേകിച്ച് തെക്കൻ മധ്യ ജില്ലകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

ജനസംഖ്യയുടെ ഏകദേശം 16.9% വരുന്ന വണ്ണിയാർ, സംസ്ഥാനത്തിൻ്റെ വടക്കൻ മേഖലയിൽ കൃത്യമായി സ്വാധീനം ഉള്ളവരാണ്. മാറി വരുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംകെക്കും എഐഎഡിഎംകെക്കും പിന്തുണ മാറ്റിയാണ് നൽകുക. തേവർ, ഗൗണ്ടർ, ഉയർന്ന ജാതിക്കാർ എന്നിവരാണ് ബിജെപിയുടെ നിലവിലെ വോട്ട് ബാങ്ക്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം ദളിത്, മുസ്‌ലിം, വണ്ണിയാർ, ആദിവാസി സമുദായങ്ങള്‍ എന്നിവയിൽ നിന്ന് വോട്ടുകൾ ഉറപ്പാക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യം, ബിജെപി നയിക്കുന്ന എൻഡിഎ, എഐഎഡിഎംകെ സഖ്യം എന്നിവ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത് എങ്കിലും ഡിഎംകെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിക്ക് ചിത്രത്തിൽ വ്യക്തമായ ആധിപത്യമുണ്ട്.

400 എന്ന നരേന്ദ്രമോദി പറഞ്ഞ മാന്ത്രിക സംഖ്യയിലേക്കെത്തിക്കാൻ തമിഴ്നാട്ടിൽ കിട്ടുന്നതെല്ലാം ബോണസ് എന്ന രീതിയിൽ കിണഞ്ഞു ശ്രമിക്കുന്നുണ്ട് ബിജെപി. സംസ്ഥാനത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി നടക്കുന്ന ഇടയ്ക്കിടെയുള്ള സന്ദർശനം അതിന്റെ ഭാഗമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സ്റ്റാലിന്റെ ഭരണത്തെ രാജവംശത്തോട് ഉപമിച്ചാണ് വോട്ട് ചോദിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ച കോയമ്പത്തൂർ, കന്യാകുമാരി എന്നീ മണ്ഡലങ്ങളിലേക്ക് ബിജെപി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ജയലളിതയുടെ വിയോഗ ശേഷം പരുങ്ങലിലായ എഐഎഡിഎംകെയുടെ ഭാവി കൂടി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാവും ഇത്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ട ഒരു സീറ്റ് കൂടി നേടി സമ്പൂർണ്ണ വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com