'ഇ ഡി ബിജെപിയുടെ സഖ്യകക്ഷി'; പ്രതിപക്ഷ ആരോപണം ഈ കണക്കുകൾ ശരിവെയ്ക്കുന്നു

തങ്ങൾക്ക് വഴങ്ങാത്ത നേതാക്കളെ ഇഡി വഴി അനുസരണ പഠിപ്പിക്കുകയും എന്നിട്ടും എതിർത്തു നിൽക്കുന്നവരെ അഴിക്കുള്ളിലടച്ചു ശബ്ദം മൂടുകയാണ് ബിജെപിയുടെ തന്ത്രമെന്ന ആരോപണത്തിലും പതിരുണ്ടെന്ന് വ്യക്തം
'ഇ ഡി ബിജെപിയുടെ സഖ്യകക്ഷി'; പ്രതിപക്ഷ ആരോപണം ഈ കണക്കുകൾ ശരിവെയ്ക്കുന്നു
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രസർക്കാരിന്റെ കളിപ്പാവയായാണ് ഇഡി പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പറയുന്നു. ഇ ഡി ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ആരോപണവും പ്രതിപക്ഷം പലതവണ ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ? വസ്തുതയിലേക്ക് ഒരു അന്വേഷണം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രസർക്കാരിന്റെ കളിപ്പാവയായാണ് ഇഡി പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പറയുന്നു. ഇ ഡി ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ആരോപണവും പ്രതിപക്ഷം പലതവണ ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ? വസ്തുതയിലേക്ക് ഒരു അന്വേഷണം.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ വൻവർധനവാണ് ഇഡി അന്വേഷണത്തിലുണ്ടായത്. അതിൽ 95 ശതമാനവും ബിജെപി ഇതര പ്രതിപക്ഷ കക്ഷികൾക്ക് എതിരെയാണെന്നാണ് വാസ്തവം. ബാക്കി അഞ്ചു ശതമാനം കേസുകളിൽ മാത്രമാണ് മറ്റു കമ്പനികളെയോ വ്യക്തികളെയോ ഇഡി ലക്ഷ്യമിട്ടത്.

യുപിഎ കാലത്തെ ഇഡി

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഭരിച്ച 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ഇഡിക്ക് കാര്യമായ പണികളൊന്നുമില്ലായിരുന്നു. വെറും 26 കേസുകളാണ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ആ കാലയളവിൽ അന്വേഷണം നടന്നിരുന്നത്. അതിൽ 14 നേതാക്കൾ മാത്രമാണ് പ്രതിപക്ഷ കക്ഷികളിൽ നിന്നുണ്ടായിരുന്നത്. 26 പേരിൽ അഞ്ച് പേർ കോൺഗ്രസും ബിജെപിയിൽ നിന്ന് മൂന്ന് പേരും ടിഎംസിയിൽ നിന്ന് ഏഴ് പേരും ഡിഎംകെയിൽ നിന്ന് നാല് പേരും ഉൾപ്പെടുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഭരിച്ച 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ഇഡിക്ക് കാര്യമായ പണികളൊന്നുമില്ലായിരുന്നു. വെറും 26 കേസുകളാണ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ആ കാലയളവിൽ അന്വേഷണം നടന്നിരുന്നത്.

ബിജെപി കാലത്തെ ഇഡി

ബിജെപിയുടെ നേതൃത്വത്തിൽ 2014ൽ എൻഡിഎ മുന്നണി അധികാരത്തിലെത്തിയതോടെ ഇഡി സടകുടഞ്ഞെഴുന്നേറ്റു. കണക്കുകൾ പ്രകാരം 121 പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ കാലയളവിൽ ഇഡിയുടെ നടപടിയുണ്ടായി. കോൺഗ്രസിൻ്റെ 24, ടിഎംസിയുടെ 19, എൻസിപിയുടെ 11, ശിവസേനയിൽ നിന്ന് 8, ഡിഎംകെയിൽ നിന്ന് 6, ആർജെഡി, എസ്പി എന്നിവരിൽ നിന്ന് 5 വീതം, എഎപിയിൽ നിന്ന് 3, നാഷണൽ കോൺഫറൻസിൽ നിന്ന് 2 , പിഡിപി, എഐഎഡിഎംകെ, എംഎൻഎസ്, ടിആർഎസ് എന്നിവയിൽ നിന്ന് 1 വീതം എന്നിങ്ങനെയാണ് നടപടികളുണ്ടായത്.

പ്രതിപക്ഷ നേതാക്കളുടെ വീടും കമ്പനികളും റെയ്ഡ് ചെയ്തതും സ്വത്തുക്കൾ കണ്ടുകെട്ടിയതുമെല്ലാം ഇതിൽ പെടും. തങ്ങൾക്ക് വഴങ്ങാത്ത രാഷ്ട്രീയ നേതാക്കളെ ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ വഴി ഭയപ്പെടുത്തി വരുതിയിലാക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രമായി ബിജെപി ആവിഷ്കരിച്ചെടുത്തുവെന്ന ആക്ഷേപവും ഇതോടെ വ്യാപകമായി ഉയർന്നു. റെയ്ഡിന് പിന്നാലെ ആളുകൾ ബിജെപിയിൽ ചേരുന്നതും ശേഷം കേസ് അപ്രത്യക്ഷമാവുന്നതും പതിവ് കാഴ്ച്ചയായി. ഈ കണക്കുകളും ചരിത്രവും പരിശോധിക്കുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇ ഡി ബിജെപിയുടെ സഖ്യകക്ഷിയാണ് എന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കപ്പെടുന്നത്.

ബിജെപിയുടെ നേതൃത്വത്തിൽ 2014ൽ എൻഡിഎ മുന്നണി അധികാരത്തിലെത്തിയതോടെ ഇഡി സടകുടഞ്ഞെഴുന്നേറ്റു. കണക്കുകൾ പ്രകാരം 121 പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ കാലയളവിൽ ഇഡിയുടെ നടപടിയുണ്ടായി

ഇ ഡിയുടെ വലയിൽ കുടുങ്ങിയ പ്രതിപക്ഷ നേതാക്കൾ ആരൊക്കെ ?

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മദ്യനയ കേസിൽ ആദ്യം അറസ്റ്റിലായത് ആം ആദ്മി പാർട്ടിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയായിരുന്നു. മനീഷിന് പിന്നാലെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ്ങും, ബിആർഎസ് നേതാവ് കെ കവിതയും ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന് തുടർച്ചയായി സമൻസുകൾ അയക്കുന്നതും അവസാനം അറസ്റ്റ് ചെയ്യുന്നതും.

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറൻ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇഡി നടപടിക്ക് ഇരയായി. കള്ളപ്പണവും സ്വത്ത് സമ്പാദനവുമായിരുന്നു അദ്ദേഹത്തിന് എതിരെ ചുമത്തിയ കുറ്റങ്ങൾ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഒന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ അന്വേഷണം നേരിട്ടു. 2015ൽ ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമെന്റ്സിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.

അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

ആന്ധ്രാപ്രദേശിന് പുറമെ തെലങ്കാനയുടെ മുഖ്യമന്ത്രിയായ രേവന്ദ് റെഡ്‌ഡിയും അന്വേഷണം നേരിട്ടു. 2015ലെ തിരഞ്ഞെടുപ്പിൽ എംഎൽഎ മാരെ പണം കൊടുത്ത് വാങ്ങിയെന്നാണ് കേസ്. ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേലും ഇഡി അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കല്‍ക്കരി, ഗതാഗതം, മദ്യശാലകളുടെ പ്രവർത്തനം, മഹാദേവ് ഗെയിമിങ് ആപ്ലിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍.

ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രാസാദ് റെയിൽവെ വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് അഴിമതി നടത്തിയെന്നാണ് ആരോപണം. 2017 ൽ ഐആർടിസി നടത്തിയ പുനരുദ്ധാരണത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കേസ്. റെയിൽവെ റിക്രൂട്ട്മെന്റിൽ പാരിതോഷികം സ്വീകരിച്ചതടക്കം മറ്റ് മൂന്ന് കേസുകളും ലാലുവിന്റെ പേരിലുണ്ട്. ലാലുവിന് പുറമെ ഭാര്യ റാബ്രി യാദവിനും മകൻ തേജസി യാദവിനുമെതിരെയും കേസുകളുണ്ട്. ഹരിയാന മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡ മനേസർ ഭൂമിയിടപാട് കേസിൽ ഇ ഡി അന്വേഷണം നേരിടുന്നു. ഇതിനുപുറമെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) പഞ്ച്‌ഗുളയില്‍ ഭൂമിയനുവദിച്ച സംഭവത്തിലും അദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം എന്നിവർ ആംബുലന്‍സ് അഴിമതിക്കേസിലാണ് അന്വേഷണം നേരിടുന്നത്. 2010 ല്‍ വഴിവിട്ട രീതിയില്‍ സിക്കിറ്റ്സ ഹെല്‍ത്ത്കെയറിന് ആംബുലന്‍സ് സർവീസ് നടത്താന്‍ കരാർ നല്‍കിയെന്നതാണ് കേസ്. 2015ലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി തലവനുമായ അഖിലേഷ് യാദവ് ഗോമതി നദീതീര പദ്ധതികളിലെ അഴിമതി ആരോപണത്തിൽ സിബിഐ, ഇ ഡി അന്വേഷണങ്ങള്‍ നേരിടുന്നു.

ലാലു പ്രാസാദ് യാദവ്
ലാലു പ്രാസാദ് യാദവ്

ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസ് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കിയ ഗ്രാന്റില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചുള്ളതാണ്. ഫറൂഖിന്റെ മകനും ജമ്മു കശ്മീർ മുന്‍മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ ഇ ഡി 2022ല്‍ ചോദ്യം ചെയ്തിരുന്നു. ജെ ആന്‍ഡ് കെ ബാങ്കിലെ സാമ്പത്തിക ഇടപാടുകളും ഡയറക്ടമാരുടെ നിയമനവും സംബന്ധിച്ചതാണ് കേസ്. ജെ ആന്‍ഡ് കെ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് കാശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അന്വേഷണം നേരിടുന്നത്. അഴിമതി ആരോപണത്തില്‍ 2019 ലാണ് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തൂക്കിക്കെതിരെ സിബിഐ കേസെടുത്തത്. സിബിഐയുടെ എഫ്ഐആറിനെ അടിസ്ഥാനമാക്കി കള്ളപ്പണമിടപാടിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

മണിപ്പൂർ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയും ഇത്തരത്തിൽ അന്വേഷണം നേരിട്ടു. അദ്ദേഹത്തിന്റ വസതിയില്‍ 2019 നവംബറിലാണ് തിരച്ചില്‍ നടത്തിയത്. അഴിമതി ആരോപണം തന്നെയായിരുന്നു കേസ്. ഇബോബി ചെയർമാനായിരിക്കെ മണിപ്പൂർ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ 332 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.

കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയായിരുന്ന ശങ്കർസിങ് വഗേല മുംബൈയിലെ പ്രധാനഭൂമി വിറ്റ് ഖജനാവിന് 709 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. സിബിഐയും ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്. എന്‍സിപി തലവന്‍ ശരദ് പവാറും അനന്തരവനായ അജിത് പവാറും മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടിന്റെ പേരിലാണ് അന്വേഷണം നേരിടുന്നത്.

ശരദ് പവാറിൻ്റെ ചെറുമകനും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാറിൻ്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കർണാടകയിൽ നിന്നുള്ള ഡി കെ ശിവകുമാറും ഇഡി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയെയും കള്ളപ്പണ ആരോപണത്തിൽ ഇഡി ചോദ്യം ചെയ്തു.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ഇ ഡി കേസുകളുണ്ട്. 2014 ഓഗസ്റ്റ് ഒന്നിന് 751 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര ലണ്ടനില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, രാജസ്ഥാനിലെ ഭൂമി വില്‍പ്പനയിലെ അഴിമതി തുടങ്ങിയവയിൽ അന്വേഷണം തുടരുന്നു.

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡിഎംകെയുടെ കെ. പൊന്മുടിഅനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡിഎംകെയുടെ തന്നെ മുൻ വൈദ്യുതി മന്ത്രിയായിരുന്ന സെന്തിൽ ബാലാജി ജോലി നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുന്നു.
എയർസെൽ മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തിയും ഇഡിയുടെ ലിസ്റ്റിലുണ്ട്. കമൽനാഥ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന കോൺഗ്രസ് നേതാക്കൾക്ക് മേലെയും ഇഡി വഴി ബിജെപി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ശരത് പവാർ
ശരത് പവാർ

ബിജെപിയിൽ ചേർന്നാൽ പിന്നെ ഇ ഡിയില്ല, കേസുമില്ല

ശാരദ ചിട്ടിഫണ്ട് അഴിമതിക്കേസിൽ സിബിഐയും ഇ ഡിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായി അന്വേഷണം നടത്തിയിരുന്നു. കോടികണക്കിന് രൂപയുടെ അഴിമതിയാണ് ആരോപിച്ചിരുന്നത്. ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിൽ ചേർന്നതോടെ ഇ ഡി കേസ് അവസാനിപ്പിച്ചു. നാരദ സ്റ്റിംഗ് ഓപ്പറേഷനിൽ ഉൾപ്പെട്ട മുൻ ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവർക്കെതിരായ കേസുകളും പിൻവലിക്കപ്പെട്ടു. 2017ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരിയും റോയിയും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് റോയ് ടിഎംസിയിലേക്ക് മടങ്ങി. അതോടെ അദ്ദേഹത്തിനെതിരെയുള്ള ഇഡി അന്വേഷണവും പുനരാരംഭിച്ചു. കോൺഗ്രസിന്റെ തന്നെ ഏറ്റവും പ്രബലനായ നേതാവായിരുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് , അമരീന്ദറിന്റെ മകനായ റനീന്ദർ സിങ് ഉൾപ്പെട്ട ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്‌(ഫെമ) നിയമലംഘനം വലിയ കോളിളക്കമുണ്ടാക്കിയെങ്കിലും അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നതോടെ കേസ് ഒതുങ്ങി.

മഹാരാഷ്ട്രയിൽ നിന്നുള്ള ഛഗൻ ഭുജ്ബൽ, അജിത് പവാർ, അശോക് ചവാൻ, ആന്ധ്രാ പ്രദേശിൽ നിന്നുള്ള സി എം രമേഷ് തുടങ്ങിയവരുടെ കാര്യത്തിലും സമാന സംഭവമാണുണ്ടായത്. കർണാടക ഖനി വ്യവസായി ഗാലി ജനാർദൻ റെഡ്ഡി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിംഗ് എന്നിവരുൾപ്പെടെ അഞ്ച് ബിജെപി നേതാക്കൾക്കെതിരെ കടുത്ത അഴിമതി ആരോപണത്തിൽ ഇഡി കേസ് എടുത്തെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. യെദ്യൂരപ്പയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേരുന്നു
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേരുന്നു
806 കേസുകൾ മോദി കാലത്ത് ഇഡി നടത്തിയെങ്കിലും അതിൽ 25 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ഈ കാലയളവിൽ ഓരോ വർഷവും ഇഡിയുടെ ബഡ്ജറ്റ് നൂറുകോടിയോളം വർധിക്കുകയും ചെയ്തു.

ഇ ഡിയും സിബിഎയും പക്ഷപാതം കാണിക്കുന്നുണ്ട് എന്നാരോപിച്ചു 14 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമർപ്പിച്ച ഹർജി സുപ്രീം കോടതി 2023 ൽ തള്ളി കളഞ്ഞിരുന്നു. ശരത് പവാർ ഈയിടെ വാർത്ത സമ്മേളനത്തിൽ ചൂണ്ടി കാണിച്ച കണക്കുകൾ വളരെ പ്രസക്തമാണ്. 5806 കേസുകൾ മോദി കാലത്ത് ഇഡി നടത്തിയെങ്കിലും അതിൽ 25 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ഈ കാലയളവിൽ ഓരോ വർഷവും ഇഡിയുടെ ബഡ്ജറ്റ് നൂറുകോടിയോളം വർധിക്കുകയും ചെയ്തു.

രാഷ്ട്രീയക്കാരെ മാത്രമല്ല, കമ്പനികളെയും വരുതിയിലാക്കുന്ന ഇഡി

കഴിഞ്ഞ ദിവസങ്ങളിലാണ് സുപ്രീം കോടതിയുടെ തുടർച്ചയായ നടപടികൾക്ക് ശേഷമാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴി പുറത്ത് വിടുന്നത്. ആറായിരം കോടിക്ക് മുകളിലാണ് ബിജെപി ഇതിലൂടെ സമാഹരിച്ചത്. മറ്റുള്ള എല്ലാ പാർട്ടികൾ കൂടി സമാഹരിച്ചതിനേക്കാൾ കൂടുതൽ വരും ഈ സംഖ്യ. ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന നൽകിയ ആദ്യ 30 കമ്പനികൾ എടുക്കുകയാണെങ്കിൽ അതിൽ 20 കമ്പനികളും വലിയ രീതിയിലുള്ള ഇ ഡി അന്വേഷണം നേരിടുന്നവരായിരുന്നു. ഇ ഡി റെയ്ഡിന് ശേഷമായിരുന്നു സംഭാവനകൾ നൽകിയത്. അങ്ങേയറ്റം ദൂര വ്യാപക ആരോപണങ്ങൾ നേരിട്ടിരുന്ന വിവിധ മരുന്ന് കമ്പനികൾ നൽകിയത് കോടികളാണ്. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് സംഭാവനകൾ നൽകിയ ശേഷം ഈ കമ്പനികൾക്കെതിരെയുള്ള കള്ളപണം, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളെല്ലാം അപ്രത്യക്ഷമായി. ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണമായ നിർമ്മാണ കമ്പനിയും കോടികളാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത്. ഈ കമ്പനിയും പിന്നീട് അന്വേഷണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

ഇലക്ടറൽ ബോണ്ട് ആദ്യ 30 കമ്പനികൾ എടുക്കുകയാണെങ്കിൽ എടുക്കുകയാണെങ്കിൽ അതിൽ 20 കമ്പനികളും വലിയ രീതിയിലുള്ള ഇഡി അന്വേഷണം നേരിടുന്നവരായിരുന്നു. ഇഡി റെയ്ഡിന് ശേഷമായിരുന്നു സഭാവനകളൊക്കെയും പോയിരുന്നതും.

കെജ്‌രിവാൾ കേസിലും യഥാർത്ഥ പ്രതി ബിജെപി?

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ട ദൽഹി മദ്യനയ കേസിൽ ബിജെപിയാണ് യഥാർത്ഥ പ്രതിയെന്ന് പറഞ്ഞു ആം ആദ്മി രംഗത്തെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായിരുന്ന, ഇപ്പോൾ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡിയെ 2022 നവംബർ 9നാണ് ആദ്യമായി ചോദ്യം ചെയ്യുന്നത്. താൻ ഒരിക്കലും അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു. പക്ഷെ തൊട്ടടുത്ത ദിവസം ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം അദ്ദേഹം മൊഴി മാറ്റി. അരവിന്ദ് കെജ്രിവാളിനെ കണ്ട് എക്സൈസ് പോളിസി വിഷയത്തിൽ സംസാരിച്ചു എന്ന രീതിയിൽ മൊഴി മാറ്റി നൽകിയ ഉടനെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചുവെന്നും ആം ആദ്മി നേതാവ് അതിഷി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഇലക്ട്രൽ ബോണ്ട് കണക്കുകളിൽ ശരത് ചന്ദ്ര റെഡ്ഡി ബിജെപിയുടെ കോടികളുടെ ബോണ്ടുകൾ വാങ്ങിയതായുള്ള കണക്കുകൾ പുറത്ത് വന്നിരുന്നു.

കേസിൽ അറസ്റ്റിലായിരുന്ന, ഇപ്പോൾ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡിയെ 2022 നവംബർ 9നാണ് ആദ്യമായി ചോദ്യം ചെയ്യുന്നത്. താൻ ഒരിക്കലും അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു. പക്ഷെ തൊട്ടടുത്ത ദിവസം ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം അദ്ദേഹം മൊഴി മാറ്റി
ശരത് ചന്ദ്ര റെഡ്ഡി
ശരത് ചന്ദ്ര റെഡ്ഡി

രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷ പാർട്ടി നേതാക്കളെയും സാമ്പത്തിക നേട്ടത്തിന് വേണ്ടി കമ്പനികളെയും ഇഡി വഴി വരിഞ്ഞുമുറുക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ വിവരങ്ങൾ. പുറത്ത് വന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ അതിന്റെ നേർസാക്ഷ്യമാണ്. തങ്ങൾക്ക് വഴങ്ങാത്ത നേതാക്കളെ ഇഡി വഴി അനുസരണ പഠിപ്പിക്കുകയും എന്നിട്ടും എതിർത്തു നിൽക്കുന്നവരെ അഴിക്കുള്ളിലടച്ചു ശബ്ദം മൂടുകയാണ് ബിജെപിയുടെ തന്ത്രമെന്ന ആരോപണത്തിലും പതിരുണ്ടെന്ന് വ്യക്തം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചും ഇ ഡി ,സിബിഐ സംവിധാനങ്ങൾ ഉപയോഗിച്ചും ഇലക്ഷൻ കാലത്ത് കേന്ദ്ര സർക്കാർ പ്രതിപക്ഷ കക്ഷികളെയെല്ലാം വരിഞ്ഞുമുറുകുമ്പോൾ ആ കുരുക്ക് പൊട്ടിച്ച് മുന്നേറാൻ ഇൻഡ്യ മുന്നണിക്ക് കഴിയുമോ? കാത്തിരുന്നു കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com