പൗരത്വനിയമം ആരെ ഉന്നം വെച്ച്? അകത്താര്, പുറത്താര്?

ദേശീയത മറയാക്കി ഒരു നാടിനെ പ്രതിസന്ധിയിലാക്കുന്ന വംശീയ രാഷ്ട്രീയമാണ് നിലവില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നത്. പ്രതിഷേധങ്ങള്‍ കാരണമില്ലാത്തതല്ല, ആശങ്കകള്‍ അസ്ഥാനത്തല്ല. അത് തിരിച്ചറിയുന്നിടത്ത് മാത്രമേ 'അയല്‍രാജ്യ ജന സ്‌നേഹ'ത്തിന്റെ കാപട്യം വെളിപ്പെടൂ....!
പൗരത്വനിയമം  ആരെ ഉന്നം വെച്ച്? അകത്താര്, പുറത്താര്?

''1970ല്‍ നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ?

'മേഡം, ഞാനന്ന് ജനിച്ചിട്ടില്ല''

''എഴുപത്തിയൊന്നില്‍''?

''അക്കൊല്ലമാണ് ഞാന്‍ ജനിച്ചത്''

''അപ്പോള്‍ എഴുപതില്‍ നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നു സമ്മതിക്കുന്നു. അല്ലേ?''

''ഇത് നല്ല പൊല്ലാപ്പ്,

മാഡം, ഞാനന്ന് ജനിച്ചിട്ടില്ല.''

''ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം

തുടങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഇന്ത്യയില്‍

ഉണ്ടായിരുന്നില്ല എന്നു ഞാന്‍ രേഖപ്പെടുത്തട്ടെ?

''എത്ര തവണയായി ഞാന്‍ പറയുന്നു ഞാനന്ന് ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല...''

'ചോദ്യങ്ങള്‍ക്ക് 'ഉവ്വ്' അല്ലെങ്കില്‍ 'ഇല്ല'

എന്ന് മാത്രം ഉത്തരം പറഞ്ഞാല്‍ മതി.'

''പറയൂ, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനുമുമ്പ്,

അതായത് എഴുപതിനും അതിനു മുമ്പും

നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ?

''ഇല്ല'' അസീസ് മുറുമുറുത്തു

'നുഴഞ്ഞുകയറ്റ കാലത്ത്?

എഴുപത്തിയൊന്നിനു ശേഷം?''

''ഉവ്വ്''

കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം

അസീസ് ആശ കൈവിടാതെ ചോദിച്ചു

''എന്റെ റേഷന്‍ കാര്‍ഡ്''?

പ്രമീള പുഞ്ചിരിച്ചു

''എന്റെ റിപ്പോര്‍ട്ട് മുഴുവനായി. ഞാനത് നാളെത്തന്നെ അയയ്ക്കും''

''ഞാന്‍ നുഴഞ്ഞുകയറ്റക്കാരനാണെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്''?

''അതു നിങ്ങള്‍ തന്നെ പറഞ്ഞ കാര്യമല്ലേ''?

''ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?''

പ്രമീള എഴുന്നേറ്റുനിന്നു.

'ഞാനെന്റെ പേരു പറയും, അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീളാ ഗോഖലേ, മഹാരാഷ്ട്ര, ഹിന്ദു, ചിത്പവന്‍ ബ്രാഹ്‌മണ. മനസ്സിലായോ?

(മുംബൈ- എന്‍ എസ് മാധവന്‍)

1990ലാണ് എന്‍ എസ് മാധവന്‍ മുംബൈ എന്ന ചെറുകഥ എഴുതിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് മുംബൈയിലെ കഥാശകലം വീണ്ടും ചര്‍ച്ചയായത്. ഇപ്പോഴത് വെറും കഥാഭാഗമല്ല, യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നിലവില്‍ വന്നുകഴിഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട ഒരു നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിക്കുക, ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുക, അനുകൂല സാഹചര്യം സൃഷ്ടിച്ച് കൃത്യമായി കാര്യങ്ങള്‍ നടപ്പാക്കുക, നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത് അതാണ്. എന്തുകൊണ്ടാണ് ആ നടപടി ഇത്രയധികം എതിര്‍ക്കപ്പെടുന്നത്? ജനക്കൂട്ടം വികാരാധീനരായി പ്രതിഷേധങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നത്? പൗരത്വ നിയമ ഭേദഗതി ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമെന്ന വാദങ്ങളുയരുന്നത്?

എന്താണ് പൗരത്വ നിയമം?

എന്താണ് പൗരത്വ ഭേദഗതി നിയമം എന്ന ചോദ്യത്തില്‍ നിന്നാണ് ഇത് പറഞ്ഞുതുടങ്ങേണ്ടത്. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഇവിടെ 11 വര്‍ഷം സ്ഥിരതാമസക്കാരായാല്‍ മാത്രമേ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാകൂ എന്നായിരുന്നു പഴയ നിയമം. 1955ലെ പൗരത്വ നിയമപ്രകാരം രാജ്യത്തു ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരും 11 വര്‍ഷമായി രാജ്യത്തു സ്ഥിരതാമസക്കാരായ വിദേശികളും പൗരത്വത്തിന് അര്‍ഹരാണ്. ഈ നിയമത്തിന്റെ 2 (1) ബി സെക്ഷനിലാണ് അനധികൃത കുടിയേറ്റക്കാരെ നിര്‍വ്വചിച്ചിരിക്കുന്നത്. ഇതിലാണ് മാറ്റം വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം സ്ഥിരതാമസ കാലാവധി ആറ് വര്‍ഷമായി ചുരുങ്ങി.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിന് മുമ്പോ കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നും പുതിയ ഭേദഗതി അനുശാസിക്കുന്നു. ഇങ്ങനെയുള്ള മുസ്ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി സിഎഎ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനവും സജ്ജമായിക്കഴിഞ്ഞു. അതായത് ഈ മൂന്നു രാജ്യങ്ങളില്‍ നിന്നെത്തി യാതൊരു രേഖകളിലും അടയാളപ്പെടുത്താതെ തന്നെ ഇവിടെ കഴിയുന്ന, ആറ് മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു വേണ്ടി മാറ്റിയെഴുതിയിരിക്കുകയാണ് നിയമം. അവരാവശ്യപ്പെട്ടാല്‍ ഒരുപാട് തെളിവുകളോ സാങ്കേതിക നൂലാമാലകളോ ഇല്ലാതെ തന്നെ പൗരത്വം നല്‍കുമെന്ന് ചുരുക്കം.

അപ്പോള്‍ മുസ്ലിംകള്‍?

ഇല്ല, ഈ ഭേദഗതിയില്‍ മുസ്ലിംകള്‍ക്ക് ആനുകൂല്യമില്ല. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് പൗരത്വത്തിന് അപേക്ഷിക്കാനാവുക. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമല്ലല്ലോ!

എതിര്‍പ്പുയരുന്നത് എന്തുകൊണ്ട്?

പൗരത്വം എന്നത് അവകാശങ്ങള്‍ക്കായുള്ള അവകാശമാണെന്നാണ് വിവക്ഷ. വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല അതിലൂടെ ലഭിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന ഏതൊരു അവകാശവും പൗരന് ലഭിക്കേണ്ടതാണെന്ന് അരക്കിട്ടുറപ്പിക്കുന്ന ഒന്നാണത്. പൗര സമൂഹത്തില്‍ യാതൊരുവിധ വിവേചനവും പാടില്ലെന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. അവിടെയാണ് മതാധിഷ്ഠിത വേര്‍തിരിവ് പൗരത്വത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത് തീര്‍ത്തും ഭരണഘടനാ ലംഘനമാണെന്ന് പറയാന്‍ കാരണവും അതുതന്നെ. ആര്‍ട്ടിക്കിള്‍ 13, 14, 15 എന്നിവയുടെ ലംഘനമാണ് ഉണ്ടാകുന്നത്. തുല്യതയ്ക്കുള്ള അവകാശം, നിയമത്തിന് മുന്നിലുള്ള തുല്യത, ജാതി/മത/വര്‍ണ/വര്‍ഗ്ഗ/ഭാഷ/പ്രദേശ വിവേചനങ്ങളില്ലാത്ത ഭരണകൂടത്തിന്റെ പരിഗണന എന്നിവ ഇവിടെ പൂര്‍ണമായി നിഷേധിക്കപ്പെടുകയാണ്.

സര്‍ക്കാരിന്റെ വാദത്തിലെ പൊള്ളത്തരം എന്താണ്?

ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നതിലൂടെ അയല്‍രാജ്യങ്ങളില്‍ മതവിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യ സഹായിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. സ്വാഭാവികമായും ഉയരുന്ന ചില സംശയങ്ങളുണ്ട്.

1. മ്യാന്മറിലെ രോഹിങ്ക്യന്‍ മുസ്ലിംകള്‍ അവിടുത്തെ ബുദ്ധിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് കൊടുംയാതനകള്‍ നേരിടുന്നവരല്ലേ, അവരെ എന്തുകൊണ്ട് ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തുന്നില്ല. 1970കള്‍ മുതല്‍ ഇന്ത്യ പലപ്പോഴും രോഹിങ്ക്യകളെ പിന്തുണച്ചിട്ടുള്ളതുമാണ്. (രോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ഇതേ സര്‍ക്കാരാണ്!)

2. പാകിസ്ഥാനിലെ അഹ്‌മദീയ മുസ്ലിംകള്‍ അവിടുത്തെ ന്യൂനപക്ഷമാണ്, വേര്‍തിരിവ് നേരിടുന്നവരുമാണ്. അവരുടെ കാര്യത്തിലും ഈ കരുതലില്ലാത്തത് എന്താണ്. ബംഗ്ലാദേശിലും അഹ്‌മദീയര്‍ ചെറിയ വിഭാഗമാണ്. അതും പരിഗണിക്കുന്നതേയില്ലല്ലോ?

3. ശ്രീലങ്കയെ എന്തുകൊണ്ട് മറന്നുപോയി. സിംഹളരില്‍ നിന്ന് തമിഴ് വംശജര്‍ നേരിടുന്ന യാതനകള്‍ ഇന്ത്യക്ക് അറിവില്ലാത്തതല്ലല്ലോ. അവരെന്തുകൊണ്ട് ഈ 'അയല്‍രാജ്യ ജന സ്‌നേഹ' പരിധിയില്‍ ഉള്‍പ്പെട്ടില്ല?

ഇവിടെയാണ് 2014ലെ എന്‍ഡിഎ പ്രകടനപത്രികയിലേക്ക് നമ്മളൊന്ന് മടങ്ങിപ്പോകേണ്ടത്. അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമമാക്കുമെന്ന് അന്നേ ബിജെപി പറഞ്ഞിരുന്നു. ആ ഭരണകാലയളവില്‍, അതായത് ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ അതിന് തറക്കല്ലിടുകയും ചെയ്തു. പൗരത്വഭേദഗതി ബില്‍ 2016ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, പാസായി. പക്ഷേ രാജ്യസഭയില്‍ പച്ച സിഗ്‌നല്‍ കിട്ടിയില്ല. രണ്ടാമൂഴത്തില്‍ ലക്ഷ്യം വിജയം കണ്ടു. 2019ല്‍ അധികാരത്തിലേറിയതിനു പിന്നാലെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസ്സാക്കാന്‍ ബിജെപിക്കായി. 2020 ജനുവരിയില്‍ ബില്‍ നിയമമായി. അന്ന് മുതല്‍, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും എപ്പോഴെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇത് സിഎഎയില്‍ (പൗരത്വഭേദഗതി നിയമം) ഒതുങ്ങില്ലെന്നും എന്‍ആര്‍സി പിന്നാലെ വരുമെന്നും പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്.

സിഎഎയില്‍ ഉള്‍പ്പെടുത്തും, എന്‍ആര്‍സിയില്‍ പുറത്താക്കും!

എന്താണ് എന്‍ആര്‍സി? എന്‍ആര്‍സി എന്നാല്‍ നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍സ്. പൗരത്വ പട്ടിക എന്ന് പറയാം. ഇത് എന്‍പിആര്‍ എന്ന നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററില്‍ നിന്ന് വ്യത്യസ്തമാണ്. സെന്‍സസിന് സമാനമായിട്ടുള്ള ഒന്നാണ് എന്‍പിആര്‍. ഇവിടെ സര്‍ക്കാരുദ്യോഗസ്ഥര്‍ പൗരസമൂഹത്തെ എണ്ണിത്തിട്ടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. എന്‍ആര്‍സി പക്ഷേ കേവലമൊരു സെന്‍സസ് പ്രക്രിയ അല്ല. ഈ സംവിധാനത്തില്‍ സെന്‍സസ് നടത്തുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ ദേശീയതയില്‍ സംശയമുന്നയിക്കാം. പൗരത്വം തെളിയിച്ചാല്‍ മാത്രമേ അവര്‍ക്ക് എന്‍ആര്‍സി അഥവാ പൗരത്വ പട്ടികയില്‍ ഇടം നേടാനാവൂ.

ഇതിനോട് ചേര്‍ത്താണ് നിലവിലെ സാഹചര്യത്തെ കൂട്ടിവായിക്കേണ്ടത്. സിഎഎ പ്രകാരം, രാജ്യത്തെ മുസ്ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നു. ആ പ്രക്രിയയ്ക്ക് ശേഷം അധികം വൈകാതെ എന്‍ആര്‍സി നടപ്പാക്കുമെന്നുറപ്പ്. അവിടെ ചോദ്യം ചെയ്യപ്പെടുക കുടിയേറ്റക്കാരായ അല്ലെങ്കില്‍ അഭയാര്‍ത്ഥികളായ മുസ്ലിംകള്‍ മാത്രമായിരിക്കില്ലേ? പുതിയ ഭേദഗതി അനുസരിച്ച് ലഭിക്കുന്ന ആനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ ഇന്ത്യന്‍ പൗരന്മാരായി തുടരും. പക്ഷേ, അതേ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ പുറത്താക്കപ്പെടുകയും ചെയ്യും. മുസ്ലിം അഭയാര്‍ത്ഥികളെക്കുറിച്ച് വിവേചനപരമായ പ്രസ്താവനകള്‍ നടത്തിയ ചരിത്രം ബിജെപി നേതാക്കള്‍ക്കുണ്ട് എന്നത് മറന്നുകൂടാ. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികളെ ചിതലുകളെന്നും നുഴഞ്ഞുകയറ്റക്കാരെന്നും ആരോപിച്ചതും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞതും കേന്ദ്രമന്ത്രി അമിത് ഷാ തന്നെയായിരുന്നു!

എന്‍ആര്‍സി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണോ?

അതെ, എന്‍ ആര്‍ സിയുടെ തുടക്കം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ആഭ്യന്തരമന്ത്രാലയം പച്ചക്കൊടി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട വിവരശേഖരണം തുടങ്ങിവച്ചെങ്കിലും പിന്നീട് നിര്‍ത്തി. യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച ആധാര്‍ നമ്പര്‍ മോദി കൂടുതല്‍ ഊര്‍ജസ്വലതയോടെ വ്യാപകമാക്കിയതുപോലെയാണ് എന്‍ആര്‍സിയുടെ കാര്യവും. യുപിഎ കാലത്ത് എന്‍ആര്‍സി നീക്കം ഭ്രൂണാവസ്ഥയിലായിരുന്നു. ഇപ്പോഴത് വ്യക്തമായ പ്രത്യയശാസ്ത്രവും കൃത്യമായ അജണ്ടയും ഉള്ള ഉറച്ച തീരുമാനമാണ്.

അസമിനെ മറന്നുകൂടാ...

രാജ്യത്ത് എന്‍ആര്‍സി ഇതിനോടകം തന്നെ നടപ്പാക്കിയിട്ടുള്ള ഒരു സംസ്ഥാനമുണ്ട്, അസം. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് ഇത് ഏര്‍പ്പെടുത്തിയത്. എന്‍ആര്‍സി അസമില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. സ്വത്വമാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളില്‍ ചിലര്‍ സ്വദേശികളും മറ്റ് ചിലര്‍ വിദേശികളുമാകുന്നു. മറ്റ് ചിലരാവട്ടെ ഇതിനു രണ്ടിനുമിടയില്‍ സംശയത്തിന്റെ നിഴലിലും. ഒരു മനുഷ്യന് അവന്റെ അസ്തിത്വം തെളിയിക്കാന്‍ മതിയായ രേഖകളെന്തൊക്കെയാണ് എന്ന ചോദ്യം നിരന്തരം ഉയരുന്നു.

1947ലെ ഇന്ത്യാ വിഭജനത്തിനും മുന്നേ അസമിലെ മണ്ണില്‍ വേരുകളുണ്ടായിരുന്നവരാണ് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവരില്‍ പലരും. തങ്ങള്‍ ഈ മണ്ണിന്റെ മക്കളാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്ന് ഇവര്‍ പറയുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ക്ക് അത് 'മതിയായ' രേഖകളല്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇതാണ് മുന്‍വിധികളും പക്ഷപാതിത്വവുമാണ് പുതിയ പൗരത്വപ്പട്ടികയുടെ അടിസ്ഥാനമെന്ന് ആരോപണങ്ങളുയരാന്‍ കാരണം. നീതി ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥവൃന്ദം തങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നെന്നാണ് ജനങ്ങളുടെ പരാതി. കൊക്രജാര്‍, ഗോള്‍പാര, ബര്‍പേട്ട ജില്ലകളിലെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യം സാധൂകരിക്കുന്ന റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ പുറത്തുവിട്ടിട്ടുണ്ട് മാധ്യമപ്രവര്‍ത്തകനായ അമിത് സെന്‍ ഗുപ്ത.

പൗരത്വത്തില്‍ സംശയമുന്നയിച്ച് ഡി വോട്ടര്‍ പട്ടികയിലേക്ക് നീക്കപ്പെട്ടവര്‍ നിരവധി പേരുണ്ട് അസമില്‍. അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്നാണ് ഔദ്യോഗികഭാഷയില്‍ ഡി വോട്ടര്‍ എന്നതിന് നിര്‍വ്വചനം. ഇങ്ങനെയുള്ള ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാല്‍, നിലവില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ഇവരെ ജയിലിലേക്കോ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളിലേക്കോ അയയ്ക്കും. അസമില്‍ ഇത്തരം ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ 18 ലക്ഷം പേര്‍ ജീവിക്കുന്നു എന്നാണ് കണക്ക്.

പിന്‍കുറിപ്പ്.....

പൗരത്വഭേദഗതി നിയമം അനുസരിച്ച് അപേക്ഷകര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ് നല്‍കേണ്ടത് ജില്ലാ അധികൃതര്‍ക്കാണെങ്കിലും അതിന്മേലുള്ള തീരുമാനവും തുടര്‍നടപടികളും സ്വീകരിക്കേണ്ടത് കേന്ദ്ര ഉദ്യോഗസ്ഥരാണ്. അപേക്ഷകര്‍ 20 രേഖകളില്‍ ഒന്ന് ഹാജരാക്കിയാല്‍ മതി. ഇത് കാലാവധി കഴിഞ്ഞതായാലും കുഴപ്പമില്ല. അസമിലെ ജനങ്ങളുടെ പരാതി ഓര്‍ക്കുക, കാര്യങ്ങള്‍ തീരുമാനിക്കുന്നതും പക്ഷപാതിത്വം കാണിക്കുന്നതും ഉദ്യോഗസ്ഥരാണ് എന്നാണ് അവര്‍ പറയുന്നത്. ഇവിടെയും അത് പ്രസക്തമാണ്. കാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്. അവരുടെ താല്പര്യം അനുസരിച്ച് മാത്രമായിരിക്കും കാര്യങ്ങള്‍ നീങ്ങുക എന്ന് വ്യക്തം.

എപ്പോൾ നടപ്പാക്കുമെന്ന് ഒരു സൂചനയും നല്കാതിരുന്ന പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച സമയം നോക്കുക. വളരെ വേ​ഗമുള്ള നടപടിയായിരുന്നു അത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റുകൾ ബിജെപി ലക്ഷ്യമിടുന്നുണ്ട്. സിഎഎ പ്രാബല്യത്തിൽ വരുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്ന കണക്കുകൂട്ടൽ കേന്ദ്രസർക്കാരിനുണ്ട്. അസം ഉൾപ്പടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബം​ഗാൾ പോലെയുള്ള അതിർത്തി സംസ്ഥാനങ്ങളിലും ഇത് ​ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തുന്നു. ഈ തീരുമാനം നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന സമയം തന്നെയാണ് ഏറ്റവും മികച്ചതെന്ന് ബിജെപിയുടെ തന്ത്രജ്ഞരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ! മറ്റൊന്ന് ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ടുള്ള സാഹചര്യമാണ്. ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ ഇലക്ട്രൽ ബോണ്ടിലൂടെ എത്ര കോടികൾ നേടി എന്ന കണക്ക് കൃത്യമായി നൽകാൻ എസ്ബിഐയോട് സുപ്രീംകോടതി നിർദേശിക്കുന്നു. അതിന്റെ ചർച്ചകൾ തകൃതിയായി നടക്കുന്നതിനിടെ അതിവിദ​ഗ്ധമായി ചർച്ചയുടെ വിഷയം പൗരത്വഭേദ​ഗതിയായി മാറുന്നു. ഇതൊക്കെ യാദൃശ്ചികമാണെന്ന് ഏത് ജനത്തെയാണ് പറഞ്ഞുപഠിപ്പിക്കുന്നത്!

വംശീയത അളവുകോലാക്കി ദേശീയത അളന്ന എല്ലാ നാടുകളിലും നാട്ടുകാരില്‍ ഒരു വിഭാഗം വിദേശികളായി മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മ്യാന്മറും രോഹിങ്ക്യകളും തന്നെ ഉദാഹരണം. പൗരത്വഭേദഗതിയിലൂടെ നാം മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്ന പാതയും മറ്റൊന്നല്ല. ദേശീയത മറയാക്കി ഒരു നാടിനെ പ്രതിസന്ധിയിലാക്കുന്ന വംശീയ രാഷ്ട്രീയമാണ് നിലവില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നത്. പ്രതിഷേധങ്ങള്‍ കാരണമില്ലാത്തതല്ല, ആശങ്കകള്‍ അസ്ഥാനത്തല്ല. അത് തിരിച്ചറിയുന്നിടത്ത് മാത്രമേ 'അയല്‍രാജ്യ ജന സ്‌നേഹ'ത്തിന്റെ കാപട്യം വെളിപ്പെടൂ....!

Related Stories

No stories found.
logo
Reporter Live
www.reporterlive.com