2024 ലോക്സഭാ ഇലക്ഷന്‍; വോട്ട് പെട്ടിയിലെ രാമക്ഷേത്രവും ​ഗ്യാന്‍വാപി മസ്ജിദും

പ്ലെയ്‌സ് ഓഫ് വര്‍ഷിപ് ആക്ട് പ്രകാരം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തള്ളപെട്ട ഗ്യാന്‍വാപി കേസിന്‍റെ പരിസമാപ്തി എന്തുകൊണ്ടാവും ഇങ്ങനെയായത്? നാനാജാതി, നാനാമത ഏകത്വമാണ് ഇന്ത്യ എങ്കില്‍ ഈ നാനാജാതി, നാനാമത വോട്ടുകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് എന്ന് ഉത്തരം
2024 ലോക്സഭാ ഇലക്ഷന്‍; വോട്ട് പെട്ടിയിലെ രാമക്ഷേത്രവും ​ഗ്യാന്‍വാപി മസ്ജിദും

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ആരാധനാലയങ്ങള്‍, ഒരു മുസ്ലിം പള്ളിയും ഹിന്ദുക്ഷേത്രവും. മുസ്ലീം പള്ളിയില്‍ ദേഹശുദ്ധിക്കായി ഉപയോഗിക്കുന്ന കുളത്തിന്റെ അടിത്തട്ടില്‍ ശിവലിംഗം ഉണ്ട് എന്നൊരു സംശയം ചില പ്രത്യക സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്നു. സംശയത്തിന് വ്യക്തത വേണം. കോടതി ഇടപെട്ടു. വാദങ്ങളും പ്രതിവാദങ്ങളും നടന്നു. കാലം പിന്നെയും മുന്നോട്ട് പോയി. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിമുടി മാറിമറിഞ്ഞു. ആ കനല്‍ എരിഞ്ഞും പുകഞ്ഞും ആറിയ ശേഷം പിന്നെയും ആളാന്‍ തുടങ്ങി. ഒടുവില്‍ മസ്ജിദിന്‍റെ ഒരുഭാഗം ഹിന്ദുവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി അനുവദിച്ച് കോടതി വിധിയും വന്നു. എന്താണ് ഗ്യാന്‍വാപി കേസ്, എന്തുകൊണ്ട് ഇപ്പോള്‍? ചോദ്യത്തിന്‍റെ ഉത്തരം തിരയേണ്ടത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലാണ്.

ബാബ്‌റി മസ്ജിദ് സംബന്ധിച്ചുള്ള അവകാശ തര്‍ക്കം ഉത്തര്‍പ്രദേശ് അതിര്‍ത്തിയും കടന്ന് ദേശവ്യാപകമായ പ്രശ്‌നമായി മാറുന്നത് 1990 കളിലാണ്. 1991 ല്‍, അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, സമാനമായ മറ്റൊരു കേസും കോടതിയിലെത്തി. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ രൂപപ്പെട്ട തര്‍ക്കമായിരുന്നു കേസിനാധരം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചാണ് ഔറംഗസേബ് പള്ളി നിര്‍മിച്ചത് എന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് എത്തി. പക്ഷേ ആ കേസിന് അന്ന് അധികം ആയുസ് ഉണ്ടായില്ല. കാരണം 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്ലേസ് ഓഫ് വര്‍ഷിപ് ആക്ട് രാജ്യത്ത് നിലവില്‍ വന്നിരുന്നു. ഈ നിയമം അനുസരിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം, അതായത് 1947 ഓഗസ്റ്റ് 15 ന് ഓരോ ആരാധനാലയങ്ങളും ഏത് മതത്തിന്റെയും വിശ്വാസത്തിന്റെയും കീഴിലായിരുന്നോ നിലനിന്നിരുന്നത് അത് തന്നെ ഇനിയുള്ള കാലവും തുടരണം. അതിനാല്‍, ഗ്യാന്‍വാപി മസ്ജിദ്, മസ്ജിദായി തന്നെ തുടര്‍ന്നു.

നിയമം പ്രാബല്യത്തില്‍ വരുന്നതിനും കാലങ്ങള്‍ക്കു മുന്‍പേ തര്‍ക്കം തുടങ്ങുകയും കേസ് കോടതിയില്‍ എത്തുകയും ചെയ്തതു കൊണ്ട് ബാബ്‌റി മസ്ജിദിനെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കാലങ്ങള്‍ക്കിപ്പുറം 2019 നവംബര്‍ 9 ന് അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു. ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു നല്‍കണം, തകര്‍ക്കപ്പെട്ട പള്ളിക്കുപകരം പുതിയ പള്ളി പണിയുവാന്‍ മറ്റൊരിടത്ത് ഭൂമി കണ്ടെത്തി നല്‍കണം, ഇതായിരുന്നു വിധി.

ഈ വിധി വന്ന് ഒരു മാസത്തിനുള്ളില്‍ 2019 ഡിസംബറില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാവസ്തു സര്‍വേ വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിജയ് ശങ്കര്‍ റസ്‌തോഗി കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി പുരാവസ്തു വകുപ്പിനോട് സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും രംഗത്തെത്തിയതോടെ വാദം നീണ്ടു.

2022 ല്‍ അഞ്ചു സ്ത്രീകള്‍ പള്ളിയില്‍ ഹിന്ദു ദൈവങ്ങളുടെ നിത്യാരാധനയ്ക്കുള്ള അനുവാദം വേണമെന്ന ആവശ്യവുമായി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. വാദങ്ങളും പ്രതിവാദങ്ങളും തുടര്‍ന്നു. സര്‍വ്വേയ്ക്കുള്ള അനുമതിയും അനുമതിയ്ക്കുള്ള സ്റ്റേയും മാറിമാറി വന്നു. ഒടുവില്‍ ഗ്യാന്‍വാപി പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേ ആകാമെന്ന് വിധി വരുകയും സര്‍വേ ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ 2024 ജനുവരി 31 ന് വാരാണസി ജില്ലാ കോടതി ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നല്‍കി. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നായിരുന്നു വിധിയെങ്കിലും 24 മണിക്കൂര്‍ തികയും മുന്‍പേ മസ്ജിദില്‍ ഹിന്ദു ആചാരപ്രകാരം ആരാധന നടന്നു. ഗ്യാൻവാപി മസ്ജിദ് എന്ന ബോർഡ് ​ഗ്യാൻവാപി ക്ഷേത്രം എന്ന് തിരുത്തപ്പെട്ടു. ഇതിനും കൃത്യം 10 ദിവസം മുന്‍പാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അയോധ്യരാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം സര്‍വാർഭാടങ്ങളോടെ നിര്‍വഹിക്കപ്പെട്ടത്.

പ്ലെയ്‌സ് ഓഫ് വര്‍ഷിപ് ആക്ട് പ്രകാരം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തള്ളപെട്ട ഒരു കേസിന്‍റെ പരിസമാപ്തി എന്തുകൊണ്ടാവും ഇങ്ങനെയായത്? ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം കൂടി മനസ്സിലാക്കേണ്ടി വരും. നനാജാതി, നാനാമത ഏകത്വമാണ് ഇന്ത്യ എങ്കില്‍ ഈ നാനാജാതി, നാനാമത വോട്ടുകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ബാബ്‌റി മസ്ജിദ് തര്‍ക്കം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന ചരിത്രത്തിലുണ്ട്, എന്തുകൊണ്ട് ഇപ്പോള്‍ ഗ്യാന്‍വാപി എന്ന ചോദ്യത്തിന്റെ ഉത്തരവും.

ബാബ്‌റി മസ്ജിദിന്റെ കാര്യത്തില്‍ വിശ്വാസികള്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കത്തിന് 1980കള്‍ ആയപ്പോഴേക്കും രാഷ്ട്രീയമാനം കൈവന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്ത് രാമക്ഷേത്രം എന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഈ പ്രചരണത്തെ ഭാരതീയ ജനതാ പാര്‍ട്ടി രാഷ്ട്രീയമായി ഏറ്റെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് നെഹ്രു അടച്ച ബാബ്‌റി മസ്ജിദ് 1986 ല്‍ ഹിന്ദു വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നു നല്‍കുമ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി കണ്ണടയ്ക്കാന്‍ കാരണവും വോട്ട് രാഷ്ട്രീയം തന്നെ. ഷാബാനു കേസില്‍ മുസ്ലീം താല്‍പര്യം സംരക്ഷിക്കുന്ന നിലപാടിലൂടെ തനിക്ക് നഷ്ടപ്പെട്ട ഹിന്ദുക്കളുടെ പിന്തുണ ഈ തീരുമാനത്തിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് രാജീവ് ഗാന്ധി വിശ്വസിച്ചു. പക്ഷേ പാളിപ്പോയ രാജീവ് ഗാന്ധിയുടെ ഈ രാഷ്ട്രീയ തന്ത്രം വളമായി ചെന്നു വീണത് ബിജെപിയുടെ കടയ്ക്കലായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ബിജെപി അത് ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു.

1990 സെപ്റ്റംബറില്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി രാമഭൂമിയില്‍ രാമക്ഷേത്രം എന്ന ആവശ്യവുമായി അയോധ്യയിലേയ്ക്ക് രഥയാത്ര ആരംഭിച്ചു. എന്നാല്‍ ബാബ്‌റി മസ്ജിദിന്റെ കാര്യത്തില്‍ രാജീവ് ഗാന്ധി കാണാതെപോയ അപകടം ലാലു പ്രസാദ് യാദവ് കണ്ടു. ബീഹാര്‍ സര്‍ക്കാര്‍ രഥയാത്ര തടഞ്ഞ്, അദ്വാനിയെ അറസ്റ്റ് ചെയ്തു. അദ്വാനിക്ക് അന്ന് അയോധ്യയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂടുതല്‍ വോട്ടുകള്‍ ബിജെപിയുടെ പെട്ടിയിലെത്തി.

പിന്നാലെ വന്ന തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച ബിജെപി പാര്‍ലമെന്റിലും തങ്ങളുടെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. വാജ്‌പെയ് ഗവണ്‍മെന്റ് മുതല്‍ മോദി ഗവണ്‍മെന്റ് വരെയുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ ബാബ്‌റി മസ്ജിദിന്റെ അടിത്തറകുലുക്കി വീഴിച്ച വോട്ടുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സാരം.

രാമക്ഷേത്രം എന്ന ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാ​ഗ്ദാനം ബിജെപി പാലിച്ചു കഴിഞ്ഞു. അത് സൃഷ്ടിച്ച ആരവങ്ങള്‍ 2024 ലെ വോട്ട് പെട്ടിയിലെത്തും മുന്‍പ് ഒട്ടൊന്ന് ഒതുങ്ങുകയും ചെയ്യും.

ഈ പശ്ചാത്തലത്തില്‍ നിന്ന് ചിന്തിച്ചാല്‍ ഗ്യാന്‍വാപി ഇപ്പോള്‍ ചര്‍ച്ചയാകാനുള്ള കാരണം 2024 ഇലക്ഷന്‍ കൂടിയാണെന്ന് വ്യക്തം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമായും മൂന്ന് വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചത്.

1. അയോധ്യയില്‍ രാമക്ഷേത്രം

2. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുക,

3. ഏകസിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരുക

ഇതില്‍ ആദ്യത്തെ രണ്ടും നടപ്പിലാക്കി കഴിഞ്ഞ സ്ഥിതിക്ക് ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ല. ഏക സിവില്‍ കോഡിനെ കുറിച്ച് ഹിന്ദുക്കളിലെ തന്നെ അനവധി വിഭാഗങ്ങളില്‍ അവ്യക്തത നിലനില്‍ക്കുമ്പോള്‍ അത് എത്രത്തോളം വോട്ടായി പെട്ടിയില്‍ വീഴുമെന്ന കാര്യത്തില്‍ ബിജെപിക്ക് തന്നെ സംശയവുമുണ്ട്.

മറുവശത്താവട്ടെ പ്രതിപക്ഷം പരമാവധി ചെറുത്തുനില്‍പിന് ശ്രമിക്കുന്നുമുണ്ട്. സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരിലെ ഭൂരിപക്ഷവിഭാഗമായ മെയ്‌തെയ്കളെ ഒപ്പം നിര്‍ത്തിയാലും മണിപ്പൂരില്‍ നിന്ന് കിട്ടാനുള്ളത് വെറും രണ്ട് പാര്‍ലമെന്റ് സീറ്റ് മാത്രം. തക്കാളി മുതല്‍ പാചകവാതകം വരെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, താളംതെറ്റുന്ന കുടുംബ ബജറ്റുകള്‍ തുടങ്ങി പ്രതിപക്ഷത്തിന് മുന്നോട്ട് വയ്ക്കാന്‍ പല വിഷയങ്ങള്‍ ഉണ്ട് താനും. പ്രതിപക്ഷമുന്നണിയുടെ തിരിച്ചുവരവിനുള്ള സാധ്യതയെ പൂര്‍ണമായി തള്ളികളയാന്‍ ഇപ്പോഴും കഴിയുകയുമില്ല.

ഇവിടെയാണ് 80 പാര്‍ലമെന്റ് സീറ്റുകളുള്ള ഉത്തര്‍പ്രദേശ് നിര്‍ണായകമാവുന്നത്. അയോധ്യവിഷയം പോലെ ഇന്ത്യയെ മുഴുവന്‍ പിടിച്ചുലയ്ക്കാനാവില്ലെങ്കിലും 2024 ഇലക്ഷനില്‍ ഉത്തര്‍പ്രദേശിലെ പാര്‍ലമെന്റ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗ്യാന്‍വാപിക്ക് കഴിയും. 2014ല്‍ ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറിലുണ്ടായ ഒറ്റകലാപം ബിജെപിയുടെ ക്യാമ്പിലേയ്ക്ക് എത്തിച്ചത് 80 ല്‍ 75 സീറ്റുകളായിരുന്നു എന്നു മനസ്സിലാക്കുമ്പോള്‍ ഗ്യാന്‍വാപിയുടെ ലക്ഷ്യം കൂടുതല്‍ വ്യക്തം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com