അന്തം വിട്ട്, കുന്തം മിണുങ്ങി ദിക്കറിയാതെ 2023 ലെ മലയാള സിനിമ

'കൊറോണകാലത്തെ മലയാളസിനിമകൾക്ക് സംഭവിച്ച പ്രധാനമാറ്റം അതിന്റെ സ്ഥലപരവും കാലപരവുമായ പശ്ചാത്തലം സ്വീകരിക്കുന്നതിലായിരുന്നു'
അന്തം വിട്ട്, കുന്തം മിണുങ്ങി ദിക്കറിയാതെ 2023 ലെ മലയാള സിനിമ

2023 ലെ മലയാള സിനിമയെ കൊറോണാനന്തര മലയാള സിനിമാവർഷം എന്ന് വിശേഷിപ്പിക്കുന്നതാണുചിതം. എല്ലാ മേഖലയെയും പിടികൂടിയ പാൻഡമിക് വൈറസ് മലയാളസിനിമയെ മാത്രമല്ല ലോകസിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു എന്ന കാര്യം ആ വർഷങ്ങളിൽ പുറത്തിറങ്ങിയ ഐഎഫ്എഫ്കെ സിനിമകൾ നമ്മോട് പറയും. എന്നാൽ ഒറ്റ വർഷം പോലും ലോകത്ത് സിനിമ ഒരു കാരണം കൊണ്ടും പുറത്തിറങ്ങാതിരുന്നില്ല എന്ന വസ്തുത നമ്മോട് പറയുന്നത് സിനിമ അത്രമാത്രം ജനപ്രിയമായ ആധുനിക കലാരൂപമാണ് എന്നതാണല്ലോ.

"ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" എന്നാണ് വൈലോപ്പിള്ളി ചോദിച്ചതെങ്കിൽ മഹാദുരന്തകാലത്തിനും തകർക്കാനാവില്ല മക്കളെ സിനിമയെ എന്ന മട്ടിൽ ലോകം മുഴുവൻ അക്കാലങ്ങളിലും സിനിമകൾ ഉണ്ടായിവന്നു. കൊറോണകാലത്തെ മലയാളസിനിമകൾക്ക് സംഭവിച്ച പ്രധാനമാറ്റം അതിന്റെ സ്ഥലപരവും കാലപരവുമായ പശ്ചാത്തലം സ്വീകരിക്കുന്നതിലായിരുന്നു. ഒരു വീട്ടിലോ ഹോട്ടൽ റിസപ്‌ഷനിലോ ഇതിന്റെയൊക്കെ ചുറ്റുവട്ടത്തോ കൂടിവന്നാൽ ആളൊഴിഞ്ഞ ഇടങ്ങളിലോ ഒക്കെ സ്ഥലപശ്ചാത്തലം സ്വീകരിക്കുകയും ഒരു ദിവസം മുതൽ ഒരാഴ്ച വരെ ഒക്കെ മാത്രം നടക്കുന്ന സംഭവപരമ്പരകളിലേക്ക് പ്രമേയം സ്വയം ചുരുങ്ങുകയും ചെയ്തു. മതിലുകൾ ലവ് അറ്റ് ദി ടൈം ഓഫ് കൊറോണ, വാശി, ദി വൂൾഫ്, ഇശ്ഖ്, കള, ജോജി, തിങ്കളാഴ്ച്ച നിശ്ചയം, ഭീമന്റെവഴി, തമാശ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളെ ഉദാഹരണമായെടുക്കാം.

കൊറോണകാലം ഏതാണ്ട് പൂർണമായി തന്നെ പിൻവാങ്ങുകയും സിനിമാചിത്രീകരണത്തിലെ പരിമിതികൾ ഇല്ലാതാവുകയും ചെയ്തതോടെ സിനിമയുടെ ലൊക്കേഷനും സാധ്യതകളും നിർമാണത്തിലെ ചെലവും പഴയതിനേക്കാൾ വർധിക്കുകയും സിനിമകൾ ധാരാളമായി ഉണ്ടാക്കപ്പെടുകയും ചെയ്ത വർഷമായിരുന്നു 2023. ഇന്റർനെറ്റ് പരതിയാൽ 408 ഓളം സിനിമകൾ ഡിസംബറിന് മുന്നേ തന്നെ വന്നു. (റഫറൻസ് m3b ) 215 ഓളം എണ്ണം തിയേറ്റർ റിലീസ് തന്നെ ഉണ്ടായി. എന്നാൽ ഈ വർഷം മലയാളസിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍ തന്നെ പറയുന്നു. തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായത് നാലെണ്ണം മാത്രം. മുടക്കുമുതല്‍ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങള്‍ക്ക് മാത്രമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രസ്താവിക്കുന്നു. 2018, കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റായത്. ഇരുപത് ചിത്രങ്ങൾ നഷ്ടം ഉണ്ടാക്കാതെ കഷ്ടിച്ച് കരകയറി എന്ന് നിർമാതാക്കൾ പറയുമ്പോഴും പന്ത്രണ്ടെണ്ണത്തിനെ ഈ ലിസ്റ്റിൽ നേട്ടം അവകാശപ്പെടാനുള്ളുവത്രേ!

പ്രണയവിലാസം, മദനോൽസവം, പാച്ചുവും അത്ഭുത വിളക്കും, നെയ്മർ, മധുര മനോഹര മോഹം, ഗരുഡൻ, ഫാലിമി, കാതൽ എന്നിവയാണ് മുടക്കുമുതൽ തിരിച്ചുപിടിച്ച സിനിമകൾ. ഈ കണക്കുപ്രകാരം റിലീസ് ചെയ്ത 212 ചിത്രങ്ങളിൽ ഇരുന്നൂറും ബോക്സോഫീസിൽ തകർന്നടിഞ്ഞു. നിർമാണച്ചെലവ് ലൊക്കേഷൻ സാധ്യതകൾ അഭിനേതാക്കളുടെയും മറ്റും അപരിമിതികൾ തുടങ്ങിയവ സംഭവിക്കുമ്പോൾ നഷ്ടം കൂടിവരുന്ന ഒരു പ്രത്യേക പ്രതിഭാസം മലയാളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് ചുരുക്കം.

അതെന്തു കൊണ്ട് എന്ന് ഗൗരവപൂർവ്വമായ അന്വേഷണത്തിന് പിന്നണിക്കാർ തയ്യാറാവാതെ നിരൂപകർ സിനിമകളെ തകർക്കുന്നു എന്നും മറ്റുമുള്ള വിതണ്ഡ വാദങ്ങൾ ഉയർത്തി മലയാളസിനിമക്ക് എത്രകാലം പിടിച്ചു നിൽക്കാനാവുമെന്നതാണ് കാതലായ ചോദ്യം. കൊറോണകാലത്തിറങ്ങിയ മേൽസൂചിപ്പിച്ച സിനിമകളും തിങ്കളാഴ്ച്ച നല്ലദിവസം, ഭീമന്റെവഴി, തമാശ, പുഴു, സൂഫിയും സുജാതയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ സിനിമകളിൽ പലതും ഉയർന്ന നിലവാരവും കുറഞ്ഞ നിർമാണച്ചെലവും എന്ന ഇക്ക്വേഷനായിരുന്നു പുലർത്തിയിരുന്നെതെങ്കിൽ 2023 ൽ ഓർത്തുവെക്കാവുന്നതോ ഭാവിയിലേക്ക് കരുതി വെക്കാവുന്നതോ ആയ മലയാള സിനിമകൾ വിരലിൽ എണ്ണാവുന്നവ പോലുമുണ്ടായില്ല എന്ന് വേണം പറയാൻ.

മമ്മൂട്ടി അഭിനയിച്ച നൻ പകൽ നേരത്ത് മയക്കം, കാതൽ ദി കോർ, കണ്ണൂർ സ്‌ക്വഡ്, ലാലേട്ടന്റെ നേര് പുതുമുഖ സംവിധായകന്റെ ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ ചില സിനിമകളും പുരുഷപ്രേതം, രേഖ, ഒരു തെക്കൻ തല്ലു കേസ്, തങ്കം, പത്മിനി തുടങ്ങിയ സിനിമകളെയും പരാമർശിക്കാമെന്നു മാത്രം. ഇതിൽ ശേഷം മൈക്കിൽ ഫാത്തിമ പലതുകൊണ്ടും സാമാന്യം മികച്ച മലയാള സിനിമയായി അനുഭവപ്പെടാം. മുസ്ലിം ജീവിതവും മുസ്ലിമും മലയാള സിനിമയിൽ പ്രമേയമായി വരുമ്പോൾ അതിഭാവുകത്വമോ വംശീയ വാർപ്പ് മാതൃകാസൃഷ്ടികളോ സുലൈഖാമൻസിൽ പോലുള്ള കല്യാണ വിഡിയോ ആൽബങ്ങളോ പ്രതിബോധ ആഖ്യാനം എന്ന പേരിൽ പടക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് ആഖ്യാനങ്ങളോ ഒക്കെയായി മാറുന്നതാണ് പതിവ് കാഴ്ചയെങ്കിൽ ശേഷം മൈക്കിൽ ഫാത്തിമ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും അതിനജീവന വിജയത്തിന്റെയും മുസ്ലിം കുടുംബ പശ്ചാത്തല ജീവന കാഴ്ചകളുടെയും സ്വാഭാവികത കൈവരിച്ചതായി അനുഭവപ്പെടാം. എന്നാൽ ഈ സിനിമയും തിയേറ്ററിൽ വേണ്ടത്ര കളക്ഷൻ നേടിയില്ല.

തിയേറ്ററിൽ പണം വാരിയ ജൂഡ് ആന്റണി ജോസഫിന്റെ 2018 കേരളം കണ്ട പ്രകൃതിദുരന്തത്തോടും അതിജീവനഗാഥയോടും ചരിത്രപരമായ നീതി പുലർത്താതിരുന്ന ചലച്ചിത്രമായിരുന്നു. സർക്കാരും കേരളത്തിലെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ ജനവിഭാഗവും വടക്കരും തെക്കരുമെല്ലാം ചേർന്ന് അതിജീവിച്ച ചരിത്രമാണ് അതിനുള്ളതെങ്കിൽ ജൂഡ് ആന്റണി തന്റെ സിനിമയിൽ എവെരി വൺ ഹീറോ എന്ന പേര് നൽകി ക്രിസ്ത്യൻ മത്സ്യ തൊഴിലാളികളെയും പള്ളീലച്ചന്മാരെയും മാത്രം ജീവൻ രക്ഷകരാക്കി മാറ്റിയും ഭരണകൂട ഉപകരണങ്ങളെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തിയും തെറ്റായ ചരിത്രരചന നിർവഹിച്ചു. മറ്റു ജനവിഭാഗങ്ങളെയെല്ലാം അപ്രത്യക്ഷരാക്കി. ഡോക്ടർ ബിജുവിന്റെ ദൃശ്യ ജാലകങ്ങൾ എന്ന സിനിമ എസ്തോണിയയിൽ നടന്ന 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അംഗീകാരം നേടിയതും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയതും ആനന്ദ് ഏകർഷിയുടെ ആട്ടം മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് അവാർഡും ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ നവാഗത സംവിധായകയ്ക്കുള്ള ഫിപ്രസി അവാർഡും നേടിയതും നമ്മുക്ക് നല്ല സിനിമകൾ സമാന്തരമായി ഉണ്ടാവുന്നു എന്നതിന്റെ തെളിവുകളാണ്.

രേഖ എന്ന സിനിമ പെണ്ണിന്റെ പ്രതികാരത്തിന്റെയും തന്റെ നേർക്കുള്ള ആണിന്റെ ലൈംഗിക ഉപയോഗമാത്ര താല്പര്യത്തെ പ്രതിരോധിക്കുന്നതിന്റെയും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമയാണ്. മലയാള സിനിമ ഏതു തരത്തിൽ മാറാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നൊരു ആലോചന നടത്തിയാൽ പ്രധാനപ്പെട്ടത് പ്രാദേശികത്വത്തെ ആഘോഷിക്കുന്ന അതിന്റെ സംഭാഷണ ഭാഷയുടെ മാറ്റവും കേരളത്തിലെ സ്ഥലങ്ങളുടെ വൈവിധ്യ പ്രത്യക്ഷീകരണവുമാണ്. കണ്ണൂർ കാസർകോട് കോഴിക്കോട് കൊല്ലം മലപ്പുറം തൃശൂർ പാലക്കാട് കോട്ടയം തുടങ്ങിയ ഇടങ്ങളിൽ നിലനിൽക്കുന്ന വൈവിധ്യമേറിയ ഡയലക്ടുകളെ അത് ഏറ്റെടുക്കുന്നു. ഇത് കൊറോണാനന്തര പ്രതിഭാസമല്ലെങ്കിലും അതിന്റെ സൂക്ഷ്മതലത്തിലേക്ക് പടരുന്നുണ്ട് പല സിനിമകളിലെയും സംഭാഷണങ്ങൾ. അതിലെ കൃത്രിമത്വത്തെ കുറച്ചു കൊണ്ട് വരുന്ന പ്രവണത വർധിച്ചു. മേൽ സൂചിപ്പിച്ച പല സിനിമകളിലും അതുണ്ട്.

ഒരു തിരുവിതാംകൂർ സവർണ നായകനും കുലസ്ത്രീയും എന്ന ഇക്വേഷൻ കുറെയൊക്കെ ഇല്ലാതാവുകയും ജാതീയമായും തൊഴില്പരമായും വംശപരമായും മതപരമായും ഭാഷാപരമായും ഒക്കെ കേരളത്തിനുള്ളിൽ തന്നെയുള്ള നാനാത്വത്തെ അഭിമുഖീകരിക്കുകയും വൈവിധ്യമേറിയ സ്വത്വ പ്രതിനിധാനങ്ങൾ സിനിമയിൽ പ്രത്യക്ഷപ്പെടുകയും ആഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നു. സംഭാഷണ ഭാഷ പഠിച്ചുമാത്രം പൂർണമായും ഉപയോഗിക്കാൻ സാധിക്കാത്തവിധം സൂക്ഷമമായി മാറിയതുകൊണ്ട് അഭിനയിക്കാൻ സിനിമ തന്നെ അതാതിടങ്ങളിലെ ജൈവിക പരിസരങ്ങളിൽ നിന്ന് നടന്മാരെയും നടികളെയും ഉപയോഗിച്ച് തുടങ്ങുന്നു.

മറ്റൊരു കാര്യം സിനിമയിൽ കടന്നുവരുന്ന വയലൻസിന്റെ ആധിക്യമാണ്. കൊറോണ കാലത്ത് ന്യൂ ജെനറേഷൻ മലയാളി കുട്ടികൾ കൂടുതലായി കണ്ടിരുന്ന കൊറിയൻ സീരീസുകളിൽ നിന്ന് അയൽഭാഷാ ചിത്രങ്ങളിലേക്ക് പടർന്ന് കയറിയ അതിഭീകരമായത് എന്ന് തന്നെ പറയാവുന്നതരം വയലൻസ് മലയാള സിനിമകളിലേക്കും ഏറിയും കുറഞ്ഞും പടരുന്നു. (ആർ ഡി എക്സ്, നേര്, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ ഉദാഹരണം) കോടതി സിനിമകളും പൊലീസ് സ്‌റ്റോറികളും വർധിച്ചുവരുന്നതും മറ്റൊരു സവിശേഷതയാണ്. ഒരു സിനിമ ക്ലിക്ക് ആയാൽ അതിന്റെ പിറകെ പാഞ്ഞു ട്രെൻഡ് സെറ്റിങ് നടത്തുന്ന ഭൂതകാല സവിശേഷത മാത്രമായി നമുക്കതിനെ കാണാവുന്നതേയുള്ളു. കോടതിയും പൊലീസ് സ്റ്റേഷനും മാത്രമല്ലല്ലോ കേരളം.

ഇതിലൊക്കെ ഉപരി പ്രധാനപ്പെട്ട വസ്തുത 2023 ൽ വരാൻ പോകുന്ന കാലത്തിലേക്ക് മലയാള സിനിമ എന്ത് കരുതിവെച്ചിട്ടുണ്ട് എന്നതാണ്. ജയിലർ പോലുള്ള മെഗാ വയലൻസ് പടപ്പുകൾ മതി തമിഴിനും കന്നടക്കും ഉത്തരേന്ത്യക്കുമൊക്കെ എങ്കിൽ മലയാളത്തിനതു പോരാ. മറ്റു കാര്യങ്ങളിൽ എന്ന പോലെ സാംസ്കാരികമായും വ്യതിരിക്തമാണ് മലയാളിയുടെ ആന്തരിക ലോകം. മനസ്സിന്റെ അന്തരാളങ്ങളെ അഭിമുഖീകരിക്കുന്നതോ ആക്ഷേപഹാസ്യപരമായതോ രാഷ്ട്രീയപരവും സാമൂഹികവിമർശനപരവും പ്രണയത്തിന്റെയും അടുപ്പത്തിന്റെയും ലോലവും സങ്കീർണവുമായ ഇഴയടുപ്പങ്ങൾ കൊണ്ട് തുന്നിച്ചേർത്തതോ ഒക്കെയായ പ്രമേയങ്ങളും അന്തരീക്ഷങ്ങളും മലയാളസിനിമയിൽ നിന്ന് പൂർണമായി ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നതാണ് എന്റെ മറ്റൊരു നിരീക്ഷണം. മലയാളി ഇക്കാലത്തും ബഷീറിനെ കൂടുതലായി വായിക്കുന്നത് പോലെ പത്മരാജനെയും ഭരതനെയും സത്യൻ അന്തികാടിനേയും ശ്രീനിവാസനെയും മറ്റും ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ കൂടുതലായി കണ്ടു കൊണ്ടിരിക്കുന്നത് വെറുതെയല്ലല്ലോ. ചുരുക്കത്തിൽ കൊറോണാനന്തര മലയാള സിനിമ 'നിലാത്തിട്ട കോഴിയെപോലെ' അന്തം വിട്ട് കുന്തം മിണുങ്ങി ദിക്കറിയാതെ കുന്തിച്ചിരിക്കുന്ന ഒരവസ്ഥയിലാണ് എന്ന് പറയാനും വയ്യ! പറയാതെയും വയ്യ!

Related Stories

No stories found.
logo
Reporter Live
www.reporterlive.com