ഇസ്രയേൽ-ഹമാസ് യുദ്ധം: അറബ് ദേശീയതയുടെ നെഞ്ചുലയുമോ?

ചാരം മൂടിയ അറബ് ദേശീയതയുടെ കഥ, കത്തിജ്വലിക്കുന്ന സയണിസ്റ്റ് ദേശീയതയുടെയും
ഇസ്രയേൽ-ഹമാസ് യുദ്ധം: അറബ് ദേശീയതയുടെ നെഞ്ചുലയുമോ?

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുമ്പോൾ പലസ്തീനികളുടെ അവകാശപോരാട്ടങ്ങളും ഇസ്രയേലിന്റെ അധിനിവേശവും വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ ആക്രമണം ഭീകരാക്രമണമെന്ന നിലയിൽ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ ഇതിനകം അപലപിച്ചിട്ടുണ്ട്. എന്നാൽ സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ പലസ്തീൻ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടങ്ങൾ ലോകത്തിന്റെ ഓർമ്മയിൽ വരുന്ന നിലയിൽ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒന്നരദശകത്തിലേറയായി ഹമാസിനും ഇസ്രയേലിനും ഇടയിൽ നടക്കുന്ന തുറന്ന യുദ്ധങ്ങളുടെ പട്ടികയിൽ ഏഴാമത്തേതാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ. കഴിഞ്ഞ ആറ് തവണയും കേവലം സംഘർഷം എന്ന നിലയിൽ ഈ ഏറ്റുമുട്ടലുകളെ ഇസ്രയേൽ കൈകാര്യം ചെയ്തിരുന്നു. അതിന്റെ മേൽ ലോകം ഇത്രയും ഇളകിയതുമില്ല. ഇക്കാലയളവിൽ ആയിരത്തിലേറെ പലസ്തീനികൾ കൊല്ലപ്പെട്ട രണ്ട് സംഘർഷങ്ങൾ നടന്നിരുന്നു. 2008 ഡിസംബറിൽ 1400 പലസ്തീനികളും 13 ഇസ്രയേലികളും കൊല്ലപ്പെട്ട സംഘർഷം ഗാസയിൽ നടന്നിരുന്നു. അന്ന് 22 ദിവസമാണ് ഇത് നീണ്ടത്. 2014 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഏഴാഴ്ച നീണ്ടുനിന്ന സംഘർഷങ്ങളിൽ 2100 പലസ്തീനികളും 73 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്. അന്ന് കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്രയേലിന്റെ ആൾനഷ്ടം വളരെ കുറവായിരുന്നു. പക്ഷെ ഇപ്പോൾ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് വലിയ ആൾനാശമാണ് സംഭവിച്ചത്. ഇസ്രയേലിന്റെ സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു ഈ ആക്രമണങ്ങൾ എന്നതും എടുത്ത് പറയേണ്ടതാണ്.

ഇസ്രയേൽ-ഹമാസ് യുദ്ധം: അറബ് ദേശീയതയുടെ നെഞ്ചുലയുമോ?
ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം യുദ്ധമായി മാറുമ്പോള്‍

എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. 1973ന് ശേഷം ആദ്യമായാണ് പലസ്തീൻ വിമോചന പോരാട്ടത്തിന്റെ പേരിൽ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്. ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണം ജൂതവികാരത്തെയും തീവ്രസയണിസ്റ്റ് ദേശീയതാ ബോധത്തെയും അത്രമേൽ മുറിപ്പെടുത്തിയിട്ടുണ്ട്. പലസ്തീൻ വിമോചനത്തെ എതിർക്കുകയും വെസ്റ്റ്ബാങ്കും ഗാസയും ഉൾപ്പെടെയുള്ള അധിനിവേശ പ്രദേശങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുകയും ചെയ്യണമെന്ന് വാദിക്കുന്ന തീവ്രവലതുപക്ഷത്തിന്റെ പിന്തുണയുള്ള നെതന്യാഹുവിന് ഇൻ്റലിജൻസ് പരാജയം ഉൾപ്പെടെയുള്ള നിലവിലെ വിമർശനങ്ങളെ മറികടക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഈ വിഷയത്തിലും തീവ്രസയണിസ്റ്റ് ദേശീയതാ ബോധത്തെ അവഗണിക്കാൻ നെതന്യാഹുവിന് കഴിയില്ല. ഇതെല്ലാം പരിഗണിക്കുമ്പോൾ ഗാസയുടെ നേർക്കുള്ള ഇസ്രയേലിന്റെ ആക്രമണം കൂടുതൽ തീവ്രമാകാൻ തന്നെയാണ് സാധ്യത.

പലസ്തീൻ വിഷയം വീണ്ടും ഗൗരവത്തിൽ ചർച്ചയാക്കുക, വിഷയത്തിന്റെ പേരിൽ ലോകത്ത് രണ്ട് പക്ഷങ്ങൾ രൂപപ്പെടുക എന്ന നിലയിലേക്ക് നിലവിലെ യുദ്ധസാഹചര്യം മാറണമെന്ന് ഹമാസ് ആഗ്രഹിക്കുന്നുവെന്ന് വേണം കാണാൻ. അതിനാൽ തന്നെയാണ് പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടുമൊരിക്കൽകൂടി ഭൗമരാഷ്ട്രീയത്തിൽ രണ്ട് പക്ഷങ്ങളെ സൃഷ്ടിക്കുന്നു എന്ന പ്രതീതി ഇതിനകം സൃഷ്ടിച്ചിരിക്കുന്നത്

രണ്ടും കൽപ്പിച്ചാണ് പേരാട്ടം എന്ന് തന്നെയാണ് ഹമാസും വ്യക്തമാക്കുന്നത്. ഏഴ് ദശകത്തിലേറെയായി നടക്കുന്ന പലസ്തീൻ വിമോചന പോരാട്ടങ്ങളിൽ നിർണ്ണായകമായ ഒന്നായി ഹമാസിന്റെ ആക്രമണം മാറുന്നുണ്ട്. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് പുറമെ ഇസ്രയേലിനുള്ളിൽ കടന്നുകയറി ആളുകളെ ബന്ധികളാക്കാനും വധിക്കാനുമെല്ലാം തയ്യാറായിരിക്കുന്ന ഹമാസിന്റെ ആക്രമണ രീതി പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ഹമാസ് ഈ നീക്കങ്ങൾ നടത്തിയതെന്ന് തന്നെ വേണം അനുമാനിക്കാൻ. പലസ്തീൻ വിഷയം വീണ്ടും ഗൗരവത്തിൽ ചർച്ചയാക്കുക, വിഷയത്തിന്റെ പേരിൽ ലോകത്ത് രണ്ട് പക്ഷങ്ങൾ രൂപപ്പെടുക എന്ന നിലയിലേക്ക് നിലവിലെ യുദ്ധസാഹചര്യം മാറണമെന്ന് ഹമാസ് ആഗ്രഹിക്കുന്നുവെന്ന് വേണം കാണാൻ. അതിനാൽ തന്നെയാണ് പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടുമൊരിക്കൽകൂടി ഭൗമരാഷ്ട്രീയത്തിൽ രണ്ട് പക്ഷങ്ങളെ സൃഷ്ടിക്കുന്നു എന്ന പ്രതീതി ഇതിനകം സൃഷ്ടിച്ചിരിക്കുന്നത്.

ഇസ്രയേൽ-ഹമാസ് യുദ്ധം: അറബ് ദേശീയതയുടെ നെഞ്ചുലയുമോ?
പാളിയ ഇന്റലിജന്‍സ്, പഴുതുള്ള അയേണ്‍ ഡോം; നെതന്യാഹു ഇനി വിയര്‍ക്കുമോ?

വർഷങ്ങളായി നമ്മൾ കണ്ടിട്ടില്ലാത്ത തന്ത്രപരമായ പ്രത്യാഘാതങ്ങൾ ഇപ്പോഴത്തെ യുദ്ധത്തിനുണ്ടെന്നും ഇത് ഒരു മൾട്ടി-ഫ്രണ്ട് യുദ്ധമായി മാറാനുള്ള ഗുരുതരമായ അപകടമുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡാണ്. ഇസ്രയേൽ-അറബി യുദ്ധം എന്ന നിലയിലേയ്ക്ക് ഈ യുദ്ധം മാറാനുള്ള സാഹചര്യമുണ്ടെന്ന് തന്നെയാണ് ലാപിഡ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത്തരത്തിലുള്ള ഒരു വിവരണത്തിലേക്ക് ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധം മാറുകയും രണ്ട് പക്ഷങ്ങൾ ഇരുകക്ഷികൾക്കും പിന്നിൽ അണിനിരക്കുകയും ചെയ്യുന്ന സാഹചര്യം ഇസ്രയേലിന് ഗുണകരമാകില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.

ജൂത-അറബ് പോരാട്ടങ്ങളുടെ കനലാഴങ്ങൾ

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് തീവ്രമായ സയണിസ്റ്റ്-അറബ് ദേശീയതാ ബോധങ്ങളുടെ നിഴൽ ഇപ്പോഴും ഇസ്രയേലുമായി ബന്ധപ്പെട്ട പശ്ചിമേഷ്യൻ സംഘർഷങ്ങളിലെല്ലാം അന്തർലീനമാണ്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഐക്യവും സ്വാതന്ത്ര്യവും ലക്ഷ്യമിട്ടുള്ള അറബ് ദേശീയ പ്രസ്ഥാനങ്ങളുടെ നീക്കങ്ങളിൽ മൂന്നാമത്തെ ലക്ഷ്യമായി പലസ്തീനെ സംരക്ഷിക്കുക എന്നത് കൂടി കടന്ന് വരികയായിരുന്നു. സിറിയയിലെ അലപ്പോ മുതൽ യെമൻ വരെ ഒരൊറ്റ ഏകീകൃത അറബ് രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ നടത്തിയ കലാപം അറബ് ദേശീയ ബോധത്തിന്റെ പ്രകാശനമായിരുന്നു. ട്രാൻസ്‌ ജോർദ്ദാനും ഡമാസ്‌കസും പിടിച്ചെടുത്ത് അറബ് സൈന്യം ഒരു വിശാല അറബ് രാജ്യമെന്ന സ്വപ്നത്തിലേയ്ക്ക് പോരാട്ടം നയിച്ചു. 1916ലെ സൈക്‌സ് പീക്കോട്ട് ഉടമ്പടി പ്രകാരം ബ്രിട്ടനും ഫ്രാൻസും ഈ പ്രദേശങ്ങളെ വിഭജിച്ചെടുത്തു. ഓട്ടോമൻ തുർക്കികൾക്ക് എതിരെ പോരാടിയ അറബ് ദേശീയ പ്രസ്ഥാനങ്ങളെ തളർത്തിയ നീക്കമായിരുന്നിത്.

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് തീവ്രമായ സയണിസ്റ്റ്-അറബ് ദേശീയതാ ബോധങ്ങളുടെ നിഴൽ ഇപ്പോഴും ഇസ്രയേലുമായി ബന്ധപ്പെട്ട പശ്ചിമേഷ്യൻ സംഘർഷങ്ങളിലെല്ലാം അന്തർലീനമാണ്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഐക്യവും സ്വാതന്ത്ര്യവും ലക്ഷ്യമിട്ടുള്ള അറബ് ദേശീയ പ്രസ്ഥാനങ്ങളുടെ നീക്കങ്ങളിൽ മൂന്നാമത്തെ ലക്ഷ്യമായി പലസ്തീനെ സംരക്ഷിക്കുക എന്നത് കൂടി കടന്ന് വരികയായിരുന്നു

ഇങ്ങനെ ബ്രിട്ടന്റെ അധിനിവേശത്തിലായ പലസ്തീൻ സയണിസ്റ്റ് ദേശീയതയുടെ കൂടി ഭൂമികയായി മാറിയതാണ് പിന്നീട് ഇസ്രയേൽ-അറബ് സംഘർഷങ്ങളുടെ അടിവേരായി മാറിയത്. ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന ആശയത്തോടെ സയണിസ്റ്റ് പ്രസ്ഥാനം സ്ഥാപിതമായതോടെയാണ് നിലവിലെ ജൂത-അറബ് സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ലോകത്താമകമാനം ചിതറി കിടന്നിരുന്ന യഹൂദർക്കായി ഒരു രാജ്യം എന്ന സയണിസ്റ്റ് ആശയം പൂർവ്വികരുടെ വാഗ്ദത്ത ഭൂമിയായ പലസ്തീനിലേയ്ക്കുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടി.

നൂറ്റാണ്ടുകൾ മുമ്പുള്ള പീഢനങ്ങളെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ ജൂതർ 19-20 നൂറ്റാണ്ടുകളിൽ പലസ്തീനിലേക്കുള്ള കുടിയേറ്റം ആരംഭിച്ചു. ജൂതരാഷ്ട്രമെന്ന സ്വപ്നങ്ങളെക്കാൾ ആദ്യഘട്ടത്തിൽ ഈ കുടിയേറ്റം ജൂതവിരുദ്ധ പീഢനങ്ങളിൽ നിന്നുള്ള രക്ഷയെന്ന നിലയിലാണ് സംഭവിച്ചത്. പലസ്തീൻ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ രണ്ട് ഘട്ടമായി നടന്ന ഇത്തരം കുടിയേറ്റങ്ങളിൽ ഏതാണ്ട് മുക്കാൽ ലക്ഷത്തോളം ജൂതർ ഈ പ്രദേശങ്ങളിലേക്ക് കുടിയേറി. ഇതോടെയാണ് ഈ മേഖലയിൽ തദ്ദേശീയരായ അറബികളും കുടിയേറ്റക്കാരായ ജൂതന്മാരും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ തന്നെ കുടിയേറിയ ജൂതന്മാർ ടെൽഅവിവീനെ ഒരുനഗരമാക്കി വളർത്തിയിരുന്നു.

ഓട്ടോമൻ സാമ്ര്യാജ്യത്തിന്റെ പതനത്തിനും ഒന്നാം ലോകമഹായുദ്ധത്തിനും ശേഷം കിഴക്കൻ യൂറോപ്പിൽ നിന്നും ബ്രിട്ടന്റെ അധിനിവേശത്തിലുള്ള പലസ്തീനിലേക്ക് ജൂത കുടിയേറ്റമുണ്ടായി. ജൂത-അറബ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 'ഫഗ്ന' എന്ന സായുധവിഭാഗത്തെ ജൂതസമൂഹം ഇക്കാലങ്ങളിൽ രൂപപ്പെടുത്തി. പോളണ്ടിലും ഹംഗറിയിലുമെല്ലാം ജൂതവിരുദ്ധ നിലപാടുകൾ ശക്തമായതോടെ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ജൂതരാണ് 1924-29 കാലഘട്ടത്തിൽ ഇവിടേയ്ക്ക് കുടിയേറിയത്. ഹിറ്റ്‌ലറുടെ നാസിസം ജൂതന്മാരെ ആശയപരമായി തന്നെ വോട്ടയാടാൻ ആരംഭിച്ചതോടെ ഏതാണ്ട് രണ്ടരലക്ഷത്തിനടുത്ത് ജൂതന്മാർ 1929-39 കാലഘട്ടത്തോടെ പലസ്തീനിലേക്ക് കുടിയേറിയെന്നാണ് കണക്ക്. ഈ നിലയിൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യ നാല് ദശകം പിന്നിടുമ്പോൾ തന്നെ പലസ്തീനിലെ കുടിയേറ്റ ജൂതന്മാരുടെ എണ്ണം ഏതാണ്ട് നാല് ലക്ഷം കടന്നിരുന്നു.

ഇസ്രയേൽ-ഹമാസ് യുദ്ധം: അറബ് ദേശീയതയുടെ നെഞ്ചുലയുമോ?
ജൂതരാഷ്ട്രം എങ്ങനെ യാഥാർത്ഥ്യമായി? തിയോഡർ ഹെർസൽ എന്ന മാധ്യമപ്രവർത്തകന്റെ പങ്ക്!

ബ്രിട്ടന്റെ അധിനിവേശത്തിലായിരുന്ന പലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നീക്കം ഒന്നാം ലോകമഹായുദ്ധ കാലത്ത് തന്നെ ബ്രിട്ടൻ നടത്തിയിരുന്നു. ബ്രിട്ടന്റെ ബാൽഫോർ പ്രഖ്യാപനത്തെ അറബികൾ ശക്തമായി എതിർത്തു. ഒന്നാം ലോകമഹായുദ്ധത്തോടെ സ്ഥാപിതമായ ലീഗ് ഓഫ് നേഷൻസ് 1923ൽ പലസ്തീനായി ബ്രിട്ടീഷ് മാൻഡേറ്റ് പുറപ്പെടുവിച്ചു. പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശം അതോടെ ബ്രിട്ടന്റെ കൈവശമായി. പിന്നീട് പിൽ കമ്മീഷൻ പലസ്തീൻ പ്രദേശത്തെ ജൂത അറബ് രാജ്യങ്ങളായി വിഭജിക്കാൻ ശുപാർശ ചെയ്തതോടെ ജൂത-അറബ് സംഘർഷം അക്രമണാത്മകമായി മാറി. രണ്ടാം ലോകമഹായുദ്ധത്തിന്റെയും ലോകത്താകമാനമുള്ള ബ്രീട്ടീഷ് കോളനിവാഴ്ചയ്‌ക്കേറ്റ തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ പലസ്തീൻ വിഭജനം ബ്രിട്ടൻ പുതിയതായി രൂപം കൊണ്ട യുണൈറ്റഡ് നേഷൻസിന് വിട്ടു.

1947ൽ പലസ്തീൻ വിഭജനത്തിൽ രണ്ട് നിർദ്ദേശങ്ങൾ യുഎൻ മുന്നോട്ടുവച്ചു. സംയുക്ത സമ്പദ് വ്യവസ്ഥയുള്ള രണ്ട് രാജ്യങ്ങൾ എന്നതായിരുന്നു ആദ്യ നിർദ്ദേശം. ജൂത-ഇസ്ലാം-ക്രിസ്ത്യൻ മതങ്ങളുടെ പുണ്യഭൂമിയായ ജെറുസലേം അറബികളുടെയോ ജൂതന്മാരുടെയോ ഭാഗമല്ലാതെ അന്താരാഷ്ട്ര ക്രമീകരണത്താൽ ഭരിക്കപ്പെടുമെന്നും ആദ്യ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. സ്വയം ഭരണമുള്ള ജൂത-അറബ് മേഖലകൾ ഉൾപ്പെടുന്ന ദ്വിരാഷ്ട്രം എന്നതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. അറബ് വിഭാഗം ഈ രണ്ട് നിർദ്ദേശങ്ങളും നിരാകരിച്ചു. ആദ്യ നിർദ്ദേശം പക്ഷെ ജൂതർ അംഗീകരിച്ചു.

1948ൽ ജൂതർ ഇസ്രയേൽ രാഷ്ട്ര രൂപീകരണം പ്രഖ്യാപിച്ചു. 1945ൽ രൂപീകൃതമായ അറബ് ലീഗ് പലസ്തീനെ സംരക്ഷിക്കാനായി ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചു. ഈജിപ്റ്റ്, ഇറാഖ്, സിറിയ, ലെബനൻ, സൗദി അറേബ്യ, ഇന്നത്തെ ജോർദ്ദാൻ എന്നിവരായിരുന്നു അറബ് ലീഗിൽ ഉണ്ടായിരുന്നത്. യുദ്ധത്തിൽ അറബ് ലീഗ് പരാജയപ്പെട്ടു. യുഎൻ നിർദ്ദേശിച്ചതിനാൽ കൂടുതൽ പ്രദേശം ഈ യുദ്ധത്തിലൂടെ ഇസ്രയേൽ കൈവശപ്പെടുത്തി. ബ്രിട്ടന്റെ കൈവശമിരുന്ന പലസ്തീന്റെ 56% പ്രദേശമായിരുന്നു ബ്രിട്ടൻ പുതിയ ജൂത രാഷ്ട്രത്തിനായി വിഭാവനം ചെയ്തിരുന്നത്. എന്നാൽ യുദ്ധം അവസാനിച്ചതോടെ ബ്രിട്ടീഷ് അധിനിവേശ പലസ്തീന്റെ 77% പ്രദേശങ്ങളും ഇസ്രയേലിന്റെ കൈവശമായി. യുദ്ധം അവസാനിച്ചതോടെ വെസ്റ്റ് ബാങ്കും, ജെറുസലേമിന്റെ കിഴക്കൻ ഭാഗവും ഗാസ സ്ട്രിപ്പും ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം ഇസ്രയേലിന്റെ കൈവശമായി.

പിന്നീട് 1967ൽ നടന്ന ഇസ്രയേൽ-അറബ് ആറ് ദിവസ യുദ്ധത്തിന്റെ അനന്തരഫലങ്ങളാണ് പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ ഇന്നത്തെ സാഹചര്യം ഇത്രമേൽ രൂക്ഷമാക്കിയത്. ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന നാസർ അറബ് ദേശീയതയുടെ വക്താവായിരുന്നു. അറബ് ദേശീയതാ ബോധം ഏറ്റവും ശക്തമായ ആശയ പരിസരമായി ഉയർന്ന് നിന്ന ഒരുകാലഘട്ടം കൂടിയായിരുന്നത്. 1967 മെയ് മാസത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന നാസർ തിരാൻ കടലിടുക്കും അക്കാബ ഉൾക്കടലും അടച്ചു. ഇസ്രയേലി കപ്പലുകൾക്കും എണ്ണ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ചരക്കുകൾ ഇസ്രയേലിലേക്ക് കൊണ്ടുപോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും ഇതിലൂടെ പ്രവേശനം നിഷേധിക്കുകയായിരുന്നു . ഇസ്രയേലിനെ സംബന്ധിച്ച് നിർണ്ണായകമായ ഒരു ജലപാതയായിരുന്നിത്. ഇതാണ് ആറ് ദിവസ യുദ്ധത്തിന് വഴിവെച്ചതെങ്കിലും അറബ് ദേശീയതയുടെ മൂന്നാമത്തെ ലക്ഷ്യമായ പാലസ്തീൻ വിമോചനം ഈ യുദ്ധത്തിലും അന്തർലീനമായിരുന്നു.

ഈജിപ്തും, സിറിയയും, ജോർദ്ദാനും അടങ്ങുന്ന അറബ് സഖ്യത്തിന്റെ ഇറാനെതിരായ യുദ്ധം പക്ഷെ ആറ് ദിവസമാണ് നീണ്ടു നിന്നത്. 1948ൽ ഉണ്ടായതിലും കനത്ത പരാജയമാണ് അറബ് സഖ്യകക്ഷികളെ കാത്തിരുന്നത്. സീനായ് ഉപദ്വീപ്, ഗാസ സ്ട്രീപ്പ്, വെസ്റ്റ് ബാങ്ക്, പഴയ ജറുസലേം നഗരം, ഗോലാൻ കുന്നുകൾ എന്നിവ ഇസ്രയേൽ സ്വന്തമാക്കി. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ഇസ്രയേൽ അധിനിവേശം പലസ്തീൻ വിമോചന പോരാട്ടത്തെ കൂടുതൽ തീവ്രമാക്കി.

ആറ് ദിവസ യുദ്ധത്തെ തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ 242-ാം പ്രമേയം പാസാക്കി. സമീപകാല സംഘർഷത്തിൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലി സായുധ സേന പിൻവാങ്ങുക എന്ന ആഹ്വാനമായിരുന്നു 242-ാം പ്രമേയത്തിന്റെ അന്തസത്ത

ആറ് ദിവസ യുദ്ധത്തെ തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ 242-ാം പ്രമേയം പാസാക്കി. സമീപകാല സംഘർഷത്തിൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലി സായുധ സേന പിൻവാങ്ങുക എന്ന ആഹ്വാനമായിരുന്നു 242-ാം പ്രമേയത്തിന്റെ അന്തസത്ത. ഈ പ്രമേയം അവ്യക്തമാണ് എന്ന വിമർശനം ഉയർന്നുവന്നു. എല്ലാ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ഇസ്രയേൽ പിൻമാറണമെന്ന നിർദ്ദേശം പ്രമേയത്തിൽ ഇല്ലായെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിമർശനം. ഇസ്രയേലുമായി സമാധാനം സ്ഥാപിക്കാനും പ്രമേയം അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 1967ൽ ഇസ്രയേൽ അധീനപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് പിന്മാറുകയെന്നതായിരുന്നു പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ 1948ലെ യുദ്ധത്തിൽ ഇസ്രയേൽ അധിനിവേശപ്പെടുത്തിയ പ്രദേശങ്ങളെക്കുറിച്ച് ഈ പ്രമേയം മൗനം പാലിച്ചു. സുരക്ഷിതവും അംഗീകൃതവുമായ അതിരുകൾ എന്ന രക്ഷാസമിതിയുടെ ആഹ്വാനത്തെ അറബ് രാജ്യങ്ങൾ നിരാകരിച്ചു. സ്വതന്ത്ര പലസ്തീന്റെ അതിരുകൾ സംബന്ധിച്ചോ പലസ്തീന്റെ അസ്ഥിത്വത്തെ സംബന്ധിച്ചോ 242-ാം പ്രമേയത്തിൽ പരാമർശങ്ങളില്ലാത്തതും വിമർശനത്തിന് വഴിവെച്ചിരുന്നു. 'അഭയാർത്ഥി പ്രശ്‌നത്തിന്' ന്യായമായ പരിഹാരം എന്ന അവ്യക്തമായ നിലപാട് മാത്രമായിരുന്നു ഈ പ്രമേയത്തിൽ പലസ്തീനെ പ്രതി ഉണ്ടായിരുന്നത് എന്നാണ് വിമർശനം. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പ്രമേയത്തെ നിരസിച്ചു. എന്നാൽ പ്രമേയ പ്രകാരം ഓരോ അറബ് രാഷ്ട്രവുമായി കരാർ ഉണ്ടാക്കാൻ സന്നദ്ധമാണെന്നായിരുന്നു ഇസ്രയേൽ നിലപാട്.

പുരോഗതിയൊന്നുമില്ലാതെ യുഎൻ രക്ഷാസമിതിയുടെ പ്രമേയം നിലനിൽക്കെ 1973 ഒക്ടോബർ 6ന് ഈജിപ്തും സിറിയയും സംയുക്തമായി ഇസ്രയേലിന് നേരെ അപ്രതീക്ഷിതമായ ആക്രമണം നടത്തി. ജൂതന്മാരുടെ വിശുദ്ധദിനമായ യോം കിപ്പൂർ ദിനത്തിൽ ആരംഭിച്ച യുദ്ധമായതിനാൽ ഈ യുദ്ധം യോം കിപ്പൂർ യുദ്ധമെന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ റമദാൻ മാസത്തിലായിരുന്നു യുദ്ധമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 1967ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചടക്കിയ ഗോലാൻ കുന്നുകളും സിനായ് ഉപദ്വീപും കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. യുദ്ധം തുടരുന്ന സാഹചര്യത്തിൽ 1973 ഒക്ടോബർ 22ന് യുഎൻ രക്ഷാ സമിതി 338-ാം പ്രമേയം അംഗീകരിച്ചു. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. വെടിനിർത്തലിന് ശേഷം നേരത്തെ പാസാക്കിയ 242-ാം പ്രമേയം ചർച്ച ചെയ്യാൻ ബന്ധപ്പെട്ട കക്ഷികളോട് 338-ാം പ്രമേയം ആവശ്യപ്പെട്ടു. അമേരിക്കയും സോവിയറ്റ് യൂണിയനും ഇടപെട്ടതിന്റെ ഭാഗമായി മൂന്നാം ഇസ്രയേൽ-അറബ് യുദ്ധത്തിന് മൂന്നാഴ്ചയ്ക്ക് ശേഷം ഒക്ടോബർ 25ന് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.

ഈ യുദ്ധത്തെ തുടർന്നാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ മുൻകൈ എടുത്ത് ഇസ്രയേലിനും ഈജിപ്റ്റിനുമിടയിൽ യുഎൻ രക്ഷാസമിതിയുടെ 242-ാം പ്രമേയം അനുസരിച്ചുള്ള ചർച്ചകൾ നടന്നു. 1978 സെപ്റ്റംബർ 5 മുതൽ സെപ്തംബർ 17 വരെ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് അൻവർ ആൽ സാദത്തും, ഇസ്രയേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിൽ ജിമ്മി കാർട്ടറുടെ സാന്നിധ്യത്തിൽ ക്യാമ്പ് ഡേവിസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ക്യാമ്പ് ഡേവിഡ് ഉടമ്പടികൾ രൂപപ്പെടുന്നത്. മിഡിൽ ഈസ്റ്റിലെ സമാധാനത്തിനുള്ള ചട്ടക്കൂട് എന്ന നിലയിലാണ് ഈ ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നത്. വിഷയത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഉൾപ്പെടുന്ന നിരന്തര ചർച്ച എന്നതായിരുന്നു ഉടമ്പടിയുടെ കാതൽ.

വെസ്റ്റ്ബാങ്കും ഗാസയുമായി ബന്ധപ്പെട്ട ചർച്ചകൾ മൂന്ന് ഘട്ടങ്ങളായി തുടരണമെന്ന് ഉടമ്പടി വ്യക്തമാക്കിയിരുന്നു. 1967ലെ യുദ്ധത്തിൽ സ്വന്തമാക്കിയ സിനായ് ഉപദ്വീപിൽ നിന്ന് ഇസ്രയേൽ സെന്യത്തെ പിൻവലിക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കും എന്നതായിരുന്നു ഉടമ്പടിയിലെ പ്രധാനപ്പെട്ട സമാധാന നിർദ്ദേശം. ഇസ്രയേലുമായി കരാറിൽ ഏർപ്പെട്ടതോടെ ഈജിപ്റ്റ് വഞ്ചന കാണിച്ചെന്നും ഇസ്രയേലിനെ അംഗീകരിച്ചുവെന്നുമായിരുന്നു അറബ് ലോകത്തിന്റെ വികാരം. ഈജിപ്തിനെ അറബ് ലീഗിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

1993ൽ ഓസ്ലോ സമാധാന കരാറിൽ പിഎൽഒയും ഇസ്രയേലും ഒപ്പുവെച്ചു. യുഎൻ രക്ഷാസമിതിയുടെ 242, 338 പ്രമേയങ്ങൾ ഭാഗികമായെങ്കിലും അംഗീകരിക്കാൻ പിഎൽഒ തയ്യാറായി. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രയേൽ സുരക്ഷാ സേനയെ പിൻവലിക്കുകയോ പുനർവിന്യസിക്കുകയോ ചെയ്യുക, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, നികുതി, ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ ഫലസ്തീനികൾക്കുള്ള അധികാരം ഉടനടി കൈമാറുക, തുടങ്ങിയ ഉപാധികളോടെയായിരുന്നു സമാധാനകരാർ തയ്യാറാക്കപ്പെട്ടത്. പലസ്തീൻ അഭയാർത്ഥികൾ, ഇസ്രയേലി വാസസ്ഥലങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ കരാറിൽ നിർവചിച്ചിരുന്നു.

അതിരുകൾ, വിദേശ ബന്ധങ്ങൾ, ശക്തമായ പലസ്തീൻ പോലീസ് സേനയുടെ സൃഷ്ടി, വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പലസ്തീനികൾക്കായി ജനാധിപത്യപരമായ തിരഞ്ഞെടുപ്പ്, സുരക്ഷ, സാമ്പത്തിക വികസനം എന്നീ വിഷയങ്ങളിൽ പിഎൽഒയും ഇസ്രയേലും തമ്മിലുള്ള ഏകോപനത്തിനുള്ള ക്രമീകരണങ്ങളും കരാറിന്റെ ഭാഗമായിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ചുവടുവെയ്പ്പ് എന്ന നിലയിലാണ് ഓസ്ലോ കരാർ വിലയിരുത്തപ്പെട്ടത്. 1999 മെയ് മാസത്തോടെ ഇസ്രയേൽ-പലസ്തീൻ സംഘർഷം പരിഹരിക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം. എന്നാൽ പിന്നീട് ഇസ്രയേലിൽ നടന്ന ഭരണമാറ്റങ്ങൾ അടക്കം ഈ കരാർ അതിന്റെ സാരാംശം ഉൾക്കൊണ്ട് നടപ്പിലാകുന്നതിന് പലവിധ തടസ്സങ്ങൾ ഉണ്ടായി. പലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങൾ പലവിധത്തിൽ തുടർന്നുകൊണ്ടിരുന്നു.

1994ൽ യുഎൻ രക്ഷാസമിതിയുടെ 242-338 പ്രമേയപ്രകാരം ജോർദ്ദാനും ഇസ്രയേലിനുമിടയിലും സമാധാനകരാർ രൂപപ്പെട്ടു. 1967ലെ ആറ് ദിവസയുദ്ധത്തിൽ പങ്കാളികളായവരിൽ നിലവിൽ സിറിയ മാത്രമാണ് ഇസ്രയേലുമായി സന്ധി ചെയ്യാൻ തയ്യാറാകാത്തത്. ഇസ്രയേൽ ഗോലാൻ കുന്നിൽ നിന്നും പിന്മാറാതെ സമാധാന കരാർ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിറിയ. ഗോലാൻ കുന്നിന്റെ നിയന്ത്രണം ഇപ്പോഴും ഇസ്രയേൽ തന്നെയാണ് കൈയ്യാളുന്നത്.

ലെബനനുമായുള്ള വിഷയങ്ങൾ 1967 ന് ശേഷമുള്ള പോരാട്ടത്തിന്റെ ഫലമാണെന്നാണ് ഇസ്രയേൽ നിലപാട്. അതിനാൽ തന്നെ ഈ വിഷയത്തിൽ 242 പ്രമേയം അപ്രസക്തമാണെന്നാണ് ഇസ്രയേൽ വാദം. ഒരു ഉടമ്പടി ഒപ്പുവെക്കുകയും നിലവിൽ തീവ്രവാദ ഗ്രൂപ്പുകളുടെ കൈയിലുള്ള വടക്കൻ അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും ചെയ്താൽ അന്താരാഷ്ട്ര അതിർത്തിയിലേക്ക് പിൻവാങ്ങുമെന്ന നിലപാടും ഇസ്രയേൽ മുന്നോട്ടുവച്ചിരുന്നു.

ചാരം മൂടിയ അറബ് ദേശീയതയുടെ കഥ, കത്തിജ്വലിക്കുന്ന സയണിസ്റ്റ് ദേശീയതയുടെയും

ശീതയുദ്ധാനന്തര ലോകത്ത് അറബ് ദേശീയതയുടെ തീവ്രത പതിയെ അസ്തമിച്ചു. കടുത്ത അറബ് ദേശീയതയുടെ വക്താക്കളായിരുന്ന പല രാജ്യങ്ങളിലും അറബ് ദേശീയതയ്ക്ക് പകരം രാഷ്ട്രീയ ഇസ്ലാമിന്റെ വൈകാരികതയ്ക്ക് കൂടുതൽ സ്വാധീനം ലഭിച്ചു. അറബ് ലീഗിന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ തമ്മിൽ പോലും ഇസ്ലാമിന്റെ ആന്തരിക ധാരകളുടെ വൈരുദ്ധ്യങ്ങളുടെ പേരിലുള്ള തർക്കങ്ങളും സംഘർഷങ്ങളും പതിവായി മാറി. അറബ് ദേശീയതയുടെ വൈകാരിക പരിസരം ഏതാണ്ട് അസ്തമിച്ച ഘട്ടത്തിൽ പലസ്തീൻ വിമോചനത്തിന് വേണ്ടിയുള്ള പരസ്യ സംഘർഷങ്ങളിൽ നിന്ന് പല അറബ് രാജ്യങ്ങളും പിൻവാങ്ങി. അതുവരെ അറബ് ദേശീയയുടെ ലക്ഷ്യമായി കണ്ടിരുന്ന പാലസ്തീൻ വിമോചനം അപ്രസക്തമായ അറബ് അജണ്ടയായി പ്രത്യക്ഷത്തിലെങ്കിലും ചുരുങ്ങി.

ശീതയുദ്ധാനന്തര ലോകത്ത് അറബ് ദേശീയതയുടെ തീവ്രത പതിയെ അസ്തമിച്ചു. കടുത്ത അറബ് ദേശീയതയുടെ വക്താക്കളായിരുന്ന പല രാജ്യങ്ങളിലും അറബ് ദേശീയതയ്ക്ക് പകരം രാഷ്ട്രീയ ഇസ്ലാമിന്റെ വൈകാരികതയ്ക്ക് കൂടുതൽ സ്വാധീനം ലഭിച്ചു. അറബ് ലീഗിന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ തമ്മിൽ പോലും ഇസ്ലാമിന്റെ ആന്തരിക ധാരകളുടെ വൈരുദ്ധ്യങ്ങളുടെ പേരിലുള്ള തർക്കങ്ങളും സംഘർഷങ്ങളും പതിവായി മാറി

ഇതിനിടയിൽ പലസ്തീൻ വിമോചനത്തിന്റെ സാധ്യതകൾ ഭൂമിശാസ്ത്രപരമായി അടയ്ക്കുന്ന നിലയിലുള്ള നീക്കങ്ങൾ ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായി. വെസ്റ്റ്ബാങ്കിലും കിഴക്കൻ ജെറുസലേമിലെയും അധിനിവേശ മേഖലകളിൽ ധാരാളം ജൂത സെറ്റിൽമെന്റുകൾ ഈ കാലയളവിൽ സ്ഥാപിതമായി. പലസ്തീൻ അധിനിവേശ പ്രദേശങ്ങൾ ജൂത അധിനിവേശ പ്രദേശങ്ങളായി കൂടി മാറ്റപ്പെടുന്ന നില പതിയെ കൈവന്നു. പിഎൽഒയും ഇസ്രയേലും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരവും വെല്ലുവിളി നേരിടുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും കുടിയേറ്റക്കാരുടെ എണ്ണം 6.5 ലക്ഷമായി കഴിഞ്ഞതായാണ് കണക്കുകൾ. അധിനിവേശ പലസ്തീൻ അടക്കമുള്ള ഇസ്രയേലിനായി വാദിക്കുന്ന തീവ്രസയണിസ്റ്റ് വിഭാഗത്തിന്റെ സ്വാധീനം ഭരണകൂടത്തിലും പ്രതിഫലിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ സ്വതന്ത്ര്യ പലസ്തീൻ എന്ന ആശയത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ ഇല്ലായ്മ ചെയ്യുന്നത്.

കഴിഞ്ഞ കാലങ്ങളിൽ കുടിയേറ്റ സെറ്റിൽമെന്റ് ഏരിയയകളുടെ വിസ്തൃതി വെസ്റ്റ്ബാങ്കിന്റെ 9.3% ആയി വളർന്നുവെന്നാണ് കണക്കുകൾ പറയുന്നത്. വെസ്റ്റ് ബാങ്കിന്റെ 20% മേഖല അടഞ്ഞ സൈനിക മേഖലയായും വെസ്റ്റ് ബാങ്കിന്റെ മറ്റൊരു 20% മേഖലകൾ സ്റ്റേറ്റ് ലാൻഡ് ആയും ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ വെസ്റ്റ് ബാങ്കിന്റെ 9.4% പ്രദേശം അനക്സേഷൻ മതിലിനും 1967ലെ അതിർത്തിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ചുരുക്കി പറഞ്ഞാൽ വെസ്റ്റ്ബാങ്കിന്റെ 60% പ്രദേശങ്ങളും ഇസ്രയേൽ നിയന്ത്രണത്തിലാണ്.

1995-ലെ ഓസ്ലോ II ഉടമ്പടി പ്രകാരം പലസ്തീനിയൻ വെസ്റ്റ് ബാങ്കിന്റെ ഭരണപരമായ വിഭജനം എ, ബി, സി എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു. മൂന്ന് പ്രദേശങ്ങളുടെയും പൂർണ്ണ അധികാരപരിധി കാലക്രമേണ ഫലസ്തീനിയൻ അതോറിറ്റിക്ക് കൈമാറുമെന്നായിരുന്നു ധാരണ. പലസ്തീനിയൻ അതോറിറ്റി ഭരിക്കുന്ന ഏരിയ എ, ഇസ്രയേലിന്റെ നിയന്ത്രണത്തിൽ ഏരിയ സി, സംയുക്ത നിയന്ത്രണത്തിൽ ഏരിയ ബി എന്നതായിരുന്നു ധാരണ. ഏരിയ എ പലസ്തീൻ ഭരണക്രമത്തിൻ്റെയും, പൊലീസിൻ്റെയും നിയന്ത്രണത്തിലാണ്. ഇത് വെസ്റ്റ് ബാങ്കിന്റെ 18% ആണ്. വെസ്റ്റ്ബാങ്കിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് ഏരിയ എ. പലസ്തീൻ നിയന്ത്രണത്തിലാണെങ്കിലും, കെട്ടിടനിർമ്മാണത്തിന് ലഭ്യമായ ഭൂരിഭാഗം പ്രദേശവും ഏരിയ സിയുടെ അതിർത്തിയിലാണ്.

ഏരിയ ബിയിൽ ഭരണപരമായ നിയന്ത്രണം പലസ്തീൻ അതോറിറ്റിക്കാണെന്നാണ് ധാരണ. എന്നാൽ സുരക്ഷാ നിയന്ത്രണം ഇസ്രയേലി അധികാരികളുമായി പങ്കിടുന്നു. ഈ പ്രദേശം വെസ്റ്റ് ബാങ്കിന്റെ ഏകദേശം 22% വരും. വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം എന്നീ മേഖലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശത്തിന്റെ പലസ്തീൻ അതോറിറ്റിയുടെ ഭരണപരമായ നിയന്ത്രണം. വെസ്റ്റ്ബാങ്കിലെ ഭൂരിഭാഗം പലസ്തീനികളും എ അല്ലെങ്കിൽ ബി മേഖലകളിലാണ് താമസിക്കുന്നത്. എന്നാൽ ഈ പ്രദേശങ്ങൾ അടുത്തടുത്തല്ല. ഏരിയ എ, ബി എന്നിവയെ ഏരിയ സി നൂറുകണക്കിന് വ്യത്യസ്ത സെഗ്മെന്റുകളായി വിഭജിക്കുന്നു.

ഇസ്രയേൽ ഭരിക്കുന്ന ഏരിയ സി, വെസ്റ്റ് ബാങ്കിൻ്റെ 60 ശതമാനത്തിലധികം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. ഏകദേശം 300,000 പലസ്തീനികൾ സി ഏരിയയിൽ ഭാഗികമായോ പൂർണ്ണമായോ സ്ഥിതി ചെയ്യുന്ന 532 റെസിഡൻഷ്യൽ ഏരിയകളിലായി താമസിക്കുന്നു. ഇതിന് പുറമെ ഏകദേശം 230 സെറ്റിൽമെൻ്റുകളിലായി 400,000 ഇസ്രയേലി കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്നു. കൂടാതെ, ഏരിയ സിയുടെ ഏകദേശം 30% സൈനിക പരിശീലനത്തിനായി "ഫയറിംഗ് സോൺ" ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 38 പലസ്തീൻ കമ്മ്യൂണിറ്റികൾ ഈ പരിശീലന മേഖലകളിൽ സ്ഥിതിചെയ്യുന്നു. മൊത്തത്തിൽ, ഏരിയ സിയുടെ 60% ഈ ഫയറിംഗ് സോണുകൾ ഉൾപ്പെടുന്ന സൈനിക ആവശ്യത്തിനുള്ള ഭൂമിയാണ്. സർക്കാർ ഭൂമിയും പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടുന്ന ഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഏരിയ സിയിലെ പലസ്തീനികൾ രണ്ടാം തരം പൗരന്മാരെ പോലെയാണ് കണക്കാക്കപ്പെടുന്നതെന്നും പരാതികളുണ്ട്.

ഗാസയിൽ നിന്ന് പിന്മാറിയ ഇസ്രയേൽ 2007ൽ ഗാസയ്ക്ക് ചുറ്റും അതിർത്തി വേലികൾ സ്ഥാപിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ഗാസയിലെ ജനങ്ങളുടെ ജീവിതം ദുരന്തപൂർണ്ണമാണ്. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പലസ്തീൻ മേഖലകളിലേക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത വിധം ബന്ധിക്കപ്പെട്ട നിലയിലാണ് ഇവർ. ഗാസ സ്ട്രിപ്പ് ഇസ്രയേൽ അധിനിവേശത്തിൽ നിന്ന് മോചിതമാണെന്ന് സാങ്കേതികമായ അർത്ഥത്തിൽ പറയാമെങ്കിലും ഒരു തുറന്ന ജയിലിന്റെ അവസ്ഥയിലാണ് ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രയുള്ള മേഖലകളിലൊന്നായി കണക്കാക്കുന്ന ഈ പ്രദേശം.

ഓസ്ലോ ഉടമ്പടികൾ, ക്യാമ്പ് ഡേവിഡ് ഉച്ചകോടി, ക്ലിന്റൺ പാരാമീറ്ററുകൾ, തബ ഉച്ചകോടി, അറബ് സമാധാന സംരംഭം, മിഡിൽ ഈസ്റ്റ് റോഡ് മാപ്പ്, ഓൾമെർട്ട്-അബ്ബാസ് ചർച്ചകൾ, അന്നാപോളിസ് പ്രക്രിയയ്ക്കുള്ളിലെ കെറി സമാധാന ശ്രമങ്ങൾ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ച് വർഷത്തെ നയതന്ത്ര ശ്രമങ്ങളൊന്നും പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ തീ കെടുത്താൻ ഉതകിയിട്ടില്ല. ഇത്തരമൊരു സന്നിഗ്ധമായ ഘട്ടത്തിലാണ് ഹമാസ്-ഇസ്രയേൽ സംഘർഷം ഒരു മൾട്ടി ഫ്രണ്ട് യുദ്ധമായി പരിണമിക്കുമെന്ന ആശങ്ക സമ്മാനിച്ച് വളരുന്നത്.

സൗദിയും ഈജിപ്തും അടക്കമുള്ള അറബ് രാജ്യങ്ങൾക്ക് പലസ്തീൻ വിഷയത്തിൽ ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. അറബ്, ജൂത രാജ്യങ്ങൾക്കായി യുഎൻ ഉണ്ടാക്കിയ കരാർ അംഗീകരിക്കാതെ 1948ൽ ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങിയവരാണ് സൗദിയും ഈജിപ്തുമെല്ലാം. പിന്നീട് നടന്ന രണ്ട് അറബ്-ഇസ്രയേൽ യുദ്ധങ്ങളിലും പങ്കാളികളാണ് ഈജിപ്ത്

യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പതിവ് പേലെ അമേരിക്ക ഇസ്രയേലിനെ പിന്തുണച്ച് രംഗത്ത് വന്നു. ഫ്രാൻസും ബ്രിട്ടനും ജർമ്മനിയും ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ചു. മധ്യപൂർവ്വേഷ്യയിലെ അറബ് രാജ്യങ്ങൾ പഴയത് പോലെ അമേരിക്കൻ സ്വാധീനവലയത്തിലല്ല. അതിനാൽ തന്നെ തുടക്കത്തിൽ ഈ വിഷയത്തിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കം തന്ത്രപരമാണെന്ന് തന്നെ വിലയിരുത്തണം. മൂന്നാമതൊരു കക്ഷി യുദ്ധത്തിൽ പങ്കാളിയായാൽ അമേരിക്ക ഇടപെടുമെന്നുള്ള സന്ദേശമാണ് ഇതിലൂടെ നൽകിയത്. ഇറാൻ വിഷയത്തിൽ ഇടപെടാനുള്ള സാധ്യത അമേരിക്ക മുൻകൂട്ടി കണ്ടിരുന്നു.

സൗദിയും ഈജിപ്തും അടക്കമുള്ള അറബ് രാജ്യങ്ങൾക്ക് പലസ്തീൻ വിഷയത്തിൽ ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. അറബ്, ജൂത രാജ്യങ്ങൾക്കായി യുഎൻ ഉണ്ടാക്കിയ കരാർ അംഗീകരിക്കാതെ 1948ൽ ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങിയവരാണ് സൗദിയും ഈജിപ്തുമെല്ലാം. പിന്നീട് നടന്ന രണ്ട് അറബ്-ഇസ്രയേൽ യുദ്ധങ്ങളിലും പങ്കാളികളാണ് ഈജിപ്ത്. പഴയ അറബ് ദേശീയ ബോധം ആ നിലയിൽ തീവ്രമല്ലെങ്കിലും നിലവിലെ സാഹചര്യം അറബ് ഐക്യത്തിന് വഴിതെളിക്കുമെന്ന് അമേരിക്ക ഭയക്കുന്നുണ്ട്.

പഴയ നിലയിലല്ല അറബ് രാജ്യങ്ങൾ. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തികമായും സൈനികമായും ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരായി മാറിയിട്ടുണ്ട്. ഇറാനുമായി സൗദി അടക്കമുള്ള രാജ്യങ്ങൾക്കുള്ള ബന്ധത്തിൽ സൗഹാർദ്ദ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. അറബ് രാജ്യങ്ങൾക്കിടയിൽ മതപരമായ അവാന്തര വിഷയങ്ങളുടെ പേരിലുള്ള സംഘർഷം ഇപ്പോൾ പഴയത് പോലെ ശക്തമല്ല. ചാരം മൂടികിടന്ന അറബ് വികാരവും പലസ്തീൻ വിഷയവും ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്ക് എതിരായി വീണ്ടും തിരിഞ്ഞേക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. അത് യുദ്ധത്തിൽ ഈ രാജ്യങ്ങളുടെ പങ്കാളിത്തത്തിന് വഴിവയ്ക്കുമെന്നും അമേരിക്ക നിശ്ചയമായും ഭയപ്പെടുന്നുണ്ട്. ചൈനയും റഷ്യും കൂടി പലസ്തീൻ അനുകൂലനിലപാട് കൈക്കൊണ്ടാൽ ഇത് വരെ സംരക്ഷിച്ചത് പോലെ സുഗമമായി ഇസ്രയേലിനെ ചേർത്ത് പിടിക്കാൻ കഴിയില്ലെന്ന് അമേരിക്ക നിശ്ചയമായും ഭയക്കുന്നുണ്ട്. ഖത്തറിനെ വിഷയം പരിഹരിക്കാനുള്ള ദൗത്യത്തിൽ അമേരിക്ക പങ്കാളികളാക്കിയതും ഈ സാഹചര്യങ്ങളെല്ലാം മുൻകൂട്ടി കണ്ടാണെന്ന് വേണം അനുമാനിക്കാൻ.

നിലവിൽ ഗാസയിലേയ്ക്കുള്ള ഏതുമാർഗ്ഗമുള്ള ഇസ്രയേൽ ആക്രമണവും വലിയ തോതിലുള്ള ആൾനാശത്തിന് വഴിവയ്ക്കും. ഇതും നിലവിലെ ലോകവികാരം ഇസ്രയേലിന് എതിരാകാൻ വഴിതെളിച്ചേക്കാം. അതിനാൽ തന്നെയാവണം ഹമാസ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നും ഇപ്പോൾ നടക്കുന്നത് വാർ ഓൺ ടെറർ ആണെന്നുമുള്ള വിവരണങ്ങൾ രൂപപ്പെടുന്നത്.

പലസ്തീൻ വിമേചനത്തിൽ എന്തെങ്കിലും അനുകൂല സമീപനം ഉണ്ടാകാനുള്ള അവസാന അവസരമായി ഹമാസ് ഈ സാഹചര്യത്തെ കണക്കാക്കുന്നു എന്ന് വേണം വിലയിരുത്താൻ. അതിനാൽ തന്നെ ഒരു അറബ് ദേശീയ ബോധം ഈ വിഷയത്തിൽ ഉയർന്നവരണമെന്ന് ഹമാസ് ന്യായമായും ആഗ്രഹിക്കുന്നുണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്ന അറബ് രാജ്യങ്ങൾക്കുള്ള സന്ദേശമാണ് ഇതെന്ന് ഇതിനകം ഹമാസ് പ്രഖ്യാപിച്ചതിന് നിരവധി മാനങ്ങളുണ്ട്. പലസ്തീനുള്ള പിന്തുണ സൗദി അറേബ്യ ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ യുദ്ധം നീളുന്ന ഓരോ നിമിഷവും അറബ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദമേറുമെന്ന് തീർച്ചയാണ്. ഇത് ഒരു മൾട്ടി-ഫ്രണ്ട് യുദ്ധമായി മാറാനുള്ള ഗുരുതരമായ അപകടമുണ്ടെന്ന യെയർ ലാപഡിന്റെ മുന്നറിയിപ്പ് അതിനാൽ തന്നെ ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com