ചെഗുവേര: ലോകത്തിന് പ്രചോദനമായ വിമോചന പോരാട്ടങ്ങളുടെ വിപ്ലവപ്രതിരൂപം

ഗ്രാന്‍മയുടെ ചരിത്രം ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രമാണ്. ആ ചരിത്രം ഫിഡല്‍ കാസ്ട്രോയുടെയും ഏണസ്റ്റോ ചെഗുവേരയുടെയും ജീവിത ചരിത്രം കൂടിയാണ്. അതില്‍ ചെഗുവേരയുടെ ചരിത്രം ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും മണ്ണുകളില്‍ പാകിയ വിമോചന പോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്
ചെഗുവേര: ലോകത്തിന് പ്രചോദനമായ വിമോചന പോരാട്ടങ്ങളുടെ വിപ്ലവപ്രതിരൂപം

'...ആദ്യം വെള്ളം അവരുടെ അരക്കെട്ടിലും പിന്നെ നെഞ്ചിലും താടിയിലും എത്തി... പിന്നെയും അത് തന്നെ ആവര്‍ത്തിച്ചു; വെള്ളം കഴുത്തിനു താഴെയും നെഞ്ചിലും എത്തി. കയ്യിലിരുന്ന കയറുമായി ആദ്യം ഇറങ്ങിയ മൂന്ന് പേര്‍ കണ്ടല്‍ക്കാടിലെത്തി കെട്ടിയിട്ടു. ഇപ്പോള്‍ അവര്‍ ഓരോന്നായി ചാടുന്നു. ഭാരം കൂടിയ മനുഷ്യര്‍ ചാടുമ്പോള്‍ ചെളിയില്‍ മുങ്ങുന്നു, ഭാരം കുറഞ്ഞവര്‍ അവരെ സഹായിക്കുന്നു...'

'No one here gives up!' (ഒരാളും ഇവിടെ തോറ്റ് കൊടുക്കരുതെന്ന) മുദ്രാവാക്യം ക്യൂബന്‍ വിപ്ലവത്തിന് സമ്മാനിച്ച മഹാനായ വിപ്ലവകാരി ജുവാന്‍ അല്‍മേഡ ബോസ്‌ക് ഗ്രാന്‍മ ക്യൂബന്‍ തീരം തൊട്ട ആ നിമിഷത്തെ ഇങ്ങനെയാണ് ഓര്‍മ്മിക്കുന്നത്.

ഗ്രാന്‍മയുടെ ചരിത്രം ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രമാണ്. ആ ചരിത്രം ഫിഡല്‍ കാസ്ട്രോയുടെയും ഏണസ്റ്റോ ചെഗുവേരയുടെയും ജീവിത ചരിത്രം കൂടിയാണ്. അതില്‍ ചെഗുവേരയുടെ ചരിത്രം ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും മണ്ണുകളില്‍ പാകിയ വിമോചന പോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്.

സിഐഎയുടെ സഹായത്തോടെ പിടികൂടി വിചാരണപോലും ചെയ്യാതെ 1967 ഒക്ടോബര്‍ 9ന് ബൊളീവിയന്‍ പട്ടാളം ചെഗുവേരയെ കൊലപ്പെടുത്തിയിട്ട് ഇന്ന് 56 കൊല്ലം പൂര്‍ത്തിയാകുന്നു. ജെയിം ടെറാന്‍ എന്ന സൈനികനെയായിരുന്നു ഇതിനായി നിയോഗിച്ചത്.. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ആ പട്ടാളക്കാരനെ ചുമതലപ്പെടുത്തിയത്. 'നീ എന്നെ കൊല്ലാന്‍ വന്നതാണെന്ന് എനിക്കറിയാം. വെടിവെക്കൂ, നിങ്ങള്‍ ഒരു സാധാരണ മനുഷ്യനെ മാത്രമേ കൊല്ലാന്‍ പോകുന്നുള്ളൂ.' സമീപമെത്തിയ ടെറാനോട് ചെഗുവേര പറഞ്ഞു. ചെഗുവേരയുടെ നെഞ്ചിലും കൈകാലുകളിലും ടൊറാന്‍ വെടിയുതിര്‍ത്തു. മരണശേഷം വീരപരിവേഷം കിട്ടരുതെന്ന ബെളീവിയന്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യമായിരുന്നു വിചാരണ പോലും നിഷേധിച്ച് ചെഗുവേരയെ ബന്ധിയാക്കി ജീവനോടെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നില്‍. കൊലപ്പെടുത്തുമ്പോള്‍ മാത്രമല്ല പിന്നീട് മൃതദേഹത്തോട് പോലും അവര്‍ നീതി കാണിച്ചില്ല. അജ്ഞാത സ്ഥലത്ത് കുഴിച്ച് മൂടുന്നതിന് മുമ്പ് ചെഗുവേരയുടെ കൈകള്‍ രണ്ടും വെട്ടിമാറ്റപ്പെട്ടു.

ലോകത്തിന്റെ അനശ്വരനായ വിമോചനപോരാളിയെന്ന ബിംബത്തിലേക്കാണ് ആ വെടിയുണ്ടകള്‍ ചെഗുവേരയെ ഉയര്‍ത്തിയത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ലോകത്തെ വിമോചന പോരാട്ടങ്ങളുടെയെല്ലാം പ്രചോദിപ്പിക്കുന്ന ബിംബമായി ചെഗുവേര മാറിയത് ചരിത്രം.

അര്‍ജന്റീനയിലെ റൊസാരിയോവിലായിരുന്നു ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍ന എന്ന ചെഗുവേരയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ ചതുംരഗക്കളങ്ങളിലെ നീക്കങ്ങളില്‍ ഹരംപിടിച്ച കുട്ടിയായിരുന്നു ചെഗുവേര. പിന്നീട് വായനയുടെ ലോകമായിരുന്നു ആ കൗമാരക്കാരനെ പരുവപ്പെടുത്തിയത്. കൗമരത്തില്‍ തന്നെ ചെയുടെ വായനാ ലോകം വിശാലമായിരുന്നു. ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും രാഷ്ട്രീയബോധ്യത്തോടെയുള്ള കാഴ്ചപ്പാട് രൂപപ്പെടാന്‍ വായന തന്നെയാണ് അദ്ദേഹത്തെ സഹായിച്ചതെന്ന് നിസംശയം പറയാം.

വൈദ്യശാസ്ത്ര പഠനകാലത്ത് ലാറ്റിനമേരിക്കയുടെ അവികിസിത ഭൂവിഭാഗങ്ങളിലൂടെ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്ര ചെഗുവേരയുടെ വീക്ഷണങ്ങളെ ദുരിതപ്പെടുന്നവന്റെ ജീവിതവുമായി ബന്ധിതമാകാന്‍ സഹായിച്ചു. പട്ടിണിയും തൊഴിലാളികളുടെ ദുരിതവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണവുമെല്ലാം നേരില്‍കാണാന്‍ ഈ യാത്രകള്‍ നിമിത്തമായി. പട്ടിണിയും ദുരിതവും ചൂഷണവും സാര്‍വ്വലൗകികമായ അവസ്ഥയാണെന്ന് യുവത്വത്തിലേയ്ക്ക് കാലൂന്നിയിരുന്ന ചെ തിരിച്ചറിഞ്ഞു. അതില്‍ നിന്നും മനുഷ്യന് മോചനം വേണമെന്ന ചിന്തയ്ക്ക് തീകൊളുത്തിയത് ഈ യാത്രകള്‍ തന്നെയാണ്.

മെഡിസിന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഡോക്ടറെന്ന ജീവിതസുരക്ഷയുള്ള പ്രൊഫഷന്‍ സ്വന്തമായതിന് ശേഷവും വിമോചന പോരാട്ടങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ ചെഗുവേര തീരുമാനിച്ചു. ഗ്വാട്ടിമാലയില്‍ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പിന്നീട് മെക്സിക്കോയിലെത്തിയത് ചെയുടെ ജീവിതത്തിലെ വഴിത്തിരിവായി. സഹോരന്‍ റൗള്‍ കാസ്ട്രോ വഴി ഫിഡല്‍ കാസ്ട്രേയെ പരിചയപ്പെട്ടത് ചെഗുവേരയുടെ ജീവിതത്തെ സ്വാധീനിച്ചു. 1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ കൂട്ടായ്മയായ ജൂലൈ 26 പ്രസ്ഥാനം എന്ന മുന്നേറ്റസേനയില്‍ ചേര്‍ന്നു. ആ വര്‍ഷം ഒടുവില്‍ തന്നെ ക്യൂബന്‍ വിമോചനപോരാട്ടത്തിന്റെ ഭാഗമായും മാറി.

പണം കൊടുത്ത് സ്വന്തമാക്കിയ ഗ്രന്മ എന്ന പായ്ക്കപ്പലിലാണ് ഫിഡല്‍ കാസ്ട്രോയും ചെഗുവേരയും അടങ്ങുന്ന 82 വിപ്ലവകാരികള്‍ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേയ്ക്ക് യാത്ര തിരിക്കുന്നത്. 1956 ഡിസംബര്‍ 2 ന് ക്യൂബയില്‍ കപ്പലിറങ്ങി, സിയറ മിസ്ത്ര മലനിരകളിലേക്കാണ് വിപ്ലവകാരികള്‍ നീങ്ങിയത്. എന്നാല്‍ അവിചാരിതമായി ബാറ്റിസ്റ്റയുടെ പട്ടാളം ഇവരെ ആക്രമിക്കുകയും വിപ്ലവ സൈന്യത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തു. ആ ആക്രമണത്തിന് ശേഷം 82 അംഗവിപ്ലവ സൈന്യത്തിന്റെ എണ്ണം 12 ആയി ചുരുങ്ങി. ഈ പന്ത്രണ്ട് പേരാണ് രണ്ട് വര്‍ഷത്തിന് ശേഷം ക്യൂബയെ വിമോചിപ്പിച്ച മഹത്തായ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്.

ഫിദല്‍ കാസ്ട്രോയുടെയും ഏണസ്റ്റോ ചെഗുവേരയുടെയും നേതൃത്വത്തിലുള്ള ക്യൂബന്‍ വിപ്ലവകാരികള്‍ ഗ്രാന്‍മയില്‍ ക്യൂബന്‍ തീരം തൊട്ടത് 1956 ഡിസംബര്‍ 2നായിരുന്നു. ബാറ്റിസ്റ്റയുടെ ഭരണകൂടം ചിന്നഭിന്നമാക്കിയ വിപ്ലവ സൈന്യത്തെ, കൊടിയ പരാജയത്തിലും പതറാതെ ബാക്കിയായ 12 പേരില്‍ നിന്ന് 200 പേരിലേക്ക് ആ സൈന്യത്തെ വളര്‍ത്തി, പിന്നീട് ഈ സംഘത്തെ ക്യൂബയുടെ വിമോചന സൈന്യമാക്കി മാറ്റിയത് ലോകത്തെ വിമോചന പോരാട്ടങ്ങള്‍ക്കെല്ലാം മാതൃകയാണ്. മഹത്തായ മാറ്റങ്ങള്‍ക്ക് വേണ്ടി ചേര്‍ന്നു നില്‍ക്കുന്നവരെ ഒരു പരാജയവും ഉലയ്ക്കുന്നില്ല. മഹത്തായ ലക്ഷ്യത്തിലേയ്ക്ക് ചേര്‍ന്നു നില്‍ക്കുന്നവരുടേതാണ് അന്തിമവിജയം. തലയെണ്ണത്തെ ആശയദൃഢത കൊണ്ട് തറ പറ്റിച്ചതിന്റെ ചരിത്രമായാണ് എല്ലാ വിപ്ലവ പോരാട്ടങ്ങളും ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ അടയാളപ്പെടുത്തലില്‍ ചെഗുവേരയുടെ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.

ക്യൂബന്‍ വിപ്ലവ വിജയത്തിന് ശേഷം പുതിയ സര്‍ക്കാരിന്റെ ഭാഗമായിരുന്നു ചെഗുവേര. വിപ്ലാവനന്തര ക്യൂബ കെട്ടിപ്പെടുക്കുന്നതില്‍ അതിന്റെ സാമ്പത്തിക അടിത്തറ കെട്ടിപ്പെടുക്കുന്നതില്‍ ചെഗുവേര നേതൃപരമായ പങ്ക് വഹിച്ചു. ക്യൂബയ്ക്ക് ലോകവ്യാപക സ്വീകാര്യത നല്‍കുന്നതിന് ചെഗുവേരയുടെ വിദേശസന്ദര്‍ശനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ക്യൂബ-സോവിയറ്റ് യൂണിയന്‍ നയതന്ത്ര ബന്ധത്തെ സഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വഴിയില്‍ പ്രതിഷ്ഠിച്ചത് ചെയുടെ ഇടപെടലുകളായിരുന്നു. 1964 ഡിസംബര്‍ 11ന് ഐക്യരാഷ്ടസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് ചെഗുവേര നടത്തിയ പ്രസംഗം ചരിത്രമാണ്. വിവിധ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രസംഗത്തില്‍ ഉന്നയിച്ചത്. ഗ്വാണ്ടനാമോ നാവികത്താവളത്തില്‍ നിന്ന് അമേരിക്ക പിന്മാറണമെന്ന് 1964ല്‍ തന്നെ ചെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് കൊടിയ പീഡനങ്ങളുടെ തടവറയായി ഗ്വാണ്ടിനാമോ മാറിയത് ചരിത്രമാണ്.

ക്യൂബയില്‍ നടത്തിവരുന്ന വ്യാവസായിക നവോത്ഥാനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ ചെഗുവേര. പിന്നീട് ചെഗുവേര അയച്ച തിയതി വയ്ക്കാത്ത ഒരു കത്ത് ഫിഡല്‍ പൊതുജന മധ്യത്തില്‍ വെച്ച് വായിച്ചു. ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വിപ്ലവം നയിക്കാനായി പോകുന്നുവെന്ന ചെഗുവേരയുടെ ഔദ്യോഗിക പ്രഖ്യാപനമായി ആ കത്ത് മാറി. ആഫ്രിക്കയിലെ കോംഗോയിലും ബൊളീവിയയിലും വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ചെ പങ്കാളിയായി. ബൊളീവിയയിലെ ഗറില്ലാ പോരാട്ടത്തിനിടയിലാണ് 1967 ഒക്ടോബര്‍ 8ന് പിടിയിലാകുന്നതും പിറ്റേന്ന് കൊലചെയ്യപ്പെടുന്നതും.

മരണശേഷം മക്കള്‍ക്ക് വായിക്കാനായി ചെഗുവേര കത്തുകള്‍ എഴുതി വച്ചിരുന്നു. അവ അവസാനിക്കുന്നത് ഇങ്ങനെയാണ്; 'ലോകത്തില്‍ എവിടെയും, ആര്‍ക്കെതിരെയും അനീതി കണ്ടാല്‍ അതിനെ ശക്തമായി എതിര്‍ക്കുക. ഇതാണ് ഒരു വിപ്ലവകാരിയുടെ എറ്റവും മനോഹരമായ ഗുണം.' മക്കള്‍ക്ക് മാത്രമല്ല വിമോചന പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന ലോകത്തെ എല്ലാവര്‍ക്കുമുള്ള സന്ദേശമായി ചെഗുവേരയുടെ ജീവിതസന്ദേശം പിന്നീട് മാറി. അത് കൊണ്ട് തന്നെയാണ് തലമുറാന്തരങ്ങളിലും ലോകത്തിന് പ്രചോദനമായ വിമോചന പോരാട്ടങ്ങളുടെ വിപ്ലവപ്രതിരൂപമായി ചെ വാഴ്ത്തപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com