നൊബേല്‍ സമ്മാനം നർ​ഗെസ് മൊഹമ്മദിയെ ജയില്‍ മോചിതയാക്കുമോ?

മതഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കും കീഴില്‍ ഞെരിഞ്ഞമ്മര്‍ന്ന് ജീവിക്കാന്‍ തയ്യാറാകാത്ത ഇറാനിലെ സ്ത്രീപോരാളികള്‍ തെരുവുകളിലും തടവറകളിലും ചോര ചിന്തുന്ന കാലത്ത് അവരിലൊരാളെ തേടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹുമതിയെത്തുന്നു, ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം.
നൊബേല്‍ സമ്മാനം നർ​ഗെസ് മൊഹമ്മദിയെ ജയില്‍ മോചിതയാക്കുമോ?

"അടിമജീവിതം ഇനിയും തുടരാനാകില്ല, ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കും സഞ്ചരിക്കണം, ഈ ഭൂമിയും ആകാശവും, സാതന്ത്ര്യവും സന്തോഷവും ഉന്മാദവുമെല്ലാം ഞങ്ങള്‍ക്കുമവകാശപ്പെട്ടതാണ്". സ്വാതന്ത്ര്യ ദാഹികളായ സ്ത്രീകളുടെ ഈ രാഷ്ട്രീയമുദ്രാവാക്യങ്ങളാണ് വര്‍ത്തമാനകാലത്ത് ഇറാന്‍ എന്ന രാജ്യത്തേക്ക് ലോകശ്രദ്ധ പതിപ്പിച്ചത്. മതഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കും കീഴില്‍ ഞെരിഞ്ഞമ്മര്‍ന്ന് ജീവിക്കാന്‍ തയ്യാറാകാത്ത ഇറാനിലെ സ്ത്രീപോരാളികള്‍ തെരുവുകളിലും തടവറകളിലും ചോര ചിന്തുന്ന കാലത്ത് അവരിലൊരാളെ തേടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹുമതിയെത്തുന്നു. സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ആഗോള പോരാട്ടങ്ങള്‍ക്ക് പ്രതീക്ഷയും കരുത്തും പകരുകയാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം.

നര്‍ഗെസ് മൊഹമ്മദി എന്ന 51കാരി. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക. ഇറാന്‍ ഭരണകൂടം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ നിരന്തരം പോരാടുന്ന നര്‍ഗെസിനെ തേടി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തുമ്പോഴും അവര്‍ തടവറയ്ക്കുള്ളിലാണ്. 13 തവണ അറസ്റ്റ് ചെയ്യപ്പെട്ടു, 154 കേസുകളില്‍ പ്രതിയാണ്, അഞ്ച് തവണ കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ടു, 32 വര്‍ഷത്തെ തടവ് ശിക്ഷയും ലഭിച്ചു.

ആരാണ് നര്‍ഗെസ് മൊഹമ്മദി?

1990കളില്‍ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സ്ത്രീകളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലേക്ക് നര്‍ഗെസ് ചുവട് വച്ച് തുടങ്ങിയത്. പഠനം പൂര്‍ത്തിയായ ശേഷം എഞ്ചിനീയറായി ജോലി ചെയ്യുന്നതിനൊപ്പം പുരോഗമന ആശയങ്ങള്‍ പങ്കുവെക്കുന്ന മാസികകളിലും മറ്റും അവര്‍ ലേഖനങ്ങളെഴുതി തുടങ്ങി. 2003ല്‍ അവര്‍ ടെഹ്‌റാനിലെ ഡിഫെന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ സെന്ററിന്റെ സജീവപ്രവര്‍ത്തകയായി. നൊബേല്‍ പുരസ്‌കാര ജേതാവായ ഷിറിന്‍ ഇബാദി രൂപംനല്‍കിയ സംഘടനയായിരുന്നു അത്.

2011ലാണ് നര്‍ഗെസ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ട് വര്‍ഷത്തിനു ശേഷം ജാമ്യത്തിലിറങ്ങി. തൊട്ടുപിന്നാലെ, ഇറാനില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയാണ് അവര്‍ ചെയ്തത്. വധശിക്ഷാ നിരക്ക് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതലാണ് ഇറാനില്‍ എന്നാണ് കണക്ക്. ആ പോരാട്ടം 2015ല്‍ വീണ്ടും നര്‍ഗെസ് അറസ്റ്റ് ചെയ്യപ്പെടുന്നതിലേക്ക് നയിച്ചു.

രാഷ്ട്രീയത്തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും, സ്ത്രീകള്‍ക്കെതിരെ ജയിലുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും നര്‍ഗെസ് വീണ്ടും രംഗത്ത് വന്നു. 2022ല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന യുവതി മരിച്ച ശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിന്ന നര്‍ഗെസ് ഒരു വര്‍ഷത്തിനു ശേഷം അമിനിയുടെ ചരമദിനത്തില്‍ ന്യൂ യോര്‍ക് ടൈംസില്‍ ഇങ്ങനെയെഴുതി. 'അവര്‍ നമ്മളില്‍ കൂടുതല്‍ പേരെ തടവിലാക്കുന്തോറും നമ്മള്‍ കൂടുതല്‍ കരുത്തുള്ളവരായി മാറും'.

'സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം' എന്നതായിരുന്നു അമിനിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയവരുയര്‍ത്തിയ മുദ്രാവാക്യം. ഇതിനെ നര്‍ഗെസിന്റെ സമരജീവിതത്തോട് ചേര്‍ത്തുവെക്കാമെന്നാണ് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടത്. അവരുടെ അര്‍പ്പണബോധവും പ്രവര്‍ത്തികളും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ഉഴിഞ്ഞുവെച്ചതാണെന്ന് അക്കാദമി വിലയിരുത്തി.

സാമൂഹ്യനവോത്ഥാനം ലക്ഷ്യമിട്ട് നര്‍ഗെസ് എഴുതിയ ലേഖനങ്ങളുടെ സമാഹാരം പുസ്തകരൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. 'White Torture: Interviews with Iranian Women Prisoners' എന്ന നര്‍ഗെസിന്റെ പുസ്തകം International Film Festival and Human Rights' Forum അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്.

സാമൂഹ്യപ്രവര്‍ത്തകനായ തഗ്ഗി റഹ്‌മാനി ആണ് നര്‍ഗീസിന്റെ ജീവിത പങ്കാളി. 1999ല്‍ വിവാഹിതരായ ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണുള്ളത്. ആക്ടിവിസത്തിന്റെ പേരില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹ്‌മാനി മോചിതനായ ശേഷം മക്കളുമൊത്ത് ഫ്രാന്‍സിലേക്ക് കുടിയേറുകയായിരുന്നു. നര്‍ഗെസ് സമരജീവിതവുമായി ഇറാനില്‍ തുടരുകയും ചെയ്തു. നര്‍ഗെസിന്റെ ധീരത അവരുടെ സ്വകാര്യ ജീവിതത്തില്‍ നിരവധി നഷ്ടങ്ങളുണ്ടാക്കി എന്നാണ് സ്വീഡിഷ് അക്കാദമി ഇന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ജീവിതത്തേക്കാള്‍ വലുതാണ് രാജ്യത്തെ സ്ത്രീകളുടെ യാതന എന്ന ബോധ്യമാണ് എക്കാലവും നര്‍ഗെസിനെ നയിച്ചത്.

നൊബേല്‍ പുരസ്‌കാരം നര്‍ഗെസിന്റെ ജയില്‍മോചനം വേഗത്തിലാക്കുമെന്ന് പ്രതീക്ഷയിലാണ് അവരെ സ്‌നേഹിക്കുന്നവര്‍. നര്‍ഗെസിന്റെ മോചനത്തിനായി നിരന്തരം ഞങ്ങളാവശ്യപ്പെടുന്നുണ്ട് എന്നാണ് United Nations High Commissioner for Human Rights ഇന്ന് ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

"വിജയം അരികെയാണ്, ലോകമൊന്നാകെ എന്നെ തിരിച്ചറിയുമ്പോള്‍ ഇറാനിലെ സ്ത്രീകളുടെ പോരാട്ടമാണ് ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ പ്രതിഷേധങ്ങളിലേക്കും അതുവഴി മാറ്റങ്ങളിലേക്കും ചുവട് വെക്കാന്‍ ഇറാന്‍ ജനതക്ക് കഴിയട്ടെ". നര്‍ഗെസ് മൊഹമ്മദി ഈയിടെ ന്യൂ യോര്‍ക് ടൈംസിനോട് പറഞ്ഞിരുന്നു. അതേ, അതാണ് സത്യം. ഇപ്പോള്‍ നൊബേല്‍ പുരസ്‌കാരം എന്ന ബഹുമതി കൂടി അവരെ തേടിയെത്തുമ്പോള്‍ ലോകം മുഴുവന്‍ കൂടുതല്‍ തിരിച്ചറിയുന്നു, ഇറാനിലെ സ്ത്രീജീവിതങ്ങള്‍ നേരിടേണ്ടിവരുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച്, അവരുടെ പോരാട്ടങ്ങളെക്കുറിച്ച്, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നര്‍ഗെസ് മൊഹമ്മദി എന്ന കരുത്തുറ്റ പോരാളിയെക്കുറിച്ച്...!

Related Stories

No stories found.
logo
Reporter Live
www.reporterlive.com