ഇനിയുമെത്ര പേരെ കൊല്ലുമീ പൊലീസ്?

സൂക്ഷിക്കണം, പൊലീസ് എന്ന അപകടം കേരളത്തിലെ സാധാരണക്കാരുടെ വഴിയരികില്‍ മരണവുമായി കാത്തുനില്‍ക്കുകയാണ്
ഇനിയുമെത്ര പേരെ കൊല്ലുമീ പൊലീസ്?

ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ മലപ്പുറം താനൂരിലെ 'അജിനോറ' എന്ന സ്വകാര്യ ആശുപത്രിയിലേക്ക് താനൂര്‍ പൊലീസ് താമിര്‍ ജിഫ്രി എന്ന ഒരു യുവാവിന്റെ മൃതദേഹവുമായി വന്നു. ലഹരികേസില്‍ പിടികൂടിയ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞുവീണെന്നായിരുന്നു പൊലീസിന്റെ വാദം.

താനൂരിലെ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തു വച്ച് പുലര്‍ച്ചെ 1.45ന് താമിര്‍ ജിഫ്രി എന്ന ഈ യുവാവ് അടങ്ങുന്ന അഞ്ചംഗ സംഘത്തെ എംഡിഎംഎ എന്ന നിരോധിത ലഹരി വസ്തുവുമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും, സ്റ്റേഷനിലെത്തിച്ച താമിര്‍ ജിഫ്രി പുലര്‍ച്ചെ നാലരയോടെ കുഴഞ്ഞുവീണെന്നും അങ്ങനെ ആശുപത്രിയിലെത്തിച്ചെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, താമിര്‍ ജിഫ്രി എന്ന മുപ്പതുകാരന്റെ മരണത്തില്‍ പൊലീസിന്റെ വാദം മുഴുവന്‍ തെറ്റായിരുന്നുവെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്നു.

താമിര്‍ ജിഫ്രിയെ താനൂരിലെ ദേവധാര്‍ മേല്‍പാലത്തിനു പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസ് പറഞ്ഞതെങ്കില്‍ ചേളാരിയില്‍ അയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന വിവരം പറത്തുവന്നു. കെട്ടിടം ഉടമയും ദൃക്‌സാക്ഷികളും ഇത് വെളിപ്പെടുത്തിയതോടെ പൊലീസ് വിശദീകരണങ്ങളിലെ ദുരൂഹതകള്‍ പുറത്തുവന്നു തുടങ്ങി. പൊലീസ് ഈ കേസില്‍ പലതും മറയ്ക്കുന്നുണ്ടെന്നും വ്യക്തമായി.

തുടര്‍ന്ന് വന്ന തെളിവുകളും ഗൗരവമേറിയതാണ്. മൃതദേഹം മറവ് ചെയ്യുന്ന ഘട്ടത്തില്‍ താമിറിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെന്ന സഹോദരന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നു. താമിറിനെ കസ്റ്റഡിയിലെടുത്ത സ്റ്റേഷനിലെ പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ നിന്ന് രക്തക്കറ കണ്ടെത്തി. പൊലീസ് ഐഎഫ്‌ഐആറിലുടനീളം പരസ്പരം പൊ രുത്തക്കേടുകള്‍ കണ്ടു. താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തതിനാധാരമായ കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തത് അയാളുടെ മരണ ശേഷമാണ്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അയാള്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുടെയും പരിക്കുകളുടെയും സൂചനകളുണ്ടെന്ന വിവരം പുറത്തുവന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയ താമിര്‍ ജിഫ്രിയെ എന്തിന് താനൂരിലേക്ക് കൊണ്ട് പോയി എന്നും എഫ്‌ഐആറിലെ തിരുത്തലുകള്‍ ആരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്നുമുള്ള ഗൗരവമേറിയ ചോദ്യം ബാക്കിയാവുകയാണ്. അന്വേഷണ വിധേയമായി എട്ടോളം പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും എന്താണ് ആ യുവാവിന് സംഭവിച്ചതെന്നത് ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു. ലഹരിക്കേസില്‍ പിടിക്കപ്പെട്ട ആ മുപ്പതുകാരന് പൊലീസ് തന്നെ ശിക്ഷ വിധിക്കുകയായിരുന്നോ എന്ന ചോദ്യം അതീവ ഗൗരവമേറിയതാണ്.

ജീവനോടെ പൊലീസ് പിടികൂടുന്ന മനുഷ്യര്‍ മൃതദേഹങ്ങളായി മാത്രം സ്റ്റേഷനില്‍ നിന്ന് പുറത്തുവരുന്ന കാഴ്ച ഇതാദ്യമല്ല.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ്, പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ല എന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ തൃപ്പൂണിത്തുറയിലെ ഇരുമ്പനം കര്‍ഷക കോളനിയിലെ കൂലിപ്പണിക്കാരനായിരുന്ന മനോഹരന്‍ ജീവനറ്റ് പുറത്തേക്ക് വന്നത്. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട് അന്നും ധാരാളം ചര്‍ച്ചകള്‍ കേരളത്തില്‍ ഉയര്‍ന്നിരുന്നു.

ഒറ്റപ്പെട്ടതെന്ന വിധിയെഴുത്തില്‍ മറവിയിലേക്ക് തള്ളാനാവാത്ത എത്രയെത്ര സംഭവങ്ങളാണ്, അവസാനിക്കാത്ത പൊലീസ് ക്രൂരതകളായി സംസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഏറ്റവും കൂടുതല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുള്ളത് ആഭ്യന്തര വകുപ്പിന് കീഴിലെ വീഴ്ചകളുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും പൊലീസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്. എന്നിട്ടും ഒരു മാറ്റവുമില്ലാതെ പൊലീസിന്റെ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

പല മരണങ്ങളിലും ഹൃദയാഘാതം, രക്തസമ്മര്‍ദം തുടങ്ങിയ കാരണങ്ങള്‍ റിപ്പോര്‍ട്ടുകളായി വരുമ്പോള്‍ പൊലീസുകാര്‍ രക്ഷപ്പെടാറുണ്ട്. എന്നാല്‍ സാധാരണ നിലയില്‍ ജീവിച്ചുപോന്നിരുന്ന മനുഷ്യര്‍ എങ്ങനെയാണ് പൊലീസ് കസ്റ്റഡിയിലകപ്പെടുന്ന ഉടന്‍ ഹൃദയാഘാതം വന്നും കുഴഞ്ഞുവീണും മരിക്കുന്നതെന്ന തുടര്‍ചോദ്യം പൊലീസിന് നേരെ ഒരിക്കലും ഉയരാറില്ല.

2016 ഒക്ടോബറില്‍ ഒരു പെറ്റിക്കേസില്‍ പിഴയടയ്ക്കാത്ത കുറ്റത്തിന് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതായിരുന്നു കുണ്ടറയിലെ കുഞ്ഞുമോന്‍ എന്ന ദളിത് യുവാവിനെ. പിഴ തുകയായ 350 രൂപയുമായി പിറ്റേദിവസം സ്റ്റേഷനില്‍ ചെന്ന കുഞ്ഞുമോന്റെ അമ്മ കാണുന്നത് തന്റെ മകന്റെ ചലനമറ്റ ശരീരമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് വടകര പൊലീസ് അറസ്റ്റ് ചെയ്ത സജീവന്‍ എന്ന മരംവെട്ടുകാരന്റെ മൃതദേഹമാണ് പിന്നീട് തിരിച്ച് വീട്ടിലെത്തിയത്. കുണ്ടറയിലെ കുഞ്ഞുമോനും, വടകരയിലെ സജീവനുമിടയില്‍ എത്രയെത്ര മനുഷ്യരാണ് ലോക്കപ്പിനകത്തും പുറത്തുംവെച്ച് പൊലീസ് ക്രൂരതകള്‍ക്കിരകളായി ജീവനറ്റുപോയത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതലിങ്ങോട്ട് കേരളത്തില്‍ കസ്റ്റഡി കൊലപാതകങ്ങള്‍, പൊലീസിന് നേരെ കുറ്റാരോപണമുയരുന്ന മരണങ്ങള്‍ എന്നിവയുടെയെല്ലാം എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ലോക്കപ്പിലും ആശുപത്രിയിലും വെച്ച് മരിച്ചവര്‍, വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവര്‍, പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയവര്‍, അകാരണമായ മര്‍ദനങ്ങളെയും ഭീഷണികളെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ തുടങ്ങി, പൊലീസ്/ എക്‌സൈസ്/ഫോറസ്റ്റ് എന്നീ സേനകള്‍ക്ക് നേരെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇവയിലൊന്നില്‍ പോലും മാതൃകാപരമായ അന്വേഷണങ്ങളോ തുടര്‍നടപടികളോ നടന്നു എന്ന് പറയാനാകില്ല.

വണ്ടൂരിലെ അബ്ദുല്‍ ലത്തീഫ്, തമിഴ് തൊഴിലാളിയായ കാളിമുത്തു, കുണ്ടറയിലെ കുഞ്ഞുമോന്‍, പാവറട്ടിയിലെ വിനായകന്‍, പട്ടിക്കാട്ടെ ബൈജു, മാറനല്ലൂരിലെ വിക്രമന്‍, കൊല്ലം നൂറനാട്ടെ രാജു, തൊടുപുഴയിലെ രജീഷ്, ആലപ്പുഴ കഞ്ഞിക്കുഴിയിലെ സുമി, ബിച്ചു, തിരുവനന്തപുരം വാളിയോട്ടെ അപ്പുനാടാര്‍, കാസര്‍ഗോട്ടെ സന്ദീപ്, വരാപ്പുഴയിലെ ശ്രീജിത്ത്, കൊട്ടാരക്കരയിലെ മനു, പിണറായിയിലെ ഉനൈസ്, കളയിക്കാവിളയിലെ അനീഷ്, തിരുനെല്‍വേലി സ്വദേശി സ്വാമിനാഥന്‍, കോട്ടയം മണര്‍ക്കാട്ടെ നവാസ്, പീരുമേട്ടിലെ രാജ്കുമാര്‍, തിരൂരിലെ രഞ്ജിത്ത് കുമാര്‍, തിരുവനന്തപുരം കരിമഠം കോളനിയിലെ അന്‍സാരി, ചിറ്റാറിലെ പി പി മത്തായി, വടക്കഞ്ചേരിയിലെ ഷമീര്‍, കാഞ്ഞിരപ്പള്ളിയിലെ ഷഫീഖ്, വടകരയിലെ സജീവ്, തൃപ്പൂണിത്തുറയിലെ മനോഹരന്‍ തുടങ്ങി മുപ്പതിലധികം മരണങ്ങളിലാണ് ഇടതു സര്‍ക്കാറിന്റെ അധികാര കാലത്ത് പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങിയ സേനകള്‍ പ്രതികളായിട്ടുള്ളത്.

ഇതില്‍ നിരവധി സംഭവങ്ങളില്‍ പൊലീസിന് നേരെ തെളിവുകള്‍ സഹിതം പരാതി സമര്‍പ്പിക്കപ്പെടുകയും ജനകീയ പ്രക്ഷോഭങ്ങളുണ്ടാവുകയുമെല്ലാം ചെയ്തതാണ്. എന്നിട്ടും നടപടികളുണ്ടായിട്ടില്ല. പകരം കുറ്റവാളികളെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തിട്ടുള്ളത്.

മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ ലംഘിക്കപ്പെടുന്നു, പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. എത്ര ഗുരുതര തെറ്റ് ചെയ്താലും സേനയുടെ ഭാഗമായി തന്നെ മുന്നോട്ടുപോകാം എന്ന ധൈര്യം പൊലീസുകാര്‍ക്ക് നല്‍കുന്നത് ആഭ്യന്തരവകുപ്പ് തന്നെയാണ്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോലും പൊലീസുകാര്‍ക്ക് ലഭിക്കുന്ന ശിക്ഷ സസ്പെന്‍ഷന്‍ എന്ന പേരില്‍ കുറച്ചുമാസത്തെ ശമ്പളത്തോടുകൂടിയുള്ള അവധിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്റ്റേഷനില്‍ ചെന്ന് വീണ്ടും പാവങ്ങളെ കയ്യേറ്റം ചെയ്യാനുള്ള സൗകര്യമെന്ന നിലയ്ക്കുള്ള ട്രാന്‍സ്ഫറോ ആണ്.

എന്തുചെയ്താലും തങ്ങളുടെ മനോവീര്യം കെടാതെ കാക്കാന്‍ ആഭ്യന്തരവകുപ്പിനറിയാം എന്ന ഉറപ്പില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ അധികാരപ്പെരുമയോടെ സേനയില്‍ തഴച്ചുവളരുകയാണ്. പൊലീസ് എന്ന അപകടം കേരളത്തിലെ സാധാരണക്കാരുടെ വഴിയരികില്‍ മരണവുമായി കാത്തുനില്‍ക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com