ജനാധിപത്യത്തില്‍ സവര്‍ക്കര്‍ ഒരു അധികപ്പറ്റാണ്

ഇന്ത്യയുടെ ജീവിതത്തിലെ പല പോറലുകള്‍ക്കും നാണംകെടലുകള്‍ക്കും കാരണക്കാരനെന്ന് ആരോപിതനായ ഒരാളെ ചരിത്രത്തെ മറച്ചുവെച്ചു കൊണ്ട് കെട്ടിയെഴുന്നള്ളിച്ച് ജനാധിപത്യവുമായി കൂട്ടിയിണക്കുന്നത് പ്രതിരോധിക്കപ്പെടണം
ജനാധിപത്യത്തില്‍ സവര്‍ക്കര്‍ ഒരു അധികപ്പറ്റാണ്

വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ അദൃശ്യ സാന്നിധ്യം ഇന്ത്യന്‍ ജനാധിപത്യത്തില്‍ വീണ്ടും വീണ്ടും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യപ്പെടാനാവാത്ത രീതിയില്‍ സവര്‍ക്കറെ നമ്മുടെ പൊതുബോധത്തില്‍ പ്രതിഷ്ഠിക്കാനാണ് നിലവിലെ ഹിന്ദുത്വരാഷ്ട്രീയം കിണഞ്ഞു ശ്രമിക്കുന്നത്.

മെയ് 28 സവര്‍ക്കറുടെ ജന്മദിനമാണ്. ഈ വര്‍ഷത്തേത് അദ്ദേഹത്തിന്റെ 140ാം ജന്മദിനമായിരുന്നു. ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി ബി.ജെ.പി സര്‍ക്കാര്‍ ആ ദിവസം തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. വിവാദമായ ചെങ്കോലിന്റെ ബഹളത്തില്‍ ഇക്കാര്യം അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയി. പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന്, അടുത്ത വരുന്ന സ്വാതന്ത്ര്യ ദിനമോ, അതു കഴിഞ്ഞ് വരുന്ന റിപ്പബ്ലിക് ദിനമോ തിരഞ്ഞെടുക്കാതെ മെയ് 28 തന്നെ തിരഞ്ഞെടുത്തതിന്റെ പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാവേണ്ടതുണ്ട്. അത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നാല്‍ അതിനെയവര്‍ ചെങ്കോലുകൊണ്ട് ഭംഗിയായി മറച്ചുവെച്ചു.

പാർലമെൻ്റിലെ സവർക്കറുടെ ഛായാചിത്രത്തിന് മുന്നിൽ ആദരവ് അർപ്പിക്കുന്ന നരേന്ദ്രമോദി
പാർലമെൻ്റിലെ സവർക്കറുടെ ഛായാചിത്രത്തിന് മുന്നിൽ ആദരവ് അർപ്പിക്കുന്ന നരേന്ദ്രമോദി

2003 ലാണ് സവര്‍ക്കറുടെ ഒരു ഛായാചിത്രം ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഇടം നേടിയത്. ഗാന്ധിജിയുടെ ഛായാചിത്രത്തിന് നേരെ എതിരായി സവര്‍ക്കറുടെ ഛായാചിത്രം!

എ.ബി. വാജ്പേയിയുടെ മന്ത്രിസഭയാണ് ആ ചിത്രം അനാച്ഛാദനം ചെയ്യുവാന്‍ തീരുമാനിച്ചത്. ചിത്രം അനാച്ഛാദനം ചെയ്തത് അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമായിരുന്നു. (ഇത്തവണ പാര്‍ലമെന്റിന്റെ ഉദ്ഘാടനമായിട്ടു പോലും നിലവിലെ രാഷ്ട്രപതിയെ അതിനായി ക്ഷണിച്ചില്ല! അത് മറ്റൊരു കാര്യം, മറ്റൊരു രാഷ്ട്രീയം) സവര്‍ക്കറുടെ ഛായചിത്രത്തിന്റെ അനാച്ഛാദനച്ചടങ്ങ് പാര്‍ലമെന്റിലെ അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചിരുന്നു. അതൊരു വിയോജിപ്പ് രേഖപ്പെടുത്തല്‍ മാത്രമായി അവസാനിച്ചു. അന്നു മുതല്‍ സവര്‍ക്കര്‍ ഗാന്ധിജിയോട് മുഖാമുഖമായി ഇന്ത്യയുടെ പാര്‍ലമെന്റില്‍ നിലകൊണ്ടു. അതിനി അങ്ങനെ തന്നെ നിലനില്‍ക്കും. അവരിരുവരും രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത് എന്ന് ഓര്‍ത്തെടുത്ത് താരതമ്യം ചെയ്ത് മുന്നോട്ടു പോവുകയാണ് ഇനിയുള്ള വഴി.

സവര്‍ക്കറും പാര്‍ലമെന്റും തമ്മിലുള്ള ബന്ധം ഗൗരവമായി പരിശോധിക്കേണ്ട ഒരു കാലമാണിത്. പാര്‍ലമെന്റുമായെന്ന് പറഞ്ഞാല്‍ ജനാധിപത്യവുമായുള്ള ബന്ധം കൂടിയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാര്‍ലമെന്റില്‍ ഒന്നിലധികം തവണ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരസംഭാവനകളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ബില്ല് 1957-ല്‍ പാര്‍ലമെന്റില്‍ വന്നിരുന്നു. ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 1966-ല്‍ അദ്ദേഹം മരിച്ചപ്പോള്‍ പാര്‍ലമെന്റില്‍ അനുശോചനം രേഖപ്പെടുത്തണമെന്ന വാദമുണ്ടായി. അത് തള്ളപ്പെട്ടതും ചരിത്രമാണ്. കാരണം, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞവര്‍ അക്കാലത്തെ പാര്‍ലമെന്റിലുണ്ടായിരുന്നു. പിന്നീട് വ്യക്തികളും രാഷ്ട്രീയവും മാറി.

സവര്‍ക്കറിന്റെ രാഷ്ട്രീയത്തിന് പാര്‍ലമെന്റിലും ഇടം ലഭിച്ചു. അങ്ങനെ വാജ്പേയി ഇന്ത്യയുടെ ഭരണാധികാരിയായി. നേതാവിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് വാജ്പേയ് പുതിയൊരധ്യായം ആരംഭിച്ചു. കാലത്തില്‍ പിന്നെയും കുഴമറിച്ചിലുകളുണ്ടായി. ഇന്ത്യയുടെ രാഷ്ട്രീയം മറ്റൊരു ദിശയിലേക്ക് അതിവേഗം സഞ്ചരിച്ചു. ഇരുപത് വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ജീവിതത്തില്‍ വീണ്ടും സവര്‍ക്കര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണ ദിനത്തില്‍ ഹിന്ദുത്വയുടെ ചെങ്കോലുമായി നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പടികയറി.

പുതിയ പാർലമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ
പുതിയ പാർലമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ

ദേശീയ പ്രസ്ഥാനത്തിന്റെ സ്മരണ നിലനിന്നിരുന്ന കാലത്ത് പാര്‍ലമെന്റ് പല തവണ തള്ളിക്കളഞ്ഞ ഒരാളുടെ ജന്മദിനത്തില്‍ തന്നെ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ രാഷ്ട്രീയം നമ്മള്‍ കാണാതെ പോവരുത്. ചരിത്രത്തെ അവഹേളിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുന്നു എന്ന സാമാന്യവത്ക്കരണത്തിലൂടെ ഇതിനെ മാറ്റിവെച്ചുകൂടാ. സവര്‍ക്കര്‍ ജനാധിപത്യത്തിലെ ഒരധികപറ്റാണ്. ആധുനിക ഇന്ത്യയുടെ ജീവിതത്തിലെ പല പോറലുകള്‍ക്കും നാണംകെടലുകള്‍ക്കും കാരണക്കാരനെന്ന് ആരോപിതനായ ഒരാളെ ചരിത്രത്തെ മറച്ചുവെച്ചു കൊണ്ട് കെട്ടിയെഴുന്നള്ളിച്ച് ജനാധിപത്യവുമായി കൂട്ടിയിണക്കുന്നത് പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തിലെ സവര്‍ക്കറോട് ഇന്ത്യന്‍ ജനാധിപത്യത്തിന് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഞാനതിനെ രണ്ടു ചോദ്യങ്ങളായി ചുരുക്കുകയാണ്.

ആദ്യത്തേത് നമ്മുടെ ജനാധിപത്യത്തില്‍ വി.ഡി. സവര്‍ക്കറിനുള്ള പങ്കെന്ത് എന്നാണ്. അതിനുള്ള ഉത്തരം നമ്മള്‍ ചരിത്രത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. അല്ലാതെ, അദ്ദേഹത്തെ കെട്ടിയെഴുന്നള്ളിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാരില്‍ നിന്നല്ല. അവര്‍ക്ക് ചരിത്രമെന്നു പറയുന്നത് വോട്ടുബാങ്ക് നിറയ്ക്കാനുള്ള ഒരസംസ്‌കൃതവസ്തു മാത്രമാണ്. അതിനാല്‍ അവര്‍ പുലമ്പുന്നത് കാര്യമാക്കേണ്ടതില്ല.

സവര്‍ക്കറെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ പറയുന്ന പ്രധാനകാര്യം അദ്ദേഹം ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നില്ല എന്നാണ്. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലും കാണാനുണ്ട്. (വാക്കുകളാല്‍ ഇടയ്ക്കൊക്കെ ജനാധിപത്യക്കാരനായി നടിക്കുന്നത് വെറെ കാര്യം). നമ്മുടെ ദേശീയ സത്തയുടെ വിപരീത ദിശയില്‍ നിലകൊണ്ട ഒരാളാണ് സവര്‍ക്കര്‍ എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഏതൊരു പുസ്തകം വായിച്ചാലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. അദ്ദേഹത്തെ സ്വാതന്ത്ര്യ സമര സേനാനി എന്നു പറയുന്നത് ആദ്യകാലത്ത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ മാത്രമാണ്. അതിന്റെ പേരിലാണ് ഇരട്ട ജീവപര്യന്തം (അമ്പതു വര്‍ഷം) തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സെല്ലുലാര്‍ ജയിലിലടയ്ക്കപ്പെട്ടത്. നാസിക്കിലെ കളക്ടറെ വധിക്കാനുള്ള സഹായം ചെയ്തു എന്നതായിരുന്നു കുറ്റം.

ഇംഗ്ലണ്ടില്‍ വെച്ച് അറസ്റ്റു ചെയ്ത് കൊണ്ടുവരുന്നതിനിടയില്‍ തടവുചാടുകയും ചെയ്തു. അതിനിടയില്‍ വീണ്ടും പിടിയിലായി. ബ്രിട്ടീഷ് ഭരണത്തിനെതിരായ സവര്‍ക്കറിന്റെ പ്രവര്‍ത്തനത്തിന് ഇതോടെ തിരശീല വീണു. തുടര്‍ന്ന് ഏകാന്ത തടവില്‍ നിന്ന് മോചനം നേടാനായി ചെയ്ത ദയാഹര്‍ജിയെഴുത്തും മാപ്പെഴുത്തും സ്വാതന്ത്ര്യസമര പ്രവര്‍ത്തനമല്ലല്ലോ! ജയില്‍ മോചിതനാവാന്‍ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജികള്‍ അഭിമാനമുള്ള ഒരു രാജ്യസ്നേഹിയായിരുന്നില്ല അദ്ദേഹമെന്നതിന്റെ തെളിവായി നമ്മുടെ ചരിത്രത്തിലുണ്ട്.

ബ്രിട്ടനെപ്പോലുള്ള ഒരു വന്‍ സൈനിക ശക്തിയെ അക്രമത്തിലൂടെ തോല്പിച്ചു കളയാമെന്ന് വിവേകശാലിയായ ഒരു ജനാധിപത്യവിശ്വാസി കരുതാനിടയുണ്ടോ? ഇല്ലെന്ന് ചരിത്രം സാക്ഷ്യം പറയുന്നു. അതുപോലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ദാസനായി ശിഷ്ടകാലം കഴിഞ്ഞോളാം എന്നെഴുതിക്കൊടുത്തൊരാള്‍ ജനാധിപത്യവാദിയാകുന്നതെങ്ങനെ? ഇനി വേണമെങ്കില്‍ ഇതൊക്കെ യുവത്വത്തിന്റെ തിളപ്പിലും അറിവില്ലായ്മയിലും ചെയ്തതാണെന്ന് പറഞ്ഞ് മാറ്റിവെക്കാം.

ബാക്കി ജീവിതമോ? ആ അധ്യായത്തിലേക്കു നമുക്കൊന്നു കണ്ണോടിക്കാം. 1924 ലാണ് ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ തടവില്‍ നിന്നും മോചിതനാക്കിയത്. അതിനു ശേഷം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നമുക്കൊരു ദേശസ്നേഹിയെ, മതേതര വാദിയെ, ജനാധിപത്യവാദിയെ അവിടെ കണ്ടെത്താനാവുമോ? ഇല്ല എന്നതാണ് പകല്‍ പോലെ വ്യക്തമായ ഉത്തരം.

ജയില്‍ മോചിതനായതിനു ശേഷവും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാവാന്‍ ഒരിക്കല്‍പ്പോലും സവര്‍ക്കര്‍ ശ്രമിച്ചതു പോലുമില്ല. ബ്രിട്ടനെതിരെ ഒരു വിമര്‍ശനമുന്നയിക്കാന്‍ പോലും അദ്ദേഹം തയ്യാറായതായി ചരിത്രം പറയുന്നില്ല. പകരം ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ പാകാനായി ഇന്ത്യയൊട്ടൊകെ യാത്ര ചെയ്യുകയും പ്രസംഗിക്കുകയും പുസ്തകമെഴുതുകയുമാണ്. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട കാലമാണെന്നേര്‍ക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന് ചെറിയ തോതിലെങ്കിലും പരിക്കേല്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിഭജനം എന്ന ചിന്തയെ ഊട്ടിയുറപ്പിക്കുന്നതിലും വലിയൊരു പങ്കാണ് സവര്‍ക്കറും അനുയായികളും നിര്‍വ്വഹിച്ചത്.

1923-ല്‍ തന്നെ സവര്‍ക്കര്‍ 'Essentials of Hindutwa' എന്നൊരു പുസ്തകമെഴുതിയിരുന്നു. തുടര്‍ന്ന് ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഹിന്ദു രാഷ്ട്രം എന്ന ആശയം മുന്നോട്ടുവെച്ചു. ഗാന്ധിജി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ബ്രിട്ടീഷ് ഭരണത്തിനെതിരെ അണിനിരത്തുമ്പോഴാണ് സവര്‍ക്കര്‍ ഇതു ചെയത് എന്നോര്‍ക്കണം. തുടര്‍ന്ന് സിക്കുകാരോട് പഞ്ചാബില്‍ സിക്കിസ്ഥാന്‍ സൃഷ്ടിക്കാനും ആഹ്വാനം ചെയ്തുവത്രേ. പിന്നീട് ദ്വിരാഷ്ട്ര സിദ്ധാന്തത്തെ അനുകൂലിച്ചുകൊണ്ട്, അത് സാധിച്ചെടുക്കാനായി മുസ്ലിം ലീഗുമായി താല്‍ക്കാലികമായി യോജിക്കാനും അദ്ദേഹം മടികാണിച്ചില്ല. ഇടയ്ക്കു വെച്ച് ബ്രിട്ടിഷ് ഗവണ്‍മെന്റിന് ഹിന്ദുക്കളുടെ സഹായം വാഗ്ദാനം ചെയ്തതായും ചരിത്രത്തിലുണ്ട്. എന്തായാലും നമ്മുടെ ബഹുസ്വര സംസ്‌കാരത്തിലും മതേതര കാഴ്ചപ്പാടിലും വി.ഡി. സവര്‍ക്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. 1883-ല്‍ ജനിച്ച് 1966 വരെ ഇവിടെ ജീവിച്ച ഒരാളെപ്പറ്റിയാണ് നമ്മളിതൊക്കെ പറയുന്നത് എന്നോര്‍ക്കണം.

രണ്ടാമത്തെ ചോദ്യം ഗാന്ധി വധവുമായി ബന്ധപ്പെട്ടതാണ്. സവര്‍ക്കര്‍ക്ക് ഗാന്ധി വധം തടയുവാന്‍ കഴിയുമായിരുന്നില്ലേ എന്നതാണ് എന്റെ ചോദ്യം. 1948-ല്‍ ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നു. ആ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സവര്‍ക്കറിന്റെ പങ്ക് ആരോപിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളും അടുത്ത കാലത്തായി പുറത്തു വന്നിട്ടുണ്ട്. അപ്പു എസ്തോസ് സുരേഷും പ്രിയങ്ക കോടംരാജുവും ചേര്‍ന്നെഴുതിയ 'The Marderer, The Monarch and The Fakir' എന്ന പുസ്തകം നിരവധി തെളിവുകള്‍ നിരത്തി സവര്‍ക്കറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.

ഗാന്ധി വധത്തിന്റെ പിന്നിലെ ഗൂഢാലോചനയന്വേഷിച്ച ജസ്റ്റിസ് ജെ.എല്‍. കപൂറിന്റെ റിപ്പോര്‍ട്ടും സവര്‍ക്കറെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു. ദീരേന്ദ്ര കെ.ഞ്ചാ എഴുതിയ 'Gandhi's Assassin' എന്ന പുസ്തകവും ഇതേ നിലപാടിലാണ് എത്തിയത്. ഇവയിലെല്ലാമുള്ള വിശദാംശങ്ങളിലേക്ക് ഞാനിവിടെ കടക്കുന്നില്ല. ഇനി സവര്‍ക്കറെ മഹത്വവല്‍ക്കരിക്കാനായി എഴുതിയ വിക്രം സമ്പത്തിന്റെ രണ്ടു വാള്യം ജീവചരിത്രം (Savarkar- Echoes from a Forgotten Past, 1883- 1924- and Savarkar : A Contested Legacy, 1924- 1966 ) വായിച്ചാലും മറിച്ചൊരു ചിത്രം ലഭിക്കുകയില്ല.

ഇനി ഇവയൊന്നും മുഖവിലക്കെടുക്കാതെ ഗൂഢാലോചനാ സിദ്ധാന്തത്തെ അപ്പാടെ തള്ളിപ്പറഞ്ഞാലും ഒരു കാര്യം ഉറപ്പിച്ചു പറയുവാന്‍ ഈ ലേഖകനു കഴിയും. സവര്‍ക്കര്‍ക്ക് ഗാന്ധി വധം തടയുവാന്‍ കഴിയുമായിരുന്നു എന്ന വസ്തുതയാണത്.

എന്തായാലും അതിനദ്ദേഹം ശ്രമിച്ചിട്ടേയില്ല. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മിക്കവയും വായിച്ചതില്‍ നിന്നും എനിക്ക് നിസ്സംശയം ബോധ്യപ്പെട്ട ഒരു വസ്തുതയാണത്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എന്തുകൊണ്ട് അത് തടഞ്ഞില്ല? ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ പിന്തിരിപ്പിക്കുവാന്‍ സവര്‍ക്കര്‍ക്ക് കഴിയും എന്നതിന് ഏറ്റവും നല്ല തെളിവ് 'ഞാനെന്തുകൊണ്ട് ഗാന്ധിയെ കൊന്നു' എന്ന ഗോഡ്സെയുടെ വിശദമായ പ്രസ്താവനയാണ്. സവര്‍ക്കര്‍ പറയുന്നതിനെ ധിക്കരിക്കാന്‍ ഗോഡ്സെയ്ക്ക് കഴിയില്ല എന്നത് അത് വ്യക്തമാക്കുന്നുണ്ട്. ഗാന്ധി വധം തടയുവാന്‍ ആര്‍ക്കെങ്കിലും കഴിയാമായിരുന്നെങ്കില്‍ അത് വി ഡി സവര്‍ക്കര്‍ എന്നയാളിനു മാത്രമായിരുന്നു.

ഇന്ന് ഇന്ത്യ എന്താവാനാണോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്, അത് അന്നേ ആവാന്‍ വേണ്ടിയാണ് ഗാന്ധിജിയെ സ്വാതന്ത്ര്യം നേടിയ ഉടനെ ഇല്ലാതാക്കിയത്. ഭാഗ്യവശാല്‍ ദേശസ്നേഹികളായ കുറെ മനുഷ്യര്‍ കൂടി അക്കാലത്ത് ജീവിച്ചിരുന്നു. അവര്‍ ഗാന്ധിജിയുടെ ഇന്ത്യയെ കുറെക്കാലം കൂടി സംരക്ഷിച്ചു. സവര്‍ക്കര്‍ വിഭാവനം ചെയ്ത ഇന്ത്യയാണ് ഇന്നിപ്പോള്‍ നമുക്കു ചുറ്റും അദ്ദേഹത്തിന്റെ അനുയായികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സവര്‍ക്കറോട് നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വി ഡി സവര്‍ക്കര്‍ക്കെന്താണ് കാര്യം?

ചോദ്യങ്ങളാണ് ജനാധിപത്യത്തിന്റെ കാതല്‍. ഗാന്ധിജിയുടെ ചിത്രത്തിനു മുന്നില്‍ ഇടം നേടിയതുകൊണ്ട് ജനാധിപത്യത്തില്‍ ഇടം നേടുന്നു എന്നു വരില്ലല്ലോ. സവര്‍ക്കര്‍ക്ക് 84 വര്‍ഷത്തെ ജീവിതം കൊണ്ട് ജനാധിപത്യത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല; അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഇനിയും അത് മനസ്സിലാവുകയുമില്ല. കാരണം അടിസ്ഥാനപരമായി അവരൊക്കെ ഫാഷിസ്റ്റുകളാണ്. വര്‍ഗീയമനസ്സുള്ളവരാണ്.

ചരിത്രം മായിച്ചാലും ചോദ്യങ്ങള്‍ അവശേഷിക്കും. ചോദ്യങ്ങള്‍ നേരിട്ടു കൊണ്ടു മാത്രമെ സവര്‍ക്ക് മരണാനന്തര ജീവിതം തുടരാനാവൂ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com