മതവംശീയ പുനരുദ്ധാരണ ശക്തികളും നിയോലിബറല്‍ക്രമത്തിലെ മുതലാളിത്ത ആയുധങ്ങളും

മതം, വംശീയത, ജാതീയത തുടങ്ങിയ എല്ലാതരം ശിഥിലീകരണ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളെ വിഭജിച്ച് നിര്‍ത്തുക എന്ന തന്ത്രമാണ് സാമ്രാജ്യത്വം ആവിഷ്‌ക്കരിച്ചിട്ടുള്ളത്
മതവംശീയ പുനരുദ്ധാരണ ശക്തികളും നിയോലിബറല്‍ക്രമത്തിലെ മുതലാളിത്ത ആയുധങ്ങളും

മെയ്ത്തിവംശവിഭാഗത്തെ ഹിന്ദുത്വവല്‍ക്കരിക്കാനായി സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന ഗോത്ര വംശ വിദ്വേഷത്തിന്റെ ദുരന്തഫലങ്ങളാണ് മണിപ്പൂരിലെ കലാപങ്ങളും വംശീയയുദ്ധങ്ങളും. ബീരെന്‍ സിംഗ് സര്‍ക്കാറിന്റെ സഹായത്തോടെയാണ് മെയ്ത്തി വംശീയത അഴിഞ്ഞാട്ടമാരംഭിച്ചത്. കുക്കി ഗോത്രസ്വയംഭരണ മേഖലകളെ റിസര്‍വ്വ് വനമേഖലകളായി പ്രഖ്യാപിച്ചതും തദ്ദേശീയ ഗോത്ര ജനതയെ വിദേശകുടിയേറ്റക്കാരായി ചിത്രീകരിച്ച് അടിച്ചോടിച്ചതുമാണ് സായുധ ഏറ്റുമുട്ടലുകളിലേക്ക് മണിപ്പൂരിലെ സ്ഥിതിഗതികളെയെത്തിച്ചത്. ഭരണഘടനയുടെ അനുഛേദം 371 ന്റെ പരിരക്ഷ അര്‍ഹിക്കുന്ന കുക്കി, നാഗാ, സോമി വിഭാഗങ്ങളെ കുടിയേറ്റക്കാരും വിദേശ വംശജരായ ക്രിസ്ത്യാനികളായി ആക്ഷേപിച്ചുമാണ് ഹിന്ദുത്വ ഭീകരത മണിപ്പൂരില്‍ രക്തപ്പുഴകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് കൃത്യമായ മൂലധന താല്പര്യങ്ങളുടെ കൂടി പ്രേരണയിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മണിപ്പുരിന്റെ പ്രകൃതി വിഭവങ്ങളിലും മണ്ണിലും കണ്ണുവെച്ചിരിക്കുന്ന ഗോദറേജ്, പതഞ്ജലി തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാരുടെ താല്പര്യങ്ങള്‍ക്കെതിരായ അനുച്ഛേദം 371 ന്റെ പരിരക്ഷയില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മോചിപ്പിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ കൂടിയാണിത്. കാശ്മീരിനെ അനുഛേദം 370ല്‍ നിന്നും ഒഴിവാക്കിയെടുത്ത അതേ മൂലധന താല്പര്യങ്ങളും ഹിന്ദുത്വ രാഷ്ട്രീയവുമാണ് മണിപ്പൂരില്‍ ചോരപ്പുഴകള്‍ സൃഷ്ടിക്കുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് സാര്‍വ്വദേശീയ തലത്തില്‍ തന്നെ മതവംശീയ പുനരുത്ഥാനശക്തികളും നിയോലിബറല്‍ മൂലധന താല്പര്യങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന പരിശോധന പ്രസക്തമാവുന്നത്. ആഗോള മുതലാളിത്ത പ്രതിസന്ധിയെ അതിജീവിക്കാനുള്ള സമ്രാജ്യത്വ മൂലധനവ്യവസ്ഥയുടെ നീചവും കുത്സിതവുമായ ശ്രമങ്ങളെന്ന നിലയിലാണ് സമകാലീന ലോകത്തില്‍ മതവംശീയ ഭീകരതയുടെയും വര്‍ഗീയതയുടെയും ഹിംസാത്മകമായ വളര്‍ച്ചയുണ്ടായിരിക്കുന്നത്.

നവലോകക്രമമെന്നത് ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ അധിനായകനായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള ലോകക്രമമാണ്. സ്വതന്ത്ര ദേശീയരാഷ്ട്രങ്ങളെയും സമ്പദ്ഘടനകളെയും വിഭവസ്രോതസ്സുകളെയും ആഗോളമൂലധനത്തിന്റെ ഭ്രമണപഥത്തിലേക്ക് ഉദ്ഗ്രഥിച്ചെടുക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിന് ഭീഷണിയാവുന്ന പ്രസ്ഥാനങ്ങളെയും സംഘടനകളെയും രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കാനും ശിഥിലമാക്കാനുമാണ് മതവംശീയ പുനരുജ്ജീവനശക്തികളെ അഴിച്ചുവിട്ടിരിക്കുന്നത്. മതവംശാധിഷ്ഠിതമായ രാഷ്ട്രീയമാണ് ഫാസിസമെന്നത്.

1920-കളിലും 1930-കളിലും യൂറോപ്പില്‍ നരഹത്യകള്‍ സൃഷ്ടിച്ച ഫാസിസ്റ്റ് നാസി പ്രസ്ഥാനങ്ങള്‍ കുത്തകമൂലധനത്തിന്റെ പ്രതിസന്ധിയില്‍ നിന്ന് ജന്മംകൊണ്ട പ്രതിലോമ രാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ പ്രകടനങ്ങളായിരുന്നു.

ദേശരാഷ്ട്രങ്ങളെയും മുതലാളിത്ത ഉല്‍പാദനവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്തുവരുന്ന തൊഴിലാളിവര്‍ഗത്തെയും അസ്ഥിരീകരിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് മതജാതിവംശീയ വിഘടനവാദ പ്രസ്ഥാനങ്ങളെ സാമ്രാജ്യത്വശക്തികള്‍ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. നിയോലിബറല്‍ പരിഷ്‌കാരങ്ങളോട് ചേര്‍ന്നാണ് സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും ശിഥിലമാക്കാനുള്ള മതവംശീയ വിധ്വംസക സംഘങ്ങളെ സാമ്രാജ്യത്വമൂലധനകേന്ദ്രങ്ങള്‍ വളര്‍ത്തിയെടുത്തതും തങ്ങളുടെ അധിനിവേശ പദ്ധതികള്‍ക്ക് അനുസൃതമായ രീതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച് വിന്യസിച്ചതും.

റൊണാൾഡ് റീഗൻ
റൊണാൾഡ് റീഗൻ

1981 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് റീഗണ്‍ പ്രഖ്യാപിച്ചത് യു.എസ്.എസ്.ആറിനെ 1990-കളാവുമ്പോഴേക്കും ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുമെന്നും അതിനായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ വ്യത്യസ്ത വംശീയ വിഭാഗങ്ങളെയും ദേശീയ സമൂഹങ്ങളെയും ഇളക്കിവിടുമെന്നുമായിരുന്നു.

നിയോലിബറലിസത്തിന് താത്വികാടിസ്ഥാനമിട്ട ലുദ്വിഗ്വോണ്‍മൈസസ് 1930-കളിലെ മുതലാളിത്ത പ്രതിസന്ധിയെ അതിജീവിക്കാനുള്ള കെയ്‌നീഷ്യന്‍ ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ 'ലിബറലിസം' എന്ന ലഘുപുസ്തകം പ്രസിദ്ധീകരിക്കുന്നത്. കെയ്ന്‍സ് നിര്‍ദ്ദേശിക്കുന്ന സ്റ്റേറ്റ് ഇടപെടലുകളും ക്ഷേമപദ്ധതികളുമൊക്കെ സോവിയറ്റ് സോഷ്യലിസത്തിലേക്ക് മുതലാളിത്തരാജ്യങ്ങളെ കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പാണ് മൈസസ് യൂറോപ്പിലെ മുതലാളിത്ത ഭരണകൂടങ്ങള്‍ക്ക് നല്‍കിയത്. മുസോളിനി ചെയ്യുന്നതുപോലെ മുതലാളിത്തത്തിനെതിരായി ഉയര്‍ന്നുവരുന്ന തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തി ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മൈസസ് മുന്നോട്ടുവെച്ചത്.

അസമത്വവും അസന്തുലിതാവസ്ഥയുമൊക്കെ പ്രകൃതിയുടെ ഒഴിവാക്കാനാവാത്ത അനിവാര്യതയാണെന്നും അതൊന്നും സമൂഹത്തില്‍നിന്നും മാറ്റാനാവില്ലെന്നും വാദിച്ച വില്‍ഫ്രഡ്‌പെരേറ്റയുടെ സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളെ പിന്‍പറ്റിക്കൊണ്ടാണ് മുസോളിനി തന്റെ ഫാസിസ്റ്റ് അധികാരപ്രയോഗങ്ങള്‍ നടത്തിയത്. ജനങ്ങളെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നും ജനാധിപത്യ ചിന്താഗതികളില്‍ നിന്നും അകറ്റി മതവംശീയ ചിന്തകളിലേക്കും പ്രാചീന ഭൂതകാല മഹിമകളിലേക്കും കൊണ്ടുവരണമെന്നതായിരുന്നു വില്‍ഫ്രഡ്‌പെരേറ്റയെപോലുള്ള ഫാസിസ്റ്റ് ചിന്തകന്മാരുടെ നിലപാട്.

ഈയൊരു ചരിത്രപശ്ചാത്തലത്തില്‍ നിന്നുവേണം സമകാലീന ലോകത്തെ രക്തപങ്കിലമാക്കുന്ന മതഭീകര പ്രസ്ഥാനങ്ങളെയും വംശീയതയെയും മനസ്സിലാക്കാന്‍. മത ഭീകരവാദത്തിന്റെയും വംശീയതയുടെയുമൊക്കെ രൂപത്തില്‍ സ്വതന്ത്ര സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ശിഥിലമാക്കുന്നത് മൂലധനശക്തികള്‍ തന്നെയാണ്. അതായത് വര്‍ഗീയത വംശീയതയെന്നൊക്കെ വിവക്ഷിക്കുന്ന മാനവികതക്കെതിരായ വിധ്വംസക പ്രസ്ഥാനങ്ങള്‍ സാമ്രാജത്വത്തിന്റെ സൃഷ്ടിയാണ്.

വംശീയതയ്ക്കെതിരെ 2001ൽ ദർബനിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടി
വംശീയതയ്ക്കെതിരെ 2001ൽ ദർബനിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടി

ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ 2001-ല്‍ നടന്ന വംശീയതക്കെതിരായ അന്താരാഷ്ട്ര ഉച്ചകോടി ലോകമാസകലം നരഹത്യകള്‍ സൃഷ്ടിച്ച് പടരുന്ന വംശീയയുദ്ധങ്ങളെ മനുഷ്യരാശിക്കെതിരായ മഹാപാതകമാണെന്നാണ് വിശേഷിപ്പിച്ചത്. വംശീയതയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും മൂലസ്രോതസ്സ് സാമ്രാജ്യത്വ മൂലധന വ്യവസ്ഥയാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും മൂടിവെക്കാനാവാത്തവിധം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ വംശീയയുദ്ധത്തിനും മനുഷ്യക്കുരുതിക്കും വിത്തിട്ടത് ഈ മേഖലയിലെ സാമ്രാജ്യത്വ താല്പര്യങ്ങളാണ്. ട്രിങ്കോമാലി തുറമുഖത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള വന്‍ശക്തികളുടെ കളികളാണ് സിംഹള തമിഴ് വംശീയ വിഭജനത്തിനും അക്രമാസക്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണൊരുക്കിയത്. ആഫ്രിക്ക തൊട്ട് അമേരിക്ക വരെ ഭീഷണമായ മാനങ്ങളില്‍ പടരുന്ന വംശീയ പ്രസ്ഥാനങ്ങളും നവനാസി സംഘടനകളും അമേരിക്കന്‍ മൂലധനതാല്‍പര്യങ്ങളുമായി ചേര്‍ന്ന് ജന്മമെടുത്തതാണ്.

വിവിധ രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭിന്നരൂപങ്ങളില്‍ പ്രകടമാവുന്ന 'സ്വത്വരാഷ്ട്രീയ' പ്രസ്ഥാനങ്ങള്‍ക്ക് പൊതുവായൊരു ചരിത്രമുണ്ട്. മതം, വംശം, ഗോത്രം, ജാതി തുടങ്ങിയ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാവിധ ഭീകരസംഘങ്ങളും മൂലധനത്തിന്റെ വ്യാപനതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. മുതലാളിത്തത്തിന്റെ രാഷ്ട്രീയവും സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് സമകാലീന ലോകത്തിലെ വംശീയ പ്രസ്ഥാനങ്ങളെല്ലാം ജന്മമെടുത്തത്.

മുസോളിനിയും ഹിറ്റ്ലറും
മുസോളിനിയും ഹിറ്റ്ലറും

സ്വത്വരാഷ്ട്രീയ പ്രയോഗത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകമായ മാതൃക ജര്‍മ്മനിയിലെ നാസി രാഷ്ട്രീയമാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലും വംശവിരോധത്തിന്റെ വിഭ്രാന്തിയില്‍ അടിപ്പെട്ട നാസികള്‍ ജര്‍മ്മനിയെയും ലോകത്തെയും ശവപ്പറമ്പാക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടത്.

ലോകം ഭരിക്കാന്‍ പ്രാപ്തിയും അര്‍ഹതയുമുള്ള ഏകവംശം ആര്യന്മാരുടേതാണെന്നും ആര്യവംശ മേധാവിത്വം പുനഃസ്ഥാപിക്കലാണ് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമെന്നും ഹിറ്റ്‌ലറും നാസികളും പ്രചരിപ്പിച്ചു. ആര്യന്‍ വംശാഭിമാനത്തിന്റെ പ്രവാചകനെന്നറിയപ്പെടുന്ന ബ്ലെന്‍ചിലിയെപ്പോലുള്ളവര്‍ വംശീയ സ്വത്വത്തെ രാഷ്ട്രമായി സമര്‍ത്ഥിച്ചു. സിവില്‍ സമൂഹ ഉള്ളടക്കത്തോടെയുള്ള ദേശീയ രാഷ്ട്രസങ്കല്‍പങ്ങളത്തന്നെ നിഷേധിക്കുന്ന ചിന്താപദ്ധതികളാണ് 'ദി തിയറി ഓഫ് ദി സ്റ്റേറ്റ്' (Theory of the State) പോലുള്ള നാസികളുടെ ദാര്‍ശനിക കൃതികള്‍ മുന്നോട്ടുവെച്ചത്. ലോകത്തെ മറ്റെല്ലാം വംശങ്ങളെയും സമൂഹങ്ങളെയും അടക്കി ഭരിക്കാന്‍ കെല്‍പ്പും പദവിയും അധികാരവുമുള്ള ആര്യന്മാരുടെ 'സ്വത്വ'ത്തെ ഒരിക്കല്‍ക്കൂടി കണ്ടെത്താനാണ് വംശീയ ഫാസിസ്റ്റുകള്‍ ആഹ്വാനം ചെയ്തത്. ഇതരവംശങ്ങളെ തങ്ങള്‍ക്കവകാശപ്പെട്ട അധികാരത്തിന് കീഴ്‌പ്പെടുത്താന്‍ ബലപ്രയോഗവും വംശഹത്യയും വരെ ന്യായീകരിക്കത്തക്കതാണെന്ന ഫാസിസ്റ്റ് യുക്തിയിലാണ് ആര്യവംശമേധാവിത്വബോധം ജര്‍മ്മനിയില്‍ വളര്‍ന്നത്.

ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസവും ഇതേരീതി അവലംബിച്ചു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും വംശാഭിമാനത്തിലധിഷ്ഠിതമായ രാഷ്ട്രീയവും സംസ്‌കാരവും സ്റ്റാലിനും ദിമിത്രോവുമെല്ലാം വിശദമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. സാമ്രാജ്യത്വമായി വികസിച്ച മുതലാളിത്വത്തിന്റെ ജീര്‍ണരാഷ്ട്രീയം തന്നെയാണ് ജര്‍മ്മന്‍ വംശീയാഭിമാനത്തിന്റെ രാഷ്ട്രീയവുമെന്ന് അവര്‍ തുറന്നുകാട്ടി. ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം അധമമെന്ന് വിശേഷിപ്പിച്ച വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മേലുള്ള വംശാധിപത്യ രാഷ്ട്രീയം ജര്‍മ്മനിയിലെയും ഇറ്റലിയിലെയും കുത്തകകള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ക്കും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്കും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയം തന്നെയായിരുന്നു. മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ സര്‍വാധിപത്യ പ്രവണതകള്‍ തന്നെയാണ് വംശീയ സ്വത്വബോധത്തിന്റെ പേരില്‍ ലോകമെമ്പാടും അരങ്ങേറുന്ന കൂട്ടക്കൊലകളും വംശീയ യുദ്ധങ്ങളും പ്രകടിപ്പിക്കുന്നത്.

മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥ നിരന്തരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മധ്യത്തിലാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തിരോധാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ചിരകാല സ്വപ്നമായ 'നവലോകക്രമം' യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയിലാക്കിയിരിക്കയാണ്. അതിനായി അവര്‍ ആരംഭിച്ച ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ വന്‍തോതിലുള്ള തിരിച്ചടികളാണ് നേരിടുന്നത്. 2008-ലാരംഭിച്ച മുതലാളിത്ത പ്രതിസന്ധിയില്‍ നിന്ന് ലോകസമ്പദ്ഘടനയ്ക്ക് കരകയറാനാവുന്നില്ല.

കോവിഡും അടച്ചുപൂട്ടലും കഴിഞ്ഞിട്ടും സമ്പദ്ഘടനകള്‍ മാന്ദ്യത്തില്‍ തന്നെയാണ്. പ്രതിസന്ധി പരിഹരിക്കാനാവുമെന്ന പ്രതീക്ഷയോടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായിട്ടു തന്നെയാണ് സാമ്രാജ്യത്വം വംശീയ ഭീകരവാദപ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കുന്നത്. ജനകീയശക്തികളെ ഭിന്നിപ്പിക്കാനും ദേശീയരാഷ്ട്രഘടനകളെ ശിഥിലമാക്കാനുമുള്ള സാമ്പത്തിക, സാംസ്‌കാരിക പദ്ധതികള്‍ തന്നെ സാമ്രാജ്യത്വം രൂപപ്പെടുത്തിയിട്ടുണ്ട്. സി.ഐ.എ, പെന്റഗണ്‍, യു.എസ് വിദേശകാര്യ വിഭാഗം എന്നിവ ചേര്‍ന്ന് രഹസ്യാന്വേഷണപരവും സൈനികവും നയതന്ത്രപരവുമായ സംവിധാനങ്ങള്‍ ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഫൗണ്ടേഷനുകളും സന്നദ്ധസംഘടനാ ശൃംഖലകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

മതം, വംശീയത, ജാതീയത തുടങ്ങിയ എല്ലാതരം ശിഥിലീകരണ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളെ വിഭജിച്ച് നിര്‍ത്തുക എന്ന തന്ത്രമാണ് സാമ്രാജ്യത്വം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭാഷാപരവും പ്രാദേശികവുമായ എല്ലാവിധ സങ്കുചിതത്വങ്ങളെയും വളര്‍ത്തിയെടുത്ത് ദേശീയഘടനകളെ തകര്‍ക്കുന്ന വിഘടനവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തുകയും രാഷ്ട്രം ഉള്‍പ്പെടെയുള്ള എല്ലാവിധ ആധുനികാര്‍ത്ഥത്തിലുള്ള ബൃഹദ്ഘടനകളെയും തിരസ്‌കരിക്കുന്ന പ്രത്യയശാസ്ത്രപദ്ധതികളാണ് സാമ്രാജ്യത്വമൂലധനശക്തികള്‍ ലോകമാസകലം പ്രയോഗിക്കുന്നത്.

ആഫ്രിക്കയില്‍ ഹുടു-ടുട്‌സി തര്‍ക്കങ്ങള്‍ പോലുള്ള ഗോത്രവൈരങ്ങളും അള്‍ജീരിയയിലും ഇന്തോനേഷ്യയിലും ഇസ്ലാം-അനിസ്ലാമിക ഭിന്നതകളും ഇന്ത്യയില്‍ ഹിന്ദു-അഹിന്ദു വ്യത്യാസങ്ങളും വളര്‍ത്തുന്നു. സാര്‍വദേശീയതലത്തില്‍ തന്നെ ഇസ്ലാമോഫോബിയ പടര്‍ത്തുന്നു. അറബ് നാടുകളില്‍ ഇസ്ലാമികലോകത്തിലെ സുന്നി-ഷിയാ പോലുള്ള അവാന്തരവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ പാലസ്തീന്‍കാര്‍ക്കെതിരെ സയണിസത്തെ കയറൂരിവിടുന്നു. ഇസ്രായേല്‍ ഭരണകൂടത്തിന് യു.എസ് സര്‍ക്കാര്‍ ഡോളറുകള്‍ ഒഴുക്കി സയണിസ്റ്റ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. പൂര്‍വയൂറോപ്പിലും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളിലും വംശീയ സംസ്‌കാര വൈവിധ്യങ്ങളെ സംഘര്‍ഷഭരിതമാക്കുന്നു. നാറ്റോ സേനയെ വിന്യസിച്ചും നവനാസി പ്രസ്ഥാനങ്ങളെ കയറൂരിവിട്ടും യൂറോപ്പിലാകെ യുദ്ധവും അസ്ഥിരീകരണവും സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു. യുക്രെയ്‌നിലെ സെലന്‍സ്‌കി ഭരണകൂടത്തെ കയ്യിലെടുത്ത് റഷ്യന്‍ വംശജര്‍ക്കെതിരായ സംഘര്‍ഷം പടര്‍ത്തുകയാണ്. ബാള്‍ക്കന്‍ രാജ്യങ്ങളെ കല്ലോട് കല്ല് ചേരാതെ വംശീയഭീകരത അഴിച്ചുവിട്ടു തകര്‍ത്തുകളഞ്ഞിരിക്കുന്നു.

എല്ലാവിധ ജനാധിപത്യ സംവിധാനങ്ങളെയും നിരാകരിക്കുന്ന മത-വംശീയ പ്രസ്ഥാനങ്ങള്‍ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണപരിപാടിക്കുള്ള സ്വത്വരാഷ്ട്രീയപ്രയോഗത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ്. അല്ലാതെ ഉത്തരാധുനികര്‍ പ്രചരിപ്പിക്കുംപോലെ ജനങ്ങളുടെ സ്വത്വബോധത്തിന്റെ പ്രകാശനങ്ങളല്ല. സ്വത്വബോധത്തെ സ്വത്വരാഷ്ട്രീയമായി വളര്‍ത്തി വംശീയസംഘര്‍ഷങ്ങള്‍ പടര്‍ത്താനാണ് നവലിബറല്‍ മൂലധനത്തിന്റെ സാംസ്‌കാരികയുക്തിയെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരാധുനിക ദാര്‍ശനികര്‍ ശ്രമിക്കുന്നത്.

മുതലാളിത്തചൂഷണം സൃഷ്ടിക്കുന്ന അസമത്വങ്ങളെയും അസന്തുലിത്വങ്ങളെയും മനുഷ്യത്വവിരുദ്ധമായ സാമൂഹ്യവ്യവസ്ഥയെയും മത-വംശീയശക്തികള്‍ ഉയര്‍ത്തുന്ന മിഥ്യാപൂര്‍ണമായ പുനരുജ്ജീവനവാദം വഴി അതിജീവിക്കാമെന്ന വ്യാമോഹമാണ് സൃഷ്ടിക്കപ്പെടുന്നത്. തങ്ങളുടെ വംശീയ സ്വത്വവും ഭൂതകാലവും പുനരാനയിക്കുക വഴി വര്‍ത്തമാനകാല ദുരിതങ്ങളെ അതിജീവിക്കാമെന്നാണ് വംശീയവാദികള്‍ ഉദ്‌ബോധിപ്പിച്ചിരുന്നത്. അയഥാര്‍ത്ഥമായ സങ്കല്‍പങ്ങളിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ തിന്മകളില്‍ മനംമടുത്തവരെയും അതിന്റെ വികസനം സൃഷ്ടിച്ച അസന്തുലിത്വങ്ങളുടെ ഇരകളെയും വംശീയഭീകരപ്രസ്ഥാനങ്ങള്‍ തങ്ങളോടൊപ്പം നിര്‍ത്തുകയാണ്. ഈ 'സ്വത്വരാഷ്ട്രീയ' വാദികള്‍ തങ്ങള്‍ സൃഷ്ടിക്കുന്ന അയഥാര്‍ത്ഥലോകത്തില്‍ അയഥാര്‍ത്ഥ ശത്രുക്കളെയും അയഥാര്‍ത്ഥ മിത്രങ്ങളെയും സൃഷ്ടിച്ചെടുക്കുന്നു. തങ്ങളുടെ മതവും വംശവും ജാതിയുമെല്ലാം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതും ശ്രേഷ്ഠവുമാണെന്ന ആധിപത്യബോധമാണ് ഇവര്‍ വളര്‍ത്തുന്നത്. മറ്റുള്ളവരെല്ലാം മ്ലേച്ഛരും അധമരുമാണെന്ന പ്രത്യയശാസ്ത്രബോധം വളര്‍ത്തുന്ന വംശീയത ഒരു കൊളോണിയല്‍ നിര്‍മിതിയാണെന്ന യാഥാര്‍ത്ഥ്യം പുരോഗമനശക്തികള്‍ തുറന്നു കാട്ടേണ്ടതുണ്ട്.

വംശീയതക്കെതിരായ സാര്‍വദേശീയ സമ്മേളനവേദികള്‍ പലപ്പോഴും അമേരിക്കയും മറ്റിതര സാമ്രാജ്യരാജ്യങ്ങളും തങ്ങളുടെ താല്പര്യരാജ്യങ്ങള്‍ക്കെതിരാവാതെയിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ദര്‍ബന്‍ സമ്മേളനത്തില്‍ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശീയതയെ വിമര്‍ശിക്കുന്നതും പാലസ്തീന്‍ ജനത നേരിടുന്ന വിവേചനങ്ങള്‍ പരാമര്‍ശിക്കുന്നതുമായ പ്രഖ്യാപനത്തിന്റെ കരാറിനെ അമേരിക്കയും സഖ്യരാജ്യങ്ങളും എതിര്‍ത്തു. അവസാനം അമേരിക്കയുടെ അഭീഷ്ടമനുസരിച്ച് ഇന്ത്യ ഇടപെട്ടുകൊണ്ടാണ് ദര്‍ബന്‍ സമ്മേളന പ്രഖ്യാപനത്തില്‍ ഇസ്രായേലിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിച്ചത്. സാമ്രാജ്യത്വത്തിനും അവരുടെ ശിങ്കിടികളായ സിയോണിസ്റ്റുകള്‍ക്കും മേല്‍ക്കൈയുള്ള ഒരു ലോകവേദിയില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അസ്വാഭാവികത ഇല്ല. എന്നാല്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങളും സജീവമായിരുന്ന 1978-ലെയും 1983-ലെയും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമ്മേളനങ്ങളില്‍ നിന്നും ഇസ്രായേലിനെ സിയോണിസ്റ്റ് വംശീയരാഷ്ട്രമായി വിലയിരുത്തുന്നതില്‍ പ്രതിഷേധിച്ച് അമേരിക്ക വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്.

പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയും ഔട്ട്‌പോസ്റ്റുമായി നിലനില്‍ക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഒരു പ്രഖ്യാപനത്തോടും അമേരിക്കക്ക് യോജിക്കാനാവില്ലല്ലോ. സയണിസത്തെ വംശീയതയായി നിര്‍വചിക്കുന്ന പരാമര്‍ശങ്ങള്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നപക്ഷം അമേരിക്കക്ക് പുറമെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ബഹിഷ്‌കരിക്കുമെന്ന് ദര്‍ബന്‍ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കുകയുണ്ടായി. 'യുദ്ധകുറ്റങ്ങള്‍ വംശീയ ശുദ്ധീകരണത്തിനും കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയായ വംശീയകുറ്റവാളി'യായി ഇസ്രായേലിനെ വിശേഷിപ്പിക്കണമെന്ന വാദത്തില്‍ പ്രതിഷേധിച്ചാണ് അമേരിക്കയും ഇസ്രായേലും സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി സമ്മേളനത്തിന്റെ സെക്രട്ടറി ജനറല്‍ മി.മേരിറോബിന്‍ ഇസ്രായേലിനെതിരായ പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കുകയായിരുന്നു.

ന്യൂനപക്ഷ സമുദായാംഗങ്ങളെ രണ്ടാംകിട പൗരന്മാരായി കാണുന്ന സാംസ്‌കാരിക ദേശീയത ഇന്ത്യയില്‍ വംശഹത്യകള്‍ സൃഷ്ടിക്കുന്നതാണ് ഗുജറാത്തിലും ഒറീസയിലുമെല്ലാം നാം ദര്‍ശിച്ചത്. ഇപ്പോള്‍ മണിപ്പൂരില്‍ മെയ്ത്തി വംശജരെ കൂടെനിര്‍ത്തിക്കൊണ്ട് കുക്കികള്‍ക്കെതിരായി വംശഹത്യയ്ക്ക് സമാനമായ കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നവഉദാരവല്‍ക്കരണനയവും തീവ്രഹിന്ദുത്വവാദവും തമ്മിലുള്ള പാരസ്പര്യം ഇന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ വംശഹത്യയോളം വളര്‍ന്ന ഹിന്ദുത്വരാഷ്ട്രീയത്തെ അമേരിക്കന്‍ ഏജന്‍സികള്‍ ഡോളറുകള്‍ ഒഴുക്കിക്കൊണ്ട് കൂടിയാണ് വളര്‍ത്തിയെടുത്തത്. 'ഇന്ത്യാ റിലീഫ് ആന്‍ഡ് ഡവലപ്‌മെന്റ്' പോലുള്ള സംവിധാനങ്ങള്‍ വഴി ഗുജറാത്തിലേക്ക് ഒഴുകിയെത്തിയ വിദേശഫണ്ടുകളാണ് ആക്രമണോത്സുകമായ ഹിന്ദുത്വവാദത്തെ പരിപോഷിപ്പിച്ചെടുത്തത്. വിദ്വേഷത്തിന്റെയും വംശീയ ഉച്ചാടനത്തിന്റെയും രാഷ്ട്രീയവും സംസ്‌കാരവും ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിരവധി അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സികളും ബുദ്ധികേന്ദ്രങ്ങളും ബദ്ധശ്രദ്ധരാണ്. വംശമഹിമയുടെയും അന്യമത വിരോധത്തിന്റെയും പ്രത്യയശാസ്ത്രവല്‍ക്കരണമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വര്‍ത്തമാന ലോകത്തെയാകമാനം കുരുതിക്കളമാക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രം തന്നെ രക്തപങ്കിലമായ 'ക്രൂരതീര്‍ത്ഥാടന'ങ്ങളുടേതാണ്. തദ്ദേശീയരായ റെഡ് ഇന്ത്യന്‍ വംശജരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അമേരിക്ക വംശശുദ്ധീകരണത്തിന്റെ മഹാപാതകങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതുതന്നെ. വംശഹത്യയുടെ നിഷ്ഠൂരതകളിലാണ് അമേരിക്കയെന്ന രാജ്യം തന്നെ സ്ഥാപിക്കപ്പെട്ടത്. ആംഗ്ലോ-സാക്‌സണ്‍ വംശമേധാവിത്വ മനോഭാവമാണ് എക്കാലത്തും അമേരിക്കയുടെ പൊതുബോധത്തെ നയിച്ചിട്ടുള്ളത്.

കറുത്തവനായ ഒബാമ പ്രസിഡന്റ് പദത്തിലേക്ക് വന്നപ്പോള്‍ അമേരിക്കയിലെ ആംഗ്ലോസാംസണ്‍ വെള്ളവികാരം അമര്‍ഷം പ്രകടിപ്പിച്ചത് ലോകം കണ്ടതാണ്. ഒരിക്കലും അമേരിക്കയുടെ വംശീയ മേധാവിത്വത്തിലധിഷ്ഠിതമായ കോര്‍പ്പറേറ്റ് മോഹങ്ങള്‍ അവസാനിക്കുന്നില്ല. തുര്‍ക്കിയിലും കിഴക്കന്‍ തിമോറിലും ഗ്വാട്ടിമാലയിലും സി.ഐ.എ നടത്തിയ വംശശുദ്ധീകരണങ്ങള്‍ തങ്ങളുടെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ബാള്‍ക്കന്‍ രാജ്യങ്ങളെ സമ്പൂര്‍ണമായി തകര്‍ത്തതും വംശീയഭ്രാന്ത് കെട്ടഴിച്ചുവിട്ടുകൊണ്ടായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഭ്രാതൃഹത്യകള്‍ സൃഷ്ടിച്ചത് പ്രകൃതിവിഭവങ്ങളും സമ്പത്തും കൈയടക്കുകയെന്ന അധിനിവേശ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു.

സ്വന്തം രാജ്യത്തുപോലും കറുത്ത വംശജരെ വംശീയമായി വേട്ടയാടിയ ചരിത്രമാണ് അമേരിക്കയുടേത്. കറുത്തവംശജരായ യുവതലമുറയെ മയക്കുമരുന്നിന് അടിമയാക്കി ക്രിമിനലൈസ് ചെയ്യുകയാണ് സി.ഐ.എ ചെയ്തത്. ബ്ലാക്ക്പാന്തര്‍ ഉള്‍പ്പെടെയുള്ള വര്‍ണവെറിക്കെതിരായ കറുത്തവരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് അമേരിക്കന്‍ ഭരണകൂടം എന്നും ചെയ്തത്.

ലോകത്തിലെ ഏക വന്‍ശക്തിയായി തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്ന അമേരിക്ക ഭൂമണ്ഡലത്തിലാകെ തങ്ങള്‍ക്കഭിമതരല്ലാത്ത ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യുകയും തകര്‍ക്കുകയുമാണ്. നാനാവിധമായ വംശവെറിയന്‍ പ്രസ്ഥാനങ്ങളിലൂടെ ലോകത്തെ കുരുതിക്കളമാക്കുന്ന അമേരിക്ക മനുഷ്യരാശിക്കെതിരായ പാതകങ്ങളിലൂടെയാണ് നവലോകക്രമം രൂപപ്പെടുത്തുന്നത്. അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള ആഗോളശ്രമങ്ങള്‍ മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളുടെയും വംശീയയുദ്ധത്തിന്റെയും മാനം കൈവരിച്ചിരിക്കുന്നു.

വന്‍കിട കോര്‍പ്പറേറ്റ് മൂലധന കുത്തകകള്‍ സാമ്പത്തികപ്രവര്‍ത്തനത്തിന്റെ ദേശീയരൂപങ്ങളെ ഭേദിക്കാനും ആധിപത്യം സ്ഥാപിക്കാനും നടത്തുന്ന നീചമായ നീക്കങ്ങളാണ് എല്ലാവിധ അസ്ഥിരീകരണപരിപാടികളുടെയും ലക്ഷ്യം. ദേശീയതയെ സാമ്പത്തികജീവിതത്തില്‍ നിന്നടര്‍ത്തിമാറ്റി വര്‍ഗീയവും വംശീയവുമായ ഒരു പ്രതിലോമപരമായ സംവര്‍ഗമാക്കി ദൃഢീകരിക്കാനുള്ള ശ്രമങ്ങളാണ് യൂഗോസ്ലാവ്യയിലും പഴയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിലുമെല്ലാം കണ്ടത്. ദേശീയതയെ വിഘടിപ്പിച്ച് മതാത്മകവും വംശീയവുമായ അടിസ്ഥാനങ്ങളില്‍ ജനങ്ങളെ വിഭ്രാന്തമായ കലാപങ്ങളിലേക്ക് നയിക്കുന്ന മൂലധനശക്തികള്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ ജന്മദേശമായ സാമ്രാജ്യത്വ രാജ്യങ്ങളുടെ ദേശീയതയുടെ ആധിപത്യഭാവത്തെ പരമാവധി വിജൃംഭിതമാക്കുകയും ചെയ്യുന്നു.

ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും എല്ലാവിധ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന 'സ്വത്വരാഷ്ട്രീയവാദി'കളാണ് സമകാലിക വംശീയ വിഘടനപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാര്‍. സമകാലിക വംശീയവിഘടനപ്രസ്ഥാനങ്ങളുടെ വക്താക്കള്‍ എല്ലാവിധ സാംസ്‌കാരിക സ്വത്വങ്ങളെയും സാമ്രാജ്യത്വ അധിനിവേശത്തിനനുഗുണമാകുന്ന ചിന്താപദ്ധതികളായി ആവിഷ്‌ക്കരിച്ച് പ്രയോഗിക്കുകയാണ്. സംസ്‌കാരവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, ബഹുസ്വരതയെ അംഗീകരിക്കുന്ന ജനാധിപത്യ ദര്‍ശനങ്ങളുടെ നിഷേധത്തിലാണ് ഹണ്ടിങ്ടണ്‍ സിദ്ധാന്തങ്ങള്‍ മുളപൊട്ടുന്നത്. മൗലികമായ മതം, വംശം, ജാതി, ഗോത്രം, ദേശം തുടങ്ങിയ എല്ലാവിധ ഘടകങ്ങളുമായി ചേര്‍ന്ന് വിവിധ രൂപത്തിലുള്ള മൗലികവാദസിദ്ധാന്തങ്ങളെയാണ് സാമ്രാജ്യത്വത്തിന്റെ 'സാംസ്‌കാരസംഘര്‍ഷ' സൈദ്ധാന്തികര്‍ ശക്തിപ്പെടുത്തുന്നത്. നവോത്ഥാനത്തിനും ആധുനികതക്കുമെതിരായ വിമര്‍ശനമെന്ന നിലയില്‍ രൂപപ്പെട്ടുവരുന്ന ഉത്തരാധുനിക ചിന്താപദ്ധതികളെയാണ് എല്ലാവിധ വര്‍ഗീയ, വംശീയവാദികളും പിന്‍പറ്റുന്നത്.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക ജീവിതങ്ങള്‍ തമ്മിലും ഇവയെല്ലാം ബന്ധപ്പെട്ട വിവിധ ജ്ഞാന രൂപങ്ങള്‍ തമ്മിലുമുള്ള ബന്ധത്തെ അത് നിഷേധിക്കുന്നു. മനുഷ്യചിന്തയെയും ജീവിതത്തെയും സംബന്ധിച്ച സമഗ്രദര്‍ശനങ്ങളെ അത് നിരസിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ തന്നെ നിഷേധിക്കുകയും ഉല്‍പാദന-പ്രത്യുല്‍പാദന ബന്ധങ്ങളില്‍ നിന്നും പ്രക്രിയയില്‍ നിന്നും വേറിട്ട വിമോചനത്തിന്റെ ബഹു സാധ്യതകളെന്ന നിലയില്‍ വിവിധ മൗലികവാദ രൂപങ്ങളെ വളര്‍ത്തുകയാണ് ഉത്തരാധുനികരും നവലിബറല്‍ മൂലധനശക്തികളും.

സമൂഹത്തെയും രാഷ്ട്രസ്വത്വത്തെയും ശിഥിലീകരിക്കുക (fragamentise) എന്നതാണ് സാമ്രാജ്യബുദ്ധികേന്ദ്രങ്ങളുടെ ഈ ഉത്തരാധുനിക നയത്തിന്റെയും ലക്ഷ്യം. തീവ്രമാകുന്ന സാമ്രാജ്യത്വ ചൂഷണത്തെയാണ് ആഗോളവല്‍ക്കരണനയങ്ങള്‍ പ്രതിനിധീകരിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നവ ഉദാരവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്നും ഉയിര്‍ക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള മറുവിദ്യകള്‍ എന്ന നിലയിലുമാണ് മതവര്‍ഗീയതയെയും വംശീയ വിഘടനവാദ പ്രസ്ഥാനങ്ങളെയും സാമ്രാജ്യത്വം ആയുധവും അര്‍ത്ഥവും നല്‍കി ശക്തിപ്പെടുത്തുന്നത്. സോഷ്യലിസത്തെയും ജനാധിപത്യ ദേശീയതയെയും ആക്രമിച്ച് നശിപ്പിക്കുകയും അധിനിവേശത്തിന്റെയും ദേശീയ അടിമത്വത്തിന്റെയും ചിന്താധാരകളെ നിരന്തരം പുനരുല്‍പാദിപ്പിക്കുകയും ചെയ്തുകൊണ്ടാണ് എല്ലാവിധ സാമ്രാജ്യത്വപ്രോക്ത മത, വംശ, ജാതി പ്രസ്ഥാനങ്ങളും നാനാവിധത്തിലുള്ള മൗലികവാദ സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മനുഷ്യക്കുരിതികള്‍ സൃഷ്ടിക്കുന്ന വംശീയ യുദ്ധങ്ങള്‍ സാമ്രാജ്യത്വമൂലധന വ്യവസ്ഥയുടെ അതിജീവനത്തിനുള്ള സാര്‍വദേശീയ പരിപാടിയായി ഇന്ന് മൂലധനശക്തികള്‍ വികസിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com