അംബേദ്കർ - ഗാന്ധി സമന്വയം സാധ്യമോ?

ഗാന്ധിയുടെ ആത്മശുദ്ധീകരണ തത്വമല്ല അംബേദ്കറെ നയിച്ചത്. ദലിതരോട് സ്വയം പരിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിലൂടെ യാഥാസ്ഥിതിക പാരമ്പര്യ ഇന്ത്യൻ മൂല്യങ്ങൾ ഉപേക്ഷിക്കുക എന്നതാണ് അംബേദ്കർ ലക്ഷ്യമാക്കിയത്.
അംബേദ്കർ - ഗാന്ധി സമന്വയം സാധ്യമോ?

സമകാലിക പ്രതിസന്ധികളിൽ പരിഹാരമായും ഊർജ്ജമായും ചരിത്രത്തിൽ നിന്ന് വേരുകൾ കണ്ടെത്തുന്നതിലൂടെ ചരിത്രത്തെ സദാ വർത്തമാനത്തിന്റെ ഉപദാനമായും പ്രതിവിധിയായും വിലയിരുത്തുന്നവരുണ്ട്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ചരിത്രത്തെ വർത്തമാനത്തെ പൂരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയായി പണ്ഡിതർ കണക്കാക്കുകയും ചെയ്യുന്നു. ഒരുവേള ഭരണകൂട ശക്തികൾക്ക് ചരിത്ര രചന തങ്ങളുടെ അധികാര സാധൂകരണത്തിന്റെ ഉപകരണമാണ്. മറ്റ് ചിലർക്ക് തങ്ങളുടെ ആഖ്യാനങ്ങളുടെ സാധൂകരണത്തിനുള്ള ഉപകരണമായും കലാശിക്കുന്നു. അടിസ്ഥാനപരമായി ചരിത്ര വസ്തുതകൾ ആഖ്യാനങ്ങളെ സാധൂകരിക്കുന്ന സന്ദർഭത്തിലാണ് ചരിത്ര രചന ശാസ്ത്രീയമായി മാറിത്തീരുക. "അംബേദ്കർ ഗാന്ധി സമന്വയം സാധ്യമാണോ? " എന്ന ചോദ്യം അതുകൊണ്ടുതന്നെ തീർത്തും ചരിത്രപരമാണ്. വസ്തുതകൾ സമന്വയിക്കുമ്പോഴാണ് ചരിത്രാഖ്യാനം തിളക്കമാർന്ന ഭൂപടമായി പരിണമിക്കുന്നത്. അംബേദ്കർ - ഗാന്ധി സമന്വയം എന്ന വിഷയത്തെ സംബന്ധിച്ചും ചരിത്ര ആഖ്യാനത്തെ സംബന്ധിച്ച അടിസ്ഥാന ധാരണകൾ സുപ്രധാനവും പ്രസക്തവുമാണ്.

ആത്മ ശുദ്ധീകരണവും സ്വയം പരിഷ്കരണവും

അംബേദ്കറെയും ഗാന്ധിയെയും സമന്വയിപ്പിക്കുന്നവരുടെ പ്രധാന വാദമാണ് അംബേദ്കർ ദലിതരോട് ഗോമാംസം ഉപേക്ഷിച്ച് സ്വയം പരിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് ഗാന്ധിയുടെ ആത്മശുദ്ധീകരണം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നത്. ആത്മ ശുദ്ധീകരണം എന്ന ആശയവും സ്വയം പരിഷ്കരണം എന്ന ആശയവും ഇവിടെ പരിശോധിക്കേണ്ടതുണ്ട്. സവർണരുടെ ആത്മ ശുദ്ധീകരണത്തിലൂടെ അയിത്തം അവസാനിപ്പിക്കുക എന്ന ഗാന്ധിയൻ ദർശനത്തിൽ ദലിതർക്ക് യാതൊരു കർത്തൃത്വവുമില്ല. കൂടാതെ ഇത് ഔദാര്യ പൂർണമായ യജമാന ഭാവത്തെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭരണ രംഗത്തും അധികാര രംഗത്തും അക്കാദമിക മേഖലകളിലും ഇന്നും ദലിതർ നേരിടുന്ന അസ്പൃശ്യതയും പുറന്തള്ളലും തെളിയിക്കുന്നത് സവർണരുടെ ആത്മശുദ്ധീകരണത്തിലൂടെ ദലിത് ഉന്നമനം സാധ്യമാവില്ല എന്നു തന്നെയാണ്. നിയമങ്ങളും ഭരണഘടനയും നിലനിൽക്കുന്നതിനാണ് ദലിതർ ഇന്നും സംരക്ഷിക്കപ്പെടുന്നത്. സവർണരുടെ ആത്മ ശുദ്ധീകരണത്തിന്റെ ബലമല്ല മറിച്ച് സംവരണം ഉൾപ്പെടെയുള്ള പ്രാതിനിധ്യ അവകാശങ്ങളാണ് ഇന്നും ഒരു പരിധി വരെയെങ്കിലും ദലിത് ഉന്നമനത്തെ സഹായിക്കുന്നത്. ജനാധിപത്യത്തിന്റെ തത്വങ്ങളിലാണ് ദലിത് വിമോചനത്തിന്റെ ദർശനങ്ങൾ കുടികൊള്ളുന്നത് എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ഗാന്ധിയൻ ആത്മശുദ്ധീകരണം സവർണർ ഏറ്റെടുത്തില്ല എന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ദലിതർ ഇന്നും നേരിടുന്ന ദുരിത പർവങ്ങൾ. അതുകൊണ്ടു തന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ദലിതർക്ക് ഗാന്ധിയൻ ആത്മശുദ്ധീകരണത്തേക്കാൾ വിശ്വാസ യോഗ്യമായിരിക്കുന്നത് ഭരണഘടനാ ജനാധിപത്യ തത്വങ്ങളാണ്.

ഗാന്ധിയുടെ ആത്മശുദ്ധീകരണ തത്വമല്ല അംബേദ്കറെ നയിച്ചത്. ദലിതരോട് സ്വയം പരിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിലൂടെ യാഥാസ്ഥിതിക പാരമ്പര്യ ഇന്ത്യൻ മൂല്യങ്ങൾ ഉപേക്ഷിക്കുക എന്നതാണ് അംബേദ്കർ ലക്ഷ്യമാക്കിയത്. ഗോമാംസം ഉപേക്ഷിക്കാൻ പറഞ്ഞതിലൂടെ ഗോമാംസ ഭക്ഷണം ഉപേക്ഷിക്കുക എന്ന ബ്രാഹ്മണ്യ ആശയമല്ല അംബേദ്കറിൽ പ്രവർത്തിച്ചത്. മറിച്ച് ചത്ത പശുവിന്റെ ശരീരം നീക്കം ചെയ്യുന്ന പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കാനാണ് അംബേദ്കർ ദലിതരെ പ്രേരിപ്പിച്ചത്. അടിസ്ഥാനപരമായി ഇത്തരം സ്വയം പരിഷ്കരണത്തിലൂടെ സമ്പൂർണമായ ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥയുടെ നിരാസമാണ് അംബേദ്കർ ലക്ഷ്യമിട്ടത്. ഇതിലൂടെ തുല്യ പൗര ശരീരങ്ങളായി ആധുനിക ജനാധിപത്യ മൂല്യ വ്യവസ്ഥക്കനുസൃതമായ രീതിയിൽ പരിവർത്തിക്കാനാണ് അംബേദ്കർ ആവശ്യപ്പെട്ടത്. ഗാന്ധിയുടെ ആത്മ ശുദ്ധീകരണം എന്ന ആശയവുമായി അംബേദ്കറുടെ സ്വയം പരിഷ്കരണം എന്ന ആശയം ബഹു കാതം അകലെയാണെന്നാണ് ഇത് തെളിയിക്കുന്നത്. അംബേദ്കറുടെ ആത്മ പരിഷ്കരണം ജനാധിപത്യ മൂല്യങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോൾ ഗാന്ധിയൻ ആത്മ ശുദ്ധീകരണവാദം പാപ പ്രായശ്ചിത്ത മത ബോധ്യവുമായാണ് ആഴത്തിൽ ഇഴ ചേരുന്നത്. സവർണർ അവർണരോട് ചെയ്ത പാപത്തിന്റെ പരിഹാരമായ പ്രായശ്ചിത്തമായാണ് ഗാന്ധി ആത്മശുദ്ധീകരണത്തെ കണ്ടത്. അംബേദ്കറാവട്ടെ പരിഷ്കരണത്തെ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യ ഭാഗമായും ദർശിച്ചു.

മാറുന്ന ഗാന്ധി

ജാതിയെ സംബന്ധിച്ച ഗാന്ധിയുടെ ബോധ്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നു എന്നും 1935 ൽ Caste has to go എഴുതുമ്പോഴേക്ക് ജാതി പോകണം എന്ന ആശയത്തിലേക്ക് ഗാന്ധി എത്തിച്ചേർന്നു എന്നുമാണ് "അംബേദ്കർ - ഗാന്ധി സമന്വയ വാദികൾ" പൊതുവെ അഭിപ്രായ പ്പെടുന്നത്. എന്നാൽ 1936 ൽ അംബേദ്കർ Annihilation of Caste പ്രസിദ്ധീകരിച്ച വേളയിൽ അതിശക്തമായ എതിർപ്പാണ് ഗാന്ധി പ്രകടിപ്പിച്ചത്. 1936 ജൂലൈ 11ന് ഹരിജനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഡോ. അംബേദ്കർ ഹിന്ദുമതത്തിന് വെല്ലുവിളിയാണെന്ന് ഗാന്ധി എഴുതി. 1936 ജൂലൈ 18 ൽ ഹരിജനിൽ ഗാന്ധി ഇപ്രകാരം കുറിച്ചു : " ജാതിക്ക് മതത്തിൽ ഒരു കാര്യവുമില്ല. ജാതി ഒരാചാരമാണ്. അതിന്റെ ഉറവിടമേതെന്ന് എനിക്കറിയില്ല. എന്റെ ആത്മീയ വിശപ്പിന്റെ തൃപ്തിക്ക് അത് അറിയേണ്ട കാര്യമില്ല. പക്ഷേ, ജാതി ആത്മീയവും ദേശീയവുമായ വളർച്ചക്ക് ദോഷകരമാണെന്ന് എനിക്കറിയാം. വർണവും ആശ്രമവും ജാതിയുമായി ബന്ധമില്ലാത്ത സ്ഥാപനങ്ങളാണ് ". വർണാശ്രമ ധർമം എന്ന ആശയവും, സാമൂഹ്യ വ്യവസ്ഥയും ജാതിയുടെ ശുദ്ധാശുദ്ധി ക്രമങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന ചരിത്ര സത്യം ഇവിടെ ഗാന്ധി ദർശിക്കുന്നില്ല.

1925 ൽ വൈക്കത്ത് വന്ന ഗാന്ധി, "അയിത്തോച്ചാടനം വർണാശ്രമ ധർമ ഭഞ്ജനമല്ല, അത് മിശ്രഭോജനത്തെയോ മിശ്രവിവാഹത്തെയോ സൂചിപ്പിക്കുന്നുമില്ല " എന്ന് പ്രസംഗിക്കുന്നുണ്ട്. ജാതിയെ സംബന്ധിച്ച ഈ ധാരണയ്ക്ക് മുപ്പതുകളിലും യാതൊരു മാറ്റവുമില്ല എന്നാണ് അംബേദ്കറുടെ ജാതി നിർമൂലനത്തോടുള്ള ഗാന്ധിയുടെ ഹരിജനിലെ പ്രതികരണങ്ങൾ സ്പഷ്ടമാക്കുന്നത്. 1934 ജനുവരി 17 ന് കൂർക്കഞ്ചേരിയിൽ തീയൻമാരുടെ മംഗള പത്രത്തിനുള്ള മറുപടിയിൽ അയിത്തത്തെ അടിസ്ഥാനമാക്കിയുള്ള ജാതി വ്യവസ്ഥ പിശാച് കെട്ടി ഉണ്ടാക്കിയിട്ടുള്ള സ്ഥാപനമാണെന്ന് ഗാന്ധി പ്രസ്താവിക്കുന്നു. അതേ വേളയിൽ തന്നെ, ".. വർണാശ്രമ ധർമം എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന ജാതിവ്യവസ്ഥ ഒരു സനാതന നിയമം ആണെന്ന് " ഗാന്ധി മറയില്ലാതെ പ്രസ്താവിക്കുകയും ചെയ്യുന്നു. കൂടാതെ വർണധർമം ഒരു സാമ്പത്തിക നിയമമാണെന്നും ഇതേ പ്രഭാഷണത്തിൽ ഗാന്ധി സമർത്ഥിക്കുന്നുമുണ്ട്. 1937 ജനുവരി 16 ന് ഗാന്ധി ശിവഗിരിയിൽ ചെയ്ത പ്രസംഗത്തിൽ വർണം ഈശ്വര നിയമമാണെന്നും അതിനെ നിരാകരിക്കുന്നത് ദോഷമാണെന്നും, അതംഗീകരിച്ചാൽ പ്രയോജനപ്രദമാണെന്നും ഗാന്ധി വാദിച്ചു. നാരായണ ഗുരുവും ഗാന്ധിയുമായുള്ള സംവാദത്തിന് ശേഷം ഗാന്ധിക്ക് വർണാശ്രമ ജാതി വ്യവസ്ഥയെ സംബന്ധിച്ച് വലിയ മനഃ പരിവർത്തനം ഉണ്ടായതായും സമന്വയ വാദികൾ അഭിപ്രായപ്പെടാറുണ്ട്. എന്നാൽ ഗുരുവുമായുള്ള സംവാദത്തിന് ശേഷവും ഗാന്ധിയുടെ ജാതിധാരണകൾക്ക് മാറ്റമുണ്ടായില്ല എന്നാണ് ഗാന്ധിയുടെ കൂർക്കഞ്ചേരിയിലെയും ശിവഗിരിയിലെയും പ്രഭാഷണങ്ങൾ തെളിയിക്കുന്നത്. കൂടാതെ 1934 ലെ കൂർക്കഞ്ചേരിയിലെ പ്രസംഗത്തിൽ ഗാന്ധി ഗുരുവിനെ തെറ്റിദ്ധരിപ്പിക്കും വിധം സംസാരിക്കുകയും ചെയ്തു. അതിങ്ങനെയാണ്: " ഞാൻ അദ്ദേഹവുമായി ( ഗുരുവുമായി ) ചർച്ചകൾ പലതും നടത്തി. എന്നാൽ ഞാൻ ഇവിടെ നൽകിയ വർണ ധർമ വ്യാഖ്യാനത്തിനെതിരായി അദ്ദേഹം ഒന്നും പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. " ഇത് ഓർമക്കുറവിന്റെ പ്രശ്നമല്ലെന്നും അടിസ്ഥാനപരമായി ജാതിയെ സംബന്ധിച്ച ഗാന്ധിയുടെ ധാരണകൾ അദ്ദേഹം വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്തത് എന്നും 1937 ലെ ശിവഗിരിയിലെ പ്രഭാഷണവും തെളിയിക്കുന്നു.

വർണധർമത്തെ ന്യായീകരിച്ചു കൊണ്ടുള്ള ഗാന്ധിയുടെ വാദത്തെ ഗുരു അന്ന് തന്നെ ഖണ്ഡിച്ചിരുന്നു. ആശ്രമ മുറ്റത്തെ മാവിലകളുടെ വൈവിധ്യത്തെ മുൻ നിർത്തി ഗാന്ധി വർണധർമത്തെ ന്യായീകരിച്ച വേളയിൽ മാവിലകളുടെ ചാറിന് ഒരേ രുചിയായിരിക്കുമെന്ന മറുപടിയിലൂടെ ഗുരു ഗാന്ധിയുടെ വർണധർമ ന്യായീകരണത്തെ കരുണാർദ്രമായി നിരസിക്കുകയാണുണ്ടായത്. ഒരിക്കൽ ഒരു ഭക്തൻ ഗുരുവിനോട് "മഹാത്മാ ഗാന്ധി വർണാശ്രമം നല്ലതാണെന്നാണ് അഭിപ്രായപ്പെടുന്നത് " എന്നു പറഞ്ഞു. വർണം ജാതിയല്ലെന്നും ജാതിയും വർണവുമായി സംബന്ധമില്ലെന്നുമാണ് ഗാന്ധിജി പറയുന്നതെന്ന് ഭക്തൻ പറഞ്ഞപ്പോൾ ഗുരു ഇപ്രകാരം പ്രസ്താവിച്ചു: "ഗുണകർമങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം. ഗുണകർമങ്ങളിൽ സ്ഥായിയായി ഒന്നുമില്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ വർണം എങ്ങനെ നിശ്ചയിക്കാം". ഗാന്ധിയുടെ അഭിപ്രായം മൂലം യാഥാസ്ഥിതികർക്ക് ശക്തി കൂടിയിട്ടുണ്ട് എന്ന് ഭക്തൻ പ്രതികരിച്ചപ്പോൾ ഗുരു പറഞ്ഞത്; " എന്താണ് ഗാന്ധി അങ്ങനെ പറയുന്നത്? നല്ല പോലെ ആലോചിച്ചിട്ടില്ലായിരിക്കാം" എന്നാണ്. വിരാഡ് പുരുഷനിൽ നിന്ന് വിവിധ വർണത്തിൽ പെട്ടവർ ഉദ്ഭവിച്ചു എന്ന ബ്രാഹ്മണ സിദ്ധാന്തത്തെ "അതെങ്ങനെയാണ് മരം പൊട്ടി ഉണ്ടാകും പോലെയാണോ?" എന്നു ഗുരു പരിഹാസ രൂപേണ ചോദിക്കുന്നുമുണ്ട്. വർണാശ്രമത്തെ സംബന്ധിച്ച ഗുരുവിന്റെയും ഗാന്ധിയുടെയും ധാരണകളിൽ പ്രകാശവർഷം അകലമുണ്ടെന്നാണ് ഇത് കാട്ടിത്തരുന്നത്. ഗാന്ധി നിരന്തരം മാറിക്കൊണ്ടിരുന്നു എന്ന വാദത്തെ സമ്പൂർണമായി റദ്ദ് ചെയ്യുന്നവയാണ് ഇവിടെ ഉദ്ധരിച്ച ചരിത്ര സന്ദർഭങ്ങളെല്ലാം.

അംബേദ്കർ ബുദ്ധനിലേക്ക്

ഗാന്ധിയുടെ മതമൂല്യ വിചാരങ്ങൾക്ക് തുല്യമായാണ് അംബേദ്കർ പിൽക്കാലത്ത് ബുദ്ധ മതത്തിലേക്ക് തിരിഞ്ഞതെന്നും സമന്വയ വാദികൾ വാദിക്കുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളിലുള്ള അംബേദ്കറുടെ നവീന വിശ്വാസ പ്രമാണങ്ങളുടെ ഔത്സുക്യം സാക്ഷാത്കരിക്കപ്പെട്ടത് ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തിലാണെന്ന് ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീരാ നന്ദ Prophets Facing Backward എന്ന ഗ്രന്ഥത്തിൽ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിൽ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ബൗദ്ധ പാരമ്പര്യത്തിൽ സർഗാത്മകമായ പുനർനിർമാണം നടത്തേണ്ടതുണ്ടെന്നു അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു എന്ന് മീരാ നന്ദ പറയുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന തന്റെ പൗര സമൂഹത്തോടുള്ള പ്രതിബദ്ധതക്കു വേണ്ടി ഗൗതമ ബുദ്ധന്റെ ചരിത്രപരമായ കലാപത്തെ ഉപയോഗപ്പെടുത്താൻ ദെവേയുടെ വീഷണം അംബേദ്കറെ സഹായിച്ചതായും മീര നന്ദ പ്രസ്താവിക്കുന്നു. അനീതിയെ സയുക്തികമാക്കുകയും അനീതിയെ പ്രകൃതി നിയമത്തിന്റെ പരിണത ഫലമെന്ന നിലയിൽ നീതിമത്ക്കരിക്കുകയും ചെയ്യുന്ന വർണധർമത്തെ ഗാന്ധി ജീവിതത്തിലുടനീളം പിന്തുടർന്നപ്പോൾ അംബേദ്കർ അതിനെ നിശിതമായി വിമർശ വിചാരം ചെയ്ത് നിരസിച്ചു. ഇതിൽ നിന്ന് ഗാന്ധിയുടെയും അംബേദ്കറുടെയും മതമൂല്യങ്ങളെ സംബന്ധിച്ച ലോകവീക്ഷണങ്ങളിലെ അന്തരമാണ് വെളിപ്പെടുന്നത്. ഗാന്ധിയൻ പരിഷ്കരണ വാദം മാനവ സമൂഹത്തെ ജാതീയമായി വെട്ടിപ്പിളർക്കുന്ന ചാതുർവർണ്യ വ്യവസ്ഥയെ നിരാകരിക്കുന്നില്ല എന്ന് മീര നന്ദ വിവരിക്കുന്നതിന്റെ സാംഗത്യവും സ്പഷ്ടമാണ്. മതപരിവർത്തനത്തെ സാമൂഹ്യ വിമോചനത്തിന്റെ ഊർജ്ജമായി അംബേദ്കർ ദർശിച്ചു. എന്നാൽ ഗാന്ധി അതിനെ മഹാപാപമായി ഗണിച്ചു.

ഗാന്ധി വിമർശനവും അംബേദ്കറൈറ്റുകളും

ഗാന്ധിയുടെ ജാതി ന്യായീകരണങ്ങൾക്കെതിരായി 21-ാം നൂറ്റാണ്ടിൽ അംബേദ്കറൈറ്റുകൾ രംഗത്തു വന്നുവെന്ന് വ്യാഖ്യാനിച്ചു കൊണ്ട് ഗാന്ധി വിമർശനത്തെ ദൈവനിന്ദ പോലെ മഹാ കുറ്റമായി അവതരിപ്പിക്കുകയാണ് അംബേദ്കർ - ഗാന്ധി സമന്വയ വാദികൾ പൊതുവെ ചെയ്യുന്നത്. സമന്വയമെന്ന് വാദിക്കാറുണ്ടെങ്കിലും 360 ഡിഗ്രിയും ഗാന്ധിയിലേക്ക് ചരിഞ്ഞാണ് ഇവരുടെ വാദഗതികൾ നിലനിൽക്കുന്നത്. അംബേദ്കറുടെ പാണ്ഡിത്യത്തെ അംഗീകരിക്കുമ്പോഴും ദളിതൻ എന്ന നിലക്ക് എഴുത്തുകാരൻ അനുഭവിച്ച ജാതി വിവേചനത്തിന്റെ അനുഭവങ്ങളാണ് അംബേദ്കറുടെ അനിഹിലേഷൻ ഓഫ് കാസ്റ്റിന്റെ രചനയിൽ നിർണായകമായതെന്ന വാദം മുന്നോട്ട് വക്കുന്ന രാമ ചന്ദ്ര ഗുഹ ഗാന്ധിയെ ഇത്തരത്തിൽ സ്ഥാനപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗാന്ധിയെ അദ്ദേഹം ജനിച്ച സവർണ പശ്ചാത്തലത്തിൽ നിന്ന് മുക്തമാക്കി "പൊതു ഗാന്ധിയാക്കി " അവതരിപ്പിക്കുന്ന ഗുഹ പാണ്ഡിത്യത്തിനുമുപരിയായി അംബേദ്കറെ ദളിതനായി സ്ഥാനപ്പെടുത്തുന്നു. ദളിതനാണെന്നത് സത്യമായിരിക്കുമ്പോഴും അനിഹിലേഷൻ ഓഫ് കാസ്റ്റിന്റെ രചനാ പ്രേരണ ഇന്ത്യയെ ജനാധിപത്യ വൽക്കരിക്കുക എന്നതാണ്. എന്നാൽ തന്റെ ദളിതനുഭവങ്ങളാണ് അംബേദ്കറുടെ പാണ്ഡിത്യത്തെ നിർണയിച്ചത് എന്ന് വാദിക്കുന്ന ഗുഹയുടെ ചരിത്ര വീക്ഷണം അംബേദ്കറോട് നീതി പുലർത്തുന്നില്ല. ഇന്ത്യൻ സാമൂഹിക അസമത്വത്തെ സംബന്ധിച്ച മൂർത്തമായ വിശകലനങ്ങൾ മാർക്സിസ്റ്റ് സാമൂഹിക വിശകലനത്തേക്കാൾ അഗാധമാണെന്നും ഗാന്ധിയൻ പരിഷ്കരണ വാദത്തേക്കാൾ ഇന്ത്യൻ സമൂഹത്തിന്റെ പരിഷ്കരണമാണ് അംബേദ്കറുടെ ലക്ഷ്യമെന്നും പ്രൊഫ. സെയ്ദ് സയീദി അദ്ദേഹത്തിന്റെ Understanding B.R. Ambedkar's Annihilation of Caste ൽ നിരീക്ഷിക്കുന്നുണ്ട്.

സർവോപരി ഗാന്ധിയുടെ ലോക വീക്ഷണത്തോടുള്ള വിമർശനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരംഭിക്കുന്ന ഒന്നല്ലെന്നാണ് സഹോദരൻ അയ്യപ്പന്റെയും ഇ മാധവന്റെയും വിമർശനങ്ങൾ തെളിയിക്കുന്നത്.

"അധഃകൃതരുടെ നാനാപ്രകാരേണയുള്ള പുരോഗമന മാർഗങ്ങൾക്കും ഗാന്ധി ഒരു പ്രകാരത്തിൽ പ്രതിബന്ധിയായിട്ടാണ് തീർന്നിരിക്കുന്നത്. അവരുടെ പ്രത്യേകമായ പ്രാതിനിധ്യാവകാശങ്ങൾക്കും മറ്റും എതിരായിട്ടുള്ള അദ്ദേഹത്തിന്റെ നില, താഴ്ത്തപ്പെട്ട സമുദായങ്ങൾക്ക് വളരെ വളരെ ഉപദ്രവം ചെയ്യുന്നുണ്ട്. അധഃ:കൃതന് ഉപദ്രവമെന്നല്ല, നാശഹേതുകവുമായ സമുദായ ശാസ്ത്രത്തിലും മതത്തിലും സാമ്പത്തിക ഘടനയിലുമാണ് അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസം" എന്ന് ഇ. മാധവൻ സ്വതന്ത്ര സമുദായത്തിൽ (1934) എഴുതി. "സ്വയം ഹരിജനായിരിക്കുന്നു എന്ന് പറയുന്ന ഗാന്ധി എന്തുകൊണ്ട് അദ്ദേഹത്തിന്റെ താമസത്തിന് ബാങ്കർമാരെയും മില്ലുടമസ്ഥന്മാരെയും മറ്റു സവർണ മേധാവികളെയും തിരഞ്ഞു പോകുന്നു" എന്നും ഇ മാധവൻ ചോദിച്ചു. "വർണാശ്രമധർമം പാലിക്കണമെന്ന നിർബന്ധക്കാരനായ മിസ്റ്റർ ഗാന്ധിയെ അദ്ദേഹത്തിന്റെ ഹരിജനങ്ങൾ വളരെ ഭയപ്പെടേണ്ടതാണ് " എന്ന് സഹോദരൻ നിശിതമായി എഴുതി. ഗാന്ധിസം കൊണ്ട് രാഷ്ട്രത്തിന് ജയമില്ല എന്ന എം എൻ റോയിയുടെ ലേഖനം 1940 ഏപ്രിൽ 27 ലെ സഹോദരൻ പത്രത്തിൽ അയ്യപ്പൻ പ്രസിദ്ധീകരിച്ചു. "ഗാന്ധിസം അക്രമ രഹിതമായ ഫാസിസം" എന്ന ലേഖനവും സഹോദരൻ പ്രസിദ്ധീകരിച്ചിരുന്നു. "ഗാന്ധിയായുയർന്നാലും ബ്രാഹ്മണനല്ലാതുള്ള / ഹിന്ദുവിൻ കിഴിവൊരു കാലവും പോവില്ലഹോ" എന്ന് ഗാന്ധി സന്ദേശം എന്ന കവിതയിൽ കന്യാകുമാരി ക്ഷേത്രത്തിൽ ഗാന്ധിയെ പ്രവേശിപ്പിക്കാതിരുന്ന സന്ദർഭത്തിൽ അയ്യപ്പൻ എഴുതി. "നിങ്ങളുടെ കൃഷ്ണൻ ഒരു പരമ്പര കൊലയാളി അല്ലായിരുന്നോ " ("Your Srikrishna was a regular murderer") എന്ന് സഹോദരൻ ഗാന്ധിയുടെ മുഖത്ത് നോക്കി ചോദിച്ചു.

ഗാന്ധിയുടെ ജാതിയെ സംബന്ധിച്ച ബോധ്യങ്ങൾക്ക് മുപ്പതുകളിൽ മാറ്റം വന്നിരുന്നുവെങ്കിൽ ഇ മാധവൻ അതി കർക്കശമായി ഗാന്ധിയെ വിമർശിക്കില്ലായിരുന്നു. സഹോദരന്റെ ഗാന്ധി വിമർശനങ്ങളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഗാന്ധി വിമർശനം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അംബേദ്കറൈറ്റുകൾ ആരംഭിക്കുന്ന ഒന്നല്ലെന്നും ഇരുപതാം നൂറ്റാണ്ടിൽ തന്നെ ഇ മാധവനും സഹോദരനും ഗാന്ധി വിമർശനം നിർവഹിച്ചിരുന്നു എന്നും സ്പഷ്ടമാവുന്നു. ഇതാവട്ടെ ഗാന്ധിയോടുള്ള വ്യക്തിപരമായ വിരോധത്തിൽ നിന്ന് ഉടലെടുത്തതല്ലെന്നും ഗാന്ധിയൻ ലോക വീക്ഷണത്തോടുള്ള വിമർശനങ്ങളായിരുന്നു അവയെല്ലാമെന്നും സത്യസന്ധമായി നിരീക്ഷിക്കുമ്പോൾ ബോധ്യപ്പെടും.

അംബേദ്കറുടെ ഗാന്ധി വിമർശനം

മുപ്പത്തഞ്ചുകൾ കഴിയുമ്പോൾ ഗാന്ധിയുടെ ജാതിയെ സംബന്ധിച്ച വീക്ഷണം മാറി മറിഞ്ഞു എന്നും "ജാതി പോകണം" എന്ന് ഗാന്ധി ആത്മാർത്ഥമായി പ്രസ്താവിച്ചു എന്നും വാദിക്കപ്പെടുന്നുണ്ട്. എന്നാൽ 1942 ൽ ജൂലൈ 15 ന് നാഗ്പൂരിൽ നടന്ന അഖിലേന്ത്യാ അധഃകൃതവർഗ സമ്മേളനത്തിൽ അംബേദ്കർ ഇങ്ങനെ സുചിന്തിതമായി പ്രസ്താവിച്ചു: "ഗാന്ധിയും ഗാന്ധിസവുമാണ് നമ്മുടെ അവസ്ഥയെ ദുർബലപ്പെടുത്തുന്ന ഒരു മാരകമായ ഘടകം. [...] എന്നാൽ ഞാൻ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക. നിങ്ങളുടെ ശക്തി ചോർത്തി കളയുകയും രാഷ്ട്രീയമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിങ്ങളുടെ യുദ്ധത്തിൽ എവിടെ നിങ്ങൾ ഏകാഗ്രത ചെലുത്തണമോ അവിടെ നിങ്ങൾക്കെതിരായി വർത്തിക്കുകയും ചെയ്യുന്ന ഏറ്റവും അദമ്യമായ ശക്തി മി. ഗാന്ധിയാണ്". 1950 ൽ ഡോ. ബി ആർ അംബേദ്കർ, മുൽക്ക് രാജ് ആനന്ദിനോട് പറഞ്ഞു: "താങ്കൾക്കറിയാമോ, ഹരിജനങ്ങൾക്ക് മഹാത്മാ സർവസ്വവുമായിരുന്നുവെങ്കിലും ഭഗവദ്ഗീത ചൊല്ലിക്കൊടുത്ത, വർണാശ്രമത്തിലുള്ള തന്റെ വിശ്വാസങ്ങൾ അദ്ദേഹം വെടിഞ്ഞില്ല. പരബ്രഹ്മമായ ഹരിയുടെ മക്കൾ എന്ന് അവരെ വിളിക്കുക വഴി, താൻ അവരെ ഉയർത്തുകയാണ് എന്നാണദ്ദേഹം കരുതിയത്. യഥാർത്ഥത്തിൽ അവർ ഏറ്റവും താണ പടികളിൽ തന്നെ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്". വർണാശ്രമത്തിന് എതിരായി പ്രവർത്തിക്കുന്ന അംബേദ്കറുടെ പക്ഷത്ത് നിൽക്കാൻ കഴിയില്ലെന്ന് ഗാന്ധി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

1955 ലെ BBC അഭിമുഖത്തിൽ അംബേദ്കർ സുചിന്തിതമായി ഇപ്രകാരം പ്രസ്താവിച്ചു:

" അദ്ദേഹം ( ഗാന്ധി ) ഒരിക്കലും മഹാത്മാവായിരുന്നില്ല. നിങ്ങൾക്കറിയാമോ അദ്ദേഹത്തെ മഹാത്മയെന്ന് വിളിക്കാൻ ഞാൻ വിസമ്മതിക്കുകയാണ്. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ അദ്ദേഹത്തെ മഹാത്മയെന്ന് വിളിച്ചിട്ടില്ല. അദ്ദേഹം ആ പദവി അർഹിക്കുന്നില്ല. ധാർമികതയുടെ കാഴ്ചപ്പാടിൽ നിന്നു പോലും".

ഇതേ അഭിമുഖത്തിൽ "അദ്ദേഹം പൂർണമായും ഒരു യാഥാസ്ഥിതിക ഹിന്ദുവായിരുന്നു" എന്ന് ഗാന്ധിയെ പറ്റി അംബേദ്കർ പറയുന്നുണ്ട്. ഈ വീക്ഷണത്തിന്റെ അടിസ്ഥാനം ചരിത്രപരമാണ്, വൈകാരികമല്ല. പല പണ്ഡിതരും അംബേദ്കറുടെ വൈകാരിക പ്രതികരണമായാണ് ഇതിനെ പരിഗണിച്ചത്. എന്നാൽ ഗാന്ധിയൻ ലോക വീക്ഷണത്തോടുള്ള സാമൂഹ്യ ശാസ്ത്രപരമായ വിശകലനമാണ് അംബേദ്കറുടെ വാദഗതികളുടെ അടിസ്ഥാനമെന്ന് ദർശിക്കാം. ജാതി വ്യവസ്ഥക്കെതിരായ യുദ്ധത്തിൽ തങ്ങളോടൊപ്പം നിൽക്കുകയാണെങ്കിൽ ഗാന്ധി തങ്ങൾക്ക് ദൈവ തുല്യനായിരിക്കും എന്ന് ദലിതരുടെ പ്രത്യേക സംവരണാവകാശത്തിനെതിരായ ഗാന്ധിയുടെ നിരാഹാര സത്യഗ്രഹ സന്ദർഭത്തിൽ അംബേദ്കർ ഗാന്ധിയോട് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗാന്ധി വിമർശനത്തിന്റെ ആധാരം ചരിത്രപരവും സാമൂഹ്യ ശാസ്ത്രപരവും നീതിയെ സംബന്ധിച്ചതുമാണ്.

ഗാന്ധി 1936 ൽ മാറിയിരുന്നെങ്കിൽ എന്തുകൊണ്ടാണ് അംബേദ്കറുടെ ജാതി ഉന്മൂലനത്തിനെതിരെ ഗാന്ധി രംഗത്തു വന്നത് എന്ന ചോദ്യം ഉന്നയിക്കേണ്ടി വരും. 1937 ൽ ശിവഗിരിയിലെ പ്രഭാഷണത്തിലും ഗാന്ധി തന്റെ പഴയ വർണജാതി ബോധ്യങ്ങൾ ഉപേക്ഷിച്ചില്ല. ഗാന്ധി ജാതിയെ സംബന്ധിച്ച് പുരോഗമന ബോധ്യങ്ങൾ കൈക്കൊണ്ടിരുന്നുവെങ്കിൽ 1942 ലും 1955 ലും അംബേദ്കർ ഗാന്ധിയുടെ വീക്ഷണങ്ങൾക്കെതിരെ പ്രതികരിക്കുമായിരുന്നില്ല എന്ന് കരുതാൻ ചരിത്രപരമായ ന്യായങ്ങളുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ജാതിയെ സംബന്ധിച്ച മൂല്യ ബോധങ്ങളിൽ ചരിത്രപരമായ പരിവർത്തനം ഗാന്ധിയിൽ സംജാതമായില്ല എന്നു തന്നെയാണ്. ഇത് ഗാന്ധിയുടെ വ്യക്തിപരമായ അപചയമായി വിലയിരുത്തുന്നത് പൂർണമായും ശരിയായിരിക്കുകയില്ല. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും ഇന്ത്യൻ സമൂഹത്തെയും ബാധിച്ച സമഗ്രമായ ബ്രാഹ്മണ്യ ബാധയിൽ നിന്ന് ഗാന്ധിക്കും കുതറി മാറാൻ കഴിഞ്ഞില്ല എന്നതാണ് ചരിത്ര യാഥാർത്ഥ്യം. പക്ഷേ ഇതൊന്നും തന്നെ ജനലക്ഷങ്ങളെ അണിനിരത്തി ഗാന്ധി നടത്തിയ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ശോഭ കെടുത്തുന്നുമില്ല എന്നതും കാണേണ്ടതുണ്ട്.

ഇതിപ്പോൾ പറയാമോ ?

ഗാന്ധിക്കെതിരായ ഇത്തരമൊരു വിമർശനം ഉന്നയിക്കേണ്ട കാലമിതല്ലെന്നും, ഹിംസാത്മകമായി ഹിന്ദുത്വം പിടിമുറുക്കുമ്പോൾ സംവാദ സാധ്യതകൾ തുറന്നിടുകയാണ് വേണ്ടതെന്നും ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഗാന്ധിയൻ ലോകവീക്ഷണത്തിന്റെ പരിമിതികളെയും അതിന്തർലീനമായ ബ്രാഹ്മണ്യ മൂല്യബോധങ്ങളെയും വിമർശനപരമായി പരിശോധിച്ചു കൊണ്ടു മാത്രമേ ഗാന്ധിയോടു തന്നെയും ചരിത്രപരമായി നീതി പുലർത്താൻ കഴിയൂ. വർണ്ണാശ്രമ വാദിയായ ഗാന്ധിയെ വിമർശിച്ചും സ്വാതന്ത്ര്യ സമര നായകനായ ഗാന്ധിയെ വീണ്ടെടുത്തുമാണ് സമകാലിക പ്രതിസന്ധികളെ സത്യസന്ധമായി നേരിടേണ്ടത്. ചരിത്രത്തിലെ വ്യത്യസ്ത അഭിസന്ധികളുടെ സൃഷ്ടികളാണ് അംബേദ്കറും ഗാന്ധിയും. ഇരുവരുടെയും ലോക വീക്ഷണം തന്നെ പല നിലകളിൽ പ്രകാശ വർഷം അകലങ്ങളിലാണ് നിലകൊള്ളുന്നത്. അതിനാൽ തന്നെ അംബേദ്കറെയും ഗാന്ധിയെയും സമന്വയിപ്പിച്ച് വർത്തമാന പ്രതിസന്ധികൾ നേരിടാമെന്ന ധാരണ അവരുടെ ചരിത്രപരമായ ലോകവീക്ഷണത്തെ ലളിതവൽക്കരിക്കുന്നതിൽ നിന്ന് ഉടലെടുക്കുന്നതാണ്. ഗാന്ധിയെയും അംബേദ്കറെയും സംയോജിപ്പിക്കുന്ന സൈദ്ധാന്തിക സംവാദങ്ങൾ വിഫലമായ സൈദ്ധാന്തിക പരിശ്രമം മാത്രമാണെന്ന ആകാശ് സിങ് റാത്തോറിന്റെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിലെ മഹാന്മാരായ രണ്ട് പ്രകാശ സ്തംഭങ്ങളിൽ നിന്നും നമ്മുടെ കാലത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ഊർജം സ്വീകരിക്കുന്നതിനൊപ്പം തന്നെ വിഫലമായ സൈദ്ധാന്തിക ഫലാനന്ദത്തിന് വേണ്ടി ജീവിത കാലത്ത് അവർ തന്നെ ഉച്ചൈസ്തരം ഉദ്ഘോഷിച്ച ലോക വീക്ഷണങ്ങളെ പരസ്പരം തുന്നിച്ചേർക്കാൻ ശ്രമിക്കുന്നത് അംബേദ്കറോടും ഗാന്ധിയോടുമുള്ള തികഞ്ഞ അനീതിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com