'മാളൂട്ടി' മുതൽ 'മഞ്ഞുമ്മൽ ബോയ്സ്' വരെ; മലയാളികളുടെ നെഞ്ചിടിപ്പിച്ച സർവൈവൽ ത്രില്ലറുകൾ

മലയാളത്തിലെ സർവൈവൽ ചിത്രങ്ങൾ
'മാളൂട്ടി' മുതൽ 'മഞ്ഞുമ്മൽ ബോയ്സ്' വരെ; മലയാളികളുടെ നെഞ്ചിടിപ്പിച്ച സർവൈവൽ ത്രില്ലറുകൾ

'മഞ്ഞുമ്മൽ ബോയ്സ്', കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നു ഇത് ഒരു പക്കാ സർവൈവൽ ചിത്രം. ഭംഗിയുള്ള ഏതൊരു വസ്തുവിന് പിന്നിലും ഒളിഞ്ഞിരിക്കുന്ന ചതി പോലെ കൊടൈക്കനാൽ എന്ന മഞ്ഞു മൂടിയ താഴ്വരയിൽ മറഞ്ഞിരിക്കുന്ന രഹസ്യമാണ് 'ഡെവിൾസ് കിച്ചൻ' അഥവാ ഗുണാ കേവ്സ്. ഒരു കൂട്ടം ചെറുപ്പക്കാർ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാൽ ഗുണാ കേവ്സിലേക്ക് യാത്ര പോകുന്നു. അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളാമാണ് സിനിമ പറയുന്നത്. യഥാർത്ഥ സംഭവത്തെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ മികച്ച സ്വീകരണമാണ് മലയാളികൾ നൽകിയത്.

ശ്വാസം വിടാൻ സമ്മതിക്കാതെ തൊണ്ട ഇടറി കണ്ണ് നിറഞ്ഞു കണ്ട് തീർത്ത മലയാളം സർവൈവവൽ ചിത്രങ്ങളുടെ പട്ടികയിൽ അങ്ങനെ മഞ്ഞുമ്മൽ ബോയ്സ് ഇടം പിടിച്ചു. തമ്മിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം നിരവധി സർവൈവൽ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ താരതമ്യേന കുറവാണ്. മലയാളത്തിലെ സർവൈവൽ ചിത്രങ്ങൾ ഏതെല്ലാം എന്നു നോക്കാം.

മാളൂട്ടി

മലയാളത്തിലെ സർവൈവൽ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് മാളൂട്ടിയാണ്. ചിത്രത്തെ കുറിച്ച് പറയുമ്പോൾ വെറുതെ പറഞ്ഞു പോകാൻ പറ്റില്ല.കുഴൽ കിണറിൽ വീണു മരിച്ച, ആഴമുള്ള കുഴിയിൽ കാലിടറിയ, ഒരുപാട് കുഞ്ഞുങ്ങളുടെ മുഖം അല്ലങ്കിൽ അത്തരം വാർത്തകൾ ഒന്ന് ഓർമിച്ചു പോകും. ചിത്രവും അത്തരത്തിൽ സമ്മാനമായ കഥയാണ് പറയുന്നത്. മാളൂട്ടി എന്ന കുഞ്ഞു പറമ്പിലെ ആഴത്തിലുള്ള കുഴിയിൽ വീഴുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നു. ഇന്നും ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ചില സീനുകൾ ഓർമ്മ വരുന്നത് പേടിച്ച് അരണ്ടു പോയിട്ടും കൈയിലെ പാവയെ മുറുക്കെ പിടിച്ച മാള്ളൂട്ടിയെയും ഉറക്കത്തിൽ ഉണർത്താൻ ആ കുഞ്ഞു മുഖത്തേക്ക് നീണ്ടു വരുന്ന വെള്ളത്തിന്റെ പൈപ്പുമാണ്. കണ്ണ് നിറഞ്ഞും നെഞ്ചിടിച്ചുമാണ് ആ രംഗം അന്ന് മലയാളികൾ കണ്ടത്. ഭരതന്റെ സംവിധാനത്തിൽ ഉർവ്വശിയും ജയറാമും മികച്ച അഭിനയം കാഴ്ചവെച്ചെങ്കിലും കൈയടി നേടിയത് മാളൂട്ടിയെ അവതരിപ്പിച്ച ശാമിലി ആയിരുന്നു. വളരെ ചെറുപ്പത്തിൽ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ശാമിലി ഈ ചിത്രത്തിലൂടെ നേടി.

മലയൻ കുഞ്ഞ്

സജിമോൻ പ്രഭാകൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയോര മേഖലകളിലെ മനുഷ്യർ അനുഭവിക്കുന്ന ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മറ്റുള്ളവർക്ക് രണ്ട് മൂന്ന് ദിവസത്തെ വെറും വാർത്തകളാണ്. അവരുടെ സുരക്ഷിതമല്ലാത്ത ജീവിതം അവർ അനുഭവിക്കുന്ന ഭീകരത, വേദന അടുത്തുനിന്ന് കാട്ടിത്തരുകയാണ് മലയൻകുഞ്ഞ് എന്ന സിനിമ. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേഷ് നാരായണൻ തിരക്കഥയെഴുതിയ ചിത്രത്തിൻ്റെ നിർമ്മാണം ഫാസിൽ ആണ് നിർവഹിച്ചത്.

ടേക്ക് ഓഫ്

വർഷങ്ങൾക്കു മുൻപ് നാൽപ്പതോളം നഴ്സ്മാർ ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിന്റെ ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു. ആ കഥയാണ് മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത "ടേക്ക് ഓഫ്" എന്ന ചിത്രം. ഇറാഖിലെ യുദ്ധഭൂമിയിൽ ഐ എസ് പോലെയുള്ള ഭീകര സംഘടനയുടെ ബന്ദികളായി ഒരു മാസത്തോളം ഭയന്നും മരണത്തെ മുന്നിൽ കണ്ടും കഴിഞ്ഞ ഒരു കൂട്ടം നഴ്സ്മാരുടെ ജീവിതത്തെ തൊട്ടറിഞ്ഞപ്പോൾ ചിത്രം വൻ ഹിറ്റായി. പാർവതി തിരുവോത്ത് എന്ന നായികയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സിനിമ. ഷെബിൻ ബെക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഹെലൻ

അന്ന ബെൻ നായികാ വേഷത്തിലെത്തിയ ചിത്രമാണ് ഹെലൻ. ജോലി ചെയ്യുന്ന ചിക്കൻ ഹബ്ബിലെ ഫ്രീസറിൽ കുടുങ്ങി പോകുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. -18 ഡിഗ്രി സെൽഷ്യസിൽ ഒരു രാത്രി മുഴുവൻ അകപ്പെട്ടു മരണത്തെ മുന്നിൽ കണ്ട ഹെലന്റെ വേഷം അന്ന അതിഗംഭീരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാംഗ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ശ്രീനിവാസനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലാൽ , നോബിൾ ബാബു തോമസ് , അജു വർഗീസ് , റോണി ഡേവിഡ് , ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മാത്തുക്കുട്ടി സേവ്യറിന്റെ ആദ്യ സംവിധാനമായ ചിത്രം വലിയ ഹിറ്റൊന്നും അല്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വൈറസ്

അധികം ഒന്നും ആയിട്ടില്ല നിപ എന്ന വൈറസ് വന്നു പോയിട്ട്. കേരളത്തെ പിടിച്ചുലച്ച അത്രമേൽ ഭീതിയിലാഴ്ത്തിയ രോഗത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു വൈറസ് എന്ന ചിത്രം. നിപ ബാധിച്ച ആളുകളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സാമൂഹികമായ തിരസ്​കാരവുമെല്ലാം വൈകാരികമായി സിനിമ പറഞ്ഞു പോകുന്നുണ്ട്. ഒപ്പം അതീജീവനത്തിൻെറയും ഒരുമയുടെയും പാഠങ്ങൾ കൂടി നൽകുന്നുണ്ട്​ വൈറസ്​ എന്ന ചിത്രം. ആഷിക് അബു ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവരാണ് ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2018

2018 എന്ന വർഷം ഓരോ മലയാളിയുടെയും മനസിനെ ഏല്പിച്ച ആഘാതം ചെറുതല്ല. ഇന്നും അതിൽ നിന്ന് പൂർണമായി കരക്കയറാൻ കേരളത്തിന് ആയിട്ടും ഇല്ല. കാലം തെറ്റി പെയ്ത മഴയിൽ അന്നുണ്ടായത് എന്താണ് എന്ന് ഇന്നും വ്യക്തമല്ല. എത്ര പേരെ നഷ്ടമായി, എന്തൊക്കെ നശിച്ചു എന്നതിന് കണക്കുകൾ ഇല്ല. കേരളത്തിലെ ഓരോ മനുഷ്യന്റെയും അതിജീവനമാണ് 2018 എന്ന ചിത്രം. സ്വന്തം ജീവിതം സ്‌ക്രീനിൽ കാണുമ്പോൾ സ്വീകരിക്കാൻ അല്ലാതെ തിരസ്കരിക്കാൻ മലയാളികൾക്ക് ആവില്ലല്ലോ. ചിത്രം വമ്പൻ ഹിറ്റ് എന്ന് പറഞ്ഞാൽ പോരാ. അതിനും മുകളിൽ എന്തോ. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലെ പൊൻതൂവൽ ആയിരുന്നു ചിത്രം. ടൊവിനോ തോമസ് , കുഞ്ചാക്കോ ബോബൻ , ആസിഫ് അലി , വിനീത് ശ്രീനിവാസൻ , നരേൻ , ലാൽ തുടങ്ങി ഒരു കൂട്ടം താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഓസ്കറിൽ വരെ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com