'സിനിമ മുഴുവൻ കണ്ടിട്ടില്ല, വാലിബൻ ഒരു വിഷ്വൽ ട്രീറ്റ്'; പ്രതീക്ഷയേറ്റി മോഹൻലാൽ

'ഒരു ഫെയറി ടേൽ പോലെ, അമർചിത്ര കഥ പോലെ ഒരു സിനിമ. കോസ്റ്റ്യൂം പ്ലേ എന്നും പറയാം'
'സിനിമ മുഴുവൻ കണ്ടിട്ടില്ല, വാലിബൻ ഒരു വിഷ്വൽ ട്രീറ്റ്'; പ്രതീക്ഷയേറ്റി മോഹൻലാൽ

കൊച്ചി: പ്രഖ്യാപനം മുതൽ മലയാളികൾ കണ്ണു മിഴിച്ച് കാത്തിരിക്കുന്ന സിനിമ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഇങ്ങെത്തുകയാണ്. കാണാൻ പോകുന്നത് വിഷ്വൽ ട്രീറ്റെന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

'ഒരു ഫെയറി ടേൽ പോലെ, അമർചിത്ര കഥ പോലെ ഒരു സിനിമ. കോസ്റ്റ്യൂം പ്ലേ എന്നും പറയാം. തേന്മാവിൻ കൊമ്പത്ത് ഒക്കെ പോലെ ഒരു സാങ്കൽപ്പിക ലോകം. ഒരു സ്ഥലമോ കാലമോ ഒന്നും പറയുന്നില്ല ഈ സിനിമയിൽ. ഒരു കളർ പാറ്റേണിലും ചാർട്ടിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തീയറ്റർ അനുഭവമായിരിക്കും. ഡബ്ബ് ചെയ്യുമ്പോഴാണ് സിനിമ കണ്ടത്. പക്ഷേ മുഴുവനായി കണ്ടെന്ന് പറയാൻ പറ്റില്ല. എന്തായാലും ഒരു വിഷ്വൽ ട്രീറ്റാകുമെന്ന് ഉറപ്പ്'. മോഹൻലാൽ പറയുന്നത് ഇങ്ങനെ.

ജോൺ ആന്റ് മേരി ക്രിയേറ്റിവ്സുമായി ആർ എസ് പി നേതാവ് ഷിബു ബേബി ജോണും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. 'കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങിയ സിനിമയാണ്. ജനുവരിയിൽ. കൊടുംതണുപ്പിൽ ചൂടുള്ള വസ്ത്രം ഒന്നും ഇടാതെയായിരുന്നു ഇവരെല്ലാം നിന്നത്. ചിത്രീകരണം അവസാനിക്കുമ്പോൾ പോണ്ടിച്ചേരിയിൽ കൊടുംചൂട്. ഈ ഒരു യാത്ര ഒരു പുതിയ അനുഭവമാണ്. സന്തോഷം നിലനിർത്തിക്കൊണ്ടുള്ള യാത്ര'. ഷിബു ബേബി ജോൺ പറയുന്നു.

വലിയ ക്യാൻവാസിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്. പ്രണയം, വിരഹം, സ്നേഹം, ദുഃഖം, സന്തോഷം, പ്രതികാരം, അസൂയ അങ്ങനെ എല്ലാം ഈ ചിത്രത്തിലുണ്ട്. ഇത് കേരളത്തിൽ നടന്ന കഥയല്ല. ഒരു സിനിമ നന്നായിരിക്കണമെങ്കിൽ അതിൽ എല്ലാം നന്നായിരിക്കണം. അഭിനേതാക്കൾ തൊട്ടു ക്യാമറ വരെ. ഒരു നടൻ എന്ന നിലയിൽ ഈ ചിത്രം അളവറ്റ സംതൃപ്തി നൽകി. ലിജോയുമായി ചേർന്ന് പ്രവൃത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com