'തിരഞ്ഞെടുപ്പ് കാലത്ത് മോദിക്ക് കളമൊരുക്കുന്ന സിനിമകൾ'; ആശയപ്രചരണമെന്ന് വിമർശനം

രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമകൾക്കെല്ലാം തീയേറ്ററിൽ സ്വീകാര്യത കിട്ടുമോ അതോ ഈ സിനിമകൾ ബോക്‌സ് ഓഫീസിൽ ദുരന്തമാകുമോ എന്നാണ് ഇനി അറിയേണ്ടത്
'തിരഞ്ഞെടുപ്പ് കാലത്ത് മോദിക്ക് കളമൊരുക്കുന്ന സിനിമകൾ'; ആശയപ്രചരണമെന്ന് വിമർശനം

പൊതുതിരഞ്ഞെടുപ്പ് ആസന്നമായിക്കെ, ഹിന്ദുത്വ ആശയങ്ങളും സർക്കാർ അനുകൂല പ്രമേയങ്ങളും പ്രചരിപ്പിക്കുന്ന ജിംഗോയിസ്റ്റിക് സിനിമകളുടെ ഒരു നിര തന്നെ ബോളിവുഡിൽ തയ്യാറാവുകയാണെന്ന് വിമർശനം. ഈ സിനിമകളിൽ ആഘോഷിക്കപ്പെടുന്നത് വിനായക് ദാമോദർ സവർക്കറെപ്പോലെ 'ഹിന്ദു രാഷ്ട്ര'ത്തിനായി വാദിച്ച ഹിന്ദുത്വ നായകന്മാരും വിമർശനമുനയിൽ ഇടതുപക്ഷക്കാരും, ഇടത്-ലിബറൽ ബുദ്ധിജീവികളും, മുസ്ലീങ്ങളും, മഹാത്മാഗാന്ധി വരെയുണ്ടെന്ന പ്രതികരണവും ഉയരുന്നുണ്ട്.

വീർ സവർക്കർ എന്ന സീ സ്റ്റുഡിയോ നിർമ്മിക്കുന്ന സവർക്കറുടെ ജീവചരിത്ര സിനിമ തന്നെയാണ് ഇതിൽ പ്രധാനം. നടൻ രൺദീപ് ഹൂഡയുടെ സംവിധാന അരങ്ങേറ്റത്തിനാണ് ഈ സിനിമ തുടക്കം കുറിക്കുന്നത്. സിനിമ മാർച്ച് 22ന് തീയേറ്ററുകളിൽ എത്തും. ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവത്തിന് പ്രചോദനം നൽകിയ, തെറ്റിദ്ധരിക്കപ്പെട്ടുപോയ, ആഘോഷിക്കപ്പെടാത്ത വ്യക്തിയായാണ് സവർക്കറിനെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ട സവർക്കറുടെ ചരിത്രം സിനിമയിലൂടെ തിരുത്തിയെഴുതപ്പെടും എന്നാണ് സംവിധായകൻ രൺദീപ് ഹൂഡയുടെ വാഗ്ദാനം. മഹാത്മാഗാന്ധി ഇല്ലായിരുന്നെങ്കിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ ബ്രിട്ടീഷുകാരെ പുറത്താക്കുമായിരുന്നുവെന്ന് സിനിമയുടെ വോയ്‌സ് ഓവർ പ്രഖ്യാപിക്കുന്നുണ്ട്.

Accident or Conspiracy: Godhra എന്നതാണ് മറ്റൊരു സിനിമ. ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച തീപ്പൊരി മുൻകൂട്ടി ആസൂത്രണം ചെയ്തതായിരിക്കാം എന്ന വാദം സിനിമ വീണ്ടും മുന്നോട്ടു വയ്ക്കുന്നു. കത്തുന്ന തീവണ്ടിയുടെ ജനലിലൂടെ കൈകൾ നീട്ടിയിരിക്കുന്ന ദൃശ്യം സിനിമയുടെ പോസ്റ്ററിൽ വ്യക്തമാണ്. ഗോധ്രാ വിഷയത്തിൽ സബർമതി റിപ്പോർട്ട് എന്ന മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നുണ്ട്.

ജഹാംഗീർ നാഷണൽ യൂണിവേഴ്‌സിറ്റിയാണ് സ്‌ക്രീനിൽ പ്രദർശനത്തിനെത്തുന്ന മറ്റൊരു സിനിമ. സിനിമയുടെ ടൈറ്റിൽ JNU എന്ന് ചുരുക്കിയാണ് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബലമായി ചുരുട്ടി പിടിച്ച കൈയിൽ അമർന്നിരിക്കുന്ന ഇന്ത്യയുടെ ഭൂപടം ദൃശ്യവത്കരിച്ചിരിക്കുന്ന പോസ്റ്റർ ഇതിനകം ചർച്ചയായി കഴിഞ്ഞു. "വിദ്യാഭ്യാസത്തിൻ്റെ അടഞ്ഞ മതിലുകൾക്ക് പിന്നിൽ രാഷ്ട്രത്തെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നു''വെന്ന പോസ്റ്ററിലെ പ്രഖ്യാപനവും തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. "അർബൻ നക്സലുകൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു" എന്ന് വാദിക്കുന്ന സിനിമ ഏപ്രിൽ അഞ്ചിന് തീയേറ്ററുകളിൽ എത്തിയേക്കും.

ജെഎൻയുവിലേക്ക് പഠനത്തിനായി പോകുന്ന സൗരഭ് ശർമ്മ എന്ന വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥാതന്തു വികസിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ "ഇടതുപക്ഷ ആധിപത്യത്തെ" വെല്ലുവിളിക്കുകയും "ലൗ ജിഹാദ്" നടത്തുന്ന വിദ്യാർത്ഥികളെ എതിർക്കുകയും ചെയ്യുന്ന സൗരഭ് ശർമ്മയെക്കുറിച്ചാണ് സിനിമ പറയുന്നത്.

ഇതിനകം തന്നെ ചിത്രത്തെ പരിഹസിച്ചു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. “സെൻട്രൽ ഫണ്ടഡ് യൂണിവേഴ്സിറ്റിയുടെ വൃത്തികെട്ട സത്യം തുറന്നുകാട്ടുന്ന ജെഎൻയു സിനിമയ്ക്കായി കാത്തിരിക്കുന്നു,” എന്നായിരുന്നു എക്സ് ഉപഭോക്താവിൻ്റെ പ്രതികരണം. "ബോളിവുഡ് പ്രചരണമാണ് അടുത്ത ലെവൽ," എന്നായിരുന്നു മറ്റൊരു ഉപഭോക്താവ് പ്രതികരിച്ചത്.

'റസാക്കർ: ദ സൈലൻ്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദാ'ണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കോടതിയുടെ മുമ്പിൽ ഉണ്ട്. അസ്സോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് സിനിമാ നിർമ്മാതാക്കൾക്കെതിരെ 'ഇസ്ലാമോഫോബിയ' ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ ഹൈദരാബാദിലെ നൈസാമിൻ്റെ അർദ്ധസൈനിക വിഭാഗമായ റസാക്കാർ ഇന്ത്യൻ ആർമിയുടെ ഓപ്പറേഷൻ പോളോയെ തടയാനും ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിച്ച സംഭവങ്ങളെയും ചുറ്റിപറ്റിയാണ് സിനിമ

ഹൈദരാബാദ് നഗരത്തിലെ ഹിന്ദുക്കൾക്ക് നേരെ റസാക്കാർ നടത്തുന്ന ക്രൂരതകളുടെ വിവരണമെന്ന നിലയിലാണ് സിനിമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാതാവ് ഗുഡൂർ നാരായണ റെഡ്ഡി സ്വയം വിശേഷിപ്പിക്കുന്നത് 'ബിജെപിയുടെ അഭിമാന പ്രവർത്തകൻ' എന്നാണ്. എന്നാൽ സിനിമ 100 ശതമാനവും ചരിത്രത്തോട് നീതി പുലർത്തുന്നു എന്നാണ് സംവിധായകൻ യാത സത്യനാരായണ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തോട് പ്രതികരിച്ചത്. “എൻ്റെ സിനിമ 100 ശതമാനം ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സാധാരണയായി, സിനിമകളിൽ കാര്യങ്ങൾ കുറച്ച് മാറ്റുകയോ വാണിജ്യ ഘടകങ്ങൾ ചേർക്കുകയോ ചെയ്യും. ഞങ്ങൾ അത് ചെയ്തില്ല. സിനിമയിലെ ഒരു പോരായ്മയോ അപാകതയോ ചൂണ്ടിക്കാണിക്കാൻ 100 പേരുമായി വേണമെങ്കിൽ സംവാദത്തിന് തയ്യാറെന്നും സംവിധായകൻ വ്യക്തമാക്കി. തെലുങ്കിൽ ഉൾപ്പെടെ മറ്റ് നാല് ഭാഷകളിൽ സിനിമ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ആർട്ടിക്കിൾ 370 എന്ന സിനിമ ഇതിനകം തീയേറ്ററിൽ എത്തിക്കഴിഞ്ഞു. തുടക്കത്തിൽ മികച്ച ഇനീഷ്യൽ സ്വന്തമാക്കിയെങ്കിലും ഏതാണ്ട് മൂന്നാഴ്ച ആകുമ്പോൾ സിനിമയുടെ തീയേറ്റർ ഹൈപ്പ് കുറഞ്ഞിട്ടുണ്ട്. 75 കോടിയോളം രൂപ ഈ സിനിമ ബോക്‌സ് ഓഫീസിൽ നിന്നും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യാമി ഗൗതം അഭിനയിച്ച ചിത്രം ചെറിയ ബജറ്റിൽ നിർമ്മിച്ച സിനിമയാണ്.

കാശ്മീരി രാഷ്ട്രീയക്കാരെ അഴിമതിക്കാരായ കോമാളികളായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർട്ടിക്കിൾ 370 നീക്കംചെയ്ത് കശ്മീരിനെ രക്ഷിക്കുന്ന ധീരനായ രാഷ്ട്രീയക്കാരനായും സിനിമ ചിത്രീകരിക്കുന്നു. ആർട്ടിക്കിൾ 370-നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം പ്രശംസിച്ചിട്ടുണ്ട് ഇത്തരം സിനിമകൾ 'ഇത്തരം വിഷയങ്ങളിൽ താൽപ്പര്യം കാണിക്കാൻ' ആളുകളെ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

വ്യക്തമായ രാഷ്ട്രീയ സന്ദേശമുള്ള ഇത്തരം സിനിമകളുടെ ബോക്‌സ് ഓഫീസിലെ വിജയ പരാജയം സമ്മിശ്രമാണ്. വിവേക് ​​അഗ്നിഹോത്രിയുടെ കാശ്മീർ ഫയൽസ് നിർമ്മാണ ചെലവിൻ്റെ പത്തിരട്ടിയെങ്കിലും ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. 1990-കളുടെ തുടക്കത്തിൽ കാശ്മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് പറയുന്ന കാശ്മീർ ഫയൽസ് തീയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അടുത്ത സിനിമയായ 'വാക്സിൻ സ്റ്റോറി' ബോക്സ് ഓഫീസിൽ തലകുത്തി വീണിരുന്നു.

ദി കേരള സ്റ്റോറിയും ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു. കേരളാ സ്റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെൻ ഇപ്പോൾ ബസ്തർ എന്ന സിനിമയുമായി രംഗത്ത് വന്നിരിക്കുകയാണ്. ബസ്തർ മേഖലയിലെ നക്‌സലൈറ്റ് കലാപം എങ്ങനെ അടിച്ചമർത്തപ്പെട്ടു എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലറിൽ രൂക്ഷമായ ഏറ്റുമുട്ടുലുകളും തൂക്കിക്കൊലകളും അടക്കം വളരെ ഭീതിയുണ്ടാക്കുന്ന രംഗങ്ങളുമുണ്ടായിരുന്നു. എന്തായാലും വെള്ളിയാഴ്ച പുറത്തിറങ്ങിയ ബസ്തറിന് ബോക്സ്ഓഫീസിൽ വലിയ ചലനമുണ്ടാക്കാനായിട്ടില്ലെന്ന് തന്നെയാണ് ആദ്യ റിപ്പോർട്ട്. ആദ്യ ദിവസം 50 ലക്ഷം രൂപമാത്രമാണ് ഈ ചിത്രത്തിന് നേടാനായത്. കേരള സ്റ്റോറി ആദ്യദിവസം എട്ട് കോടി ബോക്സ്ഓഫീസിൽ നിന്നും നേടിയിരുന്നു. ബസ്തറിനൊപ്പം പുറത്തിറങ്ങിയ, കരൺ ജോഹർ നിർമ്മിച്ച യോദ്ധ ആദ്യദിവസം നേടിയത് 4.26 കോടി രൂപയാണ്.

പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും കാലത്തെയും ചുറ്റിപ്പറ്റിയുള്ള മേം അടൽ ഹൂൺ ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ തീയേറ്ററിൽ ഒരു ചലനവും ഉണ്ടാക്കാതെ ആ സിനിമ അപ്രത്യക്ഷമായി.

ഇത്തരം സിനിമകൾ കുപ്രചരണങ്ങൾ നടത്തുന്നുവെന്നും ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സിനിമയുടെ പിന്നണിക്കാർ ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണ്. 'ബിജെപി തെരഞ്ഞെടുപ്പിൽ തൂത്തുവാരാൻ ഒരുങ്ങുമ്പോൾ, 'തെരഞ്ഞെടുപ്പിൽ വിജയിക്കാൻ' അവർക്ക് ശരിക്കും ഞങ്ങളുടെ സിനിമ ആവശ്യമാണോ? ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിഡ്ഢിത്തവും വിചിത്രവുമായ കാര്യമാണത്' എന്നായിരുന്നു ബസ്തർ നിർമ്മാതാവ് വിപുൽ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമകൾക്കെല്ലാം തീയേറ്ററിൽ സ്വീകാര്യത കിട്ടുമോ അതോ ഈ സിനിമകൾ ബോക്‌സ് ഓഫീസിൽ ദുരന്തമാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ ഴോണറിൽ ഉള്ള ഏകദേശം പത്ത് സിനിമകളെങ്കിലും തീയേറ്റർ പിടിക്കാനുള്ള ലക്ഷ്യത്തോടെ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com