ഇലക്ടറൽ ബോണ്ടിൽ കോടികളിറക്കിയ 'ലോട്ടറി രാജാവി'ൻ്റെ തുടക്കം തൊഴിലാളിയായി; നടന്നത് നിഗൂഢതകളുടെ വഴിയേ

മാർട്ടിന് കേരളത്തിൽ സിപിഐഎം പിന്തുണ ഉണ്ടെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. പാർട്ടി ദിനപത്രമായ ദേശാഭിമാനിക്ക് മാർട്ടിൻ രണ്ട് കോടി രൂപ നൽകിയത് വലിയ വിവാദമായിരുന്നു
ഇലക്ടറൽ ബോണ്ടിൽ കോടികളിറക്കിയ 'ലോട്ടറി രാജാവി'ൻ്റെ തുടക്കം തൊഴിലാളിയായി; നടന്നത് നിഗൂഢതകളുടെ വഴിയേ

തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയതാരാണ് എന്ന തിരക്കിട്ട ചർച്ചകളിലാണ് ഇന്ന് രാജ്യം. ഇന്ത്യൻ ലോട്ടറിയുടെ രാജാവ് എന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആന്റ് ഹോട്ടൽ സർവീസസ് ആണ് ഇലക്ടറൽ ബോണ്ട് വാങ്ങുന്നതിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. വ്യത്യസ്ത കമ്പനികൾ വഴി 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് മാർട്ടിന്‍ വാങ്ങിയത്. മാർട്ടിനെപ്പോലെ ഒരു വിവാദ വ്യവസായി ഇലക്ടറൽ ബോണ്ടിന് എന്തിന് ഇത്ര വലിയ വില നൽകി എന്നതും ഏത് പാർട്ടിക്കാണ് പണം നൽകിയതെന്നുമാണ് ഇനി അറിയേണ്ടത്. സാന്റിയാഗോ മാർട്ടിൻ ആരാണ്? എന്തിനാണ് ഇത്രയും കോടികൾ മുടക്കി ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതെന്ന് അറിയണമെങ്കിൽ ഈ വിവരങ്ങൾ കൂടി പുറത്ത് വരേണ്ടതുണ്ട്.

തൊഴിലാളിയായിട്ടായിരുന്നു മാർട്ടിൻ്റെ തുടക്കം. മ്യാൻമാറിലെ യാങ്കോണിലേയ്ക്ക് ജോലി തേടി പോയ സാന്റിയാഗോ മാർട്ടിൻ അവിടെ സാധാരണ തൊഴിലാളിയായിരുന്നു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ലോട്ടറി വ്യാപാരത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത്. 1988-ൽ തമിഴ്നാട്ടിലാണ് ലോട്ടറി കച്ചവടം ആരംഭിക്കുന്നത്. പിന്നീട് കർണാടക, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യവസായം വ്യാപിപ്പിച്ചു. ഒരു കാലത്ത് കേരളത്തിലെ വാർത്താ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടായും സാന്റിയാഗോ മാർട്ടിൻ നിറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ലോട്ടറി പദ്ധതികളിൽ മേൽനോട്ടം വഹിക്കുകയാണ് ആദ്യകാലത്ത് മാർട്ടിൻ ചെയ്തിരുന്നത്. പിന്നീട് നിർമാണം, റിയൽ എസ്റ്റേറ്റ്, വസ്ത്രവ്യാപാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് വ്യവസായം വ്യാപിപ്പിച്ചു. ആഗോള ലോട്ടറി അസോസിയേഷനിൽ അംഗത്വമുള്ള കമ്പനിയാണ് ഫ്യൂച്ചർ ഗെയിമിങ്ങ് സൊല്യൂഷൻസ്. പിന്നീട് ഓൺലൈൻ ഗെയിമിങ്, കാസിനോ, സ്പോർട്സ് ബെറ്റിങ് തുടങ്ങിയ പരിപാടികളിലേക്കും മാർട്ടിന്റെ വ്യവസായം നീണ്ടു.

2011 മുതൽ മാർട്ടിനും കമ്പനികളും വിവിധ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളികളാണ്. ആദായ നികുതി അടയ്ക്കാത്തതിനും കള്ളപ്പണം വെളുപ്പിക്കലിനും തട്ടിപ്പുകേസുകൾക്കുമാണ് മാർട്ടിനും കമ്പനിയും അന്വേഷണവിധേയമായത്. അതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും സംശയനിഴലിലായി മാർട്ടിൻ. 2019 മുതൽ പിഎംഎൽഎ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇ ഡി മാ‍ർട്ടിനും കമ്പനിക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. 2023 മെയിൽ കോയമ്പത്തൂരിലും ചെന്നൈയിലും മാർട്ടിൻ്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പിന്നീട് കേസുകളെല്ലാം പിന്നീട് തെളിവില്ലെന്ന പേരിൽ പിൻവലിച്ചു. ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ പണമിറക്കി മാർട്ടിൻ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത് വലിയ ചർച്ചയാകുന്നത്. കേരളത്തിലെ ലോട്ടറി തട്ടിപ്പിലൂടെ സിക്കിം സർക്കാരിന് 900 കോടി രൂപയുടെ നഷ്ടമാണ് മാർട്ടിൻ വരുത്തി വെച്ചത്. ഇതിന് ഇഡി മാർട്ടിന്റെ 457 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. അന്ന് മാർട്ടിന് വേണ്ടി കേസ് വാദിക്കാൻ പോയത് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി ആയിരുന്നു. കേരളത്തിലെ യുഡിഎഫ് എതിർപ്പിനെ തുടർന്ന് സിങ്‍വി കേസിൽ നിന്ന് പിന്മാറി.

മാർട്ടിന് കേരളത്തിൽ സിപിഐഎം പിന്തുണ ഉണ്ടെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. പാർട്ടി ദിനപത്രമായ ദേശാഭിമാനിക്ക് മാർട്ടിൻ രണ്ട് കോടി രൂപ നൽകിയത് വലിയ വിവാദമായിരുന്നു. ഇ പി ജയരാജന് ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനം നഷ്ടമായത് ഇതിലൂടെയാണ്.

രാജ്യത്തെ ഏറ്റവും വലിയ നികുതിദായകനായി സാന്റിയാഗോ മാർട്ടിനെ തിരഞ്ഞെടുത്തിരുന്നു. 2000-ൽ യുഎസ്എയുടെ പബ്ലിക് ഗേമിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാർട്ടിന് മികച്ച ലോട്ടറി പ്രൊഫഷനൽ പുരസ്കാരം നൽകിയിരുന്നു. ന്യൂയോർക്കിലെ യോർക്കർ സർവകലാശാലയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാർട്ടിന് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

ഇലക്ടറൽ ബോണ്ടിൽ കോടികളിറക്കിയ 'ലോട്ടറി രാജാവി'ൻ്റെ തുടക്കം തൊഴിലാളിയായി; നടന്നത് നിഗൂഢതകളുടെ വഴിയേ
ലൈഫ് വീടുകളിൽ ലോ​ഗോ പതിക്കില്ല, വീട് ഔദാര്യമല്ല, കേന്ദ്ര ആവശ്യം നടപ്പിലാക്കില്ലെന്ന് എം ബി രാജേഷ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com