അടിയന്തിരാവസ്ഥക്കാലത്തെ ആർ‌എസ്എസ്; വിശദമായ വിവരണം തയ്യാറാക്കാൻ പദ്ധതിയുമായി പ്രസാർ‌ ഭാരതി

ഗുജറാത്തിലെ യുവാക്കളെ അണിനിരത്തുന്നതിൽ അക്കാലത്ത് ആർ എസ് എസ് പ്രവർത്തകനായിരുന്ന നരേന്ദ്ര മോദിയുടെ പങ്കും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്
അടിയന്തിരാവസ്ഥക്കാലത്തെ ആർ‌എസ്എസ്; വിശദമായ വിവരണം തയ്യാറാക്കാൻ പദ്ധതിയുമായി പ്രസാർ‌ ഭാരതി

ന്യൂഡൽഹി: ആർ എസ് എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീർത്തിച്ച് വിവരണമെഴുതാനൊരുങ്ങി പ്രസാർ ഭാരതി. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ ഐക്യത്തിനായി ആർ എസ് എസും ജന സംഘും നിർവഹിച്ച പങ്കിനെക്കുറിച്ചും ഗുജറാത്തിലെ നവനിർമാൺ പ്രസ്ഥാനത്തിൻ്റെ വിജയത്തിൽ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുമാണ് വിവരണം തയ്യാറാക്കുന്നത്. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദരുടെ നേതൃത്വത്തിലാണ് വിവരണം തയ്യാറാക്കാനുള്ള നീക്കം നടക്കുന്നത്.1975ലെ അടിയന്തരാവസ്ഥക്ക് ശേഷം 1977ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റാൻ ആർ എസ് എസും ജന സംഘും ജനതാ പാർട്ടിയെ സഹായിച്ചതുൾപ്പെടെ വിവരണത്തിൽ ഉൾപ്പെടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്തിലെ യുവാക്കളെ അണിനിരത്തുന്നതിൽ അക്കാലത്ത് ആർ എസ് എസ് പ്രവർത്തകനായിരുന്ന നരേന്ദ്ര മോദിയുടെ പങ്കും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.

1974ൽ നവനിർമാൺ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മോദിയുടെ സംഘടനാവൈദഗ്ദ്യത്തെപ്പറ്റിയും വിവരണത്തിൽ പരാമർശിക്കും . സ്വാതന്ത്ര്യ സമരത്തിന് നേത‍ൃത്വം നൽകിയ നേതാക്കളുടെ പാർട്ടിയായല്ല ജനാധിപത്യത്തെ വികലമാക്കിയ പാർട്ടിയായാണ് കോൺഗ്രസിനെ കാണേണ്ടത് എന്ന സംഘ്പരിവാർ ആഖ്യാനത്തെ ഉറപ്പിക്കുന്നതിനായി സ്വദേശി പ്രസ്ഥാനത്തിന് ആർ എസ് എസ് നൽകിയ പങ്കും ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. നവനിർമാൺ പ്രസ്ഥാനത്തിൻ്റ ക്ഷണം സ്വീകരിച്ച് ജയപ്രകാശ് നാരായണനെ അഹമ്മദാബാദിലേക്ക് എത്തിക്കാനും പിന്നീട് ഇന്ദിരാ ഗാന്ധിക്കെതിരെ പ്രവർത്തിച്ച് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാനും കാരണമായത് മോദിയുടെ സംഘടനാവൈദഗ്ദ്യമാണെന്നും വിവരണത്തിൽ ഉണ്ടാകും.

ഇന്ദിര ഗാന്ധിയോട് ചേരാൻ വിസമ്മതിച്ച രാഷ്ട്രീയ പാർട്ടികളുടെ പോരാട്ടങ്ങളും, ജനാധിപത്യത്തിൻ്റെ പുനരുജ്ജീവനത്തീനായി പ്രവർത്തിച്ചവർക്കൊപ്പം ആർ എസ് എസും നിർണ്ണായക പങ്ക് വഹിച്ചത് എങ്ങനെയെന്നും പ്രസാർഭാരതി വിവരണത്തിൽ ഉൾപ്പെടുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com