'ക്രെഡിറ്റ് കാർഡ്' വിവേകത്തോടെ വാങ്ങാം ഉപയോഗിക്കാം

അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുന്നത് മുതൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതു വരെ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ, ഏറ്റവും മികച്ച ബാങ്കിംഗ് സേവനമായി ക്രെഡിറ്റ് കാർഡുകളെ പ്രയോജനപ്പെടുത്താനാകും
'ക്രെഡിറ്റ് കാർഡ്' വിവേകത്തോടെ വാങ്ങാം ഉപയോഗിക്കാം

പണരഹിത ഡിജിറ്റൽ ഇടപാടുകളിൽ ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ക്രെഡിറ്റ് കാർഡ്. എന്നാൽ ഡെബിറ്റ് കാർഡുകൾ (എടിഎം കാർഡുകൾ) പോലെ പണമിടപാടുകൾ നടത്തുക മാത്രമല്ല ഇവയുടെ ഉപയോഗം. പണമടയ്ക്കാതെ സാധനങ്ങൾ വാങ്ങാമെന്നതാകും ക്രെഡിറ്റ് കാർഡുകളേക്കുറിച്ച് പൊതുവായുള്ള ധാരണ. അതിനപ്പുറം ക്രെഡിറ്റ്‌-റിവാർഡ് പോയിന്റുകൾ, കാഷ് ബാക്കുകൾ, ഡിസ്‌കൗണ്ടുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതു മുഖേന ലഭിക്കും. എല്ലാം ഉള്ളതുതന്നെ... എന്നാൽ ഈപറയും പോലെ നിസ്സാരനല്ല ഇയാൾ, അല്പം 'ടഫ്ഫാണ്'. ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാൽ ഗുണങ്ങൾ അനവധിയെങ്കിലും സാമ്പത്തിക അച്ചടക്കമില്ലെങ്കിൽ പണിപാളും.

മാളുകളിലും ബാങ്കുകൾക്ക് മുൻപിലുമൊക്കെ ക്യാൻവാസിങ്ങിലൂടെ ക്രെഡിറ്റ് കാർഡ് എടുപ്പിക്കാൻ തിടുക്കം കാണിക്കുന്ന ഏജെന്റുമാരെ കണ്ടിട്ടില്ലേ. എല്ലാവരും ക്രെഡിറ്റിൽ സാധനങ്ങൾ വാങ്ങിക്കോട്ടെ എന്ന് കരുതുകയാണോ അവർ? തീർച്ചയായും അല്ല. അവർ പറയുന്ന ഏതെങ്കിലുമൊരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് കാര്യമുണ്ടോ? ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചില്ലെങ്കിൽ വലിയ കടക്കെണിയിലേക്ക് നയിച്ചേക്കാം. ക്രെഡിറ്റ് കാർഡ് വിവേകത്തോടെ വാങ്ങി ഉപയോഗിക്കുക എങ്ങനെയെന്ന് നോക്കാം.

അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കാം

വരുമാനത്തിനും പാർച്ചേസിംഗ് പാറ്റേണിനും അനുസൃതമായി നമുക്കാവശ്യമായ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ഇരുചക്രവാഹനം കൂടുതലായി ഉപയോഗിക്കുന്നയാളാണെങ്കിൽ പെട്രോളിൽ ഉയർന്ന റിവാർഡ് പോയിന്റുകളിലും കാഷ് ബാക്കും വാഗ്‌ദാനം ചെയ്യുന്ന ഒരു കാർഡ് തിരഞ്ഞെടുക്കുകയാകും ഉചിതം. ഓൺലൈനിൽ ധാരാളം ഷോപ്പിങ് നടത്തുന്നവർ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ബ്രാൻഡുകളിലും ഡിസ്‌കൗണ്ട് നൽകുന്ന ഒരു കാർഡ് തിരഞ്ഞെടുത്താൽ പ്രയോജനകരമാകും. പതിവായി യാത്ര ചെയ്യുന്നവരെങ്കിൽ ഹോട്ടൽ താമസങ്ങൾക്ക് ഇളവ് നൽകുന്ന കാർഡുകൾ തിരഞ്ഞെടുക്കാം. കാഷ്ബാക്കും ഡിസ്‌കൗണ്ടുകളും പോലെയുള്ള ആനുകൂല്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ കാർഡ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവം വായിക്കണം. അതിനുശേഷം മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ കാർഡ് ഉപയോഗിക്കാവൂ.

ക്രെഡിറ്റ് പരിധി

ക്രെഡിറ്റ് കാർഡുകളുടെ പരിധി, വരുമാനവും ക്രെഡിറ്റ് സ്‌കോറും അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ നിശ്ചയിക്കുന്നത്. എന്നിരുന്നാലും കാർഡിന്റെ മുഴുവൻ പരിധിയും ഉപയോഗിക്കുന്നത് ഒരിക്കലും ഉചിതമാകില്ല. പരിധിയുടെ 50 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ബാക്കിയുള്ള 50 ശതമാനം ആശുപത്രി പ്രവേശനം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് മാറ്റി വെയ്‌ക്കാം.

വരവിനനുസരിച്ച് ചിലവ്

ക്രെഡിറ്റ് കാർഡിനെ അനന്തമായി പണം കടമെടുക്കാനുള്ള സ്രോതസ്സായി കാണരുത്. ക്രെഡിറ്റ് കാർഡുകൾക്ക് അനന്തരഫലങ്ങളുണ്ടെന്ന് ഓർമ്മിക്കണം. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് എന്നത് ഒരു കാർഡിൽ നിങ്ങൾക്ക് ചിലവഴിക്കാൻ കഴിയുന്ന പരമാവധി തുകയാണ്. ചിലവഴിക്കുന്ന തുക തിരികെ നൽകുകയും നിശ്ചിത തീയതി കഴിഞ്ഞാൽ പലിശ ഒടുക്കേണ്ടതുമാണ്.

2023ലെ ശരാശരി ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് 17% ആണ്. ക്രെഡിറ്റ് കാർഡ് പലിശ അടയ്ക്കേണ്ടിവരുന്നത് റിവാർഡ് മൂല്യത്തേക്കാൾ വലിയ ചിലവ് വരുത്തും. ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേറ്റ് (CUR) എന്നറിയപ്പെടുന്ന ഒരു കാർഡ് ഉടമയുടെ ക്രെഡിറ്റ് ഉപയോഗം, ക്രെഡിറ്റ് സ്കോറുകളെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എല്ലാ മാസവും സമയബന്ധിതമായി പണമടച്ച് പലിശ അടയ്ക്കുന്നത് ഒഴിവാക്കുക എന്നതാണ്. നിങ്ങൾക്ക് താങ്ങാൻ കഴിയുന്നത് മാത്രം ചിലവഴിക്കുന്നതും ക്രെഡിറ്റ് കാർഡ് കടങ്ങൾ ഒഴിവാക്കാൻ സഹായകമാകും.

സൗജന്യ ഓഫറുകളും റിവാർഡുകളും പ്രയോജനപ്പെടുത്താം

ക്രെഡിറ്റ് കാർഡ് കമ്പനികൾ കാലാകാലങ്ങളിൽ പാരിതോഷികങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ക്യാഷ്ബാക്ക് രൂപത്തിലോ സൗജന്യ വൗച്ചറുകളിലോ ആകാം. ഏറ്റവും പുതിയ ഓഫറുകൾക്കായി ബാങ്കുമായി ബന്ധപ്പെടണം. പലർക്കും അറിയാത്ത ചില സ്റ്റാൻഡേർഡ് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളുണ്ട്. ഉദാഹരണത്തിന്, ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ നിങ്ങളുടെ റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാം. അപകട മരണത്തിനോ വൈകല്യത്തിനോ മിക്ക ഇന്ത്യൻ ക്രെഡിറ്റ് കാർഡുകളിലും കോംപ്ലിമെന്ററി ഇൻഷുറൻസ് ലഭിക്കും.

ചില ബാങ്കുകൾ കാർഡുകളിൽ വാർഷിക ഫീസ് ഈടാക്കുന്നില്ല. പക്ഷേ അതിന് പരിമിതികളുണ്ട്. പ്രതിവർഷം ഒരു നിശ്ചിത തുക ചെലവഴിക്കുമ്പോൾ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിശ്ചിത തീയതിക്ക് മുമ്പ് ബില്ലുകൾ അടയ്ക്കണം. വലിയ പർച്ചേസുകൾ ഇഎംഐകളായി മാറ്റി വാങ്ങുക. അച്ചടക്കത്തോടെ ഉപയോഗിക്കുമ്പോൾ മാത്രമേ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാകുകയുള്ളൂ. അതിനാൽ കൃത്യമായ പ്ലാനിങ്ങോടെ മാത്രം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com