വയനാടല്ലെങ്കിൽ രാഹുലിൻ്റെ രണ്ടാം സുരക്ഷിത മണ്ഡലം എവിടെ?

സുരക്ഷിത സീറ്റെന്ന രാഹുലിൻ്റെ സാധ്യത ഇന്ത്യയുടെ തെക്കേമുനമ്പിലേയ്ക്ക് ചുരുങ്ങുന്നു എന്നതാണ് വാസ്തവം
വയനാടല്ലെങ്കിൽ രാഹുലിൻ്റെ രണ്ടാം സുരക്ഷിത മണ്ഡലം എവിടെ?

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ നിന്ന് മത്സരിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാണ്. സിറ്റിങ്ങ് സീറ്റായ വയനാട്ടിൽ നിന്നും 2019ൽ മത്സരിച്ച് പരാജയപ്പെട്ട ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. ഇൻഡ്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാർത്ഥി. ബിജെപിയെ നേരിടാൻ രൂപം കൊടുത്ത ഇൻഡ്യാ മുന്നണിയുടെ അപ്രഖ്യാപിത പ്രധാനമന്ത്രി മുഖമാണ് രാഹുൽ ഗാന്ധി. അതിനാൽ തന്നെ രാഹുൽ ഗാന്ധി ബിജെപിക്ക് ശക്തിയില്ലാത്ത വയനാട്ടിൽ ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐക്കെതിരെ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലും സഖ്യകക്ഷികൾക്കിടയിലും ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും വീണ്ടും മത്സരിക്കണമോ എന്നതിൽ ഇപ്പോഴും കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. വയനാട്ടിൽ മത്സരിക്കണമോ എന്നതിൽ അവസാന തീരുമാനം രാഹുലിൻ്റേതാകുമെന്നും തീർച്ച.

രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ വയനാടല്ലാതെ സുരക്ഷിതമായ മറ്റൊരു മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലേയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തിച്ചേർന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസിൻ്റെ സമുന്നതനായ നേതാവിന് സുരക്ഷിതമായി മത്സരിക്കാനൊരു ഇടം ഉത്തരേന്ത്യയിൽ കണ്ടെത്താൻ കോൺഗ്രസിന് കണ്ടെത്താനാവാത്ത സാഹചര്യമുണ്ട് എന്നത് വാസ്തവമാണ്. അമേഠിയിൽ മത്സരിക്കുക എന്നത് രാഹുൽ ഗാന്ധിയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ അനിവാര്യതയാണ്. അമേഠി മണ്ഡലത്തോടുള്ള നെഹ്റു കുടുംബത്തിൻ്റെ ഹൃദയബന്ധം മാത്രമല്ല ഇതിന് കാരണം. ഹിന്ദി ഹൃദയഭൂമിയുടെ കേന്ദ്രമായ ഉത്തർപ്രദേശിൽ നിന്ന് നിർണ്ണായക തിരഞ്ഞെടുപ്പിൽ ഓടിയൊളിച്ചുവെന്ന ബിജെപി വിവരണത്തിന് അവസരമൊരുക്കാൻ രാഹുലും കോൺഗ്രസും തയ്യാറാകില്ലെന്ന് ഉറപ്പിക്കാം. അമേഠിയിൽ രാഹുൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുമ്പോള്‍ രാഹുലിന് വിജയിക്കാൻ സാധിക്കുന്ന ഒരു സുരക്ഷിത മണ്ഡലം ഉറപ്പിക്കേണ്ടത് കോൺഗ്രസിൻ്റെ രാഷ്ട്രീയ ആവശ്യകത കൂടിയാണ്.

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനം ഹിമാചൽപ്രദേശാണ്. 2019ൽ ഹിമാചലിലെ ആകെയുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. ഭൂരിപക്ഷമാകട്ടെ എല്ലാ മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിന് മുകളിലും. അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്ത് ബിജെപിക്ക് വിജയം സമ്മാനിച്ച ഹിമാചൽ രാഹുൽ ഗാന്ധിക്കും അത്ര സുരക്ഷിതമല്ല. പിന്നീട് കോൺഗ്രസിൻ്റെ ശക്തികേന്ദ്രം എന്ന് പറയാൻ കഴിയുന്നത് രാജസ്ഥാനാണ്. 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അധികാരം നഷ്ടമായെങ്കിലും അവിടെ മുഖ്യപ്രതിപക്ഷം കോൺഗ്രസാണ്. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ രാജസ്ഥാനിലും രാഹുലിനായി ഒരു സുരക്ഷിത സീറ്റ് കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്. പിന്നീട് ബാക്കിയുള്ളത് മധ്യപ്രദേശാണ്. കോൺഗ്രസിന് ഇപ്പോഴും സംഘടനാ ശേഷിയുള്ള മധ്യപ്രദേശിൽ 2019ൽ കോൺഗ്രസ് വിജയിച്ചത് ഒരു സീറ്റിൽ മാത്രമാണ്. കമൽനാഥിൻ്റെ മകൻ നകുൽ നാഥ് 37,536 വോട്ടിന് മാത്രം ചിന്ദ്വാരയാണ് കോൺഗ്രസിന് ഇവിടെയുള്ള ഏക സിറ്റിങ്ങ് സീറ്റ്. അടുത്തിടെ കമൽനാഥും മകനും ബിജെപിയിൽ പോകുമെന്ന അഭ്യൂഹങ്ങൾ ശക്തവുമായിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു സുരക്ഷിത സീറ്റ് ഇവിടെ കണ്ടെത്തുക കോൺഗ്രസിനെ സംബന്ധിച്ച് ഏകദേശം അസാധ്യമാണ്.

അമേഠിയിൽ രാഹുൽ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ രണ്ടാം സീറ്റ് ദക്ഷിണേന്ത്യയിൽ നിന്ന് കണ്ടെത്താൻ തന്നെയാണ് സാധ്യത. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന തെലങ്കാനയാണ് ഈ നിലയിൽ മുന്നിലുള്ള പ്രധാനപ്പെട്ടൊരു സാധ്യത. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിജയിച്ച മല്‍ക്കാജ്ഗിരി അടക്കം മൂന്ന് സിറ്റിങ്ങ് സീറ്റുകളാണ് കോണ്‍ഗ്രസിന് ഇവിടെയുള്ളത്. ഇതില്‍ മല്‍ക്കാജ്ഗിരിയില്‍ 10,919 വോട്ടിന് മാത്രമായിരുന്നു രേവന്ത് റെഡ്ഡി വിജയിച്ചത്. കോണ്‍ഗ്രസ് വിജയിച്ച നല്‍ഗോണ്ടയില്‍ 25,682 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. മറ്റൊരു സിറ്റിങ്ങ് സീറ്റായ ബോങ്ങ്ഗിറില്‍ 5,119 വോട്ടുമാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം. രാഹുലിനെ തെലങ്കാനയിൽ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴും സുരക്ഷിതമായൊരു മണ്ഡലം ഏതെന്ന് ചോദിച്ചാൽ ഉറപ്പുള്ള ഒരു ഉത്തരം ഇവിടെയുമില്ല.

കർണാടകയാണ് മറ്റൊരു സാധ്യത. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കർണാടകയിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഖ്യത്തിൽ മത്സരിച്ചിട്ടും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷിൻ്റെ സിറ്റിങ്ങ് സീറ്റായ ബാംഗ്ലൂർ റൂറലിൽ 2019ലും രാഹുൽ ഗാന്ധിയുടെ പേര് ഉയർന്ന് കേട്ടിരുന്നു. 2019ൽ 2,06,870 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഡി കെ സുരേഷ് വിജയിച്ചത്. കോൺഗ്രസിൻ്റെ ഉറച്ച കോട്ടയായ ഇവിടം രാഹുലിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ നിന്നും വിജയിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. ജെഡിഎസിനും സ്വാധീനമുള്ള ഇവിടെ ബിജെപിയും ജെഡിഎസും സഖ്യത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഈ സീറ്റ് എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇൻഡ്യ മുന്നണി ഏറ്റവും കെട്ടുറപ്പോടെ മത്സരിക്കുന്ന തമിഴ്നാടാണ് പിന്നെയുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 8 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇതില്‍ അരണിയില്‍ ഭൂരിപക്ഷം 2,30,806 വോട്ടായിരുന്നു. കന്യാകുമാരിയില്‍ കോണ്‍ഗ്രസ് 259933 വോട്ടിനായിരുന്നു വിജയിച്ചത്. കാരൂരില്‍ 4,20,546 വോട്ടിനും കൃഷ്ണഗിരിയില്‍ 1,56,765 വോട്ടിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ചിദംബരത്തിന്റെ സ്വാധീനകേന്ദ്രമായ ശിവഗംഗയില്‍ 3,32,244 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ വിജയം. സംവരണ മണ്ഡലമായ തിരുവള്ളൂരില്‍ 3,56,955 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. തിരുച്ചിറപ്പള്ളിയില്‍ 4,59,286 വോട്ടിനും വിരുദ്ധ്‌നഗറില്‍1,54,554 വോട്ടിനും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റുകൾ രാഹുൽ ഗാന്ധിയെ സംബന്ധിച്ച് കൂടുതൽ സുരക്ഷിതമാണ്. പ്രത്യേകിച്ചും ഇൻഡ്യ മുന്നണി കരുത്തോടെ തമിഴ്നാട്ടിൽ അണിനിരക്കുമ്പോൾ. ഇതിനിടെ രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ട ശ്രീപെരുമ്പത്തൂരിൽ രാഹുൽ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഡിഎംകെയുടെ ടി ആർ ബാലുവിൻ്റെ സിറ്റിങ്ങ് സീറ്റായ ശ്രീപെരുമ്പത്തൂരിലെ 2019ലെ ഭൂരിപക്ഷം 484732 വോട്ടായിരുന്നു. രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ ഡിഎംകെ സീറ്റ് വിട്ടുകൊടുക്കാനും മടിക്കില്ല. ദക്ഷിണേന്ത്യയിൽ രാഹുലിന് ഒന്നിലധികം സുരക്ഷിത സീറ്റുകളുള്ള സംസ്ഥാനം കൂടിയായി തമിഴ്നാട് മാറുന്നുണ്ട്.

ഏറ്റവും സുരക്ഷിതമായ സിറ്റിങ്ങ് സീറ്റ് കൈവശമിരിക്കുമ്പോൾ ഇത്തരത്തിൽ മണ്ഡലം മാറി മത്സരിക്കേണ്ടതില്ല എന്ന് രാഹുൽ ഗാന്ധി തീരുമാനിച്ചാൽ വയനാട് തന്നെയാവും അങ്കത്തട്ട്. സിപിഐക്കെതിരെ മത്സരിക്കേണ്ടെന്ന് രാഹുൽ തീരുമാനിച്ചാൽ ഏറ്റവും സ്വഭാവികമായ ഓപ്ഷൻ തമിഴ്നാടായിരിക്കും. ബിജെപിക്കെതിരായി ദക്ഷിണേന്ത്യയിൽ നിന്ന് അങ്കം കുറിക്കണമെന്ന് രാഹുൽ തീരുമാനിച്ചാൽ ബാംഗ്ലൂർ റൂറൽ എന്ന റിസ്കും സ്വീകരിക്കാം. എന്തായാലും സുരക്ഷിത സീറ്റെന്ന രാഹുലിൻ്റെ സാധ്യത ഇന്ത്യയുടെ തെക്കേമുനമ്പിലേയ്ക്ക് ചുരുങ്ങുന്നു എന്നതാണ് വാസ്തവം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com