ജസ്ന എവിടെ? ദുരൂഹത മാത്രം ബാക്കിയാകുമ്പോള്‍....

ആരാലും ശ്രദ്ധിക്കപ്പെടാതെ, ആരുടെയും കണ്ണില്‍ പെടാതെ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ജസ്‌ന പതിയെ മറഞ്ഞു. ഒരു തെളിവും അവശേഷിപ്പിക്കാതെ, തേടി ചെല്ലാന്‍ ഒരു വഴിയും തുറന്നിടാതെ...
ജസ്ന എവിടെ? ദുരൂഹത മാത്രം ബാക്കിയാകുമ്പോള്‍....

'ഫെയ്‌സ്ബുക് ഫീഡില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ കണ്ടുമറക്കുന്ന അനേകം പെണ്‍മുഖങ്ങളിലൊന്ന് മാത്രമായി ജസ്‌നയും മാറുമോ? തുമ്പൊന്നും കിട്ടാതെ പൂട്ടിക്കെട്ടുന്ന ഫയലുകളിലൊന്നായി ജ്‌സന തിരോധാനവും അവശേഷിക്കുമോ?' ആറ് വർഷം മുമ്പ് ഈ വരികൾ ഫേസ്ബുക്കില്‍ എഴുതുമ്പോള്‍, സംഭവിക്കുന്നത് അങ്ങനെയാകരുതേ എന്ന് ആത്മാർത്ഥമായി ആ​ഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ ജസ്ന തിരോധാന കേസ് ഫയല്‍ പൂട്ടിക്കെട്ടിയിരിക്കുകയാണ് സിബിഐ.

ജസ്ന മരിയ ജയിംസ് എവിടെ എന്ന് കേരളം ആശങ്കപ്പെട്ടു തുടങ്ങിയ ദിവസങ്ങളിലൊന്നിലാണ് മുക്കൂട്ടുതറയിലെ അവരുടെ വീട്ടിലേക്ക് എത്തിയത്. ജസ്നയുടെ പിതാവിനെയും സഹോദരിയെയും കണ്ടു, സംസാരിച്ചു. പൊലീസ് അന്വേഷണം വൈകിപ്പിച്ചെന്ന പരാതി ആ പിതാവിനുണ്ടായിരുന്നു. തെളിവുകളിലേക്കല്ല പരക്കെ പ്രചരിച്ച ആരോപണങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുമ്പോട്ടുപോകുന്നതെന്ന് അന്നും അദ്ദേഹം പറഞ്ഞു. പിതാവിനെ പ്രതിസ്ഥാനത്തുനിർത്തിയുള്ള ആരോപണങ്ങളാണ് തുടക്കത്തിൽ പ്രചരിച്ചതിലേറെയും. പിതാവ്, സുഹൃത്ത് തുടങ്ങി അവിശ്വസനീയമായ പല പേരുകളും പ്രതിസ്ഥാനത്ത് കേട്ടു. പ്രണയിച്ചുള്ള ഒളിച്ചോട്ടം, ആത്മഹത്യ, കൊലപാതകം, രാജ്യാന്തര മതതീവ്രവാദ സംഘടനയുടെ സാന്നിധ്യം തുടങ്ങി പല സാധ്യതകളിലേക്കും അന്വേഷണം നീണ്ടു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ജസ്ന എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും കൊല്ലമുള കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകളുമായ ജസ്നയെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ജസ്ന. ഇക്കാര്യം അയൽവാസി സ്ഥിരീകരിക്കുന്നു. 'കൊച്ച് അവിടെയിരുന്ന് പഠിക്കുന്നുണ്ടായിരുന്നു രാവിലെയൊക്കെ, പിന്നെയാണ് ആന്റിയുടെ വീട്ടിലേക്ക് പോയത്'. അയൽവാസിയായ ലൗലി പറഞ്ഞതിങ്ങനെ.

പുഞ്ചവയലിലേക്കുള്ള വഴിയില്‍ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവിയില്‍ നിന്ന് സ്വകാര്യ ബസിലിരിക്കുന്ന ജസ്നയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നെ കുട്ടി എവിടേക്കാണ് പോയതെന്ന് ആര്‍ക്കുമറിയില്ല. 'മോളെ കാണാതായതിനെ തുടർന്ന് എരുമേലിയിലും കുമളിയിലും അന്വേഷിച്ചത് ഞങ്ങളാണ്. സി സി ടി വി ദൃശ്യങ്ങൾ കണ്ടെത്തി നൽകിയതും ഞങ്ങളാണ്. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തെറ്റിദ്ധാരണ പരത്തി'. ജസ്നയുടെ പിതാവ് ജയിംസ് ഇന്ന് പ്രതികരിച്ചു. കുട്ടിയെ കാണാതായ ദിവസം വൈകുന്നേരം തന്നെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എട്ടാം ദിവസം മാത്രമാണ് അന്വേഷണത്തിനായി പോലീസ് എത്തിയത്. ജസ്നയുടെ കോളേജില്‍ അന്വേഷണത്തിന് എത്തിയത് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ്.

അന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാരെയും നാട്ടുകാരെയും ജസ്‌നയുടെ സഹപാഠികളെയുമെല്ലാം നിരവധി തവണ പൊലീസ് ചോദ്യം ചെയ്തു. അതിനിടെ ജസ്‌നയെ കണ്ടെന്ന തരത്തില്‍ പലയിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ വീട്ടുകാരെയും പൊലീസിനെയും തേടിയെത്തി. അന്വേഷണത്തില്‍ അവയൊന്നും ജെസ്‌നയല്ലെന്ന് തെളിഞ്ഞു. ഇതിനിടെ ബെംഗളൂരുവില്‍ ആണ്‍സുഹൃത്തിനൊപ്പം ജസ്‌നയെ കണ്ടെന്ന തരത്തില്‍ പ്രചാരണം ശക്തമായി. മഡിവാളയില്‍ വച്ച് ഇരുവരെയും കണ്ടെന്ന പാലാ സ്വദേശിയുടെ മൊഴിയെത്തുടര്‍ന്ന് ആ വഴിക്കും അന്വേഷണം പോയി. ബെംഗളൂരുവില്‍ നിന്ന് ഇരുവരും മൈസൂരിലേക്ക് കടന്നെന്നും കഥകള്‍ പരന്നു. താന്‍ കണ്ടത് ജെസ്‌നയെത്തന്നെയാണെന്ന് പാലാ സ്വദേശി ഉറപ്പിച്ചുപറഞ്ഞെങ്കിലും അത് ജെസ്‌നയല്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അറിയിച്ചതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു.

ഇതിനിടെ, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ് തടവുകാരന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയതും ചർച്ചയായി. കൊല്ലം ജില്ലാ ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന ഒരു മോഷണക്കേസ് പ്രതി ജസ്‌നയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായാണ് ഇയാള്‍ വെളിപ്പെടുത്തിയത്. പക്ഷേ, ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. ജസ്നയെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായവും സിബിഐ തേടിയിരുന്നു. 191 രാജ്യങ്ങളിൽ ജസ്നയ്ക്കായി ഇൻ്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. അതുകൊണ്ടും കാര്യമുണ്ടായില്ല.

കാണാതായത് അമ്മ മരിച്ച് എട്ടാം മാസം, ജസ്ന വിഷാദത്തിലായിരുന്നോ?

ദീർഘകാലമായി അസുഖബാധിതയായിരുന്ന അമ്മ മരിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജസ്‌നയുടെ തിരോധാനം ഉണ്ടായത്. അമ്മയുടെ മരണത്തോടെ ജസ്‌ന വിഷാദത്തിനടിപ്പെട്ടിരുന്നതായും അതിനാലാണ് വീട് വിട്ട് പോയതെന്നും പ്രചാരമുണ്ടായി. ഇത് അടിസ്ഥാനരഹിതമെന്ന് കുടുംബം പറഞ്ഞിരുന്നു. അമ്മയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന തനിക്കും സഹോദരനും ശക്തി പകര്‍ന്നത് ജസ്‌നയാണെന്ന് മുതിർന്ന സഹോദരി ജെഫി പറഞ്ഞിരുന്നു. അധികമാരോടും അടുത്തിടപഴകുന്ന സ്വഭാവക്കാരിയായിരുന്നില്ലെങ്കിലും എന്തു രഹസ്യവും അവള്‍ തന്നോട് തുറന്നുപറഞ്ഞിരുന്നതായാണ് ജെഫി പറഞ്ഞത്.

ഫോൺ മറന്നത് മനഃപ്പൂർവ്വമോ?

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന മൊബൈൽ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമായിരുന്നോ അതോ മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചാണ് ജസ്ന പോയത്. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള അന്വേഷണമെന്ന സാധ്യത ഇല്ലാതായിരുന്നു. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി. ജസ്നയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല.

ദൃശ്യം മോ‍ഡലെന്ന പ്രചാരണം, മനമുരുകി കുടുംബം

ജസ്നയുടെ തിരോധാനത്തിന് പിന്നിൽ ദൃശ്യം മോഡൽ കൊലപാതകമെന്ന ശക്തമായ പ്രചാരണവും അന്നുണ്ടായി. ജയിംസ് മകളെ കൊലപ്പെടുത്തിയതാണെന്നും വീടിനുള്ളിൽ‌ മൃതദേഹം കുഴിച്ചിട്ടെന്നും ഊഹാപോഹങ്ങൾ പരന്നു. വീടിനോട് ചേർന്ന് ഒരു മുറി കൂടി പണിയാനുള്ള നടപടികൾ നടക്കുന്നുണ്ടായിരുന്നു. ഇതാണ് ഇങ്ങനെയുള്ള ആരോപണങ്ങൾക്ക് പിന്നിലെന്ന വിശദീകരണമാണ് ജയിംസ് നൽകിയത്. അനാവശ്യ പ്രചാരണങ്ങളിലേക്ക് പൊലീസ് ശ്രദ്ധ തിരിക്കുകയാണെന്നും തന്നോട് ശത്രുതയുള്ളവരുടെ കുബുദ്ധിയാണ് ഇതിനു പിന്നിലെന്നും ജയിംസ് പറഞ്ഞിരുന്നു. മകളെ കാണാതായ വിഷമത്തിനു മുന്നിൽ ഇത്തരം പ്രചാരണങ്ങളിലൂടെയുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ചെറുതാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിതാവിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിബിഐ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട സുഹൃത്തിനെതിരായ ആരോപണങ്ങളും തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തിൽ പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു. ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ള സർവ്വീസിൽ നിന്ന് വിരമിച്ചതോടെ 2018 മേയ് 27ന് ഐ ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തി. പിന്നാലെ പരാതികളെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ജസ്‌നയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്ന രീതിയിലായിരുന്നു എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരി വിരമിക്കലിന് തൊട്ടുമുമ്പ് പ്രതികരിച്ചത്. എന്നാൽ, ഇതേക്കുറിച്ച് പിന്നീട് എന്തെങ്കിലും വെളിപ്പെടുത്തലോ പ്രതികരണമോ ഉണ്ടായില്ല. ജസ്‌ന കേസില്‍ ശുഭവാര്‍ത്ത കേള്‍ക്കുമെന്ന് പത്തനംതിട്ട എസ്പി ആയിരുന്ന കെ ജി സൈമണും പ്രതികരിച്ചിരുന്നു. എല്ലാത്തിനുമൊടുവിൽ ഇപ്പോൾ പ്രതീക്ഷകൾ വിഫലമാക്കി സിബിഐ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.

ജസ്ന കാണാമറയത്തുണ്ടോ, അതോ...?

ജസ്ന തിരോധാനക്കേസിൽ സിബിഐ കേസ് അവസാനിപ്പിച്ചത് സാങ്കേതികം മാത്രമെന്നാണ് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇന്ന് പറഞ്ഞത്. ജസ്ന മരീചികയല്ല, സിബിഐ എന്നെങ്കിലും ജസ്നയെ കണ്ടെത്തും. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കണ്ടെത്താൻ കഴിയും. ഇപ്പോൾ നടക്കുന്നത് കോടതിയിൽ ക്ലോഷർ റിപ്പോർ‌ട്ട് സമർപ്പിക്കുക എന്ന സാങ്കേതിക പ്രക്രിയ മാത്രമാണ്. ഏതെങ്കിലും ഒരു കേസിന് ഏറെ നാളായി ലീഡ് ലഭിക്കുന്നില്ലെങ്കിൽ താത്കാലികമായി അവസാനിപ്പിക്കാറുണ്ട്. അതുതന്നെയാണ് ജസ്ന കേസിലും സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും നിമിഷം മുമ്പ് വരെ ആള്‍ക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ജസ്ന പെട്ടന്നൊരു നിമിഷത്തില്‍ അപ്രത്യക്ഷയായത് എങ്ങോട്ടാണ്? ബസ് സ്റ്റാന്‍ഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ജസ്‌ന ഉണ്ടായിരുന്നു. ശേഷം ഒരു പ്രൈവറ്റ് ബസിലും. ആരാലും ശ്രദ്ധിക്കപ്പെടാതെ, ആരുടെയും കണ്ണില്‍ പെടാതെ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ജസ്‌ന പതിയെ മറഞ്ഞു. ഒരു തെളിവും അവശേഷിപ്പിക്കാതെ, തേടി ചെല്ലാന്‍ ഒരു വഴിയും തുറന്നിടാതെ...

രാഹുലിനെ ഓർമ്മയില്ലേ. 2005 മെയ് 18 ന് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ നിന്ന് വെള്ളം കുടിക്കാനായി വീട്ടിലേയ്‌ക്കോടിയ രാഹുല്‍ എന്ന ഏഴ് വയസ്സുകാരനെ? അവനെ കേരളം പിന്നീട് കണ്ടിട്ടേയില്ല. കലണ്ടര്‍ ഒന്നും രണ്ടുമല്ല 19 വട്ടം മാറി. രാഹുല്‍ എവിടെ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഇപ്പോഴിതാ ജസ്‌നയും അങ്ങനെയൊരു ഉത്തരമില്ലാത്ത ചോദ്യമായി മാറിയിരിക്കുന്നു....

Related Stories

No stories found.
logo
Reporter Live
www.reporterlive.com