മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുമ്പോള്‍

ഒരു സമൂഹത്തിന്റെ തന്നെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു വ്യക്തിയുടെ മരണത്തിന് കഴിയുമോ? കഴിയുമെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം (കേരള രാഷ്ട്രീയ ചരിത്രവും) നല്‍കുന്ന മറുപടി
മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുമ്പോള്‍

മരണം ചില മനുഷ്യരെ ജീവിച്ചിരുന്ന കാലത്തേക്കാള്‍ ശക്തരാക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകളില്‍, തീരുമാനങ്ങളില്‍, തിരഞ്ഞെടുപ്പുകളില്‍ മരണശേഷവും അവര്‍ ഇടപെടുന്നു. ചിലപ്പോള്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ ശക്തമായി. ഒരു ഉദാഹരണം പറയാം. പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി സിനിമയില്‍ പൊറിഞ്ചുവിന് മറിയത്തേയും മറിയത്തിന് പൊറിഞ്ചുവിനെയും ഇഷ്ടമാണ്. ഒരിക്കല്‍ അപ്പന്റെ വിലക്കിനെ മറികടന്ന് പൊറിഞ്ചുവിന് ഒപ്പം മറിയം വീട് വിട്ട് ഇറങ്ങിയതുമാണ്. എന്നാല്‍ അപ്പന്റെ മരണം മറിയത്തിന്റെ തീരുമാനത്തെ, പിന്നെയുള്ള ജീവിതത്തെ എക്കാലത്തേയ്ക്കുമായി മാറ്റി മറിച്ചു. ഇത് ഒരു വ്യക്തിയുടെ തീരുമാനം. എന്നാല്‍ ഒരു സമൂഹത്തിന്റെ തന്നെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു വ്യക്തിയുടെ മരണത്തിന് കഴിയുമോ? കഴിയുമെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം (കേരള രാഷ്ട്രീയ ചരിത്രവും) നല്‍കുന്ന മറുപടി. ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളി പുതിയൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പുതുപ്പള്ളിയിലെ പുതുതലമുറയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു പുതുചരിത്രം തന്നെയാണ്. ഈ സാഹചര്യത്തില്‍, മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ തിരഞ്ഞെടുപ്പില്‍ ഇടപ്പെട്ട ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിക്കാം.

ഇന്ദിര ഗാന്ധിയുടെ മരണവും 1984 ലെ തിരഞ്ഞെടുപ്പും

ഇന്ദിരാ ഗാന്ധി, പേരിനൊപ്പം മറ്റൊരു വിശേഷണവും ആവശ്യമില്ലാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി. തീരുമാനങ്ങളിലെ എല്ലാ ശരിതെറ്റുകള്‍ക്കും മുകളില്‍ സ്വയം അടയാളപ്പെടുത്താന്‍ കഴിഞ്ഞ സ്ത്രീ. 1984 ഒക്ടോബര്‍ 31. ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നല്‍കുന്നതിനായി ഒരുങ്ങിയ ഇന്ധിരാഗാന്ധി തന്റെ വസതിക്ക് മുന്നിലെ തോട്ടത്തില്‍ കൂടി ഉലാത്തുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി സ്വന്തം അംഗരക്ഷകരുടെ തോക്ക് ഇന്ദിരയ്ക്ക് നേരെ തിരിഞ്ഞു. ഇന്ത്യയുടെ ഉരുക്കു വനിത മുപ്പതോളം വെടിയുണ്ടകളേറ്റ് സ്വന്തം വീട്ടുമുറ്റത്ത് വീണു. അന്ന് രാജീവ് ഗാന്ധിക്ക് പ്രായം 39 വയസ്സ്. രാഷ്ട്രീയത്തില്‍ രാജീവിന് പ്രായം വെറും മൂന്ന് വയസ്സ്.

ഇന്ദിരയുടെ മരണം ജീവിച്ചിരിക്കുന്നവര്‍ക്കിടയില്‍ ആദ്യം ഇടപെട്ടത് ഒരു കലാപത്തിന്റെ രൂപത്തിലായിരുന്നു. രാജ്യം മുഴുവന്‍ ആളിക്കത്തിയ സിഖ് വിരുദ്ധ വികാരത്തില്‍ സിഖുകാരുടെ ജീവിതം അനിശ്ചിതത്വത്തിലായി. ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. അകാലികളെ നേരിടാന്‍ കോണ്‍ഗ്രസ് പിന്തുണച്ച ഭിന്ദ്രന്‍വാല പിന്നീട് ഖാലിസ്ഥാന്‍ വാദത്തിന്റെ നേതാവായി മാറിയത് ചരിത്രം. അടിയന്തരാവസ്ഥ കാലത്ത് കിട്ടിയ ഊര്‍ജ്ജം പിന്നീട് പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രക്ഷോഭത്തെ ആളിക്കത്തിച്ചു. ഓപ്പറേഷന്‍ ബ്ലുസ്റ്റാര്‍ ഇന്ദിരയെ ഖാലിസ്ഥാന്‍ വാദികളുടെ നിതാന്ത ശത്രുവാക്കി. ഇന്ദിരയുടെ മരണശേഷവും പഞ്ചാബ് അശാന്തമായി തുടര്‍ന്നു. അസമിലും വിഘടനവാദം കൊണ്ട് സംഘര്‍ഷത്മാകമായി.

ഇന്ദിരയുടെ മരണശേഷം രാജീവ് അധികാരത്തിലെത്തിയെങ്കിലും, സഹതാപതരംഗം എന്ന സാഹചര്യം മുതലാക്കാന്‍ 1984ല്‍ വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ഇന്ത്യ നീങ്ങി. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയായിരുന്നു തിരഞ്ഞെടുപ്പിലേക്ക് പോകാനുള്ള തീരുമാനം. അസമിലും പഞ്ചാബിലും സംഘര്‍ഷങ്ങള്‍ കെട്ടടങ്ങാത്തതിനാല്‍ 1985 വരെ വോട്ടെടുപ്പ് വൈകി. ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് രൂപപ്പെട്ട സഹതാപ തരംഗം ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വോട്ടായി വന്നു വീണു. ചരിത്ര ഭൂരിപക്ഷമാണ് അന്ന് രാജീവ് ഗാന്ധി നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയത്. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ട് ഷെയറും സീറ്റുകളും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്നത്തെ സാഹചര്യത്തില്‍ ജീവിച്ചിരിക്കുന്ന ഇന്ദിരാഗാന്ധിക്ക് സാധിക്കുന്നതിലേറെ വോട്ട് പിടിക്കാന്‍ ഇന്ദിരയുടെ ഓര്‍മകള്‍ക്ക് കഴിഞ്ഞു.

1984ല്‍ തിരഞ്ഞെടുപ്പ് നടന്ന 514 സീറ്റുകളില്‍ 404 സീറ്റുകളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. 1985 ല്‍ തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ നിന്നും ആസാമില്‍ നിന്നും 10 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. എന്‍ ടി രാമറാവുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി 30 സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയായി. അങ്ങനെ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആദ്യത്തെ പ്രാദേശിക പാര്‍ട്ടിയെന്ന ചരിത്രം ഈ തിരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടി സ്വന്തം പേരില്‍ എഴുതി. ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനുള്ള കക്ഷിനില ആര്‍ക്കും ഇല്ലാത്തത്തിനാല്‍ ഇക്കാലയളവില്‍ പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞുകിടന്നു. ഇന്ദിരാഗാന്ധിയുടെ വധത്തിനും 1984 നവംബറിലെ സിഖ് വിരുദ്ധ കലാപത്തിനും തൊട്ടുപിന്നാലെ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ കോണ്‍ഗ്രസിനൊപ്പം നിന്നു. ഒരു പാര്‍ട്ടിക്ക് 400ലധികം സീറ്റുകള്‍ ലഭിക്കുന്നു എന്നതും അന്ന് ചരിത്രത്തിലാദ്യം ആയിരുന്നു.

1984ലെ ഇന്ദിര അനുകൂല തരംഗത്തിന് എതിരെ വോട്ട് കുത്തിയ ചരിത്രമുണ്ട് കേരളത്തിന്. ഇന്ത്യ മുഴുവന്‍ പരന്ന സഹതാപ അലകളെ മറികടന്ന് കോട്ടയം മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ കെ സുരേഷ് കുറുപ്പ് വിജയിച്ചു. 1984ല്‍ കേരളത്തില്‍ സിപിഐഎം വിജയിച്ച ഏക മണ്ഡലവും കോട്ടയമായിരുന്നു. അന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു സുരേഷ് കുറുപ്പ്. ഈ ചരിത്രമാണ് പുതുപ്പള്ളിയില്‍ തെളിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഉയര്‍ത്തി കാണിക്കുന്നത്.

രാജീവിന്റെ ഓര്‍മകള്‍ ഫലം നിര്‍ണയിച്ച 1991ലെ തിരഞ്ഞെടുപ്പ്

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിനും മുന്‍പേ ആ തിരഞ്ഞെടുപ്പിന്റെ വിധി കുറിക്കാന്‍ പോന്ന രണ്ടു കാര്യങ്ങള്‍ രാജ്യത്ത് നടന്നു.

1. വി പി സിംഗ് ഗവണ്‍മെന്റ് നടപ്പിലാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. (പിന്നാക്ക വിഭാഗങ്ങങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27% സംവരണം ഏര്‍പ്പെടുത്തിയത് മുന്നാക്ക വിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായി)

2. അയോധ്യ പ്രശ്നം ബിജെപി ഒരു തിരഞ്ഞെടുപ്പ് അജണ്ടയായി തന്നെ ഉയര്‍ത്തി കൊണ്ടുവന്നു.

രണ്ടു വിഷയങ്ങളിലും രാജ്യത്തിന്റെ പലഭാഗത്തും തര്‍ക്കങ്ങളും കലാപങ്ങളും രൂപം കൊണ്ടു. വോട്ടുകള്‍ ജാതിമതാടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ടു.

1991 മെയ് 20. ആദ്യഘട്ട വോട്ടെടുപ്പ് നടന്നിട്ട് ഒരു ദിവസം. രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്‍പുള്ള പ്രചരണത്തിലായിരുന്നു രാജീവ് ഗാന്ധി. ശ്രീ പെരുമ്പത്തൂരില്‍ മരഗതം ചന്ദ്രശേഖറിനു വേണ്ടിയുള്ള പ്രചരണമധ്യേ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു. അതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ പരിതസ്ഥിതി അതോടെ കീഴ്മേല്‍ മറിഞ്ഞു. അടുത്ത ഘട്ട വോട്ടെടുപ്പ് ജൂണ്‍ 12, 15 തീയതികളിലേയ്ക്ക് മാറ്റി. ആളുകള്‍ വോട്ട് ചെയ്യാന്‍ തന്നെ മടിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സമ്മതിദാനാവകാശം വിനയോഗിച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്. വെറും 53% മാത്രമായിരുന്നു പോളിംഗ് ശതമാനം.

ആകെയുള്ള 534 മണ്ഡലങ്ങളില്‍ 211 മണ്ഡലങ്ങളില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുന്‍പും ബാക്കി മണ്ഡലങ്ങളില്‍ രാജീവ് ഗാന്ധിയുടെ മരണശേഷവുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യം തിരഞ്ഞെടുപ്പ് നടന്ന 211 മണ്ഡലങ്ങളുടെ ഫലം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ഏറെക്കുറെ തുടച്ചു നീക്കപ്പെട്ട അവസ്ഥയായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധിയുടെ മരണ ശേഷം രൂപംകൊണ്ട സഹതാപ തരംഗം രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കി. ജീവിച്ചിരുന്ന രാജീവിന് നേടാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ വോട്ട് രാജീവിന്റെ ഓര്‍മകള്‍ക്ക് നേടാനായെന്ന് സാരം.

രാജീവിന്റെ ഓര്‍മകള്‍, നയനാരുടെ നഷ്ടം കരുണാകരന്റെ നേട്ടം

രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തിന്റെ അലയൊലി ഇങ്ങ് കേരളം വരെയെത്തി. അത് തിരിച്ചടി ആയതാവട്ടെ ഇ.കെ. നായനാര്‍ മന്ത്രിസഭയ്ക്കും. 1987 ല്‍ കേരള നിയമസഭാ ഇലക്ഷനില്‍ 78 സീറ്റുകള്‍ നേടി ഇ കെ നായനാര്‍ മന്ത്രിസഭ അധികാരത്തിലെത്തി. യു ഡി എഫിന് അന്ന് നേടാന്‍ കഴിഞ്ഞത് 61 സീറ്റുകള്‍. 1991 ല്‍ സംസ്ഥാനത്ത് ഭരണപക്ഷ അനുകൂല വികാരം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ എല്‍ഡിഎഫിന് വന്‍ വിജയം. സാഹചര്യം മുതലക്കാന്‍ ഭരണപക്ഷം തീരുമാനിച്ചു. മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി അവശേഷിക്കവെ കേരളത്തില്‍ നിയമസഭാ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നു.

എല്ലാ ഘടകങ്ങളും എല്‍ഡിഎഫിന് അനുകൂലം. ഇലക്ഷന്‍ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ച് വോട്ടെടുപ്പിനോട് അടുത്തപ്പോള്‍ സാഹചര്യം അടിമുടി മാറിമറിഞ്ഞു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ആ നെടുവീര്‍പ്പില്‍ കേരളം ബൂത്തിലേക്ക് നടന്നു. പെട്ടി പൊട്ടിച്ചപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 90 സീറ്റുകള്‍. എല്‍ഡിഎഫിന് ലഭിച്ചതാവട്ടെ 48 സീറ്റുകളും. അങ്ങനെ രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ ഇടതുപക്ഷത്തിന് കൈവെള്ളയിലായിരുന്ന അധികാര തുടര്‍ച്ച വഴുതിപ്പോയി. ഇ കെ നായനാര്‍ മന്ത്രിസഭയെ താഴെയിറക്കി കെ കരുണാകരന്‍ മന്ത്രിസഭ അധികാരത്തിലേറി.

മരണപ്പെട്ടവരുടെ ഓര്‍മയില്‍ ഉറ്റവരിറങ്ങിയപ്പോള്‍ മരണശേഷം വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിടവാങ്ങിയവരുടെ ഉറ്റവരെ തിരഞ്ഞെടുപ്പിനായി പരിഗണിക്കുന്നത് അടുത്തിടെ കേരളത്തില്‍ പതിവാണ്. അപ്പോഴൊക്കെയും വിജയവും അവര്‍ക്കൊപ്പം നിന്നു എന്നതാണ് ഇതുവരെയുള്ള ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 2015 ല്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് മകന്‍ കെ എസ് ശബരിനാഥന്‍ അരുവിക്കര നിയോജക മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്നത്. ജി കാര്‍ത്തികേയന്റെ ഓര്‍മകളില്‍ മണ്ഡലം പോളിങ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍ വിജയം ശബരീനാഥിന് ഒപ്പമായിരുന്നു. എം വിജയകുമാറിനെ 10128 വോട്ടുകള്‍ക്കാണ് ശബരിനാഥ് അന്ന് പരാജയപ്പെടുത്തിയത്. ഒരു വര്‍ഷത്തിനു ശേഷം 2016 ല്‍ നടന്ന നിയമസഭാ ഇലക്ഷനിലും അരുവിക്കര ശബരിനാഥിന് ഒപ്പം നിന്നു. സിപിഐഎംന്റെ എ എ റഷീദിനെ 21314 വോട്ടുകള്‍ക്കാണ് അന്ന് ശബരിനാഥ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2021 ല്‍ മണ്ഡലം ശബരിനാഥിനെ കൈവിട്ടു. തൃക്കാക്കരയില്‍ പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയത്. സഹതാപതരംഗത്തോടൊപ്പം കെ റെയില്‍ വിരുദ്ധവികാരം കൂടി ചേര്‍ന്നതോടെ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000 കടന്നു. മുഖ്യ എതിരാളി എല്‍ഡിഎഫിന്റെ ജോ ജോസഫ് ആയിരുന്നു.

ഇന്ന് ചരിത്രം പുതുപ്പള്ളിയിലേയ്ക്ക് നോക്കി നില്‍ക്കുന്നു. 53 വര്‍ഷം കൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന എംഎല്‍എ പുതുപ്പള്ളിയുടെ മനസ്സില്‍ പതിപ്പിച്ച ഓര്‍മകളെ എതിര്‍ കക്ഷികള്‍ക്ക് എത്രത്തോളം മായ്ക്കാനാവും എന്നറിയാന്‍. സഹതാപതരംഗത്തിന് അടിയറവ് പറയാന്‍ ഇത്തവണ തങ്ങള്‍ ഒരുക്കമല്ലെന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ എല്‍ഡിഎഫും പ്രഖ്യാപിച്ചു കഴിഞ്ഞു. ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും തമ്മിലുള്ള പോരാട്ടം കനക്കുമെന്ന് സാരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com