നിഖിലിന് വ്യാജ ഡിഗ്രി തരപ്പെടുത്തിയത് ബാബുജാൻ, ഫോൺ പരിശോധിച്ചാൽ എല്ലാം പുറത്തുവരും; വീണ്ടും ചെമ്പട

കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി അഡ്മിഷൻ തരപ്പെടുത്തിയതും പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്നും ചെമ്പട
നിഖിലിന് വ്യാജ ഡിഗ്രി തരപ്പെടുത്തിയത് ബാബുജാൻ, ഫോൺ പരിശോധിച്ചാൽ എല്ലാം പുറത്തുവരും; വീണ്ടും ചെമ്പട

ആലപ്പുഴ : വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനെതിരെ ചെമ്പട. മുൻ എസ്എഫ്ഐ നേതാവ് നിഖിലിന്റെ വ്യാജ ഡിഗ്രിക്ക് പിന്നിൽ ബാബുജാനാണെന്നാണ് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ആരോപണം. നിഖിലിന് തുല്യതാ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത് ബാബുജാനാണ്. കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി അഡ്മിഷൻ തരപ്പെടുത്തിയതും പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണ്. നിഖിലിന്റെ മൊബൈൽ ഫോൺ മനപ്പൂർവ്വം ഒളിപ്പിക്കുന്നുവെന്നും ഫോൺ പരിശോധിച്ചാൽ ബാബുജാന്റെെ പങ്ക് വ്യക്തമാകുമെന്നും ചെമ്പട ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കായംകുളത്തെ സിപിഐഎമ്മിനുള്ളിലെ അണിയറ രഹസ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തെത്തുന്നത് ചെമ്പട കായംകുളം, കായംകുളം വിപ്ലവം എന്നീ ഫേസ്ബുക്ക് പേജുകളിലൂടെയാണ്. ചെമ്പട കായംകുളം എന്ന പേജിലൂടെയാണ് നിഖിൽ ബികോം പാസാകാതെയാണ് എംകോം പ്രവേശനം നേടിയതെന്ന ആരോപണം ആദ്യമായി വന്നത്.

ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടുണ്ടായ ഈ അക്കൌണ്ടുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സിപിഐഎം. സിപിഐഎം ഏരിയ കമ്മറ്റി ആലപ്പുഴ എസ്പിക്ക് പരാതി നൽകി. ഈ എഫ്ബി അക്കൗണ്ടുകളിലൊന്നുമായി നിഖിൽ തോമസിന് ബന്ധമുണ്ടെന്ന ആരോപണവും സിപിഎം ഏരിയാ കമ്മിറ്റി ഉന്നയിച്ചിരുന്നു. പാർട്ടിയിലെ പല നേതാക്കൾക്കും നേരെ ഈ ഗ്രൂപ്പുകളിൽ നിന്ന് ആക്രമണമുണ്ടായിട്ടുണ്ട്. നഗ്ന വീഡിയോ കോൾ ചെയ്ത പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തെയും ഭാര്യയെ ഉപദ്രവിച്ചതിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെയും പാർട്ടി സസ്പെൻ്റ് ചെയ്യാൻ കാരണമായതും ഈ ഗ്രൂപ്പുകളാണ്.

നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ഉറവിടത്തെ സംബന്ധിച്ച വിവരം ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച നിഖിലിനെയും അബിനെയും പൊലീസ്, സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഓറിയോൺ എന്ന ഏജൻസിയിലെത്തിച്ച് തെളിവെടുത്തിരുന്നു. നിഖിൽ തയ്യാറാക്കിയ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റും ബികോമിന് ഫസ്റ്റ് ക്ലാസ് നേടിയെന്നുള്ള വ്യാജ മാർക്ക് ലിസ്റ്റും പൊലീസ് കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടിൽ നിന്നാണ് ഇത് രണ്ടും പൊലീസ് കണ്ടെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com