'മേലധികാരിയെ അസഭ്യം പറഞ്ഞത് ജോലിയില്‍ നിന്ന് നീക്കാനുള്ള കാരണമല്ല'

മേലധികാരിയെ അസഭ്യം പറഞ്ഞെന്നത് ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ മാത്രമുള്ള ഗൗരവമായ കുറ്റമല്ലെന്ന് ഉത്തരവ്
'മേലധികാരിയെ അസഭ്യം പറഞ്ഞത് ജോലിയില്‍ നിന്ന് നീക്കാനുള്ള കാരണമല്ല'

തൊഴിലിടത്തില്‍ മേലധികാരിയും തൊഴിലാളിയും തമ്മില്‍ ചിലപ്പോഴൊക്കെ തര്‍ക്കത്തിലേര്‍പ്പെടുത്താറുണ്ട്. തൊഴിലാളികളുടെ ആവശ്യങ്ങളെയോ ആനുകൂല്യങ്ങളെ ചൊല്ലിയോ ആണ് പലപ്പോഴും ഇത്തരമൊരു തര്‍ക്കസാഹചര്യം രൂപപ്പെടാറുള്ളത്. പലപ്പോഴും ഈ തര്‍ക്കം മൂത്ത് തൊഴിലാളികളിലാരെങ്കിലും തല്‍സമയത്തെ ദേഷ്യത്താല്‍ അസഭ്യം പറഞ്ഞുപോകുന്നത് ചിലയിടങ്ങളിലെങ്കിലും തൊഴില്‍ നഷ്ടത്തിന് ഇടയാക്കാറുണ്ട്. എന്നാല്‍ ഈയൊരു കാരണത്താല്‍ മാത്രം ഒരു തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് ഉത്തരവിട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

ജൂണ്‍ ഏഴിനാണ് മദ്രാസ് ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവിട്ടത്. അസഭ്യം പറഞ്ഞെന്നത് ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ മാത്രമുള്ള ഗൗരവമായ കുറ്റമല്ലെന്നാണ് ഉത്തരവ്. ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആര്‍ കലൈമതി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജോലിയില്‍ നിന്ന് നീക്കുമ്പോള്‍ കുറ്റത്തിന്റെ ഗൗരവവും ജീവനക്കാരന്റെ പെരുമാറ്റചരിത്രവും കണക്കിലെടുക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട പുതുച്ചേരി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് ഫാക്ടറി ജീവനക്കാരന്‍ എസ് രാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തൊഴിലാളി യൂണിയന്‍ സെക്രട്ടറി കൂടിയായിരുന്നു രാജ. 2009ല്‍ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ മാനേജരെയും മറ്റൊരു ജീവനക്കാരനെയും അസഭ്യം പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ രാജയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ നടപടിക്കെതിരെ രാജ ലേബര്‍ കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ലേബര്‍ കോടതി കമ്പനിയുടെ നടപടി റദ്ദാക്കിയിരുന്നു. ജോലിയില്ലാതിരുന്ന കാലത്തെ 50 ശതമാനം വേതനം നല്‍കാനും ഉത്തരവിട്ടിരുന്നു.

ലേബര്‍ കോടതി ഉത്തരവിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ലേബര്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ രാജ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിയില്‍ നിന്ന് ഒരു കരണത്തടിക്കുമ്പോള്‍ മറ്റൊരു കരണംകൂടി കാട്ടുന്ന ക്രിസ്തുവിനെ പോലെയുള്ള പെരുമാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തൊഴിലാളിയുടെ തെറ്റിന്റെ ഗൗരവം പരിഗണിച്ചുവേണം ശിക്ഷ വിധിക്കേണ്ടതെന്നും കോടതി പറഞ്ഞു.

രാജക്കെതിരെ 2001ലും തൊഴിലാളി അച്ചടക്ക നടപടി നേരിട്ടെന്ന വാദം കമ്പനി അഭിഭാഷകന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തോളം മുന്‍പ് ഒരു കുറ്റം ചെയ്തതിന്റെ പേരില്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജോലി നഷ്ടമായിരുന്ന കാലത്തെ വേതനത്തിന്റെ പകുതി നല്‍കണമെന്ന ലേബര്‍ കോടതിയുടെ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. രാജയെ തിരിച്ചെടുക്കാനുള്ള വിധി ശരിവെക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com