ലിവിംഗ് ടുഗെദര്‍ പങ്കാളികള്‍ കോടതി വഴി വിവാഹമോചനം നേടേണ്ടതില്ല

ചില പ്രത്യേക സമുദായത്തില്‍, കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും നിയമപരമായ അംഗീകാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ലിവിംഗ് ടുഗെദര്‍ പങ്കാളികള്‍ കോടതി വഴി വിവാഹമോചനം നേടേണ്ടതില്ല

ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ പങ്കാളികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ നിയമപരമായ നടപടികളിലൂടെ കടന്നുപോകേണ്ടതുണ്ടോ?. രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഏതെങ്കിലും കരാറില്‍ ഒപ്പിട്ട് ജീവിക്കാന്‍ തീരുമാനിച്ചവര്‍ക്കെങ്കിലും ഈ സംശയമുണ്ടാവും. എന്നാല്‍ അത്തരമൊരു സംശയത്തിന്റേയോ ആശങ്കയുടെയോ ആവശ്യമില്ല. ലിവിംഗ് ടുഗെദര്‍ നിയമപരമല്ലെന്നും വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കേണ്ടതില്ലെന്നുമാണ് കേരള ഹൈക്കോടതി രണ്ടംഗ ബെഞ്ച് നിരീക്ഷണം.

2023 ജൂണ്‍ 13 നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 17 വര്‍ഷത്തിലധികമായി ലിവിങ് ടുഗെദറായി താമസിച്ച പങ്കാളികളുടെ വിവാഹ മോചന ഹര്‍ജി എറണാകുളം കുടുംബ കോടതി തള്ളിയതിനെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

വ്യക്തി നിയമത്തിന്റെ കീഴിലോ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമോ വിവാഹിതരായാല്‍ മാത്രമേ നിയമപരമായി വേര്‍പിരിയേണ്ടതുള്ളൂവെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം, ഏതെങ്കിലും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെച്ചതിന് നിയമസാധുതയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

'ഒരു സാമൂഹിക സ്ഥാപനമെന്ന നിലയില്‍ നിയമപ്രകാരം അംഗീകരിക്കപ്പെട്ടതാണ് വിവാഹം. ഒരു സമൂഹം
പിന്തുടരുന്ന സാമൂഹികവും ധാര്‍മ്മികവുമായ ആശയങ്ങള്‍ കൂടി വിവാഹത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ലിവ്-ഇന്‍ ടുഗെദര്‍ ബന്ധത്തെ വിവാഹമായി നിയമം അംഗീകരിക്കുന്നില്ല. വ്യക്തിനിയമം അനുസരിച്ചോ സ്പെഷ്യല്‍ മാര്യേജ് ആക്ട് പോലെയുള്ള നിയമങ്ങള്‍ക്കനുസൃതമായോ വിവാഹിതാരാല്‍ മാത്രമേ വിവാഹം നിയമപരമാവുകയുള്ളൂ.'  എന്ന് ബെഞ്ച് വ്യക്തമാക്കി.

2006 ഫെബ്രുവരി 19 മുതല്‍ ഒന്നിച്ചുതാമസിക്കുന്നവരായിരുന്നു ഹര്‍ജിക്കാര്‍. രജിസ്റ്റര്‍ ചെയ്ത കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഹിന്ദു, ക്രിസ്തു മത വിശ്വാസികളായ ഇരുവരും ഒന്നിച്ചു താമസം ആരംഭിച്ചത്. ഇരുവര്‍ക്കും 16 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. തുടര്‍ന്ന് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും എറണാകുളത്തെ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരുടേയും സമ്മതത്തോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാല്‍ കുടുംബ കോടതി ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത് നിയമപരമായ അംഗീകാരമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍,  

'കക്ഷികള്‍ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നത് വിവാഹത്തിന്റെ പരിധിയില്‍ വരികയോ ഇവിടെ വിവാഹമോചനം നേടേണ്ടതോ ഇല്ല. നിയമപരമായ വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള മാര്‍ഗമായി മാത്രമേ വിവാഹമോചനത്തെ നിയമം അംഗീകരിക്കുന്നുള്ളു. മറ്റേതെങ്കിലും തരത്തില്‍ വിവാഹ ബന്ധത്തില്‍ പരസ്പര ബാധ്യതകള്‍ കരാറിലൂടെ ഉണ്ടാക്കിയേക്കാം. എന്നാല്‍ അത്തരം ബന്ധങ്ങള്‍ വിവാഹമോചനത്തിന്റെ പരിധിയില്‍ വരുന്നില്ല.' എന്നായിരുന്നു കോടതി നിരീക്ഷണം.

ചില പ്രത്യേക സമുദായത്തില്‍, കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും നിയമപരമായ അംഗീകാരമുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ലിവിംഗ് ടുഗെദര്‍ പങ്കാളികളുടെ വിവാഹ മോചന ഹര്‍ജി പരിഗണിക്കാനാവില്ലെന്നും ബെഞ്ച് ആവര്‍ത്തിച്ചു. തുടര്‍ന്ന് ഹര്‍ജി ബെഞ്ച് കുടുംബ കോടതിയിലേക്ക് തന്നെ തിരികെ നല്‍കി. വിവാഹ മോചന ഹര്‍ജി കുടുംബ കോടതി തന്നെ മടക്കുകയായിരുന്നുവെന്ന നിരീക്ഷണത്തോടെയായിരുന്നു ബെഞ്ച് നടപടി. പ്രശ്ന പരിഹാരത്തിനായി ഹര്‍ജിക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com