മതസംഘടനകള്‍ വളര്‍ന്നു; സ്ത്രീകളുടെ വളര്‍ച്ച മുരടിച്ചു, അധിക്ഷേപിക്കല്‍ വിഷയമല്ലാതായി: വി പി സുഹ്റ

മതസംഘടനകള്‍ വളര്‍ന്നു; സ്ത്രീകളുടെ വളര്‍ച്ച മുരടിച്ചു, അധിക്ഷേപിക്കല്‍ വിഷയമല്ലാതായി: വി പി സുഹ്റ

"മതം ഒരു വില്‍പ്പനച്ചരക്ക് പോലെ ആക്കിവെച്ചിരിക്കുകയാണ്. സ്ത്രീകളെ പിന്നാക്ക വിഭാഗങ്ങളാക്കി നിര്‍ത്തുന്നു" വി പി സുഹ്‌റ സംസാരിക്കുന്നു....

ചോദ്യം: വിപി സുഹ്‌റയെ പൊതുസമൂഹം എല്ലാ കാലത്തും കണ്ടിട്ടുള്ളത് തലയില്‍ തട്ടമിട്ടാണ്. ഒരു വിശ്വാസി എന്ന രീതിയിലാണ് വി പി സുഹ്‌റ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞദിവസമാണ് തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെങ്കില്‍ താനും ഒരു അഴിഞ്ഞാട്ടക്കാരിയാണെന്ന് പറഞ്ഞുകൊണ്ട് തലയില്‍ നിന്ന് തട്ടം മാറ്റി. എന്തുകൊണ്ടാണ് പ്രകോപനപരമായ അത്തരമൊരു സമരത്തിലേക്ക് പോയത്?

ഉത്തരം: നിരന്തരമായി സ്ത്രീകളുടെ തട്ടവുമായി ബന്ധപ്പെട്ട് വളരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. എന്റ സഹോദരികളും പെണ്‍മക്കളുമാണ് അപമാനിക്കപ്പെടുന്നത്. ഇത് തട്ടത്തിന്റെ മാത്രം പ്രശ്‌നമല്ല. മനുഷ്യാവകാശ പ്രശ്‌നമാണ്. രാഷട്രീയമാണ്. മുസ്ലിം സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ട്. ഉദാഹരണത്തിന് മുസ്ലിം സ്ത്രീകള്‍ക്ക് ഖബറിടത്തില്‍ പോവാന്‍ അവകാശമില്ല. നോക്കൂ, ഖബറിടത്തില്‍ പട്ടികള്‍ക്ക് പോവാം. പക്ഷേ സ്ത്രീകള്‍ക്ക് പോവാന്‍ പാടില്ല എന്നാണ് പറയുന്നത്. അത് ഇസ്ലാമികമല്ല.

ചോദ്യം: 1970കളുടെ തുടക്കത്തില്‍ തന്നെ വി പി സുഹ്‌റ കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ട്. ഏതാണ്ട് നാല് പതിറ്റാണ്ടിനിപ്പുറവും തെരുവില്‍ ഓരോ വിഷയങ്ങളിലും പ്രതിഷേധവുമായി രംഗത്തുണ്ട്. വി പി സുഹ്‌റയുടെ ജീവിതസമരങ്ങളെ പരിശോധിച്ചാല്‍ ഏറ്റവും കൂടുതലായി കലഹിക്കേണ്ടി വന്നിട്ടുള്ളത് മതപൗരോഹിത്യത്തോടാണ്. ശരിയല്ലേ?

ഉത്തരം: തീര്‍ച്ചയായും. ആണധികാരത്തിന്റെ പ്രതീകമാണ് എല്ലാം. മുസ്ലിം മതവിഭാഗത്തിലും അങ്ങനെത്തന്നെയാണ്. സാമൂഹിക രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ ഇടം കുറഞ്ഞുവരികയാണ്. മതം ഒരു വില്‍പ്പനച്ചരക്ക് പോലെ ആക്കിവെച്ചിരിക്കുകയാണ്. സ്ത്രീകളെ പിന്നാക്ക വിഭാഗങ്ങളാക്കി നിര്‍ത്തുന്നു. സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്ന് വന്നാല്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങുമെന്ന് ആണധികാരികള്‍ക്കറിയാം. ചോദ്യം ചെയ്യപ്പെടുമെന്ന പേടികൊണ്ടാണ് സ്ത്രീകള്‍ക്ക് പണ്ടുമുതല്‍ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടത്. അതിന്റ തുടര്‍ച്ചയാണ് ഇപ്പോഴുള്ള സംഭവങ്ങളും.

ചോദ്യം: മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ മതസംഘടനകളാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും അതിനെ എതിര്‍ത്ത് രംഗത്തുവരാന്‍ മടിക്കുന്നതായി തോന്നിയിട്ടുണ്ടോ?

ഉത്തരം: ഉണ്ട്. വോട്ടുബാങ്കാണ് എല്ലാവരുടെയും ലക്ഷ്യം. നിലവിലെ സംഭവവികാസങ്ങള്‍ തന്നെ നോക്കൂ. സമസ്ത സിപിഐഎമ്മുമായി അടുക്കുകയാണ്. മുക്കം ഉമര്‍ ഫൈസിയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ട് പരാതി ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്. രണ്ടു പരാതിയ്ക്കും മറുപടി ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെയും പിണക്കാന്‍ പറ്റില്ലല്ലോ. സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഒരു കാലത്തും വിഷയമല്ലാതായി മാറി. രാജ്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോഴും പലരും സ്ത്രീകളുടെ തട്ടം നോക്കി നടക്കുകയാണ്. മതസംഘടനകള്‍ വളര്‍ന്നപ്പോള്‍ സ്ത്രീകളുടെ വളര്‍ച്ച മുരടിച്ചു. സ്ത്രീകളുടെ ചലനങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. എന്നാല്‍ ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നവരാണ്. വരുന്ന തലമുറയില്‍ വലിയ പ്രതീക്ഷയുണ്ട്.

ചോദ്യം: കേരളത്തിന്റെ തെരുവുകളില്‍ ഒരുകാലത്ത് ശരീയത്ത് വിവാദം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് മുസ്ലിം സ്ത്രീകള്‍ക്കും തുല്യമായ സവിശേഷ അവകാശം വേണമെന്നും യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തിട്ടുള്ളയാളാണ് വിപി സുഹ്‌റ. പിന്നീട് ഒരു കാലഘട്ടത്തിന് ശേഷം വിപി സുഹ്‌റയുടെ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഗുണകരമാവുന്നു എന്ന ആരോപണങ്ങള്‍ വന്നിരുന്നു. അത്തരം വിമര്‍ശനങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു?

ഉത്തരം: തീവ്രഹിന്ദുത്വം ആണ് ഇപ്പോള്‍ ഉള്ളത്. ഭരണഘടനാപരമായ അവകാശമാണ് യൂണിഫോം സിവില്‍ കോഡ്. പക്ഷേ ഭരണഘടനയ്ക്ക് എതിരായ പല ബില്ലുകളും കേന്ദ്രം പാസാക്കിയിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യൂണിഫോം സിവില്‍ കോഡ് ഉന്നയിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. ഈയൊരു കാലഘട്ടത്തില്‍ യൂണിഫോം സിവില്‍കോഡ് നടപ്പാക്കണമെന്നല്ല. മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

ചോദ്യം: മുസ്ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സവിശേഷമായി ഇടപെടാന്‍ തീരുമാനിച്ചതുകൊണ്ടാണല്ലോ നിസ എന്ന ഒരു സംഘടന രൂപം കൊള്ളുന്നത്. മുസ്ലിം സ്ത്രീയുടെ പ്രശ്‌നങ്ങളില്‍ സവിശേഷമായി ഇടപെടണം എന്ന് ചിന്തിച്ചത് എന്തുകൊണ്ടാണ്?

ഉത്തരം: എല്ലാ സ്ത്രീകളും തുല്യതയും അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ സവിശേഷമായ ചില പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ബഹുഭാര്യാത്വം ഹിന്ദു സമുദായത്തിലെ ഒരാള്‍ ചെയ്താല്‍ അവര്‍ക്ക് കോടതിയില്‍ പോവാം. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് അതിന് പറ്റില്ല. ശരീയത്തിന്റെയും നിയമത്തിന്റെയും സംരക്ഷണം ഉണ്ട്. മുത്തലാഖ് ചൊല്ലാന്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പറ്റില്ലല്ലോ. നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് സവിശേഷമായി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചത്.

ചോദ്യം: പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് വി പി സുഹ്‌റ സുപ്രീംകോടതിയില്‍ വരെ പോരാട്ടം നടത്തുന്നുണ്ട്. ഈ പ്രായത്തിലും ഇത്തരം പോരാട്ടങ്ങള്‍ നടത്താന്‍ എവിടെ നിന്നാണ് ഊര്‍ജ്ജം ലഭിക്കുന്നത്?

ഉത്തരം: (ചിരിക്കുന്നു) ഉമ്മയുടെ കരുത്താണ് എനിക്കും കിട്ടിയതെന്ന് പലരും പറയാറുണ്ട്. ഉമ്മ കരുത്തുള്ള സത്രീയായിരുന്നു. ഞാനും അങ്ങനെയാണ്. അനാവശ്യമായ ഒന്നിനെയും കൂസാറില്ല. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളൊന്നും കാര്യമാക്കാറില്ല. നിലവിലെ വിവാദങ്ങളില്‍ തന്നെ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ്. പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ സമരമിരിക്കാനും തയ്യാറാണ്. മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലല്ലേ പ്രസ്താവനകള്‍ നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ ഭരണാധികാരികള്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ സമരം ചെയ്യും. കമ്മീഷറുടെ ഓഫീസിന് മുന്നില്‍ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യും. വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ആരും നടത്തരുത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com