സിപിഐഎമ്മിന് കൊടുത്ത സിക്കർ അടക്കം രാജസ്ഥാനിൽ കോൺഗ്രസ് പ്രതീക്ഷ 12 സീറ്റിൽ; ബിജെപിക്ക് നിർണ്ണായകം

തിരഞ്ഞെടുപ്പ് ഘട്ടത്തിലും പിടിപ്പുകേടുകളും നിരുത്തരവാദ സമീപനവും സ്വീകരിച്ച കോൺഗ്രസിന് വേണ്ടി വോട്ടർമാർ രംഗത്ത് വരുന്നുവെന്നത് തന്നെയാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചിത്രം പ്രവചനാതീതമാക്കുന്നത്
സിപിഐഎമ്മിന് കൊടുത്ത സിക്കർ അടക്കം രാജസ്ഥാനിൽ കോൺഗ്രസ് പ്രതീക്ഷ 12 സീറ്റിൽ; ബിജെപിക്ക് നിർണ്ണായകം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട പോളിങ്ങ് നടക്കുന്ന ഏപ്രിൽ 19ന് രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലെ ജനങ്ങളാണ് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ ബാക്കി 13 മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ചുരു, നാഗൂർ, ഗംഗാനഗർ, ജുൻജുനു, ബിക്കാനീർ, സിക്കർ, ജയ്പൂർ റൂറൽ, ജയ്പൂർ, അൽവാർ, ഭരത്പൂർ, കരൗലി-ധോൾപൂർ, ദൗസ എന്നീ മണ്ഡലങ്ങളിലാണ് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കുക. ടോങ്ക്, അജ്മീർ, പാലി, ജോധ്പൂർ, ബാർമർ, ജാലോർ, ഉദയ്പൂർ, ബൻസ്വാര, ചിത്തോർഗഡ്, രാജ്‌സമന്ദ്‌, ഭിൽവാര, കോട്ട, ജാൽവാർ എന്നിവിടങ്ങളിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ്.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ആകെയുള്ള 25 സീറ്റിൽ 24 എണ്ണത്തിലും ബിജെപി വിജയിച്ചിരുന്നു. ഒരു സീറ്റിൽ വിജയം സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്കായിരുന്നു. 2018ൽ സംസ്ഥാന ഭരണം തിരിച്ചുപിടിച്ച കോൺഗ്രസിന് പക്ഷെ ലോക്സഭയിലേയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. 2024ലെ തിരഞ്ഞെടുപ്പിലും ബിജെപി മുൻ വർഷങ്ങളിലെ ഏകപക്ഷീയ വിജയം നേടുമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വന്ന പരാജയവും ജാതി സമവാക്യങ്ങൾ ബിജെപിക്ക് അനുകൂലമായതും 2024ൽ ബിജെപിക്ക് ഈസി വാക്കോവർ നൽകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

2019ൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് ഇത്തവണ മൂന്ന് സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019ൽ ബിജെപി പാളയത്തിലായിരുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയെ ഒപ്പം കൂട്ടിയ കോൺഗ്രസ് നാഗൂർ സീറ്റ് അവർക്ക് വിട്ടുനൽകി. ഹനുമാൻ ബനിവാളിനെ തന്നെയാണ് ആർഎൽപി സിറ്റിങ്ങ് സീറ്റിൽ രംഗത്തിറക്കിയിരിക്കുന്നത്. സിക്കർ സീറ്റ് സിപിഐഎമ്മിനും ബൻസ്വാര സീറ്റ് ഭാരതീയ ആദിവാസി പാർട്ടിക്കും കോൺഗ്രസ് വിട്ടുനൽകിയിട്ടുണ്ട്. സിക്കറിൽ സിപിഐഎം കേന്ദ്രകമ്മിറ്റി ആമ്രാ റാം മത്സരിക്കുമ്പോൾ ബൻസ്വാരയിൽ ബിഎപി നേതാവ് രാജ്കുമാർ റൗട്ട് ആണ് മത്സരിക്കുന്നത്. ബിജെപിയിൽ നിന്ന് ആർഎൽപിയെ ഒപ്പം കൂട്ടിയും സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രത്തിൽ അവർക്ക് സീറ്റ് നൽകിയും ബിഎപിയെ അവരുടെ സ്വാധീനമേഖലയിൽ പരിഗണിച്ചും കോൺഗ്രസ് നടത്തിയിരിക്കുന്ന നീക്കം ഗുണകരമായെന്നാണ് ഏറ്റവും ഒടുവിൽ രാജസ്ഥാനിൽ നിന്നുമുള്ള വിലയിരുത്തൽ.

ഏകപക്ഷീയ വിജയം ഉറപ്പിച്ച് മുന്നേറിയ ബിജെപി രാജസ്ഥാനിൽ പ്രതിരോധത്തിലാണ്. 2019ൽ നേടിയ പത്ത് സീറ്റുകളോളം രാജസ്ഥാനിൽ നഷ്ടമാകുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സർവ്വെ ഫലമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 12 സീറ്റുകൾ വരെ നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് മുന്നണി. ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം നേടാനാവുമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. ഒരു സീറ്റെങ്കിലും പിടിച്ചെടുക്കണമെന്ന നിലയിൽ തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങിയ കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ സാമുദായിക ചേരുവകൾ അടക്കം കൂടുതൽ അനുകൂലമായി മാറി.

സിപിഐഎം സീറ്റ് അടക്കം കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന 12 മണ്ഡലങ്ങൾ

ഷെഖാവട്ടി മേഖലയിലെ മൂന്ന് മണ്ഡലങ്ങളായ ചുരു, ജുൻജുനു, സിക്കർ ഈസ്റ്റ് രാജസ്ഥാനിലെ ടോങ്ക്-സവായ്മാധവ്പൂർ, ദൗസ, ഭരത്പൂർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് മുന്നണി ഏറ്റവും വിജയ പ്രതീക്ഷ പുലർത്തുന്നത്. ചുരു, ജുൻജുനു മേഖലകളിൽ തിരച്ചടി നേരിട്ട 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയിരുന്നു. ആർഎൽപി മത്സരിക്കുന്ന നാഗോർ, ബിജെപി വിമതൻ മത്സര രംഗത്ത് വന്നതോടെ ത്രികോണ മത്സരം നടക്കുന്ന ബാർമർ, അശോക് ഗഹ്‌ലോട്ടിൻ്റെ മകൻ മത്സരിക്കുന്ന ജാലോർ, ബിജെപിയുടെ ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് മത്സരിക്കുന്ന ജോധ്പൂർ, അൽവാർ, സിപിഐഎമ്മിന് സ്വാധീനമുള്ള പഞ്ചാബ് അതിർത്തിയോട് ചേർന്ന ഗംഗാനഗർ തുടങ്ങിയ മണ്ഡലങ്ങളിലും കോൺഗ്രസ് അത്ഭുതം പ്രതീക്ഷിക്കുന്നുണ്ട്.

സിപിഐഎമ്മിന് നൽകിയ സിക്കറിൽ കോൺഗ്രസ് വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്നു എന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് ഏറ്റവും കൗതുകകരം. സച്ചിൻ പൈലറ്റിന് സ്വാധീനമുള്ള ദൗസയിൽ കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ രാജേഷ് പൈലറ്റ് മത്സരിച്ചിരുന്ന ദൗസ ഇപ്പോൾ പട്ടികവർഗ്ഗ സംവരണ മണ്ഡലമാണ്. ഗുജ്ജർ-മീണ വിഭാഗത്തിന് സ്വാധീനമുള്ള ദൗസയിലെ ജാതീയ സമവാക്യങ്ങൾ അതേനിലയിൽ സമാനമായി സംസ്ഥാനം മുഴുവൻ പ്രതിഫലിച്ചാൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഗുജ്ജർ വോട്ട് തിരിച്ചവരും! സാമുദായിക സമവാക്യം കോൺഗ്രസിനെ തുണയ്ക്കുമോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജ്ജർ വിഭാഗം എതിരായി നിന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. സച്ചിൻ പൈലറ്റ്-അശോക് ഗഹ്‌ലോട്ട്‌ തർക്കവും സച്ചിന് മുഖ്യമന്ത്രി പദം നിഷേധിച്ചതുമെല്ലാമാണ് ഗുജ്ജറുകളെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എതിരാക്കിയത്. ഇത്തവണ അശോക് ഗഹ്ലോട്ട് മുന്നിൽ നിന്ന് നയിക്കുമ്പോൾ സച്ചിൻ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഒപ്പം നിൽക്കുന്നത് കോൺഗ്രസിന് ഉണർവ് നൽകിയിട്ടുണ്ട്. ഗുജ്ജറുകൾ ഇത്തവണ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് സച്ചിന് കിട്ടുന്ന പരിഗണനയുടെ പിൻബലത്തിലാണെന്നാണ് വിലയിരുത്തൽ. ജോധ്പൂർ, ദൗസ തുടങ്ങിയ പ്രധാന സീറ്റുകളിൽ അടക്കം സച്ചിൻ്റെ അനുയായികൾ മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അശോക് ഗഹ്ലോട്ടിൻ്റെ മകൻ വൈഭവ് മത്സരിക്കുന്ന ജാലോറിൽ സച്ചിൻ പ്രചാരണത്തിനെത്തിയതെല്ലാം ഒരുമിച്ച് നിൽക്കണമെന്ന ആവേശം കോൺഗ്രസ് അണികളിൽ സൃഷ്ടിച്ചിട്ടിട്ടുണ്ട്.

ശെഖാവട്ടി മേഖലയിൽ സ്വാധീനമുള്ള ജാട്ട് വിഭാഗവും ദൗസയിൽ അടക്കം സ്വാധീനമുള്ള മീണ വിഭാഗവും ഗുജ്ജറുകളും കോൺഗ്രസിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഗുജ്ജർ വിഭാഗത്തിൽ നിന്നുള്ള സച്ചിൻ പൈലറ്റും ജാട്ട് വിഭാഗത്തിൽ നിന്നുള്ള പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്രയും രാജസ്ഥാനിൽ കോൺഗ്രസ് മുഖമായി നിൽക്കുന്നത് കോൺഗ്രസിന് ഗുണകരമാണ്. അശോക് ഗഹ്ലോട്ട് പ്രതിനിധാനം ചെയ്യുന്ന ഒബിസി വിഭാഗത്തിലെ മാലി സമുദായവും കോൺഗ്രസിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. മുതിർന്ന നേതാവും മുൻ സ്പീക്കറുമായി സി പി ജോഷി ഇത്തവണ മത്സരരംഗത്തുണ്ട്. ബ്രാഹ്മിൻ വിഭാഗത്തിൽപ്പെട്ട സിപി ജോഷിയുടെ സ്വാധീനം മുന്നാക്ക ജാതി വോട്ടുകളുടെ ചെറിയൊരു ശതമാനത്തെ സ്വാധീനിക്കാൻ സഹായകമാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

രാജ്പുത്തുകൾക്ക് പിണക്കം, ബിജെപിയെ രാമക്ഷേത്രം തുണയ്ക്കുമോ?

രാമക്ഷേത്ര വിഷയം പ്രചാരണ വിഷയമാക്കി മുന്നാക്ക ജാതിവോട്ടുകൾ ബിജെപി ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ബ്രാഹ്മണ വിഭാഗത്തിൻ്റെയും ബനിയ വിഭാഗത്തിൻ്റെയും ജൈനവിഭാഗത്തിൻ്റെയും വോട്ടുകൾ ബിജെപിക്ക് അനുകൂലമാകും. എന്നാൽ മുന്നാക്ക ജാതിയിൽപ്പെട്ട രാജ്പുത്തുകൾ ബിജെപിയുമായി പിണങ്ങി നിൽക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും. ഗുജറാത്തിൽ ബിജെപിക്കും രാജ്പുത്ത് വിഭാഗത്തിനും ഇടയിലുണ്ടായിരിക്കുന്ന അകൽച്ച ഗുജറാത്തിനോട് ചേർന്ന രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ പ്രതിഫലിച്ചേക്കാം. രാജ്പുത്തിന് സ്വാധീനമുള്ള ജാലോറിൽ അവർ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന നിലയിലുള്ള വീഡിയോകൾ അടക്കം പുറത്ത് വന്നിരുന്നു. ജയ്പൂരിലും രാജ്പുത്ത് നിലപാട് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമാണ്. ഈ നിലയിൽ സംസ്ഥാന വ്യാപകമായി രാജ്പുത്തുകളുടെ എതിർപ്പ് ബിജെപിക്ക് എതിരായാൽ അത് കോൺഗ്രസിന് വലിയ നേട്ടമായി മാറും.

വസുന്ധര രാജെ സിന്ധ്യ പ്രത്യക്ഷമായി തിരഞ്ഞെടുപ്പ് രംഗത്തില്ലായെന്നത് പ്രതിഫലിക്കില്ലെന്നാണ് ബിജെപി കണക്കാക്കുന്നത്. മകൻ ദുഷ്യന്ത് സിങ്ങ് ജാൽവാറിൽ നിന്നും വീണ്ടും മത്സരിക്കുന്നതിനാൽ വസുന്ധര വിമത പ്രവർത്തനത്തിന് മുതിരില്ലെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. താരപ്രചാകരുടെ പട്ടികയിൽ വസുന്ധര ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പ്രചാരണ രംഗത്ത് സജീവമല്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റ് സി പി ജോഷിയ്ക്കും മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയ്ക്കും തീരുമാനം എടുക്കുന്ന സ്വാധീന കേന്ദ്രമാകാൻ ദേശീയ നേതൃത്വം ഇടം അനുവദിക്കുന്നില്ല. ദേശീയ നേതൃത്വത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് രാജസ്ഥാനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മെഷിനറി. അതിനാൽ തന്നെ 2019ലെ വിജയം ആവർത്തിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചും നിർണ്ണായകമാണ്.

കോൺഗ്രസ് ജനങ്ങളെയല്ല ബിജെപി വിരുദ്ധ നിലപാടുള്ള ജനങ്ങൾ കോൺഗ്രസിനെയാണ് നയിക്കുന്നത്

രാജസ്ഥാനിൽ താഴെതട്ടിൽ കോൺഗ്രസിൻ്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണെന്നതാണ് ഈ തിരഞ്ഞെടുപ്പിൽ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. കോൺഗ്രസ് ജനങ്ങളെ നയിക്കുന്നു എന്നതിനെക്കാൾ ഈ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ നിലപാടുള്ള ജനങ്ങൾ കോൺഗ്രസിനെ നയിക്കുന്നു എന്നതാണ് വാസ്തവം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം കോൺഗ്രസിൻ്റെ നിരുത്തരവാദ സമീപനം അവരുടെ ഗൗരവമില്ലായ്മയായി വിലയിരുത്തപ്പെടുന്നുണ്ട്. പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് സ്ഥാനാർത്ഥികളെ കോൺഗ്രസിന് മാറ്റേണ്ടി വന്നത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

ജയ്പൂർ സീറ്റിൽ പ്രഖ്യാപിച്ച സുനിൽ ശർമ്മയെ മാറ്റേണ്ടി വന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ശശി തരൂരിനെ അടക്കം വിമർശിച്ച ബിജെപി നിയന്ത്രണത്തിലുള്ള 'ജയ്പൂർ ഡയലോഗി'ൻ്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു എന്നതാണ് സുനിലിന് തിരിച്ചടിയായത്. ഒരുഘട്ടത്തിൽ കോൺഗ്രസ് സ്വാധീനത്തിലായിരുന്ന 'ജയ്പൂർ ഡയലോഗ്' പിന്നീട് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറാതെ സുനിൽ അവിടെ തന്നെ തുടർന്നു. സുനിലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടിയിലെ തന്നെ ഒരുവിഭാഗം 'ജയ്പൂർ ഡയലോഗു'മായുള്ള സുനിലിൻ്റെ ബന്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നിർബന്ധിതരായത്. സ്വയം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പക്ഷെ സുനിൽ പറയുന്നത്.

രാജ്‌സമന്ദ്‌ മണ്ഡലത്തിൽ തൻ്റെ അനുവാദത്തോടെയല്ല സ്ഥാനാർത്ഥി പ്രഖ്യാപനം എന്ന് ചൂണ്ടിക്കാണിച്ച് സുദർശൻ റാവത്ത് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തനിക്ക് ലോക്സഭയിലേയ്ക്ക് മത്സരിക്കാൻ ധാർമ്മികമായി കഴിയില്ലെന്നായിരുന്നു റാവത്തിൻ്റെ നിലപാട്. ഇത് വോട്ടർമാർക്കിടയിൽ കോൺഗ്രസിന് വലിയ അവമതിപ്പുണ്ടാക്കിയിരുന്നു. പിന്നീട് ഭിൽവാരയിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന ദാമോദർ ഗുജ്ജാറിനെ രാജ്‌സമന്ദിലേയ്ക്ക് മാറ്റി മത്സരിക്കാൻ തീരെ താൽപ്പര്യമില്ലാതിരുന്ന മുതിർന്ന നേതാവ് സി പി ജോഷിയെ ഭിൽവാരയിൽ മത്സരത്തിനിറക്കിയാണ് കോൺഗ്രസ് പ്രതിസന്ധി പരിഹരിച്ചത്.

അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിന്നിരുന്ന ബൻസ്വാര സീറ്റ് ഭാരതീയ ആദിവാസി പാർട്ടിയ്ക്ക് കോൺഗ്രസ് വിട്ടുനൽകിയിട്ടുണ്ട്. അടുത്തിടെ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന മഹേന്ദ്രജിത്ത് സിങ്ങ് മാളവ്യയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിഎപിയ്ക്ക് ബൻസ്വാരയിൽ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിക്കുന്നത് നാമനിർദ്ദേശപത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു. ഇവിടെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്ന അരവിന്ദ് ദാമോറിനെ അവസാന നിമിഷം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ചില്ലെന്നും അതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സാധിച്ചില്ലെന്നുമാണ് പറയുന്നത്. എന്തായാലും കോൺഗ്രസ് ബൻസ്വാരയിൽ ബിഎപി സ്ഥാനാർത്ഥി രാജ്കുമാർ റൗട്ടിനെയാണ് പിന്തുണയ്ക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി അരവിന്ദും ഇവിടെ മത്സരരംഗത്തുണ്ട്. കോൺഗ്രസ് ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി ബൻസ്വാരയിൽ രംഗത്തുള്ളത് വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നത് തീർച്ചയാണ്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ പിടിപ്പുകേടുകളും നിരുത്തരവാദ സമീപനവും സ്വീകരിച്ച കോൺഗ്രസിന് വേണ്ടി വോട്ടർമാർ രംഗത്ത് വരുന്നുവെന്നത് തന്നെയാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചിത്രം പ്രവചനാതീതമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com