വിയറ്റ്നാമിലെ ശതകോടീശ്വരി, ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, വധശിക്ഷ; ആരാണ് ട്രൂങ് മൈ ലാൻ?

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ശതകോടീശ്വരിയായ ട്രൂങ് മൈ ലാനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് വിയറ്റ്നാം കോടതി
വിയറ്റ്നാമിലെ ശതകോടീശ്വരി,  ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, വധശിക്ഷ; ആരാണ് ട്രൂങ് മൈ ലാൻ?

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ശതകോടീശ്വരിയായ ട്രൂങ് മൈ ലാനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് വിയറ്റ്നാം കോടതി. ചില്ലറയൊന്നുമല്ല 12.5 ബില്യൺ ഡോളറിൻ്റെ അതായത് 1.04 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെയാണ് ഈ നിർണായക വിധി. സൈഗോൺ ജോയിൻ്റ് സ്റ്റോക്ക് കൊമേഴ്‌സ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ഒരു ദശാബ്ദകാലമായി ബാങ്കിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. വിയറ്റ്നാമിൽ വധശിക്ഷ അസാധാരണമല്ല, എന്നാൽ സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ഇത് അപൂർവമാണ്. കേസിൻ്റെ പ്രധാന വിശദാംശങ്ങൾ നോക്കാം.

ആരാണ് ട്രൂങ് മൈ ലാൻ?

1956-ൽ ജനിച്ച ലാൻ, ഹോ ചി മിൻ നഗരത്തിലെ മാർക്കറ്റിൽ അമ്മയ്‌ക്കൊപ്പം സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കാൻ സഹായിച്ചുകൊണ്ടാണ് ലാൻ തന്റെ ജീവിതം തുടങ്ങിയതെന്ന് സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റ് ടിയാൻ ഫോംഗ് പറയുന്നു. 1992-ൽ അവരും കുടുംബവും വാൻ തിൻ ഫാറ്റ്(വിടിപി) കമ്പനി സ്ഥാപിച്ചു. കാലക്രമേണ വിടിപി വിയറ്റ്നാമിലെ ഏറ്റവും സമ്പന്നമായ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായി വളർന്നു. 39 നിലകളുള്ള ടൈംസ് സ്‌ക്വയർ സൈഗോൺ, പഞ്ചനക്ഷത്ര വിൻഡ്‌സർ പ്ലാസ ഹോട്ടൽ, 37 നിലകളുള്ള ക്യാപിറ്റൽ പ്ലേസ് ഓഫീസ് കെട്ടിടം, പഞ്ചനക്ഷത്ര ഷെർവുഡ് റെസിഡൻസ് ഹോട്ടൽ എന്നിവയുൾപ്പെടെ ഹോ ചി മിന്നിൻ്റെ ഏറ്റവും മൂല്യവത്തായ സ്ഥാപനങ്ങളുമായി കമ്പനി ബന്ധപ്പെട്ടിരിക്കുന്നു.

എന്താണ് കേസ്?

2022 ഒക്ടോബറിലാണ് ലാൻ അറസ്റ്റിലായത്. സർക്കാർ ഉദ്യോഗസ്ഥരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യമിട്ട് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിക്കെതിരായ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി. എസ് സി ബി ബാങ്കിൽ 90 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്ന ലാൻ, വ്യാജ വായ്പാ അപേക്ഷകൾ സംഘടിപ്പ് ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയായിരുന്നു തട്ടിപ്പ്. കൈക്കൂലി, അധികാര ദുർവിനിയോഗം, ബാങ്കിംഗ് നിയമ ലംഘനങ്ങൾ എന്നിവയാണ് അവർ നേരിടുന്ന ആരോപണങ്ങൾ. സൈഗോൺ കൊമേഴ്‌സ്യൽ ബാങ്കിൽ നിന്ന് പത്ത് വർഷമായി പണം തട്ടിയതായി ആരോപിക്കപ്പെടുന്നു.

അഴിമതി മൂലമുണ്ടായ ആകെ നാശനഷ്ടം ഏകദേശം 27 ബില്യൺ ഡോളറാണ്. ഇത് രാജ്യത്തിൻ്റെ 2023-ലെ ജിഡിപിയുടെ 6 ശതമാനത്തിന് തുല്യമാണ്. വിചാരണക്കിടെ ലാന്റെ ആയിരത്തിൽ അധികം സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു. മാത്രമല്ല കേസിൽ പിടിയിലായ 85-ഓളം പ്രതികളിൽ ബാങ്ക് ഉദ്യോഗസ്ഥരും മുൻ സർക്കാർ ജീവനക്കാരും എസ് സി ബി എക്സിക്യൂട്ടിവുകളും ഉൾപ്പെടുന്നു. 2021 മുതൽ 1700 അഴിമതിക്കേസുകളിലായി 4400 പേരാണ് ഇതുവരെ കുറ്റാരോപിതയായത്. തട്ടിപ്പിന് ഇരയായവർ എല്ലാം ബാങ്കിലെ ബോണ്ട് ഹോൾഡർമാരാണെന്ന് പൊലീസ് പറഞ്ഞു. 42,000 പേർ തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. ആറ് ടൺ ഭാരമുള്ള 104 പെട്ടികളിലായിരുന്നു ട്രൂങ് മൈ ലാനെതിരെയുള്ള തെളിവുകൾ ശേഖരിച്ചിരുന്നത്.

ലാൻ്റെ അറസ്റ്റും അഴിമതിയുടെ വിവരങ്ങളും രാജ്യത്തെ ഞെട്ടിച്ചപ്പോൾ മറ്റ് ബാങ്കുകളോ ബിസിനസ് സ്ഥാപനങ്ങളോ സമാനമായ പിഴവ് വരുത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഈ കേസ് ഉയർത്തുന്നുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇത്രയും കാലം തട്ടിപ്പ് നടത്തിയിട്ടും ട്രൂങ് മൈ ലാൻ പിടിക്കപ്പെടാതെ തുടർന്നുവെന്നതും ചോദ്യമായി ഉയരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com