'മിഷൻ 400' മോദിയുടെ മനശാസ്ത്ര യുദ്ധം!; 2019ലെ വിജയം അതേപടി ആവർത്തിച്ചാലും 400 നേടാനാവുമോ?

2019ൽ ബിജെപിക്കുണ്ടായിരുന്ന അനുകൂല ഘടകങ്ങളൊന്നും 2024ൽ അതേ നിലയിൽ തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിക്കുന്നില്ല. മോദി മാജിക്കിനും പഴയ കരിസ്മയില്ല. അതിനാൽ തന്നെ 370-400 എന്ന മോദിയുടെ മനഃശാസ്ത്ര സമീപനം ലക്ഷ്യം കാണുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്
'മിഷൻ 400' മോദിയുടെ മനശാസ്ത്ര യുദ്ധം!; 2019ലെ വിജയം അതേപടി ആവർത്തിച്ചാലും 400 നേടാനാവുമോ?

ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370ലേറെ സീറ്റുകളും എൻഡിഎ മുന്നണി 400ൽ അധികം സീറ്റുകളും നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും നിരന്തരം ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. നിലവിൽ ലോക്സഭയിൽ എൻഡിഎയുടെ കക്ഷി നില 339 ആണ്. ഇത് 61 സീറ്റോളം വർദ്ധിച്ച് 400 കടക്കുമെന്നാണ് നരേന്ദ്ര മോദിയുടെ വാദം. ലോക്സഭയിൽ നിലവിൽ ബിജെപിയുടെ അംഗസംഖ്യ 290 ആണ്. ഇത് 370 ആയി മാറുമെന്നുമാണ് അവകാശവാദം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണ്ട ലോക്സഭയിൽ നിലവിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിൽ നിന്നും 18 സീറ്റ് മാത്രമാണ് ബിജെപിക്ക് കൂടുതൽ ഉള്ളത്. നിലവിലുള്ളതിൽ നിന്നും 19 സീറ്റ് കുറഞ്ഞാൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടിയാകും.

ലോക്സഭയിലേയ്ക്ക് ഇരുപത്തിയഞ്ചോ അതിലധികമോ എംപിമാരെ വിജയിപ്പിക്കുവാൻ കഴിയുന്ന 10 സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവയാണ് ഈ പ്രധാനപ്പെട്ട പത്ത് സംസ്ഥാനങ്ങൾ. ഈ പത്ത് സംസ്ഥാനങ്ങളിൽ നിന്നായി 382 സീറ്റുകളാണ് ആകെയുള്ളത്. ഇവിടെ നിന്നും 223 സീറ്റുകളാണ് ബിജെപി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്. ഈ പത്ത് സംസ്ഥാനങ്ങളിൽ നിന്നായി കോൺഗ്രസിന് നേടാൻ സാധിച്ചത് 14 സീറ്റുകളാണ്. ഈ പത്ത് സംസ്ഥാനങ്ങൾക്ക് പുറമെ ബാക്കിയുള്ള 161 സീറ്റുകളിൽ നിന്നും 2019ൽ ബിജെപിക്ക് നേടാൻ സാധിച്ചത് 80 സീറ്റുകൾ മാത്രമാണ്.

2019ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റുള്ള ആന്ധ്രാപ്രദേശിൽ നിന്ന് വൈഎസ്ആർ കോൺഗ്രസ് 22 സീറ്റ് നേടിയിരുന്നു. 40 സീറ്റുള്ള ബിഹാറിൽ സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് 17 സീറ്റിലും സഖ്യകക്ഷിയായ ജെഡിയുവിന് 16 സീറ്റും നേടാനായിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഓരോ സീറ്റുകൾ വീതം മാത്രമാണ് കോൺഗ്രസിന് നേടാൻ സാധിച്ചത്. ഈ സംസ്ഥാനങ്ങൾ അക്ഷരാർത്ഥത്തിൽ ബിജെപി തൂത്തുവാരി. ഗുജറാത്തിൽ ആകെയുള്ള 26 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. 48 സീറ്റുള്ള മഹാരാഷ്ട്രയിൽ അന്ന് ബിജെപി സഖ്യത്തിലായിരുന്ന അവിഭക്ത ശിവസേന 18 സീറ്റിലും ബിജെപി 23 സീറ്റിലും വിജയിച്ചു. എൻസിപി നാല് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും മാത്രമാണ് വിജയിച്ചത്. തമിഴ്നാട്ടിൽ ബിജെപിക്ക് പച്ചതൊടാൻ സാധിച്ചില്ല. അവിടെ സഖ്യത്തിൽ മത്സരിച്ച ഡിഎംകെ 20 സീറ്റിലും കോൺഗ്രസ് 8 സീറ്റിലും ഇടതുപാർട്ടികൾ 4 സീറ്റിലും മറ്റ് സഖ്യകക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിരുന്നു. പക്ഷെ ബംഗാളിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് 22 സീറ്റിൽ വിജയിച്ചപ്പോൾ 18 സീറ്റ് നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഉത്തർപ്രദേശിൽ അപ്നാ ദളുമായി സഖ്യത്തിൽ മത്സരിച്ച ബിജെപി 62 സീറ്റിൽ വിജയിച്ചു. അപ്നാ ദൾ രണ്ട് സീറ്റിലും വിജയം കണ്ടു. ബിജെപിയെ വെല്ലുവിളിച്ച എസ് പി-ബിഎസ്പി സഖ്യത്തിന് 15 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഇതിൽ ബിഎസ്പിക്ക് പത്ത് സീറ്റിലാണ് ജയിച്ചത്, എസ് പി 5 സീറ്റിലും. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും അവകാശവാദമായ 400 സീറ്റ് എന്നത് യാഥാർത്ഥ്യമാകണമെങ്കിൽ ഇരുപത്തിയഞ്ചോ അതിലധികമോ എംപിമാരെ വിജയിപ്പിക്കുവാൻ കഴിയുന്ന ഈ 10 സംസ്ഥാനങ്ങളിൽ 2019നെക്കാൾ ബിജെപി മുന്നേറ്റം ഉണ്ടാക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിലെല്ലാം 2019നേക്കാൾ ശക്തമായ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്.

ആന്ധ്രാപ്രദേശിൽ തെലുങ്കുദേശം പാർട്ടിയാണ് ബിജെപിയുടെ സഖ്യകക്ഷി. നിലവിൽ വൈഎസ്ആർ കോൺഗ്രസ്, കോൺഗ്രസ്-ഇടതുസഖ്യം എന്നിവരെയാണ് ബിജെപി- ടിഡിപി സഖ്യത്തിന് നേരിടേണ്ടത്. ഇവിടെ നിന്ന് ഒരു സീറ്റിലെങ്കിലും വിജയിക്കാൻ സാധിച്ചാൽ ബിജെപിയെ സംബന്ധച്ച് വലിയ നേട്ടാണ്. 48 സീറ്റുള്ള മഹാരാഷ്ട്രയിൽ ഇത്തവണ ബിജെപിയുടെ സഖ്യകക്ഷി ഷിൻഡെ വിഭാഗം ശിവസേനയാണ്. 2019ൽ അവിഭക്ത ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ ബിജെപിക്ക് 23 സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു. ഇത്തവണ ശിവസേന ഉദ്ദവ് വിഭാഗം കോൺഗ്രസും-എൻസിപിയുമായി ചേർന്നാണ് ബിജെപി-ഷിൻഡെ ശിവസേന സഖ്യത്തെ നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ 2019ൽ ലഭിച്ച 23 സീറ്റുകൾ മഹാരാഷ്ട്രയിൽ നിലനിർത്തുക എന്നത് ബിജെപി സംബന്ധിച്ച് ക്ലേശകരമായ വെല്ലുവിളിയാണ്.

തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയെ നേരിടാൻ ചെറുപാർട്ടികളെ കൂട്ടുപിടിച്ചാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. എഐഎഡിഎംകെയുമായുള്ള സഖ്യം വേർപെടുത്തി മത്സരിക്കുന്ന ബിജെപിയെ സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതീക്ഷകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം എട്ടുതവണയാണ് തമിഴ്നാട്ടിൽ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂരിൽ ബിജെപി പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ഒരുസീറ്റിൽ വിജയിക്കാൻ സാധിച്ചാൽ ബിജെപിയെ സംബന്ധിച്ച് അതൊരു നേട്ടമാകും.

2019ൽ എല്ലാ സീറ്റും തൂത്തുവാരിയ ഗുജറാത്തിൽ 26 സീറ്റും നിലനിർത്തുക എന്നതാണ് ബിജെപിയുടെ വെല്ലുവിളി. ഇത്തവണ ഗുജറാത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിക്കുമ്പോൾ 2019 ആവർത്തിക്കാൻ ബിജെപിക്ക് സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ 12.92 ശതമാനം വോട്ടുനേടാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യം ഗുജറാത്തിൽ ബിജെപിയുടെ ഏകപക്ഷീയ മുന്നേറ്റം തടയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2009ലെ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടിയ കോൺഗ്രസിന് 2014ൽ ഗുജറാത്തിൽ നിന്നും ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല.

കർണാടകയിൽ 2019ൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച ജെഡിഎസും ഒരു സീറ്റിൽ വിജയിച്ചിരുന്നു. കർണാടകയിൽ ആകെയുള്ള 28 സീറ്റിൽ 25 എണ്ണത്തിലായിരുന്നു ബിജെപിയുടെ വിജയം. മാണ്ഡ്യയിൽ ബിജെപി പിന്തുണയുള്ള സുമലതയ്ക്കായിരുന്നു വിജയം. കർണാടകയിൽ 2019ലെ വിജയം ആവർത്തിക്കാനാണ് ബിജെപി ഇറങ്ങുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം നേടാൻ സാധിച്ചിരുന്നു. ബിജെപിയെക്കാൾ ആറ് ശതമാനത്തോളം വോട്ട് കോൺഗ്രസ് കൂടുതൽ നേടിയിരുന്നു. പ്രീപോൾ സർവ്വെകൾ ബിജെപിയെക്കാൾ കൂടുതൽ സീറ്റുകൾ കർണാടകയിൽ കോൺഗ്രസിന് പ്രവചിക്കുന്നുണ്ട്. ഇത്തവണ ബിജെപി-ജെഡിഎസ് സഖ്യത്തിനെതിരെ കോൺഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. 25 സീറ്റ് കർണാടകയിൽ നിന്ന് നിലനിർത്തുക നിലവിലെ സാഹചര്യത്തിൽ ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയാണ്.

രാജസ്ഥാനിൽ 2019ൽ ആകെയുള്ള 25 സീറ്റിൽ ബിജെപി 24 സീറ്റ് നേടിയപ്പോൾ ഒരെണ്ണം സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയാണ് നേടിയത്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റം. 2023ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രാജസ്ഥാനിൽ തിരിച്ചുവരവ് നടത്തിയിരുന്നു. അതിനാൽ തന്നെ 2019ലെ വിജയം രാജസ്ഥാനിൽ ആവർത്തിക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. രാജസ്ഥാനിൽ നിന്ന് 24 സീറ്റിൽ നിന്നും ഒരെണ്ണം കുറഞ്ഞാൽ ബിജെപിയെ സംബന്ധിച്ച് 400 എന്ന ലക്ഷ്യത്തിന് തടസ്സമാകുമെന്ന് തീർച്ചയാണ്.

മധ്യപ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2019ൽ ആകെയുള്ള 29 സീറ്റിൽ 28ലും വിജയിച്ചത് ബിജെപിയായിരുന്നു. കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത് ഒരു സീറ്റിലായിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കാമെന്നാണ് ബിജെപി കണക്കാക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ബിജെപിയുടെ വിജയത്തിൻ്റെ തിളക്കം കുറയ്ക്കുക എന്നത് നിർണ്ണായകമാണ്. നരേന്ദ്ര മോദിയുടെ നാനൂറ് സീറ്റെന്ന പദ്ധതിയിൽ മധ്യപ്രദേശിൽ നിന്ന് 2019ൽ നേടിയ 28 സീറ്റുകളും ഉണ്ടെന്ന് വ്യക്തമാണ്. അതിനാൽ തന്നെ ഒരുസീറ്റു പോലും മധ്യപ്രദേശിൽ ബിജെപിയെ സംബന്ധിച്ച് നിർണ്ണായകമാണ്.

ബംഗാളിൽ 2019ൽ നേടിയ അപ്രതീക്ഷിത മുന്നേറ്റം നിലനിർത്തുക 'മിഷൻ 400'ൽ ബിജെപിയെ സംബന്ധിച്ച് നിർണ്ണായകമാണ്. 2019ൽ ബംഗാളിൽ ബിജെപിക്ക് 18 സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബംഗാളിൽ നിന്നും 2019ലെ നേട്ടം ആവർത്തിക്കുക എന്നത് ബിജെപിക്ക് വെല്ലുവിളിയാകും എന്നാണ് കണക്കാക്കുന്നത്. പ്രീപോൾ സർവെകൾ ബിജെപിക്ക് തൃണമൂൽ കോൺഗ്രസിനെക്കാൾ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബംഗാളിൽ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു.

ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റിൽ 62 സീറ്റാണ് ബിജെപിക്ക് നേടാൻ സാധിച്ചത്. സഖ്യകക്ഷിയായ അപ്നാ ദളിന് 2 സീറ്റും ലഭിച്ചിരുന്നു. 2019ൽ ബിഎസ്പിയും എസ്പിയും സഖ്യത്തിലായിരുന്നു മത്സരിച്ച്. ഇതിൽ ബിഎസ്പി 10 സീറ്റിലും എസ്പി 5 സീറ്റിലും മാത്രമാണ് വിജയിച്ചത്. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ഇത്തവണ എസ് പിയും കോൺഗ്രസും യുപിയിൽ സഖ്യത്തിലാണ് മത്സരിക്കുന്നത്.ബിഎസ്പി ഒറ്റക്ക് മത്സരിക്കുമ്പോൾ 2019ൽ എസ് പിക്ക് ഒപ്പമുണ്ടായിരുന്ന ആർഎൽഡി ഇത്തവണ ബിജെപിക്കൊപ്പമാണ് മത്സരരംഗത്തുള്ളത്. 2019ൽ എസ്പി ബിഎസ്പി സഖ്യം പടിഞ്ഞാറൻ യുപിയിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ഇത്തവണ എസ്പി-കോൺഗ്രസ് സഖ്യത്തിന് ഈ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മേഖലയിൽ 29 ലോക്‌സഭാ സീറ്റുകളാണുള്ളത്. ജാട്ടുകൾ, ഗുർജറുകൾ, മുസ്ലീങ്ങൾ എന്നിവരാണ് ഇവിടുത്തെ ഭൂരിപക്ഷ സമുദായം. പടിഞ്ഞാറൻ ഉത്തർപ്രദേശിനെ ബ്രജ്, രോഹിൽഖണ്ഡ് എന്നിങ്ങനെ രണ്ട് പ്രദേശങ്ങളായി കണക്കാക്കാം. ഇതിൽ ബ്രജ് ഹിന്ദുക്കൾക്ക് സ്വാധീനമുള്ള മേഖലയാണ്. രോഹിൽഖണ്ഡ് മേഖലയിൽ, മുസ്ലീം ജനസംഖ്യയുടെ ശതമാനം ഏതാണ്ട് പകുതിയോളം വരുന്നു. ഈ മേഖലയിൽ സമാജ്‌വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് തുടങ്ങിയവർക്ക് സ്വാധീനമുണ്ട്.

2019ൽ ബിജെപി വിജയിച്ച പടിഞ്ഞാറൻ യുപിയിലെ കൈരാന, മുമ്പാഫർനഗർ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗർ, ബുലന്ദ്ഷഹർ, അലിഗഡ്, ഹത്രാസ്, അടക്കം പടിഞ്ഞാറൻ യുപിയിലെ ഒരു ഡസനിലേറെ സീറ്റുകളിൽ എസ്പി -കോൺഗ്രസ് സഖ്യം ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജയന്ത് ചൗധരിയുടെ ആർഎൽഡി ഒപ്പമെത്തിയത് ബിജെപിക്ക് ഇതുവരെ അപ്രാപ്യമായിരുന്ന ജാട്ട് വോട്ടുകൾ സമാഹരിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്ന ബിഎസ്പി പടിഞ്ഞാറൻ യുപിയിൽ ബിജെപി വിരുദ്ധ ന്യൂനപക്ഷ-ദളിത് വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും അത് ബിജെപിക്ക് തുണയാകുമെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ ഈ മേഖലയിൽ പരമ്പരാഗത വോട്ടുബാങ്കായ ക്ഷത്രിയ വിഭാഗം ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ പടിഞ്ഞാറൻ യുപിയിൽ 2019ലേത് പോലെ ഒരു ഈസി വാക്കോവർ ബിജെപി പ്രതീക്ഷിക്കേണ്ടതില്ല. 2019ൽ നേടിയ 62 സീറ്റുകൾ യുപിയിൽ നിലനിർത്തുക എന്നത് ഇത്തവണ ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

25 സീറ്റുകളുളള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 2019 ൽ ബിജെപി 14 സീറ്റുകൾ നേടിയിരുന്നു. പ്രാദേശിക കക്ഷികളെ തന്ത്രപരമായി ഉപയോഗിച്ചാണ് 2019ൽ ബിജെപി ഈ നേട്ടമുണ്ടാക്കിയത്. 2024ൽ ഇത് നിലനിർത്തേണ്ടത് ബിജെപിയുടെ 'മിഷൻ 400'ൽ നിർണായകമാണ്.

ഡൽഹിയിൽ ആകെയുള്ള ഏഴ് സീറ്റും 2019ൽ ബിജെപി തൂത്ത് വാരിയിരുന്നു. ഇത്തവണ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുന്ന ഡൽഹിയിൽ 2019ലെ നേട്ടം ആവർത്തിക്കാൽ ബിജെപിക്ക് സാധിക്കില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ബിജെപിക്ക് 2019ലേത് പോലെ ഏകപക്ഷീയ നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന് കണ്ടറിയണം. 21 സീറ്റുള്ള ഒഡീഷയിൽ 2019 ൽ ബിജെപി എട്ട് സീറ്റ് നേടിയിരുന്നു. എന്നാൽ ഇത്തവണ അത് നിലനിർത്താൻ ബിജെപിക്ക് സാധിക്കുമോയെന്നാണ് അറിയേണ്ടത്. 13 സീറ്റുള്ള പഞ്ചാബിൽ 2019ൽ 2 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസും ആം ആദ്മിയും നേരിട്ട് ഏറ്റുമുട്ടുന്ന ഇവിടെ ബിജെപിക്ക് 2019 ലെ രണ്ട് സീറ്റ് നേട്ടം ആവർത്തിക്കാൻ കഴിയുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ഈ നിലയിൽ നോക്കുമ്പോഴാണ് ബിജെപിയുടെ തെന്നിന്ത്യൻ മിഷന് പ്രാധാന്യം വർദ്ധിക്കുന്നത്. തെക്കേ ഇന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ സമാഹരിക്കുക എന്ന ബിജെപി നീക്കത്തിന് പിന്നിൽ യഥാർത്ഥത്തിൽ 370-400 സീറ്റുകൾ നേടുകയെന്നതല്ല. മറിച്ച് സ്വാധീന കേന്ദ്രങ്ങളിലെ തിരിച്ചടിയെ മറികടന്ന് കേവലഭൂരിപക്ഷമോ അതിനടുത്തോ നിലനിർത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ബിജെപിയുടെ തെന്നിന്ത്യൻ മിഷൻ. 2019ൽ കർണാടകയിൽ നിന്നും മാണ്ഡ്യയിലെ സ്വതന്ത്ര സീറ്റടക്കം നേടിയ 26 സീറ്റും തെലങ്കാനയിൽ നിന്നും സ്വന്തമാക്കിയ നാല് സീറ്റുകളും അടക്കം 30 പേരായിരുന്നു ബിജെപിയുടെ തെന്നിന്ത്യൻ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശിൽ ആകെയുള്ള 25 സീറ്റിൽ വൈഎസ്ആർ കോൺഗ്രസ് 22 സീറ്റു നേടിയപ്പോൾ ഇപ്പോൾ ബിജെപിയുടെ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാർട്ടി മൂന്ന് സീറ്റുകൾ നേടി. ഇത്തവണ ആന്ധ്രയിൽ തെലുങ്ക് ദേശത്തിൻ്റെ ചിറകിനടിയിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കം. 2019ലെ ലോക്സഭാ കാലയളവിൽ വൈഎസ്ആർ കോൺഗ്രസ് എൻഡിഎക്ക് നൽകിയ നിശബ്ദ പിന്തുണ കൂടി കണക്കാക്കുമ്പോൾ ആന്ധ്രയിൽ വലിയ തലവേദയില്ലെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാൽ വൈ എസ് ശർമ്മിളയുടെ വരവോടെ കോൺഗ്രസ് ആന്ധ്രയിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് സൂചനകളുണ്ട്. കോൺഗ്രസും ഇടതുപാർട്ടികളും ചേർന്നുള്ള സഖ്യം ആന്ധ്രയിൽ നേടുന്ന സീറ്റുകൾ ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.

ബിജെപിക്ക് സൂചികുത്താൻ ഇടം നൽകാത്ത തമിഴ്നാട്ടിലും കേരളത്തിലുമാണ് ഇത്തവണ ബിജെപി അവരുടെ തെന്നിന്ത്യൻ മിഷൻ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് അക്കൗണ്ട് തുറക്കാൻ സാധിച്ചാൽ ബിജെപിയെ സംബന്ധിച്ച് അത് വലിയ നേട്ടമാകുമെന്നതിൽ സംശയമില്ല. എന്തായാലും ബിജെപിയുടെ തെന്നിന്ത്യൻ റഡാറിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ട്രൈക്കിങ്ങ് പോയിൻ്റ് കേരളവും തമിഴ്നാടുമാണ്.

നാല് എം പിമാർ നിലവിലുള്ള തെലങ്കാനയാണ് തെന്നിന്ത്യയിൽ ബിജെപിയുടെ പ്രതീക്ഷകളുടെ മറ്റൊരു തുരുത്ത്. 17 സീറ്റുകളുള്ള തെലങ്കാനയിൽ ബിആർഎസ് ഒൻപത്, ബിജെപി നാല്, കോൺഗ്രസ് മൂന്ന്, എഐഎംഐഎം ഒന്ന് എന്നിങ്ങനെയായിരുന്നു 2019ലെ തിരഞ്ഞെടുപ്പ് ഫലം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസിനെ അധികാരത്തിൽ നിന്നും പുറത്താക്കി തെലങ്കാനയിൽ കോൺഗ്രസ് വൻതിരിച്ചുവരവ് നടത്തിയിരുന്നു. പരാജയശേഷം നിരവധി നേതാക്കൾ ബിആർഎസിൽ നിന്നും കോൺഗ്രസിലേയ്ക്കും ബിജെപിയിലേയ്ക്കും ചേക്കേറിയിരുന്നു. 2019ലേതിനെക്കാൾ ദുർബലമായ അവസ്ഥയിലാണ് ബിആർഎസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വർദ്ധിതവീര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് ഇത്തവണ ബിആർഎസിന് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. ബിജെപി കൂടി ചേരുന്നതോടെ ശക്തമായ ത്രികേണ മത്സരത്തിനാണ് തെലങ്കാനയിൽ അരങ്ങുണർന്നിരിക്കുന്നത്. 2019ൽ നേടിയ നാല് സീറ്റുകൾ നിലനിർത്തുക എന്ന വെല്ലുവിളിയാണ് തെലങ്കാനയിൽ ബിജെപിയെ കാത്തിരിക്കുന്നത്.

ഈ നിലയിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോൾ ബിജെപിക്ക് 370 സീറ്റ് എൻഡിഎക്ക് 400 സീറ്റ് എന്ന നരേന്ദ്ര മോദിയുടെ അവകാശവാദം കേവലം മനഃശാസ്ത്രപരമായ പേരാട്ടം മാത്രമാണെന്ന് വേണം അനുമാനിക്കാൻ. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് മൂന്നാം ഊഴം ഉറപ്പാണ് എന്ന പ്രതീതി വോട്ടർമാർക്കിടിയിൽ സൃഷ്ടിക്കാനുള്ള മസ്തിഷ്ക പ്രക്ഷാളന സമീപനമാണ് ബിജെപി നേതാക്കൾ നടത്തുന്നതെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. 2019ൽ ശക്തികേന്ദ്രങ്ങളിൽ പരമാവധി മുന്നേറ്റം നടത്തിയാണ് ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം എന്ന നേട്ടത്തിൽ എത്തിയത്. 2019നെക്കാൾ മുന്നേറ്റം ഉണ്ടാക്കണമെങ്കിൽ ശക്തികേന്ദ്രങ്ങളിൽ നിലവിലെ സീറ്റുകൾ നിലനിർത്തുകയും സ്വാധീനമില്ലാത്ത രാജ്യത്തിൻ്റെ വടക്ക്-കിഴക്ക്, തെക്ക് മേഖലകളിൽ കൂടുതൽ സീറ്റുകൾ നേടുകയും ചെയ്യുക എന്ന അതികഠിനമായ വെല്ലുവിളിയാണ് ബിജെപിക്ക് മുന്നിലുള്ളത്. 2019നെ അപേക്ഷിച്ച് സീറ്റുവിഭജനത്തിൽ അടക്കം പരമാവധി യോജിപ്പ് ഉണ്ടാക്കി ബിജെപി വിരുദ്ധ നിലപാടുകളും നയപരിപാടികളും പ്രഖ്യാപിച്ച് പ്രതിപക്ഷ മുന്നണി അരയും തലയും മുറുക്കി മത്സരരംഗത്തുണ്ട്. 2019ൽ ബിജെപിക്കുണ്ടായിരുന്ന അനുകൂല ഘടകങ്ങളൊന്നും 2024ൽ അതേ നിലയിൽ തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിക്കുന്നില്ല. മോദി മാജിക്കിനും പഴയ കരിസ്മയില്ല. അതിനാൽ തന്നെ 370-400 എന്ന മോദിയുടെ മനഃശാസ്ത്ര സമീപനം ലക്ഷ്യം കാണുമോ എന്ന കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com