കല്പന,സുനിത,സോണിയ; 'നാരീ ശക്തിയില്‍' വിശ്വാസമര്‍പ്പിച്ച് ഇന്‍ഡ്യ മുന്നണി

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഭാവി ഈ രാഷ്ട്രീയക്കാരുടെ പങ്കാളികളെ കൂടി ആശ്രയിച്ചാവും. ബിജെപി വലിയ വായയിൽ പറയാറുള്ള 'നാരീ ശക്തി'യുടെ യഥാർത്ഥ ചൂട് സുനിതയിലൂടെയും കല്പനയിലൂടെയും ബിജെപി മനസ്സിലാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കല്പന,സുനിത,സോണിയ; 
'നാരീ ശക്തിയില്‍' വിശ്വാസമര്‍പ്പിച്ച് ഇന്‍ഡ്യ മുന്നണി

മോദി അധികാരത്തിലേറിയിട്ട് പത്ത് വർഷം കഴിഞ്ഞു. വീണ്ടും ഒരു അഞ്ചു വർഷത്തേക്ക് ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുകയാണ്. ഈ പത്ത് വർഷകാലയളവിൽ നരേന്ദ്രമോദിയെയോ കേന്ദ്രസർക്കാരിനെയോ  ചെറിയ രീതിയിലെങ്കിലും ഉലച്ച ഒരു പ്രതിപക്ഷ പ്രതിഷേധം രാജ്യത്ത്  ഉണ്ടായിട്ടുണ്ടോ? ആർക്കും ഓർമ്മിച്ചെടുക്കാൻ കഴിയുന്ന പേരിനൊന്നും പേലും ഇല്ലായെന്ന് തന്നെ പറയേണ്ടി വരും. നോട്ട് നിരോധനവും ജിഎസ്ടിയും  കള്ളപ്പണവും റാഫേൽ ഇടപാടും മണിപ്പൂർ കലാപവും തൊഴിലില്ലായ്മയും സാമൂഹിക തകർച്ചയും ദാരിദ്രവും പണപെരുപ്പവും തുടങ്ങി ഡസനോളം വിഷയങ്ങളുണ്ടാക്കിയിട്ടും അത് കേന്ദ്രസർക്കാരിനെതിരെ ഉയർത്താൻ  കോൺഗ്രസ് അടക്കമുള്ള ഒരു പ്രതിപക്ഷ കക്ഷിക്കും സാധിച്ചിരുന്നില്ല. കേന്ദ്ര സർവ്വകലാശാലകളിൽ രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിദ്യാർഥി പ്രക്ഷോഭം, പൗരത്വ നിയമത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിരോധം, കർഷക പ്രക്ഷോഭം തുടങ്ങി ജൈവികമായി ഉയർന്നുവന്ന പ്രതിഷേധങ്ങളും സമരങ്ങളും മാത്രമായിരുന്നു ഈ പത്ത് വർഷ കാലത്തെ പ്രതിഷേധ സ്വരങ്ങൾ.

ഇതിനെല്ലാം അപവാദമായി രാജ്യത്ത് നടന്ന ഒരേയൊരു പ്രതിഷേധ ശബ്ദം മാർച്ച് 31 ന് രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ മഹാറാലിയായിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎയെ തോൽപ്പിക്കാൻ ഇൻഡ്യ സഖ്യം രൂപീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നടന്ന ഒരുമിച്ചുള്ള ആദ്യ പ്രത്യക്ഷ പ്രതിഷേധ പരിപാടി. ആ പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രവും ശബ്ദവും മൂന്ന് സ്ത്രീകളുടേതായിരുന്നു. സുനിത കെജ്‌രിവാൾ, കൽപ്പന സോറൻ, സോണിയ ഗാന്ധി എന്നിവരുടേത്. ഖാർഗെ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, ശരത് പവാർ, ലാലുപ്രസാദ് യാദവ്, യെച്ചൂരി തുടങ്ങി മുൻനിര ദേശീയ നേതാക്കളെക്കാൾ ജനാധിപത്യവിശ്വാസികൾ ആ ദിവസം കാതോർത്തത് ഇവരുടെ ശബ്ദമായിരുന്നു.

മൂന്ന് പേരും രാഷ്ട്രീയത്തിലേക്കും വേദിയിലേക്കും വരുന്നത് അവരുടെ ഭർത്താക്കന്മാരുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്നാണ്. സുനിതയും കൽപ്പനയും ഇഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാറിന്റെ വേട്ടയുടെ ഇരകളാണ്. സുനിതയും കൽപ്പനയും രാഷ്ട്രീയത്തിൽ വന്നതിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തിലായിരുന്നു സോണിയയുടെ രാഷ്ട്രീയ പ്രവേശം. രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ല എന്ന നിലപാടെടുത്തിരുന്ന സോണിയയ്ക്ക് ഭർത്താവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ വധത്തോടെ കോൺഗ്രസിനെ മുന്നിൽ നിന്ന്  നയിക്കേണ്ടി വന്നു. രാജീവിൻ്റെ മരണത്തിന് തൊട്ടുപിന്നാലെ നേതൃത്വത്തിലേയ്ക്ക് വരാൻ സോണിയയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അവർ തയ്യാറായില്ല. പിന്നീട് കോൺഗ്രസ് തകർച്ചയിലേയ്ക്ക് പോകുകയും ശക്തമായ ഒരു നേതൃമുഖം ആവശ്യമായി വരികയും ചെയ്ത ഘടത്തിലായിരുന്നു സോണിയ കോൺഗ്രസിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായത്. നെഹ്റു കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീ മുഖം എന്നതിനപ്പുവും കോൺഗ്രസിനെ അതിന്റെ തകർച്ച ഘട്ടത്തിൽ നിന്ന് ഉയർത്തി കൊണ്ട് വന്ന് മൻമോഹൻ യുഗത്തിലേക്ക് കൈമാറാൻ സോണിയയ്ക്ക് കഴിഞ്ഞു.

രണ്ട് തവണ കേന്ദ്രത്തിൽ അധികാരം പിടിക്കാൻ സോണിയയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചിരുന്നു. കൈക്കുമ്പിളിൽ വെച്ചു നൽകിയ പ്രധാനമന്ത്രി പദവി സോണിയ നിരസിച്ചു. രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോഴും അധികാര സ്ഥാനത്ത് നിന്നും സോണിയ ഒഴിഞ്ഞു നിന്നു. ഒടുവിൽ  ഇത്തവണ റായ്ബറേലിയിൽ മത്സരിക്കാൻ ഇല്ലെന്ന് പറയുമ്പോഴും സോണിയയുടെ രാഷ്ട്രീയ നിലപാട് വ്യക്തമായിരുന്നു. ആ സോണിയയാണ് ഒരിക്കൽ തന്റെ നിതാന്ത വിമർശകനായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയെ തോൾ ചേർത്ത് ആശ്വസിപ്പിക്കുന്നത് എന്നത് പ്രതിപക്ഷ നേതാക്കളുടെ ഐക്യം എന്നതിനപ്പുറം ഒരേ വേദനയുടെ പങ്ക് വെക്കലായും കാണാം.

സുനിത  കെജ്‌രിവാൾ
സുനിത കെജ്‌രിവാൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയും ജർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കൽപ്പനയ്ക്കും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ മുൻ ഉദാഹരണമായി പറയാനുള്ളത് ലാലു പ്രസാദ് യാദവിന്റെ ഭാര്യയായ റാബ്‌റി ദേവിയെ മാത്രമാണ്. എന്നാൽ കാലിത്തീറ്റ കുംഭകോണത്തിൽ അറസ്റ്റിലായപ്പോൾ അധികാരം തന്നിൽ നിലനിർത്താനുള്ള ലാലുവിന്റെ തന്ത്രം മാത്രമായിരുന്നു ബിഹാർ മുഖ്യമന്ത്രിയായി ഭാര്യയെ പ്രതിഷ്ഠിച്ചത്. ഒരു ഡമ്മി മുഖ്യമന്ത്രിക്കപ്പുറം ഒരു രാഷ്ട്രീയ പോരാട്ടവും റാബ്‌റി നടത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. അതിൽ ഒരുപരിധി വരെ വാസ്തവവുമുണ്ട്. ലാലുവിൻ്റെ നിഴൽ എന്നതിൽ ഉപരി റാബ്‌റി റീമാർക്കുകൾ ഒന്നും തന്നെ ബീഹാറിലുണ്ടായിട്ടില്ല.

കല്പന സോറൻ
കല്പന സോറൻ

സുനിതയുടെയും കല്പനയുടെയും കാര്യം അങ്ങനെയല്ല. മുൻ ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥയായിരുന്നു സുനിത, 2016ൽ സ്വമേധയാ വിരമിച്ചു. സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൽപനയാകട്ടെ എഞ്ചിനീയറിംഗിലും ബിസിനസ്സിലും ഇരട്ട മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. ഇതിനപ്പുറം രാഷ്ട്രീയത്തിൽ അപ്രതീക്ഷിത പ്രവേശനമാണെങ്കിൽ കൂടി കൃത്യമായ നിലപാട് പറയാൻ ഇരുവർക്കും സാധിക്കുന്നുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയക്കാരന്റെ പങ്കാളിയുടെ റോൾ ഏറ്റവും കൂടി പോയാൽ പ്രചാരണവേളയിൽ പങ്കാളിക്കൊപ്പം നിന്ന് കൈവീശുന്നത് മാത്രമായിരുന്നു മുമ്പ്. ശേഷം ദീപാവലിക്കോ പുതുവത്സരത്തിനോ വരുന്ന ഗ്രൂപ്പ് ഫോട്ടോയും. അതിനപ്പുറത്തേയ്ക്ക് വളരാനും പങ്കാളിക്ക് കാലിടറിയപ്പോൾ ഉറച്ച കാൽവെപ്പോടെ വേദിയിൽ നിൽക്കാനും അവരുടെ ശബ്ദമാവാനും ഇരുവർക്കും സാധിച്ചു.

കൃത്യമായ രാഷ്ടീയ അജണ്ടകളോടെ ഇഡി, തടവിലാക്കിയ തങ്ങളുടെ ജീവിത പങ്കാളികളുടെ നിരപരാധിത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, കേന്ദ്ര സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ അക്കമിട്ട് നിരത്തുക കൂടിയാണ് മഹാറാലിയിൽ അവർ ചെയ്തത്. തൊഴിയില്ലായ്മയും ദാരിദ്രവും സാമ്പത്തിക അസമത്വവും സാമൂഹിക സംഘർഷവും വർഗീയ അജണ്ടകളുമെല്ലാം അവർ അവിടെ ചർച്ചയ്ക്ക് വെച്ചു.

രാജ്യത്തെ പകുതി സ്ത്രീകളുടെയും ഒമ്പത് ശതമാനം ആദിവാസികളുടെയും ശബ്ദമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നായിരുന്നു കൽപന വേദിയിൽ പ്രഖ്യാപിച്ചത്. അത് വലിയ ഒരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. മാർച്ച് 21 ന് ഇഡി തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സുനിത, ഇഡി കസ്റ്റഡിയിൽ നിന്ന് രാജ്യത്തിന് കെജ്‌രിവാളിൻ്റെ സന്ദേശം കൈമാറി. പ്രതിപക്ഷ സഖ്യത്തിന്റെ ആറ് ഗ്യാരണ്ടിയും അവർ ജനങ്ങൾക്ക് കൈമാറി.

അരവിന്ദ് കെജ്രിവാൾ ,ഹേമന്ദ് സോറൻ
അരവിന്ദ് കെജ്രിവാൾ ,ഹേമന്ദ് സോറൻ

ഡൽഹിയിൽ ഏത് വിധേനയും ആപിനെ താഴെയിറക്കാൻ ബിജെപി നോക്കുമ്പോൾ ജയിലിൽ നിന്നും ഭരിക്കും എന്ന നിലപാടിലായിരുന്നു കെജ്‌രിവാൾ. അതിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച ബിജെപിയുടെ ലക്ഷ്യം കേന്ദ്ര തലസ്ഥാനത്ത് ഭരണപാലനം പ്രതിസന്ധിയിലാണെന്ന് കാണിച്ച് രാഷ്ട്രപ്രതി ഭരണം കൊണ്ട് വരാനായിരുന്നു. എന്നാൽ കെജ്‌രിവാളിന്റെ അഭാവത്തിൽ സംഘടനാപരമായും ഭരണപരമായുള്ള ഉത്തരവാദിത്വം സുനിത ഏറ്റെടുത്തു. ജയിലിൽ സന്ദർശിച്ച് അദ്ദേഹത്തിന്റെ ഉത്തരവുകൾ ജനങ്ങളിലെത്തിച്ച് സർക്കാർ ജനങ്ങൾക്കൊപ്പം തന്നെയുണ്ട് എന്ന പ്രതീതി സൃഷ്ടിച്ചു. കെജ്‌രിവാളിന്റെ സന്ദേശങ്ങൾ സുനിതയിലൂടെ ജനങ്ങളിലെത്തുന്നതും ബിജെപിയെ ചൊടിപ്പിച്ചു. കാര്യങ്ങൾ തങ്ങൾ കരുതിയ വിധത്തിലല്ല പോകുന്നതെന്ന തോന്നൽ ബിജെപി ക്യാമ്പിലുണ്ടാക്കി. തലസ്ഥാന ഭരണ വിഷയത്തിൽ പെട്ടെന്നൊരു നടപടിക്ക് ബിജെപി ഇപ്പോൾ മുതിരാത്തതും അത് കൊണ്ടാണ്.

ഇപ്പോഴിതാ ഈ രണ്ട് നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരുമിച്ച് പങ്കെടുക്കാൻ പോവുകയാണ്. സുനിതയുടെയും കൽപ്പനയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് അടുത്ത ദിവസം ആരംഭിക്കുകയാണ്. ഗോത്രവർഗക്കാർ കൂടുതലുള്ള പ്രദേശമാണ് ബറൂച്ച്. ഇത്തരമൊരു സാഹചര്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ ആദിവാസി മുഖമായി കൽപ്പന സോറൻ അണിനിരക്കുന്നത് ഇൻഡ്യാ മുന്നണിക്ക് വലിയ കരുത്താകും. ഗുജറാത്തിന് പുറമെ രാജ്യത്തുടനീളം പ്രചാരണത്തിനും പദ്ധതിയുണ്ട്. കഴിഞ്ഞ ദിവസം കല്പന സോറന്റെ വസതിയിലെത്തി സുനിത ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സുനിത ജാർഖണ്ഡിലെത്തി സോറനും പാർട്ടിക്കും വേണ്ടി പ്രചാരണം നടത്തും. കല്പന ഡൽഹിയിലുമെത്തും.

ഇഡി വേട്ടയുടെ മാത്രമല്ല, കഴിഞ്ഞ പത്ത് വർഷമായി രാജ്യത്ത് ഭരണകൂടത്താൽ വേട്ടയാടപ്പെട്ട അനേകം രാഷ്ട്രീയ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, സാധാരണ ജനങ്ങൾ എന്നിവരുടെ പ്രതിനിധികളായിരിക്കും സുനിതയും കല്പനയും ഈ പ്രചാരണ ദിവസങ്ങളിൽ. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഭാവി ഈ രാഷ്ട്രീയക്കാരുടെ ഭാര്യമാരെ കൂടി ആശ്രയിച്ചാവും. ബിജെപി വലിയ വായയിൽ പറയാറുള്ള 'നാരീ ശക്തി'യുടെ യഥാർത്ഥ ചൂട് സുനിതയിലൂടെയും കല്പനയിലൂടെയും ബിജെപി മനസ്സിലാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com