ആംആദ്മി തലസ്ഥാനത്ത് ജീവൻ മരണ പോരാട്ടത്തിൽ; പാർട്ടി എംപി ലണ്ടനിൽ എന്തെടുക്കുകയാണ് ?

നാഥനില്ലാത്ത കപ്പലായി ആം ആദ്മി പാളയം ആടി ഉലയവെ സ്വാഭാവികമായും ഉയർന്ന ഒരു ചോദ്യമാണ് പാർട്ടിയുടെ രാജ്യസഭ എംപി രാഘവ് ഛദ്ദ എവിടെ എന്നത് ?
ആംആദ്മി  തലസ്ഥാനത്ത് ജീവൻ മരണ പോരാട്ടത്തിൽ; പാർട്ടി എംപി ലണ്ടനിൽ എന്തെടുക്കുകയാണ് ?

രാജ്യം വരും ദിവസങ്ങളിൽ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ പത്ത് വർഷമായി കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപിയുടെ നേത്രത്വത്തിലുള്ള എൻഡിഎ സഖ്യം മോദി ഗ്യാരണ്ടിയിൽ മൂന്നാമതും അധികാരത്തിലേറാൻ പണി പതിനെട്ടും പയറ്റുകയാണ്. മറുവശത്ത് വെല്ലുവിളികൾക്കും ഭിന്നതകൾക്കുമിടയിലും പ്രതിപക്ഷ സഖ്യം രൂപീകരിച്ച് കോൺഗ്രസടക്കമുള്ള കക്ഷികൾ അതിജീവനത്തിൻ്റെ വഴിയിലാണ്. കോൺഗ്രസിനെ പോലെ തന്നെ ഒരു ഡെഡ് എൻഡ് മത്സരമാണ് ആംആദ്മിക്കും ഈ ലോകസഭ തിരഞ്ഞെടുപ്പ്. ഇൻഡ്യ മുന്നണിയിൽ നിന്ന് ആദ്യം വിട്ട് നിന്ന ആംആദ്മിക്കും കെജ്‌രിവാളിനുമാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഏകീകരണത്തിന്റെ ഗുണം കൂടുതലുണ്ടായത്.

ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ ഇഡി അറസ്റ്റിലാവുകയും തലസ്ഥാനത്ത് പാർട്ടി വലിയ ഒരു പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ രാം ലീല മൈതാനത്ത് പ്രതിഷേധ മഹാറാലി നടന്നു. സുനിത കെജ്‌രിവാൾ പാർട്ടിക്കും കെജ്‌രിവാളിനും വേണ്ടി ആ മഹാറാലിയെ അഭിസംബോധന ചെയ്തു. അതിന് മുമ്പുള്ള ദിവസങ്ങളിലും ശേഷവും അതിഷി മർലേന അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ആംആദ്മി പ്രവർത്തകരുടെ വലിയ പ്രതിഷേധം തലസ്ഥാനത്ത് നടന്നിരുന്നു. എന്നാൽ കേന്ദ്ര സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ആപ് നേതാക്കളെ ബിജെപി പ്രതിരോധിച്ചു.

അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

പഞാബിലെയും ഡൽഹിയിലെയും എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം വരെയുണ്ടായി. കൂടുതൽ അറസ്റ്റുകളുണ്ടായി. കോടതിയിൽ നിന്നും തിരിച്ചടികൾ നേരിട്ടു. ഈ ലോകസഭ തിരഞ്ഞെടുപ്പോടെ തങ്ങളുടെ പാർട്ടിയെ പഞ്ചാബ്, ഡൽഹിയിൽ നിന്ന് ഹരിയാന, ഡൽഹി, ഗോവ, തുടങ്ങി സംസ്ഥാനങ്ങളിലേക്കും വലിയ രീതിയിൽ വ്യാപിക്കാൻ അണിയറയിൽ ശ്രമം നടക്കവേയാണ് ആപിന്റെ വേരടക്കം പിഴുതെറിയാനുള്ള ശ്രമമുണ്ടാകുന്നത്. പത്ത് വർഷം ഭരണം നടത്തിയിട്ടും മൂക്കിൻ തുമ്പത്തുള്ള ഡൽഹി പിടിച്ചെടുക്കാൻ പറ്റാത്തതിലുള്ള മനോവിഷമം രാഷ്ട്രപതി ഭരണം കൊണ്ട് വന്നെങ്കിലും തീർക്കുമെന്ന വാശിയിലാണ് ബിജെപി.

മനീഷ് സിസോദിയ
മനീഷ് സിസോദിയ

ആംആദ്മി അതിന്റെ ആരംഭ ഘട്ടം മുതൽ ഇത് വരെയും ഇങ്ങനെയൊരു അസ്തിത്വ പ്രതിസന്ധി നേരിട്ടിട്ടില്ല. പാർട്ടിയുടെ അടിത്തറയും മേൽക്കൂരയുമെല്ലാമായ കെജ്‌രിവാളും പാർട്ടിയിൽ രണ്ടാമനായ മനീഷ് സിസോദിയയും ജയിലിലാണ്. എംപിയായിരുന്ന സഞ്ജയ് സിങ്ങിന് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയത് മാത്രമാണ് ആശ്വാസം. അതിനിടയിൽ പ്രതിസന്ധി ഘട്ടത്തിൽ മുന്നോട്ട് വന്നു വന്ന് പ്രതിരോധിച്ച അതിഷിയ്ക്കും നോട്ടീസ് വന്നു. നാഥനില്ലാത്ത കപ്പലായി ആം ആദ്മി പാളയം ആടി ഉലയവെ സ്വാഭാവികമായും ഉയർന്ന ഒരു ചോദ്യമാണ് പാർട്ടിയുടെ രാജ്യസഭ എംപി രാഘവ് ഛദ്ദ എവിടെ എന്നത് ?

സഞ്ജയ് സിങ്
സഞ്ജയ് സിങ്

രാഘവ് ഛദ്ദയുടെ അസാന്നിധ്യം ഡൽഹി മദ്യനയ കേസിൽ ആപിന്റെ പങ്കിനെ വ്യക്തമാക്കുന്നു എന്ന് ബിജെപി പറയുന്നു. രാജ്യസഭ എംപി എവിടെ എന്ന ചോദ്യം പ്രധാനമായി ഉന്നയിക്കുന്നത് ബിജെപിയാണെങ്കിലും അങ്ങനെയൊരു ചോദ്യം പ്രതിപക്ഷ സഖ്യ കക്ഷികൾകുള്ളിലുമുണ്ട്. പരസ്യമായി അങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നിലെന്ന് മാത്രം. അപകട ഘട്ടത്തിൽ സഖ്യ കക്ഷിയെ പ്രതിരോധത്തിലാക്കേണ്ടതില്ല എന്നതായിരിക്കും നയം.

രാഘവ് ഛദ്ദ എവിടെയാണ് ?

രാഘവ് ഛദ്ദ ഉൾപ്പെടെ നാല് എഎപി നേതാക്കളെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി മന്ത്രി അതീഷി ചൊവ്വാഴ്ച വെളിപ്പെടുത്തയതോടെയാണ് ചദ്ദയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായിരിക്കുന്നത്. മാർച്ച് തുടക്കത്തിൽ കാഴ്ചയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്ക് ലണ്ടനിലേക്ക് പോയ രാഘവ് ഛദ്ദ ഇത് വരെയും തിരിച്ചുവന്നിട്ടില്ല. ആഴ്ച്ചകൾക്ക് മുമ്പ് തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നാണ് ചില വൃത്തങ്ങൾ പറയുന്നത്. അതിനിടയിൽ ലണ്ടനിൽ വെച്ച് നടന്ന ചില പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഈ പരിപാടിയിലൊക്കെയും അദ്ദേഹത്തിൻെറ ഭാര്യയും ബോളിവുഡ് നടിയുമായ പരിനീതി ചോപ്രയുമുണ്ടായിരുന്നു. അതിനിടയിൽ ഖാലിസ്ഥാൻ വിവാദം കൊണ്ട് വന്ന യുകെ എംപി പ്രീത് കൗർ ഗില്ലുമായി രാഘവ് ഛദ്ദ കൂടിക്കാഴ്ച്ചയും നടത്തിയതും വാർത്തയായിരുന്നു. രാഘവ് ഛദ്ദ ഇന്ത്യക്കെതിരെ നിരന്തരം സംസാരിക്കുന്ന പ്രീത് കൗറുമായി രാജ്യവിരുദ്ധ ചർച്ച നടത്തുന്നുവെന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ അതിനോട് പ്രതികരിച്ചത്.

രാഘവ് ഛദ്ദ, ഭാര്യ  പ്രീത് കൌർ
രാഘവ് ഛദ്ദ, ഭാര്യ പ്രീത് കൌർ

മാർച്ച് 20 ന്, ഹൗസ് ഓഫ് കോമൺസിൽ ലണ്ടൻ പ്രധാനമന്ത്രിയുടെ ചോദ്യോത്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ഭാര്യയോടൊപ്പം ഛദ്ദ വെസ്റ്റ്മിനിസ്റ്റർ കൊട്ടാരം സന്ദർശിച്ചു. ശേഷം മാർച്ചവസാനം നടന്ന മഹാറാലിയുടെ ചിത്രങ്ങളും സുനിതാ കെജ്‌രിവാളിന്റെ സന്ദേശങ്ങളും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. സഞ്ജയ് സിങ് ജയിലിൽ നിന്ന് പുറത്ത് വന്ന ഏപ്രിൽ 2 ന് വിഷയവുമായി ബന്ധപ്പെട്ട പ്രതികരണവും അദ്ദേഹം കുറിച്ചു, എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നില്ലേയെന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മൗനം പാലിച്ചു.

രാഘവ് ഛദ്ദ അറസ്റ്റിനെ ഭയക്കുന്നുണ്ടോ?

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോഴും പിന്നീട് പാർട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചപ്പോഴുമുള്ള ഛദ്ദയുടെ അസാന്നിധ്യം ഇങ്ങനെയൊരു ചോദ്യത്തിലേക്ക് പലരെയും നയിക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങി നേതാക്കൾ ആ സമയത്ത് ജയിലിലാണെന്നിരിക്കെ പുറത്തുള്ള ഏറ്റവും മുതിർന്ന നേതാവായിരുന്നു ഛദ്ദ. പക്ഷെ പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിക്കാനുള്ള ധൈര്യം ഛദ്ദ കാണിച്ചില്ല. പകരം അതീഷിയ്ക്ക് ആ റോൾ നിർവഹിക്കേണ്ടി വന്നു.

അതീഷി
അതീഷി

ഡൽഹി മദ്യനയ കേസിൽ ഇഡി പട്ടികയിൽ ഉൾപ്പെട്ട ആൾ കൂടിയാണെന്ന വസ്തുത നിലനിൽക്കെ രാജ്യത്തേക്കുള്ള തിരിച്ചുവരവ് അറസ്റ്റിലേക്ക് നയിച്ചേക്കും എന്ന് ഛദ്ദ ഭയപ്പെടുന്നുണ്ടോ? എന്തായാലും ഛദ്ദ ലണ്ടനിൽ തുടരുന്നത് അതുകൊണ്ടാണെന്ന് വിലയിരുത്തലുകളുണ്ട്. ഏപ്രിൽ 2 ന് അതീഷി നടത്തിയ വാർത്ത സമ്മേളനത്തിലും ഛദ്ദയെ പരാമർശിച്ചിരുന്നു. താനും ഛദ്ദയും അടക്കം നാല് ആപ് നേതാക്കളെ ഇഡി അറസ്റ്റ് ചെയ്യാനൊരുങ്ങുന്നുവെന്നും അറസ്റ്റ് തടയാൻ ബിജെപിയിൽ ചേരാൻ പ്രമുഖ ബിജെപി നേതാവ് നിർദേശിച്ചതായും അന്ന് അവർ പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

അമിത് മാളവ്യ
അമിത് മാളവ്യ

ഏതായാലും ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ വെല്ലുവിളിയാണ് ആംആദ്മിക്ക് മുന്നിലുള്ളത്. പ്രമുഖ നേതാക്കളെല്ലാം ജയിലിലും ഇഡി റെയ്ഡിലും വിദേശത്തുമൊക്കെയായി തുടരുമ്പോൾ തങ്ങൾക്ക് സ്വാധീനമുള്ള ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും ഗുജറാത്തിലും ഗോവയിലുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണം ആര് നടത്തും എന്ന ചോദ്യമുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിനപ്പുറം ഈ പ്രതിസന്ധി 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന ഭയം ആപ് ക്യാമ്പിലുണ്ട്. അതിനെ നേരിടാനുള്ള ആയുധം തത്കാലം ആം ആദ്മിയുടെ കയ്യിലുമില്ല എന്നതാണ് വാസ്തവം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com