അമേരിക്കയുടെ ആശങ്ക, നെഹ്‌റുവിന്റെ പിന്തുണ; ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്ററ് സർക്കാരിന് 67 വയസ്സ്

ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിൽ തന്നെ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നത് 67 വർഷങ്ങൾക്കപ്പുറം ഇതുപോലെയൊരു ഏപ്രിൽ 5 ന് ഇഎംസിന്റെ നേത്രത്വത്തിൽ കേരളത്തിലായിരുന്നു
അമേരിക്കയുടെ ആശങ്ക, നെഹ്‌റുവിന്റെ പിന്തുണ;
ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്ററ് സർക്കാരിന് 67 വയസ്സ്

ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിൽ തന്നെ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നത് 67 വർഷങ്ങൾക്കപ്പുറം ഇത് പോലൊരു ഏപ്രിൽ 5നാണ്. ഐക്യ കേരളം രൂപപ്പെട്ടതിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അത് കേരളത്തിന്റെ മാത്രമല്ല ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ തന്നെ പ്രധാന നാഴികക്കല്ലായി മാറി. ലോകത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് പാർലമെന്ററി രാഷ്ട്രീയത്തിലൂടെ അധികാരം പിടിച്ച് കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാതൃകയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന 1957 എന്ന വർഷം ഇന്ത്യൻ രാഷ്ട്രീയത്തിലും സുപ്രധാന വർഷമായിരുന്നു.

നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യകളുമായി ചുറ്റപ്പെട്ടിരുന്ന അന്നത്തെ കേരളം കുറച്ച് കൂടി ആദ്യ കാലങ്ങളിൽ ഇടപ്പെട്ടിരുന്നത് കോൺഗ്രസ് ആശയധാരയോടായിരുന്നു. എന്നാൽ കാലക്രമേണ ജൈവികമായി കേരളത്തിൽ ഉയർന്നുവന്ന സാമൂഹിക മുന്നേറ്റങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ഉദയം നൽകി. 1930കളിലേക്കെത്തുമ്പോൾ ജാതി വിവേചനങ്ങളെ എതിർക്കുന്ന സമത്വ ആശയമായും, മുതലാളിത്ത ചൂഷണങ്ങളെ പ്രതിരോധിക്കുന്ന വർഗ ബോധമായും ഈ ആശയത്തിന് വേരോട്ടമുണ്ടായി. അക്കാലങ്ങളിൽ യൂറോപ്പിലും മറ്റും നടന്ന കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും ഇതിനെ സഹായിച്ചു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് കേരളത്തിലെ ജനങ്ങൾ ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണമായി ചരിത്രകാരൻ റോബിൻ ജെഫ്രി പറയുന്നത് അത് വരെ നിലനിന്നിരുന്ന സാമൂഹികാവസ്ഥയുടെ തകർച്ചയാണ്. ഒരു രാഷ്ട്രീയ ആശയം എന്നതിനപ്പുറം ഒരു ജീവിതാശയമായിട്ടാണ് അത് രൂപാന്തരപ്പെടുന്നത്. ജാതി വിവേചനം, തൊഴിൽ വിവേചനം തുടങ്ങിയവ നേരിട്ടിരുന്ന അക്കാലത്ത് അന്യവൽക്കരിക്കപ്പെട്ട മനുഷ്യരിലെ പ്രത്യയ ശാസ്ത്ര വിടവ് നികത്തുകയായിരുന്നു കമ്മ്യൂണിസ്റ്റ് ആശയം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മധ്യവർഗ്ഗത്തിന്റെ കൂടി പാർട്ടിയായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികൾക്കിടയിലും അവർണ്ണർ എന്ന് മുദ്ര കുത്തപ്പെട്ടവരിലേക്കും പരന്നു. അതുവരെയും ജന്മിയുടെ ഭൂമിയിൽ വയർ നിറയാനുള്ള നെല്ലിന് മാത്രം പണിയെടുത്തിരുന്ന മനുഷ്യർക്കിടയിൽ സാമൂഹിക നീതിയെ കുറിച്ചും സാമ്പത്തിക അസമത്വത്തെ കുറിച്ചും ചിന്തകൾ മുളയ്ക്കുന്നതും അങ്ങനെയാണ്.

ഇഎംഎസ് നമ്പൂതിരിപ്പാട്
ഇഎംഎസ് നമ്പൂതിരിപ്പാട്

1930 കളിൽ മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹവുമായി മുന്നോട്ടിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് കെ കേളപ്പനോടപ്പം കോഴിക്കോട്ടേക്ക് ഉപ്പ് കുറുക്കാൻ പുറപ്പെട്ട സംഘത്തിൽ സോഷ്യലിസ്ററ് നേതാക്കളുമുണ്ടായിരുന്നു. അങ്ങനെ ഇ എം എസ് അടക്കമുള്ള നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാരെ നേരിടുന്നതിൽ കോൺഗ്രസ് ആശയധാരയുടെ പരിമിതികൾ ചൂണ്ടിക്കാട്ടി അന്ന് കെപിസിസിയിൽ തന്നെയുണ്ടായിരുന്ന ചില നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. ജയിലിൽ വെച്ച് സോഷ്യലിസ്റ്റ് ആശയധാരയിലുള്ള പുസ്തകം വിവർത്തനം ചെയ്തും ജനങ്ങളിലേക്ക് എത്തിച്ചും അതിന് പ്രചാരം നൽകി. കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ദേശീയ സ്വതന്ത്ര പോരാട്ടത്തെ സാമൂഹിക വിപ്ലവം കൂടിയാക്കി മാറ്റാനായിരുന്നു ശ്രമം. അങ്ങനെയാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേരിട്ടുള്ള വളർച്ചയുണ്ടാകുന്നത്.

കോൺഗ്രസിലെ ഈ സോഷ്യലിസ്റ്റ് വിഭാഗം തൊഴിലാളികൾക്കിടയിലും താഴ്ന്ന ജാതിക്കാർക്കിടയിലും വലിയ സ്വാധീനമുണ്ടാക്കി. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമുള്ള നാട്ടുഭരണത്തിനെതിരെയും ജന്മിമാർക്കെതിരെയും പ്രതികരിച്ചു തുടങ്ങി. ശേഷം 1940 കളോടെ കോൺഗ്രസിലെ ഈ സോഷ്യലിസ്റ്റ് വിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയായി മാറി. പി കൃഷ്ണപിള്ള, കെ ദാമോദരൻ, എൻ സി ശേഖർ, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന നേതാക്കൾ. ഇത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു.

'ഞാൻ ഒരു കോൺഗ്രസുകാരനിൽ നിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റായും കോൺഗ്രസ് സോഷ്യലിസ്റ്റിൽ നിന്ന് കമ്മ്യൂണിസ്റ്റായും മാറിയത് പ്രായോഗിക അനുഭവങ്ങളിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയുമായിരുന്നു' എന്ന് ഇ എം എസ് പിന്നീട് അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1939 ലെ രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്ത് പലയിടങ്ങളിലും തൊഴിലാളികളുടെയും യുവജനങ്ങളുടെയും കർഷകരുടെയും ദരിദ്ര മനുഷ്യരുടെയും നേതൃത്വത്തിൽ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ ശക്തമായപ്പോൾ കേരളത്തിൽ ഭൂമി , കൂലി , തൊഴിൽ തുടങ്ങിയവയിൽ സമത്വം വേണമെന്ന ആവശ്യവുമായി കേരളത്തിലും സമരങ്ങൾ നടന്നു. കുടിയാൻമാർക്കും അടിയാന്മാർക്കും ഭൂമിയുടെ അവകാശം നൽകുക എന്നായിരുന്നു പ്രധാന ആവശ്യം. തൊഴിലാളി യൂണിയനുകളുണ്ടാകുന്നതും അക്കാലത്താണ്. കലാസാംസ്കാരിക വേദികളും സാഹിത്യ സൃഷ്ടികളും പൊതുമണ്ഡലത്തിലേക്ക് ഈ ആശയത്തെ കൊണ്ട് വന്നു. നാടകവും പ്രഭാഷണവും ലഘുലേഖകളും അതിനെ വിപുലീകരിച്ചു .

ഇഎംഎസ് നമ്പൂതിരിപ്പാടും നെഹ്‌റുവും ഒരുമിച്ചുള്ള ചിത്രം
ഇഎംഎസ് നമ്പൂതിരിപ്പാടും നെഹ്‌റുവും ഒരുമിച്ചുള്ള ചിത്രം

1947 ൽ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ഒരു ദശാബ്ദക്കാലം കേരളത്തില്‍ തിരുവിതാംകൂർ, കൊച്ചി, മലബാർ തുടങ്ങി വ്യത്യസ്തത ഭൂപ്രദേശങ്ങളായി ഹ്രസ്വകാല ഭരണങ്ങൾ നടന്നു. കൂറുമാറ്റവും ലയനങ്ങളുമായി അസ്ഥിരപ്പെട്ട ഈ ഭരണ സംവിധാനത്തിൽ നിന്നും മാറി സ്ഥിരമായ ഒരു സംവിധാനത്തിലേക്ക് മാറണമെന്ന ആവശ്യം രാഷ്ട്രീയ നേതാക്കൾ ഉയർത്തി. അസ്ഥിരമായ ഭരണത്തിന് കീഴിൽ ജനങ്ങളും അസന്തുഷ്ടരായിരുന്നു. ഐക്യ കേരളം എന്ന ആശയം രൂപപ്പെടുന്നതും അങ്ങനെയാണ്.

സംസ്ഥാന രൂപീകരണം കമ്മൂണിസ്റ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കി. സംസ്ഥാനത്ത് സാധാരണ ഭരണം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി 1957 ഫെബ്രുവരിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 126 അസംബ്ലി മണ്ഡലങ്ങളിൽ 100 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചിരുന്നത്. 126 ൽ 60 സീറ്റ് സ്വന്തമാക്കിയ സിപിഐയ്ക്ക് 5 സ്വതന്ത്രർ കൂടി പിന്തുണ പ്രഖ്യാപിച്ചു. 1957 ഏപ്രിൽ 5ന് ഇ എം എസ് നമ്പൂതിരിപ്പാട് ഏഷ്യയിൽ തന്നെ ആദ്യ കമ്മ്യൂണിസ്ററ് സർക്കാറിന് രൂപം നൽകി ചരിത്രം സൃഷ്ടിച്ചു. അമേരിക്കയും യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങളും ആശങ്കയറിയിച്ചു. പക്ഷേ സോഷ്യലിസ്റ്റ് നിലപാടുള്ള പ്രധാന മന്ത്രി നെഹ്‌റു സംസ്ഥാന സർക്കാരിനോട് അനുകൂല നിലപാടെടുത്തു. ഭരണഘടനയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ ഇ എം എസ് നെഹ്‌റുവിന് ഉറപ്പ് നൽകി.

സ്വാതന്ത്ര്യം കിട്ടിയ 1947ന് ശേഷം പല കാലങ്ങളിൽ തിരുവിതാംകൂറും കൊച്ചിയും മലബാറും കോൺഗ്രസ് ഭരിച്ചിട്ടും ഒരു സ്ഥിരതയുള്ള ഭരണം നടത്താൻ സാധിച്ചിരുന്നില്ല. അവിടെ കുറച്ചും കൂടി മെച്ചപ്പെട്ട സ്ഥിരതയുള്ള ബദൽ കേരള ജനത ആഗ്രഹിച്ചിരുന്നു. തുടർന്നുള്ള കാലങ്ങളിൽ രാജ്യത്ത് കോൺഗ്രസിനെ മറികടക്കാൻ പാകത്തിലുള്ള ബദൽ ആയില്ലെങ്കിൽ കൂടി ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, തൊഴിൽ നയങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ കേരളത്തിൽ ഇ എം എസ് സർക്കാരിന് കഴിഞ്ഞു.

നിലവിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി മുഖ്യമന്ത്രി പിണറായി വിജയൻ
നിലവിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി മുഖ്യമന്ത്രി പിണറായി വിജയൻ

തുടർന്നുള്ള വർഷങ്ങളിൽ പശ്ചിമ ബംഗാൾ തുടങ്ങി സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാൻ കേരളത്തിലെ ആദ്യ വിജയം സഹായിച്ചു. പിന്നീട് 1959 ൽ സർക്കാർ പിരിച്ചു വിടപ്പെട്ട് പകരം കോൺഗ്രസ് 1960 ൽ അധികാരത്തിൽ വന്നെങ്കിലും 1967 ൽ 1957 ലെ വീഴ്ചകൾ തിരുത്തി ഇ എം എസ് സർക്കാർ വീണ്ടും അധികാരത്തിലേറി. പുതിയ ഒരു പൊതുതിരഞ്ഞെടുപ്പിനെ കൂടി രാജ്യം അഭിമുഖീകരിക്കുന്ന ഈ വേളയിൽ ബാലറ്റിലൂടെ വോട്ട് ചോദിച്ച് ഭരണം നേടിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന് 67 വയസ്സാവുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com