ദുർമന്ത്രവാദത്തിൻ്റെ പിടിയിൽ ബുരാരിയിൽ അന്ന് 11 മരണം; ഇന്ന് അരുണാചലിൽ മൂന്ന് മലയാളികൾ?

കേരളത്തിൽ നിന്നും കൂട്ടമരണത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുമ്പോൾ ബുരാരി കേസ് ഓര്‍മിക്കപ്പെടുന്നുവെന്ന് മാത്രം...
ദുർമന്ത്രവാദത്തിൻ്റെ പിടിയിൽ ബുരാരിയിൽ അന്ന് 11 മരണം; ഇന്ന് അരുണാചലിൽ മൂന്ന് മലയാളികൾ?

തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വാർത്തയ്ക്കുപിന്നാലെ ദുരൂഹത നിറഞ്ഞ ഒട്ടേറെക്കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മൂവരുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ മരണ വാർത്ത പുറത്തുവന്നപ്പോൾ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു കേസ് കൂടി വീണ്ടും ഓർമിക്കപ്പെടുകയാണ്. 'ബുരാരിയിലെ കൂട്ട മരണങ്ങൾ'. 2018 ജൂലൈ ഒന്നിന് ഒരു കുടുംബത്തിലെ 11 പേർ ആത്മഹത്യ ചെയ്തുവെന്ന ഞെട്ടിക്കുന്ന വാർത്തകേട്ടാണ് രാജ്യം ഉണർന്നത്. 75 വയസുകാരി നാരായണി ഭാട്ടിയ, അവരുടെ മക്കളായ ലളിത് (42), ഭൂപി (46), പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ തൊഹാനയില്‍ നിന്ന് വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലെത്തിയ കുടുംബമായിരുന്നു ഇത്.

നാരായണിയുടെ ഇളയ മകനായ ലളിത് വർഷങ്ങൾക്കു മുൻപു മരിച്ച പിതാവിനോട് സംസാരിക്കാറുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിചിത്രമായ ഡയറിക്കുറിപ്പുകളാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്. 2007ൽ മരിച്ച പിതാവ് ഭോപ്പാൽ സിംഗ് തന്നോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും മുഴുവൻ കുടുംബത്തിനും പ്രയോജനപ്പെടുന്ന ചില ആചാരങ്ങൾ അനുഷ്ഠിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ലളിത് ഉറച്ചു വിശ്വസിച്ചിരുന്നതായി ഡയറിക്കുറിപ്പുകൾ സൂചിപ്പിക്കുന്നു. ഇളയ മകന്‍ ലളിതിലൂടെ ഭോപ്പാൽ സിംഗ് തങ്ങളോട് സംവദിക്കുന്നുവെന്ന് ഭാട്ട്യ കുടുംബം വിശ്വസിച്ചു. അങ്ങനെ അച്ഛൻ പറയുന്നത് പോലെ അവര്‍ എല്ലാം ചെയ്തു. മരിക്കുന്നതിന് മുൻപുള്ള പതിനൊന്ന് വർഷങ്ങൾ അവർ ഈ ഡയറിക്കുറിപ്പുകളിലെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ജീവിച്ചിരുന്നത് എന്നതാണ് ഏറ്റവും സ്തോഭജനകമായത്. മരിച്ചുപോയ അച്ഛൻ ലളിതിനോട് സ്വപ്നത്തിൽ പറയുന്ന കാര്യങ്ങളാണ് ഡയറിക്കുറിപ്പിൽ നിർദ്ദേശങ്ങളായി മാറിയത്.

പതിനൊന്ന് ഡയറികളും നോട്ട്ബുക്കുകളുമാണ് അവിടെ നിന്ന് കണ്ടെത്തിയത്. അച്ഛൻ സ്വപ്നത്തിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, തന്റെ കുടുംബാംഗങ്ങൾ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും ആ ഡയറിക്കുറിപ്പുകൾ നിർദ്ദേശിച്ചു. കുടുംബത്തിന് ആ വാക്കുകളായിരുന്നു നിയമം. അതുകൊണ്ടുതന്നെ അതിനെ ചോദ്യം ചെയ്യാനോ ലംഘിക്കാനോ ആർക്കും ധൈര്യവുമുണ്ടായില്ല. ലളിതിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന അച്ഛൻ കുടുംബത്തിലെ പതിനൊന്ന് പേരും ചെയ്യേണ്ട കടമകളും, ദൈന്യംദിന കർത്തവ്യങ്ങളും വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ അച്ഛന്റെ നിർദ്ദേശപ്രകാരമാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കരുതുന്നു.

ആത്മഹത്യ നടക്കുന്നതിന് ഏഴു ദിവസം മുമ്പ് തന്നെ ആത്മാവിനെ സ്വതന്ത്രമാക്കുന്ന 'ബാധ് തപസ്യ'(ആല്‍മര ആരാധന) ചടങ്ങ് ആരംഭിച്ചിരുന്നുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്. എങ്ങനെയാണ് ചടങ്ങുകള്‍ നടത്തേണ്ടത്, ഇതിനിടെ വീട്ടില്‍ മറ്റാരെങ്കിലും വന്നാല്‍ എന്തു ചെയ്യണം, ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മയുടെ മരണം എങ്ങനെയാകണം, മറ്റുള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടതെങ്ങനെ എന്നതുള്‍പ്പടെ ഡയറിയില്‍ വിവരിച്ചിരുന്നു. ചടങ്ങ് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും, അവസാന ദിവസം പിതാവ് തങ്ങളെ കാണാന്‍ നേരിട്ടെത്തുമെന്നുമായിരുന്നു കുടുംബത്തിന്റെ അന്ധമായ വിശ്വാസം. അയൽക്കാരുമായി വളരെ നല്ല ബന്ധത്തിലായിരുന്ന ഇവർ പക്ഷേ ഈ കാര്യങ്ങൾ ഒന്നും മൂന്നാമതൊരാളോട് പങ്കുവെച്ചിരുന്നില്ല. 12 വയസ്സുകാരനായ ഇളയ കുട്ടി പോലും ആരോടും ഇതേ കുറിച്ച് മിണ്ടിയിട്ടില്ല എന്നതാണ് അത്ഭുതകരമായ മറ്റൊരു വസ്തുത. അത്രത്തോളം ഈ കുടുംബത്തെ 'അച്ഛൻ' സ്വാധീനിച്ചു എന്നതാണ് യാഥാർഥ്യമെന്ന് നമുക്കിതിനെ വായിക്കാം.

അന്വേഷണത്തിനിടെ ഇവരുടെ വീട്ടിൽ 11 ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ചത് പൊലീസിനെ ചില്ലറയൊന്നുമല്ല കുഴപ്പിച്ചത്. മുൻവാതിലിന് മുകളിലുള്ള അഴികളും പതിനൊന്ന്. എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ഡയറിയിൽ വിശദമായി വിവരിച്ചിരുന്നു. അവർ ആത്മഹത്യ ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. പത്ത് മൃതദേഹങ്ങൾ കയറിൽ തൂങ്ങിയും, മൂത്ത കുടുംബാംഗം നാരായണി മുറിയുടെ മൂലയിൽ കഴുത്തിൽ തുണികെട്ടിയ നിലയിലുമാണ് കിടന്നിരുന്നത്. അവരുടെ കണ്ണുകൾ മൂടിയിരുന്നു. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെയുള്ള ബാക്കിയുള്ളവർ കഴുത്തിൽ തുണി ചുറ്റിയിരുന്നു. വായിൽ ടേപ്പ് ഒട്ടിച്ചിരുന്നു. കൈകൾ കേബിളുകൊണ്ട് കെട്ടിയും, ചെവിയിൽ പഞ്ഞി തിരുകിയുമാണ് ഇവർ ആത്മഹത്യ ചെയ്തത്. ശ്വാസംമുട്ടുന്ന നിമിഷം അച്ഛനെ കാണുമെന്നും അയാൾ അവരെ രക്ഷിക്കുമെന്നും കുടുംബം വിശ്വസിച്ചു. എന്നാൽ എല്ലാവരും ഒരുപോലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷെയേർഡ് സൈക്കോസിസ് എന്ന പ്രത്യേക മാനസികാവസ്ഥയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അവരുടെ നേതാവിന്റെ കൽപന അക്ഷരം പ്രതി അനുസരിക്കുന്ന ഒരു മാനസികാവസ്ഥയാണിത്. അവർ അയാളെ നിരുപാധികമായി വിശ്വസിക്കുന്നു. എല്ലാ പ്രശ്നങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ അയാൾക്ക് സാധിക്കുമെന്ന് അവർ അടിയുറച്ച് വിശ്വസിക്കുന്നു. ഈ സംഭവത്തിൽ ആ റോളിലെത്തിയത് ലളിത് ആയിരുന്നു. അത്രയേറെ വിദ്യാസമ്പന്നരായിട്ടും ലളിതിനെയും കുടുംബത്തെയും മരണം കവർന്നെടുത്തു. വിദ്യാഭ്യാസനിലവാരത്തിലും പുരോഗമന ചിന്തിയിലും മുന്നിൽ നിൽക്കുകയും അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ അവബോധം പുലർത്തുകയും ചെയ്യുന്ന സമൂഹമെന്നാണ് പൊതുവെ കേരളീയ സമൂഹം വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ മലയാളികൾ ദുർമന്ത്രവാദത്തിന് പിന്നാലെ പോയി ദുരൂഹമരണം വരിക്കുന്നത് ഏറെ ഞെട്ടിക്കുന്നതാണ്. വിശേഷിച്ചും മരണത്തെ വരിച്ചവരിൽ രണ്ട് പേർ ആയൂർവേദ ഡോക്ടർമാരും ഒരാൾ അധ്യാപികയുമാണ്. അതിനാൽ തന്നെ ഹിമാചലിൽ മലയാളികൾ ഈ നിലയിൽ കൂട്ടമരണത്തിന് ഇരയായി എന്ന് കേൾക്കുമ്പോൾ ബുരാരി കേസ് ഓര്‍മിക്കപ്പെടുന്നുവെന്ന് മാത്രം..

Related Stories

No stories found.
logo
Reporter Live
www.reporterlive.com