തമിഴ്നാട്ടിൽ നങ്കൂരമിടാൻ കച്ചൈത്തീവ് പിടിവള്ളിയാക്കി നരേന്ദ്ര മോദി; എന്തുകൊണ്ട് ചർച്ചയാകുന്നു?

മത്സ്യത്തൊഴിലാളികൾക്ക് സ്വാധീനമുള്ള രാമനാഥപുരത്ത് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് ലക്ഷ്യമിട്ട് കച്ചൈത്തീവ് വിഷയം ഉന്നയിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
തമിഴ്നാട്ടിൽ നങ്കൂരമിടാൻ കച്ചൈത്തീവ് പിടിവള്ളിയാക്കി നരേന്ദ്ര മോദി; എന്തുകൊണ്ട് ചർച്ചയാകുന്നു?

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരവേ കച്ചൈത്തീവ് വിഷയം വീണ്ടും ചർച്ചയാവുകയാണ്. 1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ തീരുമാനമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ വിഷയം ചർച്ചയാക്കി ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്. തമിഴ്‌നാട് ഘടകം ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ഈ വിഷയത്തിൽ നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടി പിടിവള്ളിയാക്കിയാണ് ബിജെപിയുടെ പുതിയ നീക്കം.  പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങിയതോടെ കച്ചൈത്തീവ് വിഷയം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് സ്വാധീനമുള്ള രാമനാഥപുരത്ത് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് ലക്ഷ്യമിട്ട് കച്ചൈത്തീവ് വിഷയം ഉന്നയിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. എന്താണ് കച്ചൈത്തീവ് ദ്വീപിന്റെ പ്രത്യേകത? ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കച്ചൈത്തീവ് വലിയ ചർച്ചാവിഷയമായി മാറിയത് എന്തുകൊണ്ടാണ്?

കച്ചൈത്തീവ് ദ്വീപിനെക്കുറിച്ച്

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക് കടലിടുക്കിലെ 285 ഏക്കർ വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് കച്ചൈത്തീവ്. പതിനാലാം നൂറ്റാണ്ടിൽ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നാണ് ഈ ദ്വീപ് രൂപപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. രാമേശ്വരത്തിന് വടക്ക് കിഴക്കായി ഇന്ത്യൻ തീരത്ത് നിന്ന് 33 കിലോമീറ്ററും ശ്രീലങ്കയുടെ ജാഫ്നയിൽ നിന്ന് 62 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായി ശ്രീലങ്കയുടെ വടക്കേ അറ്റത്താണ് കച്ചൈത്തീവ് സ്ഥിതി ചെയ്യുന്നത്. കുടിവെള്ള സ്രോതസില്ലാത്തതിനാല്‍ സ്ഥിരതാമസത്തിന് കച്ചൈത്തീവ് അനുയോജ്യമല്ല. അതുകൊണ്ടുതന്നെ ദ്വീപിൽ ആൾവാസമില്ല. ഒരു കത്തോലിക്കാ പള്ളിയുണ്ട്. സെൻ്റ് ആൻ്റണീസ് പള്ളി. എല്ലാ വർഷവും ഫെബ്രുവരിയിലോ മാർച്ചിലോ നടക്കുന്ന പെരുന്നാളിന് ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ക്രിസ്ത്യാനികൾ ദ്വീപിലെ പള്ളി സന്ദർശിക്കാറുണ്ട്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാമേശ്വരത്ത് നിന്ന് 2500 ഇന്ത്യക്കാർ ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്.

ശ്രീലങ്കയുടെ ജാഫ്ന സാമ്രാജ്യത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു ഈ ദ്വീപെന്നാണ് ചരിത്രരേഖകൾ പറയുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന് നിയന്ത്രണം കൈമാറി. ബ്രിട്ടീഷ് ഭരണത്തിൽ ഇത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി. 1921-ൽ ബ്രിട്ടീഷ് കോളനികളായിരുന്ന ശ്രീലങ്കയും ഇന്ത്യയും കച്ചൈത്തീവിൽ അവകാശവാദമുന്നയിച്ചു. എന്നാൽ ദ്വീപിൻ്റെ ഉടമസ്ഥാവകാശം രാമനാട് രാജ്യത്തിനാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള ഒരു ബ്രിട്ടീഷ് പ്രതിനിധി ഇതിനെ വെല്ലുവിളിച്ചു. ഇരു രാജ്യങ്ങളും സ്വതന്ത്രമായ ശേഷവും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള തർക്കം തുടർന്നു. എന്നാല്‍ പിന്നീട് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശത്തിന് പകരമായി ദ്വീപിന്റെ മേലുള്ള അവകാശവാദം ഇന്ത്യ ഉപേക്ഷിച്ചു. ഇതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്.

തിരുനാള്‍ ദിനങ്ങളില്‍ മാത്രമാണ് ദ്വീപിൽ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നുമെത്തുന്ന വിശ്വാസികള്‍ സംയുക്തമായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. എന്നാൽ ശ്രീലങ്കന്‍ സേനയുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചതിനാൽ കച്ചൈത്തീവ് ദ്വീപിലെ അന്തോണീസ് പുണ്യാളന്റെ തിരുനാള്‍ ആഘോഷത്തിന് ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള തീർത്ഥാടകര്‍ക്ക് പോകാനായില്ല. ഇന്ത്യയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്യുന്ന സംഭവങ്ങള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് മീന്‍പിടിത്തക്കാരും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചത്. ഫെബ്രുവരി 23, 24 തീയതികളില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് തമിഴ്നാട്ടില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമായി 3500-ഓളം പേര്‍ രജിസ്റ്റര്‍ചെയ്തിരുന്നു. രാമേശ്വരത്തെ സെയ്ന്റ് ജോസഫ്സ് പള്ളി അധികാരികളാണ് തീർത്ഥാടനത്തിനുവേണ്ട സജ്ജീകരണങ്ങള്‍ നടത്തിയത്. പക്ഷേ, ബോട്ടുടമകളുടെ സമരം കാരണം തീർത്ഥാടനം ഉപേക്ഷിക്കുന്നതായി പള്ളി വികാരി പ്രഖ്യാപിക്കുകയായിരുന്നു.

എന്താണ് കരാര്‍?

1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള സമുദ്രാതിര്‍ത്തി തർക്കം പരിഹരിക്കാന്‍ ശ്രമിച്ചു. 'ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍' എന്നറിയപ്പെടുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കച്ചൈത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു. ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കച്ചൈത്തീവില്‍ വന്നുപോകാന്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റ് രേഖകളോ വേണ്ടതില്ലെന്ന് കരാറില്‍ തുടക്കത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതിന് പുറമേ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്നയിടങ്ങളില്‍ വന്ന് മീന്‍പിടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന നിബന്ധനയും ഉണ്ടായിരുന്നു. രാജ്യഭരണകാലത്തെ ചരിത്രപരമായ അവകാശത്തിന്റെ പിന്‍ബലത്തിലാണ് തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ ബോട്ടടുപ്പിക്കാനും വലയുണക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിന് കളമൊരുങ്ങിയത്.

എന്നാൽ പിന്നീടങ്ങോട്ട് സ്ഥിതി മാറി. 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റ് ഇല്ലാതെയായി. 1976 ജനുവരിയില്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും വിദേശകാര്യ സെക്രട്ടറിമാർ കച്ചൈത്തീവ് സംബന്ധിച്ച ഉടമ്പടിയിലെത്തി. അതോടെ ആദ്യത്തെ പല വ്യവസ്ഥകളും ഇല്ലാതെയായി. കച്ചൈത്തീവിന്റെ പടിഞ്ഞാറന്‍ തീരത്തിന് 1.6 കിലോമീറ്റര്‍ അകലെയായി ഇന്ത്യയുടേയും ശ്രീലങ്കയുടേയും സമുദ്രാതിര്‍ത്തി നിശ്ചയിക്കപ്പെട്ടു. ദ്വീപ് ഇതോടെ ലങ്കയുടെ അധീനതയിലായി. മത്സ്യബന്ധന അവകാശത്തിന്റെ പ്രശ്‌നം കരാറിലൂടെ പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ കച്ചൈത്തീവിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശം വിശ്രമിക്കുന്നതിനും, വല ഉണക്കുന്നതിനും, വിസയില്ലാതെ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയതായി ശ്രീലങ്ക പ്രഖ്യാപിച്ചു.

കാലക്രമേണ വീണ്ടും സ്ഥിതി ഗതി മാറി. അതിന് ശ്രീലങ്കയുടെ ആഭ്യന്തര സംഘർഷങ്ങളുമായും ബന്ധമുണ്ടായിരുന്നു. ശ്രീലങ്ക സമുദ്രപ്രതിരോധം ശക്തമാക്കുകയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന പതിവായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്യാന്‍ തുടങ്ങി. അവരുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നിരന്തരം ശ്രീലങ്കൻ സേന പിടികൂടുന്നത് പ്രശ്നങ്ങൾക്കിടയാക്കി. ഇതിനിടെ തമിഴ്‌നാട് സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്ന പരാതി ഉയർന്നു. പിന്നാലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് 1991ല്‍ തമിഴ്നാട് നിയമസഭ വീണ്ടും കച്ചൈത്തീവ് വീണ്ടെടുക്കാനും തമിഴ് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു.

ഭരണഘടനാ ഭേദഗതിയില്ലാതെ മറ്റൊരു രാജ്യത്തിന് കച്ചൈത്തീവ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2008-ല്‍ അന്ന് എഐഎഡിഎംകെ അധ്യക്ഷയായിരുന്ന ജയലളിത കോടതിയില്‍ ഹര്‍ജി നല്‍കി. 1974-ലെ കരാര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങളെയും ഉപജീവനത്തെയും ബാധിച്ചുവെന്ന് ഹര്‍ജിയില്‍ വാദിച്ചു. 2011-ല്‍ മുഖ്യമന്ത്രിയായ ശേഷം ജയലളിത സംസ്ഥാന നിയമസഭയില്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. 2012-ല്‍ ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തന്റെ ഹര്‍ജി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ വിഷയത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല.

ദ്വീപ് തിരിച്ചെടുക്കാന്‍ നയതന്ത്രശ്രമങ്ങള്‍ തുടങ്ങണമെന്ന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ലങ്കന്‍ പ്രസിഡൻ്റ് റെനില്‍ വിക്രമസിംഗെയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തടസ്സമില്ലാതെ മീന്‍പിടിക്കുന്നതിന് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ദ്വീപ് ഇന്ത്യയുടെ ഭാഗമാകേണ്ടതുണ്ടെന്നാണ് സ്റ്റാലിൻ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, കച്ചൈത്തീവിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ വലിയ മാറ്റമുണ്ടായിരുന്നില്ല.

എങ്ങനെയാണ് ഈ പ്രശ്നം വീണ്ടും ഉയർന്നത്?

കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്ത് എത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും 75 വര്‍ഷം ഇന്ത്യയുടെ താത്പര്യങ്ങളും ഐക്യവും കോണ്‍ഗ്രസ് തകര്‍ക്കുകയായിരുന്നെന്നുമായിരുന്നു മോദിയുടെ ആരോപണം. തമിഴ്നാട് ബിജെപി അധ്യക്ഷനും ലോക്സഭാ സ്ഥാനാര്‍ഥിയുമായ കെ അണ്ണാമലൈ വിവരാവകാശ രേഖയിലൂടെ നേടിയെടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രി വിഷയം ഉയർത്തിയതിന് തൊട്ടുപിന്നാലെ, കോൺഗ്രസും ഡിഎംകെയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പത്തുവര്‍ഷത്തെ ഭരണം കൈകളില്‍ ഉണ്ടായിട്ടും കച്ചൈത്തീവ് ദ്വീപ് തിരിച്ചുപിടിക്കാൻ മോദി എന്തു കൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈകാരിക വിഷയങ്ങള്‍ എടുത്തുകാട്ടുന്നത് മോദിയുടെ നിരാശയാണ് കാണിക്കുന്നതെന്നും ഖര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഡിഎംകെയും രംഗത്ത് വന്നിരുന്നു. കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചരണ വിഷയങ്ങളാണ് ബിജെപി ഉന്നയിക്കുന്നതെന്നായിരുന്നു ഡിഎംകെ വക്താവ് എസ് മനുരാജിൻ്റെ പ്രതികരണം.

ബംഗ്ലാദേശുമായുള്ള ഭൂഅതിർത്തി കരാർ വിഷയം ഉയർത്തിക്കാണിച്ചായിരുന്നു കച്ചൈത്തീവ് ദ്വീപ് വിഷയത്തിൽ നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതാവ് ജയറാം രമേശ് മറുപടി നൽകിയത്. എൻഡിഎ സർക്കാരിൻ്റെ കീഴിൽ ബംഗ്ലാദേശുമായി ഒപ്പുവച്ച കരാർ ഇന്ത്യയുടെ ഭൂവിസ്തൃതി 10,051 ഏക്കറായി ചുരുങ്ങാൻ കാരണമായെന്നായിരുന്നു ജയറാം രമേശിൻ്റെ പ്രതികരണം. 17,161 ഏക്കർ ഇന്ത്യൻ ഭൂപ്രദേശം കൈമാറിയപ്പോൾ 7,110 ഏക്കർ മാത്രമാണ് തിരികെ ലഭിച്ചത്. പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം കോൺഗ്രസ് പാർട്ടി പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബില്ലിനെ പിന്തുണയ്ക്കുക്കയാണ് ചെയ്തതെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചിരുന്നു. എന്തായാലും തമിഴ്നാട്ടിൽ ചലനമുണ്ടാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച കച്ചൈത്തീവ് വിഷയം തിരഞ്ഞെടുപ്പ് വിഷയമാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com