രാജ്യത്ത് തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവജനങ്ങള്‍, നൂറ്റാണ്ടിലെ ഏറ്റവും മോശം കാലം; റിപ്പോർട്ട്

രാജ്യത്ത് തൊഴിൽ രഹിതരായവരിൽ 83 ശതമാനം പേരും യുവജനങ്ങളാണെന്ന റിപ്പോർട്ട് പുറത്ത്. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെൻ്റും (ഐഎച്ച്‌ഡി) സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിൽരംഗം നേരിടുന്ന ഗുരുതര പ്രതിസന്ധി ചൂണ്ടികാണിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവജനങ്ങള്‍, നൂറ്റാണ്ടിലെ ഏറ്റവും മോശം കാലം; റിപ്പോർട്ട്

രാജ്യത്ത് തൊഴിൽ രഹിതരായവരിൽ 83 ശതമാനം പേരും യുവജനങ്ങളാണെന്ന റിപ്പോർട്ട് പുറത്ത്. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെൻ്റും (ഐഎച്ച്‌ഡി) സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിൽരംഗം നേരിടുന്ന ഗുരുതര പ്രതിസന്ധി ചൂണ്ടികാണിക്കുന്നത്. രാജ്യത്ത് തൊഴിൽ രംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

തൊഴിൽ രഹിതരായ യുവജനങ്ങളിൽ തന്നെയുള്ള കണക്കുകളിൽ പത്താം ക്ലാസ് പാസായവരുടെ തൊഴിൽ നഷ്ട്ടം 2000 ൽ 35 ശതമാനം എന്നത് 2024 ൽ 65 ശതമാനമായി ഉയർന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷം വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്കും വർധിക്കുകയാണ്. ഉന്നത വിദ്യഭ്യാസത്തിന്റെ തോത് കൂടുന്നുണ്ടെങ്കിലും അത് കൊണ്ടുള്ള പ്രയോജനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു.

വിദ്യാസമ്പന്നരായ യുവജനങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം

ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെൻ്റും പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം വിദ്യാസമ്പന്നരായ യുവജനങ്ങളിലാണ് എന്നാണ്. കോവിഡ് ലോക് ഡൗൺ സമയത്തേക്കാൾ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തൊഴിൽ സേന പങ്കാളിത്ത നിരക്കും, തൊഴിൽ ജന സംഖ്യയാനുപാതവും കുത്തനെ ഇടിഞ്ഞു. തൊഴിൽ പങ്കാളിത്ത നിരക്ക് 2000-ൽ 54 ശതമാനത്തിൽ നിന്ന് 2022-ൽ 42 ശതമാനമായി കുറഞ്ഞു. സ്ഥിരം തൊഴിൽ ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വേതനത്തിൽ വലിയ കുറവ് സംഭവിച്ചു. ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് സൂചികയിൽ ഏറ്റവും താഴെയുള്ളത്.

തൊഴിൽ രംഗത്ത് യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ

രാജ്യത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 2022 ലെ കണക്കുകൾ പ്രകാരം മൊത്തം ജനസംഖ്യയുടെ 66 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഏകദേശം 81 കോടി. ലോകത്ത് ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള മനുഷ്യവിഭവമായ ഈ യുവജനങ്ങളിൽ പകുതിയിലേറെ പേർക്ക് പക്ഷെ അവരുടെ അധ്വാനശേഷി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ രാജ്യത്തില്ല. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുമാണ് സ്ഥിതി രൂക്ഷമാക്കിയത്. കോവിഡുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് ലോക രാജ്യങ്ങൾ പുറത്ത് കടന്നപ്പോയും ഇന്ത്യയ്ക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു.

നിർമ്മിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയും കടന്നുവരവും വലിയ തോതിൽ ജോലി നഷ്ടമുണ്ടാക്കി. സംസ്ഥാനങ്ങൾക്കിടയിലും, സംസ്ഥാനങ്ങളിൽ വ്യത്യസ്ത ജില്ലകൾക്കിടയിലും തൊഴിൽ രംഗത്ത് വലിയ അസമത്വം നിലനിൽക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അസമത്വം നിലനിൽക്കുന്നത്.

സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചു, സുരക്ഷ കുറഞ്ഞു

രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിച്ചെങ്കിലും അവരുടെ സുരക്ഷ കുറഞ്ഞു. കൂടുതൽ പേരും അവിദഗ്ദ്ധ മേഖലയിലാണ് ജോലി ചെയ്യുന്നത്. തുല്യമായ വേതനം ലഭിക്കുന്നില്ല എന്നതും സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയാണ്. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള തൊഴിൽ സാഹചര്യമോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ലഭിക്കുന്നില്ല. ഉന്നത വിദ്യഭ്യാസം നേടിയവരിൽ പുരുഷന്മാരേക്കാൾ വെല്ലുവിളി അനുഭവിക്കുന്നുണ്ട് സ്ത്രീകൾ.

കാർഷിക മേഖലയിൽ ആളുകൾ കൂടി, വരുമാനം കുറഞ്ഞു

കോവിഡ് ലോക് ഡൗണിന് ശേഷം കാർഷിക മേഖലയിലേക്ക് ആളുകളുടെ കുത്തൊഴുക്കുണ്ടായി. യുവാക്കളാണ് കൂടുതലും കാർഷിക തൊഴിലിലേക്ക് മടങ്ങിയെത്തിയത്. മറ്റ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടത്താൽ മടങ്ങി വന്ന ഇവർക്ക് വരുമാനത്തിൽ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. ഇക്കാലയളവിൽ കാർഷിക മേഖലയിൽ നിന്നുള്ള ജിഡിപി വിഹിതവും തൊഴിൽ വരുമാനവും ഗണ്യമായി കുറയുകയാണ് ചെയ്തത്.

2019 ന് ശേഷം സ്വയം തൊഴിൽ ചെയ്യുന്നവരുടെയും കുടുംബ തൊഴിൽ ചെയ്യുന്നവരുടെയും എണ്ണം കൂടി. എന്നാൽ വരുമാനമുണ്ടാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഈ കാലയളവിൽ അനൗപചാരിക തൊഴിൽ ചെയ്യുന്നവരുടെ ശതമാനം 90 നും മുകളിലെത്തി. 2000 ന് ശേഷം ക്രമാതീതമായി വർധനവ് രേഖപ്പെടുത്തിയിരുന്ന സ്ഥിരം തൊഴിൽ മേഖല 2018 ന് ശേഷം തകർന്നടിഞ്ഞു. വിവിധ സർക്കാർ പദ്ധതികളും മുൻഗണനകളുമുണ്ടായിട്ടും പട്ടിക ജാതി അടക്കമുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് തൊഴിലിലെ അരക്ഷിതാവസ്ഥ മറികടക്കാനായില്ല.

ആളെണ്ണമുണ്ട്, നൈപുണ്യമില്ല

രാജ്യത്ത് 80 കോടിയോളം യുവജനങ്ങളിൽ പകുതിയിലധികം യുവജനത തൊഴിൽ നേടാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോഴും വിദഗ്ധ,അർധ വിദഗ്ധ തൊഴിൽ മേഖലകളിൽ നൈപുണ്യമുള്ള യുവാക്കളുടെ കുറവുണ്ട്. ഡിജിറ്റൽ സാക്ഷരത കുറവ് തൊഴിലിനെയും തൊഴിൽ നേടാനുള്ള ശേഷിയെയും തടസ്സപ്പെടുത്തുന്നു. 90 ശതമാനം ഇന്ത്യൻ യുവജനങ്ങൾക്കും സ്പ്രെഡ്‌ഷീറ്റിൽ ഒരു ഗണിത സൂത്രവാക്യം ഉൾപ്പെടുത്താൻ കഴിയുന്നവരല്ല. 60 ശതമാനം പേർക്ക് ഫയലുകൾ പകർത്തി എഴുതാൻ കഴിയില്ല, കുറഞ്ഞത് 75 ശതമാനം യുവാക്കൾക്ക് അറ്റാച്ച്‌മെൻ്റുകളുള്ള ഇമെയിലുകൾ അയയ്ക്കാനുള്ള അറിവില്ല എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. യുവാക്കളിൽ പകുതിയിലധികം ആളുകൾ ജോലി ചെയ്യുന്നത് പരിശീലനമോ വിദ്യാഭ്യാസമോ നേടിയ മേഖലയിലല്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

രാജ്യം വലിയ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. അതിൽ 80 കോടിക്ക് മുകളിൽ യുവജനങ്ങളാണ്. ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നവരുടെ ഭൂരിഭാഗവും അവർ തന്നെ , ഏകദേശം 60 ശതമാനത്തോളം, രാജ്യത്തെ തൊഴിൽ മേഖലയെ കുറിച്ചും യുവാക്കൾ നേരിടുന്ന ഉപജീവന അരക്ഷിതാവസ്ഥയെ കുറിച്ചും സൂചിപ്പിക്കുന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് ഈ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുമോയെന്ന് കണ്ടറിയാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com