അമേരിക്ക-ഇസ്രയേൽ v/s ഇറാൻ; യുദ്ധം ഗാസ വിട്ട് പുറത്തേയ്‌ക്കോ?

ഇറാനിലെ ഇരട്ടസ്ഫോടനങ്ങളും തെക്കൻ ബെയ്‌റൂട്ടിലെ ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരിയുടെ കൊലപാതകവും പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഗാസയുടെ പുറത്ത് നടക്കുന്ന യുദ്ധമായി പരിണമിപ്പിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നു
അമേരിക്ക-ഇസ്രയേൽ v/s ഇറാൻ; യുദ്ധം ഗാസ വിട്ട് പുറത്തേയ്‌ക്കോ?

ഹമാസിൻ്റെ ഉപനേതാവ് സാലിഹ് അൽ-അറൂരിയുടെ കൊലപാതകം ഇസ്രയേൽ-ഹമാസ് യുദ്ധം പഴയ വിശാല അറബ്-ഇസ്രയേൽ യുദ്ധമായി പരിണമിക്കുമോയെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ബെയ്‌റൂട്ടിലാണ് ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി കൊല്ലപ്പെട്ടത്. ഇസ്രയേൽ പരോക്ഷമായി ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ ലെബനനും ഇറാനും ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഇതിനകം പറഞ്ഞു കഴിഞ്ഞു. ലെബനൻ്റെ പരമാധികാരത്തിന് മേലുള്ള ആക്രമണം എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്. ആക്രമണത്തെ ശക്തമായി വിമർശിച്ച് ഇറാൻ രംഗത്ത് വന്നുകഴിഞ്ഞു.

ഇതിനിടയിലാണ് ഇറാനിൽ ചാവേർ ആക്രമണത്തിൻ്റെ സ്വഭാവത്തിൽ രണ്ട് വൻ സ്ഫോടനങ്ങൾ നടന്നത്. കെർമാൻ പ്രവിശ്യയിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് സ്‌ഫോടനം നടന്നത്. അദ്ദേഹത്തിൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ തടിച്ചുകൂടിയവരാണ് കൊല്ലപ്പെട്ടവരിൽ അധികവും. സ്ഫോടനത്തിൽ 100ഓളം പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണമെന്നായിരുന്നു ഇറാൻ ഇതിനെ വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയെയും ഇസ്രയേലിനെയുമാണ് ഇറാൻ സംശയമുനയിൽ നിർത്തുന്നത്. പക്ഷേ, യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആക്രമണത്തിലെ അമേരിക്കൻ പങ്കാളിത്തം നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നിർദ്ദേശാനുസരണമാണ് സുലൈമാനിയുടെ കൊലപാതകം എന്നായിരുന്നു നേരത്തെ ഇറാൻ്റെ വാദം. 2020 ജനുവരി മൂന്നിനായിരുന്നു ഇറാൻ റെവല്യൂഷണറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസും ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 'ഭരണകൂട ഭീകരത' എന്നായിരുന്നു കൊലപാതകത്തെ ഇറാൻ അന്ന് വിശേഷിപ്പിച്ചത്. ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുമ്പോഴായിരുന്നു പുതിയ സർക്കാർ രൂപീകരിക്കുന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സുലൈമാനി ബാഗ്ദാദിൽ വിമാനമിറങ്ങിയത്.

ഇറാൻ്റെ റെവല്യൂഷനറി ഗാർഡിൻ്റെ കമാൻഡർ എന്നതിന് പുറമെ പശ്ചിമേഷ്യയിൽ ഷിയാ സ്വാധീനം വർദ്ധിപ്പിക്കുക എന്ന രാഷ്ട്രീയ ദൗത്യവും സുലൈമാനി നിർവ്വഹിച്ചിരുന്നു. അമേരിക്കയെ പരസ്യമായി കുറ്റപ്പെടുത്താതെ, ഇറാൻ്റെ ശത്രുക്കളാണ് സുലൈമാനിയുടെ കൊലപാതകത്തിന് പിന്നിലെന്നും പ്രതികാരം ചെയ്യുമെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പ്രസ്താവന സുലൈമാനിക്ക് ഇറാനിയൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു ഖൊമേനി അന്ന് സുലൈമാനിയെ വിശേഷിപ്പിച്ചത്. ഇറാഖി പ്രവിശ്യയായ അൻബാറിലെ യു എസ് ഐൻ അൽ-അസദ് താവളത്തിൽ മിസൈലുകൾ വിക്ഷേപിച്ചുകൊണ്ട് 2020 ജനുവരി എട്ടിന് ഇറാൻ തിരിച്ചടി നൽകിയിരുന്നു.

ആയത്തുള്ള അലി ഖൊമേനിയും ഖാസിം സുലൈമാനിയും
ആയത്തുള്ള അലി ഖൊമേനിയും ഖാസിം സുലൈമാനിയും

പശ്ചിമേഷ്യയിൽ ഇറാൻ്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഖാസിം സുലൈമാനി നടത്തിയ നീക്കങ്ങളാണ് യഥാർത്ഥത്തിൽ അമേരിക്കയെ ചൊടിപ്പിച്ചത്. ഇറാഖിൽ ഇറാൻ്റെ ചൊൽപ്പടിയിൽ നിൽക്കുന്ന ഭരണകൂടത്തിനായി സുലൈമാനി ശ്രമിച്ചു എന്നത് തന്നെയാണ് അമേരിക്കയെ ഏറ്റവും പ്രകേപിച്ചത്. ഇറാഖിലെ അമേരിക്കൻ എംബസി ആക്രമണത്തിൻ്റെയും ഉപരോധത്തിൻ്റെയും സൂത്രധാരൻ എന്ന നിലയിലായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ടതെന്നും വാർത്തകളുണ്ടായിരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഖാസിം സുലൈമാനി നടത്തിയ നീക്കങ്ങളാണ് യഥാർത്ഥത്തിൽ അമേരിക്കയെ ചൊടിപ്പിച്ചത്. ഇറാഖിൽ ഇറാൻ്റെ ചൊൽപ്പടിയിൽ നിൽക്കുന്ന ഭരണകൂടത്തിനായി സുലൈമാനി ശ്രമിച്ചു എന്നത് തന്നെയാണ് അമേരിക്കയെ ഏറ്റവും പ്രകോപിപ്പിച്ചത്. ഇറാഖിലെ അമേരിക്കൻ എംബസി ആക്രമണത്തിൻ്റെയും ഉപരോധത്തിൻ്റെയും സൂത്രധാരൻ എന്ന നിലയിലായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ടതെന്നും വാർത്തകളുണ്ടായിരുന്നു. അമേരിക്കൻ വികാരം പ്രതിഫലിപ്പിച്ച് അതുവഴി പ്രസിഡൻ്റ് പദവിയിൽ രണ്ടാമൂഴം ലക്ഷ്യമിട്ട് ട്രംപ് ആസൂത്രണം ചെയ്തതായിരുന്നു സുലൈമാനി വധമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അമേരിക്കൻ സഖ്യത്തിനെതിരെ പശ്ചിമേഷ്യയിൽ ഷിയാ ആഭിമുഖ്യത്തിലുള്ള പ്രതിരോധ നിര രൂപപ്പെടുത്താൻ മുന്നിൽ നിന്നത് സുലൈമാനിയായിരുന്നു. ഇസ്രയേലിനെതിരെ പോരാടുന്ന സായുധ വിഭാഗമായ ഹിസ്​ബുല്ലയുമായും പലസ്​തീനിലെ ഹമാസുമായും സുലൈമാനി അടുത്ത ബന്ധം പുലർത്തിയിരുന്നു

അമേരിക്കൻ സഖ്യത്തിനെതിരെ പശ്ചിമേഷ്യയിൽ ഷിയാ ആഭിമുഖ്യത്തിലുള്ള പ്രതിരോധ നിര രൂപപ്പെടുത്താൻ മുന്നിൽ നിന്നത് സുലൈമാനിയായിരുന്നു. ഇസ്രയേലിനെതിരെ പോരാടുന്ന സായുധ വിഭാഗമായ ഹിസ്​ബുല്ലയുമായും പലസ്തീനിലെ ഹമാസുമായും സുലൈമാനി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇസ്രയേൽ-ഹമാസ് പോരാട്ടത്തിനിടെ ഇറാനിൽ സുലൈമാനിയുടെ ഓർമ്മദിനത്തിൽ നടന്ന ചാവേർ സ്വഭാവത്തിലുള്ള ആക്രമണം ഇറാനെ ചൊടിപ്പിച്ചത്.

സ്ഫോടനത്തെ തുടർന്ന് ശക്തമായ വിമർശനമാണ് ഇറാൻ പ്രഡിഡൻ്റിൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മുഹമ്മദ് ജംഷീദി എക്സിൽ കുറിച്ചത്. 'അമേരിക്കയ്ക്കും ഇസ്രയേലിനും പങ്കില്ലെന്ന് വാഷിംഗ്ടൺ പറയുന്നു. ശരിക്കും? ഒരു കുറുക്കൻ ആദ്യം സ്വന്തം ഗുഹയുടെ മണം പിടിക്കുന്നു, ഒരു തെറ്റും ചെയ്യരുത്. ഈ കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്തം യുഎസിലും സയണിസ്റ്റ് ഭരണകൂടത്തിലും (ഇസ്രയേൽ) നിക്ഷിപ്തമാണ്, തീവ്രവാദം ഒരു ഉപകരണം മാത്രമാണ്,' എന്നായിരുന്നു മുഹമ്മദ് ജംഷീദി എക്സിൽ കുറിച്ചത്.

അമേരിക്ക-ഇസ്രയേൽ സഖ്യത്തിനെതിരെ ഇറാൻ കർശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കെർമാൻ പ്രവിശ്യയിൽ സ്ഫോടനവും തെക്കൻ ബെയ്‌റൂട്ടില്‍ ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി കൊല്ലപ്പെട്ട സംഭവവും ഉണ്ടായിരിക്കുന്നത്.

ഇതിനിടെ ചെങ്കടലിൽ ഹൂതി വിമതർ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും യുദ്ധഭീതി പശ്ചിമേഷ്യയെ മൊത്തത്തിൽ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയും ഇസ്രയേലും അടക്കം ഒരു ഡസൻ രാജ്യങ്ങളാണ് ഹൂതി വിമതരുടെ നിഴലിലുള്ളത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പലരാജ്യങ്ങളുടെ ചരക്ക്-എണ്ണ നീക്കങ്ങളെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ചെങ്കടലിനെ വ്യാപാരത്തിനും ചരക്ക്-എണ്ണനീക്കത്തിനും ആശ്രയിക്കുന്ന രാജ്യങ്ങളെ ഹൂതികളുടെ നീക്കം സാമ്പത്തികമായും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഹൂതികളുടെ ആക്രമണം അറബിക്കടലിലേയ്ക്കും നീണ്ടത് കാര്യങ്ങളെ കൂടുതൽ സംഘർഷഭരിതമാക്കുന്നുണ്ട്. ഇസ്രയേലിൻ്റെ ഗാസയിലെ ആക്രമണമാണ് ചെങ്കടലിൽ അക്രമണോത്സുകമായി ഇടപെടാൻ ഹൂതികളെ പ്രേരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇസ്രയേലിനെതിരെ നിലയുറപ്പിച്ചിരിക്കുന്ന ഹമാസിനെയും ഹൂതിയെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നത് ഇറാനാണെന്നത് പരസ്യമായ രഹസ്യമാണ്.

ഹമാസിനെതിരെയുള്ള യുദ്ധം മുറുകുന്ന മുറയ്ക്ക് ഇതിനകം സിറിയയിലും ലെബനനിലും ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഗാസയിൽ യുദ്ധനീതിക്ക് നിരക്കാതെ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ അറബ് ജനതയെ ചൂട്ടുപൊള്ളിക്കുന്നുണ്ട്. അവിടങ്ങളിലെ ഭരണകൂടങ്ങൾക്ക് എത്രനാൾ ഈ പൊള്ളൽ അവഗണിക്കാൻ കഴിയുമെന്ന ചോദ്യവും പ്രധാനമാണ്. ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണം നിലവിലെ വിഷയങ്ങളിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളെയും ഈ സംഘർഷങ്ങളിലേയ്ക്ക് വലിച്ചിടുന്ന സാഹചര്യമുണ്ട്. ഇതിനിടയിലാണ് ഒരു വശത്ത് ഇറാനും മറുഭാഗത്ത് അമേരിക്കയും ഇസ്രയേലും അണിനിരക്കുന്ന പ്രസ്താവന യുദ്ധങ്ങൾ. എന്തായാലും ഇറാനിലെ ഇരട്ടസ്ഫോടനങ്ങളും തെക്കൻ ബെയ്‌റൂട്ടിലെ ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരിയുടെ കൊലപാതകവും പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഗാസയുടെ പുറത്ത് നടക്കുന്ന യുദ്ധമായി പരിണമിക്കുന്നതിനുള്ള കാരണമായി മാറുമോയെന്ന ആശങ്ക ലോകത്തിന് നൽകുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com