ജലകന്യക കവര്‍ന്ന ജീവനുകള്‍; തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് 14 വര്‍ഷം

ബോട്ടില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു. ജലപ്പരപ്പിന് മുകളില്‍ ബോട്ട് ആടിയുലഞ്ഞു. യാത്ര അവസാനിപ്പിച്ച് ജലകന്യക ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി...
ജലകന്യക കവര്‍ന്ന ജീവനുകള്‍; 
തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് 14 വര്‍ഷം

2009 സെപ്തംബര്‍ 30 വൈകുന്നേരം... കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ജലകന്യക എന്ന രണ്ടുനില ഫൈബര്‍ ബോട്ട് സവാരിക്കായി തയ്യാറായി നില്‍ക്കുന്നു. തേക്കടിയില്‍ പുതുതായി നീറ്റിലിറക്കിയ ബോട്ടില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 76 യാത്രക്കാര്‍. പുറപ്പെട്ട് 12 കിലോമീറ്റര്‍ പിന്നിട്ട ബോട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 500 മീറ്റര്‍ ഇപ്പുറം മണക്കവല എന്ന ആഴമേറിയ ഭാഗത്തെത്തി. ഓടിക്കൊണ്ടിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികള്‍ കരയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടു. ആനകളെ കാണുന്നതിനായി ബോട്ടിലുണ്ടായിരുന്നവരൊക്കെ ഒരു വശത്തേക്കു നീങ്ങി. ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു വലിയ ദുരന്തത്തിലാണ് അത് കലാശിച്ചത്. ബോട്ടില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു. ജലപ്പരപ്പിന് മുകളില്‍ ബോട്ട് ആടിയുലഞ്ഞു. യാത്ര അവസാനിപ്പിച്ച് ജലകന്യക ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി.

അപകടം നടന്ന് അല്പസമയത്തിനുശേഷം വനംവകുപ്പിന്റെ ഒരു ബോട്ട് ഇതുവഴി വന്നതിനാലാണ് പുറംലോകം വിവരമറിഞ്ഞത്. പിന്നാലെയെത്തിയ രണ്ട് യാത്രാബോട്ടുകള്‍ കൂടി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ബോട്ട് ലാന്‍ഡിങ്ങില്‍ നിന്ന് 45 മിനിറ്റ് യാത്രചെയ്താല്‍ മാത്രമേ അപകടസ്ഥലത്ത് എത്താന്‍ കഴിയൂ. രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തേക്കടിയില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് ദുരന്തത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു.

ബോട്ട് ലാന്‍ഡിങ്ങില്‍ ലഭ്യമായ രണ്ട് ബോട്ടുകളില്‍ സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും അപ്പോഴേക്കും മരണസംഖ്യ ഉയര്‍ന്നിരുന്നു. അപകടം നടന്ന് അല്‍പ്പ സമയത്തിനകം ഇരുട്ട് പരന്നതും മുങ്ങല്‍ വിദഗ്ധരുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണിക്കൂറുകള്‍ക്ക് ശേഷം ഇടുക്കി ജില്ലയിലെ അഗ്‌നിശമന സേനയോടൊപ്പം കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ 10 അംഗ മുങ്ങല്‍ സംഘവും തിരച്ചിലിനെത്തി. 55 അടിയോളം താഴ്ചയുള്ള വെള്ളത്തില്‍ തലകീഴായി മറിഞ്ഞ ബോട്ടിനുള്ളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തുക അസാധ്യമായിരുന്നു. ആ ദിവസം അവസാനിക്കുന്നതിന് മുന്നേ കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനറ്റ ശരീരങ്ങളാല്‍ നിറഞ്ഞു.

45 പേരുടെ ജീവനാണ് തേക്കടിയില്‍ ജലകന്യകയോടൊപ്പം യാത്രയായത്. തേക്കടി ബോട്ട് ദുരന്തം കണ്ണീരിലാഴ്ത്തിയത് കേരളത്തെ മാത്രമായിരുന്നില്ല. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്ന സഞ്ചാരികളായിരുന്നു. 11 സ്ത്രീകളും 13 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആനക്കൂട്ടത്തെ കണ്ട് ഒരു വശത്തേക്ക് കൂടിയിരുന്ന ആളുകളെ വിലക്കാന്‍ അന്യഭാഷകള്‍ അറിയുന്ന ജിവനക്കാരാരും ബോട്ടിലുണ്ടായിരുന്നില്ല.

ക്രൈംബ്രാഞ്ചിന്റെ കോട്ടയം ഓഫീസിനായിരുന്നു അപകടത്തിന്റെ അന്വേഷണ ചുമതല ആദ്യം നല്‍കിയത്. പിന്നീട് ജസ്റ്റിസ് ഇ മൊയ്തീന്‍കുഞ്ഞ് കമ്മീഷന്‍ തുടരന്വേഷണം ഏറ്റെടുത്തു. കൊച്ചി സര്‍വകലാശാലയിലെ ഷിപ്പിംഗ് ടെക്നോളജി വിഭാഗം മുന്‍ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ എസ്‌ കെ പ്യാരിലാല്‍, അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവും നിര്‍മ്മാണത്തിലെ പിഴവും സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കമ്മീഷന്‍ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിര്‍മ്മാണ പിഴവുകള്‍ കംപ്യൂട്ടര്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കമ്മീഷന്‍ മുമ്പാകെ പ്യാരിലാല്‍ അവതരിപ്പിച്ചു. ഉള്‍കൊള്ളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും, ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും, ബോട്ടിന്റെ അശാസ്ത്രീയ നിര്‍മ്മാണവും തുടങ്ങി അപകടകാരണങ്ങളായി പലതാണ് വിവിധ അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയത്. ബോട്ടിന്റെ ടെണ്ടര്‍ വിളിച്ചത് മുതല്‍ നീറ്റിലിറക്കിയത് വരെയുള്ള 22 വീഴ്ചകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

അപകടം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനായത്. ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരായിരുന്നു കുറ്റക്കാര്‍. പിന്നീട് നല്‍കിയ രണ്ടാം കുറ്റപത്രത്തില്‍ ബോട്ട് നിര്‍മിച്ച കെ.ടി.ഡി.സി ഉള്‍പ്പടെയുള്ളവരെയും ഉള്‍പ്പെടുത്തി. നിലവാരം കൃത്യമായി പരിശോധിക്കാതെയാണ് നീറ്റിലിറക്കിയതെന്നും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.

കേസിന്റെ തുടര്‍നടപടികള്‍ക്കായി ദുരന്തമുണ്ടായ 2009ല്‍ തന്നെ ഹൈക്കോടതി അഭിഭാഷകനെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനും രാജിവച്ചു. ഇതിനിടെ, പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കേസ് പരിഗണിക്കുന്ന തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും കേസിന്റെ വിചാരണ എങ്ങുമെത്തിയിട്ടില്ല. ജഡ്ജി മാറിപ്പോയതും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതുമൊക്കെയാണ് വിചാരണ വൈകാന്‍ കാരണമായി പറയുന്നത്. ഇത്രയും ആളുകളുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്തണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. പരിശോധനകളോ മുന്‍കരുതലോ കൊണ്ട് ഒഴിവാക്കാമായിരുന്ന ഇത്തരം ദുരന്തങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാരുകള്‍ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com