'നാടകീയം, തീവ്രം'; മറക്കാനാകാത്ത സംഭവപരമ്പരകളുടെ 2008

2008ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നേരിടേണ്ടി വന്നത് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അവിശ്വാസ പ്രമേയം
'നാടകീയം, തീവ്രം'; മറക്കാനാകാത്ത സംഭവപരമ്പരകളുടെ 2008
Summary

അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചക്കിടെ നോട്ടുകെട്ടുകളുയർത്തി സർക്കാരിനെതിരെ എംപിമാർ ആരോപണമുന്നയിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട് ലോക്സഭയിൽ. 2008ലാണ് സംഭവം. അന്ന് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ച സാഹചര്യവും പിന്നീടുണ്ടായ സംഭവവികാസങ്ങളും എന്തൊക്കെയായിരുന്നെന്ന് വിശദമായി നോക്കാം

ഇന്ത്യന്‍ പാര്‍ലമെന്റ് മറ്റൊരു അവിശ്വാസ പ്രമേയത്തിന് കൂടി സാക്ഷിയാകുകയാണ്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ സഖ്യം 'ഇൻഡ്യ' അവതരിപ്പിച്ച, ലോക്‌സഭയുടെ ചരിത്രത്തിലെ 28-ാമത് അവിശ്വാസ പ്രമേയത്തിനാണ് സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയത്. വിശ്വാസം തെളിയിക്കാന്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ അവിശ്വാസ പ്രമേയങ്ങളുടെ ചരിത്രം ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. 2008ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് നേരിടേണ്ടി വന്നത് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അവിശ്വാസ പ്രമേയമാണെന്ന് പറയാം. ഈ വിശ്വാസ വോട്ടെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യവും ഉണ്ടായിരുന്നു.

ആണവ കരാറില്‍ ഒപ്പിടാനുള്ള മന്‍മോഹന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് 2008ലെ അവിശ്വാസ പ്രമേയത്തിന് വഴിവെച്ചത്. ഇടതുപക്ഷവും ബിജെപിയും ഒരേ ഭാഗത്ത് എത്തിയ അപൂര്‍വ നിമിഷങ്ങളില്‍ ഒന്നായും 2008ലെ അവിശ്വാസ പ്രമേയം മാറി. അന്ന് സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചെങ്കിലും ഇതിന് ചുവടുപിടിച്ചുണ്ടായ 'വോട്ടിന് കോഴ കേസ്' സഭാ ചരിത്രത്തിലെ തന്നെ നാണക്കേടായി മാറുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് യുപിഎ സര്‍ക്കാരിന് വിശ്വാസം തെളിയിക്കേണ്ടി വന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ഇടതുപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണയായിരുന്നു. അമേരിക്കയുമായി ആണവ കരാറുണ്ടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സിപിഐഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം എതിര്‍ത്തു. പല ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടന്നെങ്കിലും അത് വിജയം കണ്ടില്ല. കേന്ദ്രം പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ 61 എംപിമാരുള്ള ഇടതുപക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

ഇതോടെ 228 അംഗങ്ങളുള്ള യുപിഎ സര്‍ക്കാരിന് വിശ്വാസം തെളിയിക്കാന്‍ 44 പേരുടെ പിന്തുണ കൂടി വേണമായിരുന്നു. വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിശ്വാസ വോട്ടെടുപ്പിനായി മാത്രം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം തന്നെ വിളിച്ചു.

മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് യുപിഎ സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ തുണച്ചത്. ഇന്‍ഡോ-അമേരിക്കൻ ആണവ കരാര്‍ രാജ്യത്തിന്റെ നല്ലതിന് വേണ്ടിയാണെന്ന് എപിജെ അബ്ദുള്‍ കലാം പറഞ്ഞിച്ചുണ്ടെന്നും അതിനാലാണ് യുപിഎ സര്‍ക്കാരിനെ പിന്തുണക്കുമെന്നുമാണ് മുലായം സിങ് യാദവ് പറഞ്ഞത്.

വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ എംപിമാര്‍ പരോളിലിറങ്ങിയ സംഭവവും അന്നുണ്ടായി. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ആറ് എംപിമാരാണ് പരോളിലിറങ്ങിയത്. മാത്രമല്ല, രോഗശയ്യയിലായ എംപിമാരെയും വോട്ടെടുപ്പിനായി പാര്‍ലമെന്റിലെത്തിച്ചു.

ഇതിനിടെ യുപിഎ ഭരണ കാലത്ത് ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയോട് പദവി രാജിവെച്ച് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ സിപിഐഎം ആവശ്യപ്പെട്ടു. എന്നാല്‍ ചാറ്റര്‍ജി ഇതിന് വിസമ്മതിച്ചു. വോട്ടെടുപ്പ് നടന്ന് പിന്നാലെ തന്നെ പാര്‍ട്ടി ചാറ്റര്‍ജിയെ പുറത്താക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ പതനവും അവിടെ ആരംഭിക്കുകയായിരുന്നു.

വിശ്വാസവോട്ടെടുപ്പിനിടെ നടന്ന ചര്‍ച്ച 'ദ ബെസ്റ്റ് ഇന്‍ പാര്‍ലമെന്റ് ഹിസ്റ്ററി' എന്നാണ് അറിയപ്പെടുന്നത്. സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത ബിജെപി, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അമേരിക്കയുമായുള്ള ആണവ കരാറില്‍ മികച്ച ചര്‍ച്ചകള്‍ നടത്തുമെന്നാണ് പറഞ്ഞത്. രണ്ട് ദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. 275 വോട്ടുകളാണ് സര്‍ക്കാരിന് അനുകൂലമായത്. വിശ്വാസം തെളിയിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യ- അമേരിക്ക ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ആണവ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂടിയാണ് അവിടെ തുടങ്ങിയത്. പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ തന്നെ വിജയിച്ചു.

വോട്ടിന് കോഴ വിവാദം

വിശ്വാസ വോട്ടെടുപ്പ് ജയിച്ച യുപിഎ സര്‍ക്കാരിന് വലിയ തിരിച്ചടിയായ സംഭവമായിരുന്നു വോട്ടിന് കോഴ കേസ്. വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മൂന്ന് ബിജെപി എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ആരോപണം ഉന്നയിച്ചത്. രണ്ടു ബാഗുകളിലായി നോട്ടുകെട്ടുകള്‍ മേശപ്പുറത്ത് വെച്ചു. അശോക് അര്‍ഗാല്‍, ഫഗ്ഗന്‍ സിങ് കുലസ്‌തെ, മഹാവീര്‍ ബഗോജ എന്നിവരായിരുന്നു ആരോപണവുമായെത്തിയത്. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ് നല്‍കിയ കോഴയാണ് ഇതെന്ന് അവര്‍ വാദിച്ചു. അമര്‍ സിങ് ആരോപണം നിഷേധിച്ചു. കോഴ വിവാദം ഇരുസഭകളെയും പ്രക്ഷുബ്ദമാക്കി. സംഭവം അന്വേഷിക്കാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഡല്‍ഹി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഒരു ദേശീയ മാധ്യമം നടത്തിയ സിറ്റിങ് ഓപ്പറേഷന്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു. യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തിയതായി ബിഎസ്പി നേതാക്കളും ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com