'ഒരു അവാർഡും കുറേ വിവാദങ്ങളും': ആരോപണങ്ങളുമായി വിനയൻ, പ്രതികരിക്കാതെ രഞ്ജിത്ത്; സമഗ്രചിത്രം ഇങ്ങനെ

വിഷയത്തിൽ നാൾ ഇന്നുവരെ രഞ്ജിത്തും ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്
'ഒരു അവാർഡും കുറേ വിവാദങ്ങളും': ആരോപണങ്ങളുമായി വിനയൻ, പ്രതികരിക്കാതെ രഞ്ജിത്ത്; സമഗ്രചിത്രം ഇങ്ങനെ

2023 ജൂലൈ 21, സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നു. 154 സിനിമകളായിരുന്നു ഈ വർഷം മത്സരിക്കാനുണ്ടായിരുന്നത്. വിജയികളെ അന്ന് വൈകുന്നേരം മൂന്നു മണിയോടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചപ്പോൾ ചിലർ പുരസ്കാരത്തിളക്കത്തിൽ ഏറെ സന്തോഷിച്ചു, മറ്റുചിലർ അവാർഡ് ലഭിക്കാത്തതിന്റെ നിരാശയിലുമായി. ഏതൊരു വർഷവും എന്നപോലെ പുരസ്‌കാര നിർണയത്തെ ചുറ്റിപ്പറ്റി ചെറിയ വിവാദങ്ങളും ആദ്യ ദിനങ്ങളിൽ വന്നിരുന്നു.

മികച്ച ബാലതാരത്തിനുള്ള പുരസ്കാരമായിരുന്നു അതിൽ ഒന്ന്. മാളികപ്പുറം എന്ന സിനിമയിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് എന്തുകൊണ്ട് പുരസ്‌കാരം ലഭിച്ചില്ല എന്ന ചോദ്യവുമായി ചിലരെത്തി. സിനിമാ - സീരിയൽ മേഖലയിലെ ചിലരും അതിനെ പിൻതാങ്ങി. എന്നാൽ ‘ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കു മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ. അവാർഡ് കിട്ടിയ ആൾക്ക് എല്ലാ അഭിനന്ദനങ്ങളും' എന്ന് ദേവനന്ദ തന്നെ പറഞ്ഞതോടെ ആ വിമർശനം അവിടെ അവസാനിച്ചു. പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിലുണ്ടായ ആ വിവാദങ്ങളിൽ കാമ്പില്ലെന്ന് ഉറപ്പുള്ളതിനാൽ മലയാള സിനിമാപ്രേമികൾ അതിനെ ഏറ്റെടുത്തുമില്ല.

തൊട്ടടുത്ത ദിവസങ്ങളിൽ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയെ പുരസ്‌കാര നിർണയത്തിൽ അവഗണിച്ചുവെന്ന ആരോപണങ്ങളും ചില കോണുകളിൽ നിന്നുണ്ടായി. എന്നാൽ ഇത്രത്തോളം പുരസ്‌കാരങ്ങൾ പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു വിനയന്റെ ആദ്യ മറുപടി. 'ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തു കഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല. ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം. മൂന്ന് അവാർഡ് തന്നില്ലേ, അക്കാദമി ചെയർമാൻ രഞ്ജിത്തിനോടാണ് എന്റെ കടപ്പാട്,' എന്ന് വിനയൻ ഫേസ്‍ബുക്കിൽ കുറിച്ചു.

WEB 16

ജൂറി പ്രതികരണം

ഇത്തരം മുറുമുറുപ്പുകൾക്കിടയിൽ ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷും പ്രതികരണവുമായെത്തിയിരുന്നു. അവസാന പട്ടികയിലെത്തിയത് 54 ചലച്ചിത്രങ്ങളാണ്. ഇതിൽ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഉന്നത നിലവാരം പുലര്‍ത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടൂര്‍ ഗോപാലകൃഷ്ണന്റെയോ ഷാജി എന്‍ കരുണിന്റയോ കെ ജി ജോര്‍ജിന്റെയോ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് സിനിമകള്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ മികച്ച അവാര്‍ഡിനായി പരിഗണിക്കപ്പെട്ട എല്ലാ അഭിനേതാക്കളും വിസ്മയിപ്പിച്ചു. അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവും നായികയെന്നോ നായകനെന്നോ നോക്കാതെ എല്ലാ വേഷത്തിലും അഭിനയിക്കുന്ന രീതിയും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ മനോഭാവം മികച്ച കലാകാരന്‍മാര്‍ക്ക് മാത്രം സാധിക്കുന്നതാണ്. മത്സരിക്കുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാകില്ലെന്നും ഗൗതം ഘോഷ് വ്യക്തമാക്കി.

ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തെ തന്നെ പിടിച്ചുലച്ച ആരോപണം

ജൂലൈ 29, ചെറിയ പരാതി പറച്ചിലുകൾക്കിടയിലൂടെ സംസ്ഥാന പുരസ്കാരത്തിന്റെ ഓളങ്ങൾ കെട്ടടങ്ങി തുടങ്ങുകയായിരുന്നു. അപ്പോഴാണ് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരോപണം എത്തുന്നത്. പുരസ്കാര പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതായി സംവിധായകൻ വിനയൻ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചു. 'പത്തൊമ്പതാം നൂറ്റാണ്ടി'നെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടു. അവാർഡ് നിർണയത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്ന ആരോപണവും വിനയൻ ഉന്നയിച്ചു. കൃത്യമായ 'തെളിവുകൾ' തന്റെ കൈവശമുണ്ടെന്നും വിനയൻ പറഞ്ഞു.

ശബ്‌ദിക്കുന്ന തെളിവ്

വിനയന്റെ ആ വാക്കുകൾ, അത് വെറും വാക്കായിരുന്നില്ല. വിനയൻ 'തെളിവുകൾ' ഓരോന്നായി പുറത്തുവിടാൻ തുടങ്ങി. ആദ്യം പുറത്തുവിട്ടത് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജിന്റെ ശബ്ദരേഖയാണ്. ജൂറിയം​ഗങ്ങളിൽ ഭൂരിപക്ഷവും എത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിനെ പുരസ്കാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ കലാസംവിധാനം മോശമാണെന്ന് പറഞ്ഞപ്പോൾ തനിക്ക് അത്ഭുതം തോന്നിയതായി അദ്ദേഹം പറയുന്ന ഓഡിയോ ഏറെ ചർച്ചയായി. പുരസ്കാര നിർണ്ണയ വിവാദത്തിൽ സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

WEB 16

സർക്കാരിൽ നിന്നുള്ള 'ക്ലീൻചീറ്റ്'

അത്തരമൊരു ഇടപെടൽ രഞ്ജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം. 'നിഷ്പക്ഷമായ ജൂറിയാണ്. ആർക്കും പരാതി പറയാനാകില്ല. പ്രസിദ്ധരായിട്ടുള്ളവരെയാണ് ജൂറി അംഗങ്ങളായി തിരഞ്ഞെടുത്തത്. അർഹതപ്പെട്ടവർക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ല. കാരണം ഈ ജൂറിയിലെ അംഗമല്ല അദ്ദേഹം. അദ്ദേഹത്തിന് ഒരാളുമായും അത്തരത്തിൽ സംസാരിക്കാൻ കഴിയില്ല. അദ്ദേഹമല്ല ജൂറിയെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ രഞ്ജിത്തിന് ഇതിൽ ഇടപെടാൻ സാധിക്കില്ല. വളരെ മാന്യനായ, കേരളം കണ്ട ഒരു ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഏറ്റവും ഭംഗിയായി ഈ വർഷങ്ങളിൽ നടത്തിയെന്നുള്ളതിൽ അഭിനന്ദിക്കുകയാണ് വേണ്ടത്. അവാർഡ് വിതരണമൊക്കെ എത്ര ഭംഗിയായാണ് അദ്ദേഹം സംഘടിപ്പിക്കുക. പുരസ്കാരം കിട്ടാത്തവർ മോശക്കാരാണെന്ന് പറയില്ല. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം കൊടുത്തു. അതുപോലെ നന്നായി അഭിനയിച്ചവർക്ക് പ്രത്യേക പുരസ്കാരവും നൽകി. എല്ലാവരും നല്ല കലാകാരന്മാരാണ്. പുരസ്കാരം കിട്ടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. എന്നാൽ മാറ്റ് ഉരച്ച് ഏറ്റവും മികച്ചതിനാണ് അവാർഡ് കൊടുത്തത്. അതിൽ ആർക്കും കുറ്റം പറയാൻ സാധിക്കില്ല,' എന്നാണ് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞത്.

വിനയന്റെ രണ്ടാം തെളിവ്

രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതിന് പിന്നാലെ വിനയൻ പുതിയ തെളിവുമായെത്തി. സംസ്ഥാന പുരസ്കാര നിർണയത്തിന്റെ പാനലിലെ ജൂറിയായിരുന്ന ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് പറയുന്നതാണ് ശബ്ദ രേഖ. ചില പാട്ടുകൾ കേൾക്കുന്നതിന് മുമ്പ് തന്നെ രഞ്ജിത്ത് 'ചവറാണെന്ന്' പറയും. എന്നാൽ താൻ അദ്ദേഹത്തെ അതിലേക്ക് അധികം അടുപ്പിച്ചില്ല. താൻ പൂർണ്ണ തൃപ്തിയോടെയാണ് ഗാനങ്ങൾ തിരഞ്ഞെടുത്തത് എന്നും ആരുടേയും സ്വാധീനം അതിൽ ഉണ്ടായില്ല. എന്നാൽ അദ്ദേഹം അത്തരമൊരു ഇടപെടൽ നടത്തിയത് ശരിയായ പ്രവണതയല്ലെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

WEB 16

പത്തൊമ്പതാം നൂറ്റാണ്ട് 'ചവറ് സിനിമ'?

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ നേമം പുഷ്പരാജ് വിനയനുമായി സംസാരിക്കുന്ന നിർണായക ശബ്​ദരേഖ പുറത്തുവന്നു. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയാണെന്നും പുരസ്കാര നിർ‌ണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായാണ് നേമം പുഷ്പരാജ് വെളിപ്പടുത്തുന്നത്. 'രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമയൊക്കെ പരി​ഗണിച്ച് വെറുതെ ഫൈനൽ ​ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. എന്തുകൊണ്ട് പരി​ഗണിച്ചുകൂടാ, ചിത്രത്തിന്റെ ആർ‌ട്ട് ഡയറക്ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോ​ഗ്രാഫി എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരി​ഗണിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാനിതു പറയുമ്പോൾ മറ്റു ജൂറി അം​ഗങ്ങളും അടുത്തുണ്ടായിരുന്നു. അത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നെനിക്കുറപ്പാണ്. രഞ്ജിത്ത് അങ്ങനെ പറഞ്ഞത് ശരിക്കും എന്നെ അപമാനിച്ചപോലെയാണ് എനിക്ക് തോന്നിയത്. രഞ്ജിത്ത് ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല,' എന്നാണ് നേമം പുഷ്പരാജ് പറയുന്നത്. എന്ത് തന്നെയായാലും കേസിൽ അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

മൗനത്തിലേക്ക്

ഇതോടെ വിഷയത്തിലെ തന്റെ പ്രതികരണം തീർത്തും അവസാനിപ്പിച്ചിരിക്കുകയാണ് സാംസ്കാരിക വകുപ്പ് മന്ത്രി. പുതിയ തെളിവുകളെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ സജി ചെറിയാന് അവഗണിക്കേണ്ടി വന്നു. വിഷയത്തിൽ നാൾ ഇന്നുവരെ രഞ്ജിത്തും ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

'പത്തൊമ്പതാം നൂറ്റാണ്ട്' അണിയറപ്രവർത്തകർക്ക് പറയാനുള്ളത്

പുതിയ വിവാദങ്ങളിൽ ഏറെ നിരാശയുണ്ടെന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ കലാസംവിധായകൻ അജയൻ ചാലിശ്ശേരി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. 'ജൂറിയാണല്ലോ ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. ഗൗതം ഘോഷ് ഉൾപ്പടെയുള്ളവർ പത്തൊമ്പതാം നൂറ്റാണ്ടിനാണ് വോട്ട് ചെയ്തത് എന്ന് അറിയാൻ കഴിഞ്ഞു. അവസാന നിമിഷം മാറ്റിമറിക്കപ്പെടുന്നത് തീർത്തും നിരാശയുണ്ടാക്കുന്നുണ്ട്. നേമം പുഷ്പരാജിന് ഈ നിർണ്ണയം ശരിയായി തോന്നാത്തത് കൊണ്ടാകും അദ്ദേഹം അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. വിനയൻ സാറിന്റെ കൈവശം വ്യക്തമായ തെളിവുകൾ ഉള്ളത് കൊണ്ടാണല്ലോ അദ്ദേഹം പ്രതികരിക്കുന്നത്. സാർ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു സിനിമ മോശമായിരിക്കും, എന്നാൽ അതിന്റെ ടെക്ക്നിക്കൽ സൈഡിനെ എന്തിന് അവഗണിക്കുന്നു എന്ന്. വിനയൻ സാർ പറഞ്ഞ അതേ ആരോപണമാണ് ജൂറി അംഗങ്ങളുടെ ശബ്ദരേഖയിലും കേൾക്കാൻ കഴിയുന്നത്. ഇനി അന്വേഷണത്തിന്റെ തീരുമാനങ്ങൾ വന്നിട്ട് നോക്കാം. നമുക്ക് ഒരിക്കലും പുരസ്‌കാരം പിടിച്ചുവാങ്ങാൻ കഴിയില്ലല്ലോ. ഈ ഫോൺ സംഭാഷണങ്ങൾ കേൾക്കുമ്പോൾ ശരിക്കും ഞെട്ടലുണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതാണല്ലോ ജൂറി,'

'ഒരു സിനിമയ്ക്ക് പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയറക്ടറുമുണ്ടാകും. ആർട്ട് ഡയറക്ടർ പ്രൊഡക്ഷൻ ഡിസൈനർക്ക് കീഴിൽ വരുന്നയാളാണ്. ദേശീയ പുരസ്‌കാരങ്ങൾ നൽകുന്നത് മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനാണ്. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെ ആർട്ട് ഡയറക്ടർക്ക് പുരസ്‌കാരം ലഭിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജൂറി വക്താക്കൾ ഈ ചോദ്യത്തിന് നൽകിയ ഒരു മറുപടി ഞാൻ വായിച്ചിരുന്നു. ആർട്ട് ഡയറക്ടർ എന്ന ടൈറ്റിലിനാണ് പുരസ്‌കാരം എന്നും പ്രൊഡക്ഷൻ ഡിസൈനർ എന്ന ടൈറ്റിലിനല്ല എന്നുമാണ് അവർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷങ്ങളുടെ അവാർഡ് പട്ടിക നോക്കിയാൽ മനസ്സിലാകും പ്രൊഡക്ഷൻ ഡിസൈനർ എന്ന ടൈറ്റിലിലുള്ളവർ തന്നെയാണ് ആർട്ട് ഡയറക്ടർക്കുള്ള അവാർഡ് നേടിയത്. അത്തരം വിഷയങ്ങളിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്', അജയൻ ചാലിശ്ശേരി പറഞ്ഞു.

രഞ്ജിത്തിനെതിരെ സംഘടനകൾ

സംസ്ഥാന ചലചിത്ര അവാർഡിൽ രഞ്ജിത്തിൻ്റെ ഇടപെടലുകളുടെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ നിരവധി സംഘടനകൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. സിപിഐ, എഐവൈഎഫ് തുടങ്ങിയ പ്രസ്ഥാനങ്ങളും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ല എന്നും വിനയൻ ഉന്നയിച്ചിട്ടുള്ള ആരോപണം വളരെ ​ഗൗരവമുള്ളതാണെന്നും സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞിരുന്നു. രഞ്ജിത്ത് തന്റെ പദവിയെ ദുരുപയോ​ഗം ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നുമാണ് പ്രകാശ് ബാബു റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്.

രഞ്ജിത്ത് ഇനി അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നാണ് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) പറഞ്ഞത്. 'ഇത്തരം ആരോപണങ്ങൾ അക്കാദമിയുടെ പ്രവർത്തനങ്ങളെ മോശമായി ബാധിക്കും. അവാർഡുകൾ സുതാര്യമാകേണ്ടത് ആവശ്യമാണ്. അക്കാദമിയുടെ അധികാരമെന്ത്, അത് എവിടെയൊക്കെ, എത്രത്തോളം പ്രയോഗിക്കണം എന്നതിന് ഒരു മാർക്കിങ് ആവശ്യമാണ്. അക്കാദമിയെയാണ് സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആ ചടങ്ങിൽ അക്കാദമിയ്ക്ക് ഏത് അളവിൽ വരെ ഇടപെടാം, എന്താണ് അവരുടെ ഉത്തരവാദിത്തം എന്നതിനൊക്കെ നിയമങ്ങളുണ്ടല്ലോ. അവരാണ് ജൂറിയെ തീരുമാനിക്കുന്നത്. എന്നാൽ ജൂറിയെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നീട് പുരസ്‌കാരം നിർണ്ണയത്തിൽ അവർ ഇടപെടാൻ പാടില്ല. ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കേണ്ടത്. ഞങ്ങളാണ് ഈ ജൂറിയെ തിരഞ്ഞെടുത്തത് എന്ന് പറഞ്ഞ് അവാർഡ് നിർണയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത് അധികാര ദുർവിനിയോഗമാണ്', മൈക്കിന്റെ വക്താവായ ശ്രീകൃഷ്ണൻ കെപി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

'ആദ്യമായല്ല ഇത്തരമൊരു ആരോപണമുണ്ടാകുന്നത്. ആദ്യ തവണ ആരോപണം വരുന്നു. അതിൽ ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ടാകാം. രണ്ടാമതും അത്തരം ആരോപണം വരിക എന്നത് ഗൗരവമേറിയ കാര്യമാണ്. എന്തായാലും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് അറിവ്. അതിന്റെ പുരോഗതി നോക്കിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കുവാനാണ് മൈക്കിന്റെ തീരുമാനം', അദ്ദേഹം പറഞ്ഞു.

തുടക്കം മുതലേ വിവാദത്തിലായ ചെയർമാൻ

2021 ഡിസംബറിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകുന്നത്. തൊട്ടടുത്ത വർഷം ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ നടൻ ദിലീപിനൊപ്പം രഞ്ജിത്ത് വേദി പങ്കിട്ടത് വിവാദമായി. ദിലീപിനെ അപ്രതീക്ഷിതമായിട്ടാണ് ഫിയോക്കിൽ കണ്ടത്. സംഘടനാ ചെയർമാൻ ആണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിലും സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമായിരുന്നില്ല എന്നാണ് അന്ന് രഞ്ജിത്ത് പറഞ്ഞത്. പിന്നീട് കോഴിക്കോട് നടന്ന വനിത ചലച്ചിത്ര മേളയില്‍ തന്റെ സിനിമ പ്രദർശിപ്പിച്ചില്ല എന്ന് ആരോപണമുന്നയിച്ച് സംവിധായിക കുഞ്ഞില മാസിലാമണി പ്രതിഷേധിച്ചപ്പോൾ ' കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ ഒരാള്‍ കയറി വികൃതി കാണിച്ചു' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെ വേളയിൽ ചില ഡെലിഗേറ്റുകൾ പ്രതിഷേധം ഉയർത്തിയപ്പോൾ വ​യ​നാ​ട്ടി​ൽ എ​നി​ക്കൊ​രു വീ​ടു​ണ്ട്. 'വീ​ട് നോ​ക്കു​ന്ന ആ​ൾ നാ​ട​ൻ നാ​യ്ക്ക​ളെ പോ​റ്റാ​റു​ണ്ട്. അ​വ എ​ന്നെ കാ​ണു​മ്പോ​ൾ കു​ര​ക്കും. ഞാ​ൻ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​നാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​മൊ​ന്നും അ​വ​ക്ക​റി​യി​ല്ല. പ​രി​ച​യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ കു​ര​യ്ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് നാ​യ​യെ ഞാ​ൻ ത​ല്ലി​പ്പു​റ​ത്താ​ക്കാ​റി​ല്ല, അ​ത്ര​യേ ഞാ​നീ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ അ​പ​ശ​ബ്ദ​ങ്ങ​ളെ​യും കാ​ണു​ന്നു​ള്ളൂ' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. 'കൂവലൊന്നും പുത്തരിയല്ല.1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം' എന്ന 'മാസ്' ഡയലോഗുമാണ് ചെയർമാന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോൾ നടക്കുന്ന സംസ്ഥാന പുരസ്‌കാര വിവാദങ്ങളിൽ തന്റെ മൗനം രഞ്ജിത്ത് ഉപേക്ഷിക്കുമെന്ന് കരുതാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com