പൊളിറ്റിക്കല്‍ കറക്ട്‌നസ് മലയാള സിനിമയോട് ചെയ്തത്

സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ചും, സെന്‍സിറ്റീവ് വിഷയങ്ങളെ കുറിച്ച് സംസാരിച്ചും, വൈവിധ്യമാര്‍ന്ന സിനിമകളെ പ്രോത്സാഹിപ്പിച്ചും മലയാള സിനിമ മാറികൊണ്ടിരിക്കുകയാണ്.
പൊളിറ്റിക്കല്‍ കറക്ട്‌നസ് മലയാള സിനിമയോട് ചെയ്തത്

സിനിമയുമായി ബന്ധപ്പെട്ട വര്‍ത്തമാനകാല സംവാദങ്ങളില്‍ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു വാക്കാണ് പൊളിറ്റിക്കല്‍ കറക്ട്‌നസ്സ്. ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ വാക്കിനെയും അത് പ്രതിനിധീകരിക്കുന്ന ആശയത്തെയും പ്രതീക്ഷയോടെ കാണുമ്പോള്‍ മറ്റൊരു വിഭാഗത്തിന് പൊളിറ്റിക്കല്‍ കറക്ട്‌നസ് ഒരു തീരാതലവേദനയാണ്.

പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ ഭാരം പേറുന്നതിനാല്‍ ഇപ്പോള്‍ മികച്ച ഹാസ്യ സിനിമകള്‍ ഉണ്ടാവുന്നില്ലെന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ കഥാപത്രങ്ങളെ അവതരിപ്പിച്ച നടന്‍ സലിം കുമാര്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇനി വരുന്ന തലമുറയെ എങ്കിലും രാഷ്ട്രീയശരികളോടെ ചിന്തിക്കുന്ന തലമുറയാക്കി വളര്‍ത്തേണ്ട ഉത്തരവാദിത്തം കലാകാരന്മാര്‍ക്കുണ്ടെന്നും, അതിനാല്‍ പഴയ ഹാസ്യത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമം വര്‍ത്തമാന കാലത്തിന് അനുയോജ്യമല്ലെന്നും പുതിയകാല ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിരവധി പേര്‍ അഭിപ്രായപെടുന്നുണ്ട്.

നിറമില്ലാത്ത ആളുകളെ കളിയാക്കുന്നതും ശരീര ഘടനയെ അപമാനിക്കുന്നതുമായ ഹാസ്യങ്ങള്‍ അങ്ങേ അറ്റം അപകടകരമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരുമുണ്ട്. സിനിമകളില്‍ പരമ്പരാഗതമായി നാം കണ്ടുശീലിച്ച പല ഉള്ളടക്കങ്ങളും പുതിയകാല സിനിമകളില്‍ മാറി വരുന്നുണ്ട്. പഴയപോലെ ആളുകളുടെ നിറം, ശാരീരിക പ്രകൃതി, വംശ-സ്വത്വ പശ്ചാത്തലം, ലിംഗപദവി തുടങ്ങിയ കാര്യങ്ങളെ വെച്ച് ഹാസ്യങ്ങള്‍ നിര്‍മിക്കാനോ, അവയെ അവഹേളിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്താനോ ഇന്നത്തെ സിനിമയില്‍ എളുപ്പമല്ല. പൊളിറ്റിക്കല്‍ കറക്ട്‌നസുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ ഇന്നത്തെ സിനിമയിലുണ്ടാക്കിയ സ്വാധീനമാണത്.

അതേ സമയം, പൊളിറ്റിക്കല്‍ കറക്ട്‌നസ് സംവാദങ്ങള്‍ സിനിമയുടെ സ്വാഭാവികതയെയും സാധ്യതകളെയും തടയുന്നു എന്ന വിമര്‍ശനവും ഒരുഭാഗത്ത് ശക്തമാണ്.

പ്രതാപ് പോത്തന്‍
പ്രതാപ് പോത്തന്‍

അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍ ഒരിക്കല്‍ പറയുകയുണ്ടായി, 'വ്യത്യസ്തമായ ആശയങ്ങളും, കുറഞ്ഞ ചെലവില്‍ മികച്ച കലാസൃഷ്ടികള്‍ ഉണ്ടാക്കുന്നതും മലയാള സിനിമയെ വേറിട്ട് നിര്‍ത്തുന്നുണ്ട്, പക്ഷെ ഇപ്പോഴുള്ള ചില പ്രേക്ഷകര്‍ സിനിമയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് ചികയുന്നത് ഉറപ്പായിട്ടും മലയാള സിനിമയെ പ്രതികൂലമായി ബാധിക്കും. സെന്‍സര്‍ ബോര്‍ഡ് പോലും ഇങ്ങനെ ചെയ്യില്ല, പണ്ടൊക്കെ സിനിമ എടുക്കുമ്പോള്‍ കഥയിലും, മേക്കിങ്ങിലും ശ്രദ്ധിച്ചാല്‍ മതിയായിരുന്നു, പക്ഷെ ഇപ്പോള്‍, കഥയിലെ കഥാപാത്രങ്ങളുടെ പേര്, ജാതി, അഭിനയിക്കുന്ന ആളുകളുടെ ജാതി, മതം, രാഷ്ട്രീയം, ഇതെല്ലാം നോക്കണം'. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഭരതനും, പത്മരാജനും, സിബി മലയിലും, ശ്രീനിവാസനും, സത്യന്‍ അന്തിക്കാടുമൊന്നും പൊളിറ്റിക്കലി കറക്റ്റായ സിനിമയെടുത്തവരായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും വിധേയന്‍, തമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കള്ളന്‍ പവിത്രന്‍, തകര, ചാട്ട, പൊന്മുട്ടയിടുന്ന താറാവ്, തുടങ്ങിയ സിനിമകള്‍. ഇത്തരം സിനിമകളില്‍ നമ്മള്‍ കണ്ടത് തനതായ ജീവിത പശ്ചാത്തലങ്ങള്‍ ആയിരുന്നു. പൊളിറ്റിക്കല്‍ കറക്ട്‌നസ്സ് അക്കാലത്ത് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എടുത്ത സിനിമകള്‍ ഇന്നത്തെപോലെ നമുക്ക് ആസ്വദിക്കാന്‍ പറ്റുമോയെന്ന സംശയം ഒരുവിഭാഗം പ്രേക്ഷകരുടെ ഇടയിലുണ്ട്.

എന്നാല്‍ പഴയകാല സിനിമകളിലെ പല ഘടകങ്ങളും രാഷ്ട്രീയമായി ശരിയായിരുന്നില്ലെന്ന് സമ്മതിക്കുന്ന പ്രഗത്ഭരായ സംവിധായകരുമുണ്ട്. സത്യന്‍ അന്തിക്കാട് ചില അഭിമുഖങ്ങളില്‍ തന്റെ പഴയ സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. തലയണമന്ത്രം എന്ന സിനിമയിലെ ഉര്‍വശിയുടെ കഥാപാത്രം സ്ത്രീവിരുദ്ധത ആയി തോന്നിയെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. കാലത്തിനനുസരിച്ചു വരുന്ന മാറ്റങ്ങള്‍ സിനിമയടക്കമുള്ള എല്ലാ മേഖലകള്‍ക്കും ബാധകമാണെന്നാണ് ഒരു വാദം. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് തന്റെ മുന്‍കാല സിനിമകളിലെ പലതും ശരിയായിരുന്നില്ലെന്ന് സ്വയം വിമര്‍ശനപരമായി വിലയിരുത്തിയിട്ടുണ്ട്.

സത്യന്‍ അന്തിക്കാട്
സത്യന്‍ അന്തിക്കാട്

പൊളിറ്റിക്കല്‍ കറക്ട്‌നസ് നോക്കിയാല്‍ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്‌കരപട്ടേലരോ ഒരിക്കലും ഉണ്ടാവില്ലെന്നും പൊളിറ്റിക്കല്‍ കറക്ട്‌നസ്സ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നുമായിരുന്നു സംവിധായകന്‍ ഒമര്‍ ലുലു ഒരിക്കല്‍ പറഞ്ഞത്. പക്ഷേ, ഒമര്‍ ലുലുവിനെ എതിര്‍ത്തുകൊണ്ട് ധാരാളം പേര്‍ രംഗത്തുവന്നു. 'ദേവാസുരം', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്നീ സിനിമകള്‍ 80-90 കാലഘട്ടത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ്. ആ കാലത്തിന്റേതായ ആനുകൂല്യം ചലച്ചിത്ര നിരൂപകര്‍ അത്തരം ചിത്രങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

വര്‍ത്തമാന കാലത്ത് രാഷ്ട്രീയ ശരിയോടെ എങ്ങിനെ സിനിമയെടുക്കാമെന്ന് പരീക്ഷിച്ചു വിജയിച്ച ധാരാളം സിനിമാ സംവിധായകരുണ്ട്. നവമാധ്യമങ്ങളിലെ സിനിമ ഗ്രൂപ്പുകളിലുള്ള ചര്‍ച്ചകളും പുതിയ കാല സിനിമകളുടെ പ്രമേയ പരിസരങ്ങളും കാരണമാണ് പൊളിറ്റിക്കലി കറക്ടായ സിനിമാ ചര്‍ച്ചകള്‍ വ്യാപകമായത്.

സിനിമകളില്‍ മാത്രമല്ല ഇപ്പോള്‍ വാര്‍ത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും പറയുന്ന ഓരോ വാക്കിലും സൂക്ഷിക്കേണ്ട അവസ്ഥയാണ് സിനിമ പ്രവര്‍ത്തകര്‍ക്ക്. ഇന്റര്‍വ്യൂകളില്‍ നടീനടന്‍മാരും സംവിധായകരും നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദമാകുന്നതും തുടര്‍ന്ന് അവര്‍ വിശദീകരണങ്ങളുമായി രംഗത്തുവരുന്നതുമെല്ലാം ഇപ്പോള്‍ പതിവാണ്.

മലയാള സിനിമ പരമ്പരാഗതമായി ലിംഗഭേദം, ജാതി, മതം, പ്രാദേശിക സ്വത്വം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സ്റ്റീരിയോടൈപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നസ്സ് ഈ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കാനും കൂടുതല്‍ സൂക്ഷ്മമായ വിലയിരുത്തലുകള്‍ നടത്താനും തുടങ്ങിയിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ ഇപ്പോള്‍ പരമ്പരാഗത വേഷത്തില്‍ നിന്ന് വ്യത്യസ്തമായി ശക്തരും സ്വതന്ത്രരുമായ വ്യക്തികളായി ചിത്രീകരിക്കപ്പെടുന്നു. ദലിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കും കൂടുതല്‍ കരുത്തുള്ള പ്രാതിനിധ്യം ലഭിക്കുന്നുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ 'കടുവ' എന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരെ അപമാനിച്ചുവെന്നും ചിത്രത്തിലെ ഒരു സംഭാഷണം അവരെ വേദനിപ്പിച്ചുവെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഉടന്‍ പൃഥ്വിരാജും ഷാജി കൈലാസും അടക്കമുള്ളവര്‍ പത്രസമ്മേളനം നടത്തി ക്ഷമ ചോദിക്കുകയും ചിത്രത്തില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്യുകയും ചെയ്തു. പൊളിറ്റിക്കല്‍ കറട്ക്‌നസിന് മാറിവരുന്ന സിനിമാ ലോകം എത്രമാത്രം പ്രാധാന്യം കല്‍പിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു അത്.

സിനിമയിലെ സ്ത്രീവിരുദ്ധമായ ഉള്ളടക്കങ്ങള്‍ വളരെയധികം വര്‍ധിച്ചപ്പോഴാണ് ഒരു വിഭാഗം വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്കും സീനുകള്‍ക്കുമെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്തുവന്നത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷമാണ് സ്ത്രീവിരുദ്ധ സിനിമകളില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന പരസ്യനിലപാടുമായി നടന്‍ പൃഥ്വിരാജ് രംഗത്തുവന്നത്.

പാര്‍വതി തിരുവോത്ത്
പാര്‍വതി തിരുവോത്ത്

സമീപ കാലത്തായി, മലയാള സിനിമയില്‍ വൈവിധ്യത്തിന് പ്രാധാന്യം നല്‍കുന്ന സിനിമകളുടെ വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. LGBTQ+ വ്യക്തികള്‍, ഭിന്നശേഷിയുള്ള വ്യക്തികള്‍, മതന്യൂനപക്ഷങ്ങള്‍, മറ്റ് പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ അടക്കമുള്ള വിവിധ സാമൂഹിക വിഭാഗങ്ങളുടെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവരണങ്ങള്‍ക്ക് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യ പരിഗണന നല്‍കുന്നുണ്ട്.

അതുമാത്രവുമല്ല, സെന്‍സിറ്റീവ് വിഷയങ്ങളോടുള്ള സമീപനങ്ങളിലും കൂടുതല്‍ ജാഗ്രത കൈവന്നിട്ടുണ്ട്. മതപരമായ സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തുടങ്ങിയ വിവാദ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണ്. സ്റ്റീരിയോടൈപ്പുകളുടെയോ പക്ഷപാതങ്ങളുടെയോ പരമ്പരാഗത രീതികളെ ഒഴിവാക്കിക്കൊണ്ട് ഒരേ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ സംവിധായകര്‍ ലക്ഷ്യമിടുന്നുണ്ട്.

തീര്‍ച്ചയായും പൊളിറ്റിക്കല്‍ കറക്ട്‌നസ് മലയാള സിനിമയില്‍ അടിമുടി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തന്നെ വിലയിരുത്താം. ഇത് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ സിനിമകളെയും സ്‌ക്രിപ്റ്റിനെയും വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ചും, സെന്‍സിറ്റീവ് വിഷയങ്ങളെ കുറിച്ച് സംസാരിച്ചും, വൈവിധ്യമാര്‍ന്ന സിനിമകളെ പ്രോത്സാഹിപ്പിച്ചും മലയാള സിനിമ മാറികൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com